വല്ലാത്ത അസുഖം തന്നെ: അഞ്ചാംനിലയിൽനിന്ന് വാഷിങ് മെഷീൻ തള്ളിയിട്ട് പരീക്ഷണം; ട്വിസ്റ്റ്

Mail This Article
സർക്കസിൽ വലിയ ഉയരങ്ങളിൽനിന്ന് അഭ്യാസികൾ താഴെയുള്ള വലകളിലേക്ക് സുരക്ഷിതമായി ചാടുന്നത് കണ്ടിട്ടില്ലേ? ഗൃഹോപകരണങ്ങളിലും അങ്ങനെയൊരു കഴിവ് മറിഞ്ഞിരിക്കുന്നുണ്ടാകുമോ? അത്തരം ഒരു സംശയം രണ്ടാമതൊന്ന് ആലോചിക്കാതെ ദൂരീകരിക്കാൻ ശ്രമിച്ച് സമൂഹമാധ്യമങ്ങളെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ് ഒരു ജർമൻ സ്വദേശി. തന്റെ വാഷിങ് മെഷീൻ അഞ്ചാം നിലയിൽ നിന്നും താഴേക്ക് തള്ളിയിട്ട് സേഫ് ലാൻഡിങ് നടത്തുന്നുണ്ടോ എന്ന് പരീക്ഷിക്കുകയായിരുന്നു അദ്ദേഹം.
നിറയെ തുണികൾ കുത്തിനിറച്ച ഒരു വാഷിങ് മെഷീൻ ഉപയോഗിച്ചായിരുന്നു സാഹസം. വാഷിങ് മെഷീൻ വന്നു പതിക്കും എന്ന് പ്രതീക്ഷ ഭാഗത്ത് വലിയൊരു മാട്രസ്സ് ഇട്ടു. കൃത്യമായി ഇതിലേക്ക് വന്നുപതിച്ചാൽ വാഷിങ് മെഷീൻ സുരക്ഷിതമായിരിക്കും എന്നായിരുന്നു ഉടമയുടെ ധാരണ. അഞ്ചാം നിലയിലെ സ്ലൈഡിങ് വിൻഡോ തുറന്ന് അതിനുമുകളിൽ വാഷിങ് മെഷീൻ കയറ്റിവച്ചു. ഒരു സഹായിയെയും ഒപ്പംകൂട്ടി. ജനാലയും മെത്തയുടെ പൊസിഷനും ഒക്കെ വിലയിരുത്തിയശേഷം രണ്ടും കൽപിച്ച് വാഷിങ് മെഷീൻ തള്ളി താഴേക്കിട്ടു.
പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ, മാട്രസ്സിന്റെ അറ്റത്ത് പോലും സ്പർശിക്കാതെ വാഷിങ് മെഷീൻ തൊട്ടടുത്തുള്ള ടാറിട്ട വഴിയിലേക്ക് വന്നുപതിച്ചു. നിലംതൊട്ട നിമിഷം അത് വലിയ ശബ്ദത്തിൽ പൊട്ടിത്തകർന്നു. സമീപത്തുള്ള കെട്ടിടത്തിൽ നിന്നും ഈ കാഴ്ച കണ്ടുകൊണ്ടിരുന്ന മറ്റൊരു വ്യക്തിയാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. പല കഷ്ണങ്ങളായി വാഷിങ് മെഷീൻ ചിന്നിച്ചിതറി പോകുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. ഒന്നും ചെയ്യാനാവാതെ നിസ്സഹായതയോടെ മുകൾ നിലയിൽ നിന്ന് ഉടമ ഇതെല്ലാം കാണുന്നുമുണ്ട്.
ബുദ്ധിശൂന്യമായ പ്രവൃത്തിയാണ് ഇത് എന്ന് ദൃശ്യങ്ങൾ കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു. ഏതെങ്കിലും കാരണവശാൽ വാഷിങ് മെഷീൻ മാട്രസ്സിൽ വന്ന് പതിച്ചിരുന്നെങ്കിലും അതിന്റെ സ്ഥിതി മറിച്ചാകുമായിരുന്നില്ല എന്നാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെയൊരു സാഹസത്തിന് ഉടമ മുതിർന്നതിന്റെ കാരണമെന്തായിരിക്കും എന്ന് ചിന്തിക്കുന്നവരും കുറവല്ല. ഒരുപക്ഷേ വാഷിങ് മെഷീൻ താഴേക്ക് എത്തിക്കാനുള്ള ബുദ്ധിമുട്ടോർത്ത് എളുപ്പവഴി എന്നോണമാണ് ഈ വിദ്യ പരീക്ഷിച്ചതെങ്കിൽ എത്ര വലിയ നഷ്ടമാണ് അയാൾക്ക് ഉണ്ടായത് എന്നാണ് ഇവരുടെ ആശങ്ക. വിഡിയോ കണ്ടു തുടങ്ങുമ്പോൾ തന്നെ ഫലം മുൻകൂട്ടി കാണാനായി എന്ന് പറയുന്നവരുമുണ്ട്.