ഗ്യാസ് ഇങ്ങനെ പാഴാക്കരുത്: അടുക്കളയിൽ ഊർജം ലാഭിക്കാൻ ചില വിദ്യകൾ

Mail This Article
സാധാരണക്കാരാണ് പാചകവാതക വില വർധനവിന്റെ പ്രധാന ഇരകൾ. വിറകടുപ്പുകളും മണ്ണെണ്ണ സ്റ്റൗവുമൊന്നും അത്ര പ്രായോഗികമല്ലാതായതോടെ പാചകത്തിനായി ഗ്യാസിനെ ആശ്രയിക്കാതിരിക്കാനും വയ്യാത്ത അവസ്ഥ. ഇത്തരമൊരു സാഹചര്യത്തിൽ ഗ്യാസ് പരമാവധി പാഴായിപോകാതെ ശ്രദ്ധിച്ച് പാചകംചെയ്യുക എന്നത് മാത്രമാണ് ഏക പോംവഴി. ഇതിന് സഹായകരമായ ചില കുറുക്കുവഴികൾ നോക്കാം.
എല്ലാം ഒരുക്കിവച്ചശേഷം പാചകം
ഭക്ഷണം പാകംചെയ്യാൻ ആവശ്യമായ എല്ലാ വസ്തുക്കളും തയാറാക്കിവച്ചശേഷം മാത്രം പാചകം ആരംഭിക്കാം. പലരും സിമ്മിലിട്ടശേഷം വേണ്ട വസ്തുക്കൾ എടുക്കാനായി പോകാറുണ്ട്. സിമ്മിൽ ഇടുന്നത് ഗ്യാസ് ഉപയോഗം കുറയ്ക്കുന്നതിനുള്ള ശാശ്വത പരിഹാരമല്ല. തുടക്കത്തിൽ തന്നെ എല്ലാ വസ്തുക്കളും അടുപ്പിച്ചു വയ്ക്കുന്നതാണ് നല്ലത്.
ബർണറുകളുടെ ഉപയോഗം

പാചകത്തിനായി ചെറിയ പാത്രമാണ് ഉപയോഗിക്കുന്നതെങ്കിലും വേഗത്തിൽ ചൂടാകുന്നത് കണക്കിലെടുത്ത് വലിയ ബർണർ ഉപയോഗിക്കുന്നവരാണ് ഏറെയും. എന്നാൽ അനാവശ്യമായി കൂടുതൽ ഗ്യാസ് പാഴായിപോകാൻ ഇത് ഇടയാക്കും. വലിയ ബർണറുകളെ അപേക്ഷിച്ച് 10 ശതമാനം കുറവ് ഇന്ധനം മാത്രമേ ചെറിയ ബർണറുകൾക്കു വേണ്ടൂ. ചെറിയ വിഭവങ്ങൾ തയാറാക്കാനും ഭക്ഷണപദാർഥങ്ങൾ ചൂടാക്കുന്നതിനും ചെറിയ ബർണർ തന്നെ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക.
പാത്രം തുടച്ചശേഷം സ്റ്റൗവിൽ വയ്ക്കാം
കഴുകിയെടുത്ത പാത്രങ്ങൾ അതേപടി സ്റ്റൗവിൽ വയ്ക്കാതെ തുടച്ച് വെള്ളമയം നീക്കിയശേഷം ഉപയോഗിക്കാം. പാത്രത്തിൽ അവശേഷിക്കുന്ന വെള്ളം വറ്റി പോകുന്നതിനായി ഗ്യാസ് ഉപയോഗിക്കേണ്ടതില്ല. അതേപോലെ ഫ്രിജിൽ സൂക്ഷിക്കുന്ന ഭക്ഷണം നേരെ എടുത്ത് ചൂടാക്കുന്നതിനുപകരം അൽപസമയം പുറത്തുവച്ച് തണുപ്പ് കുറയാൻ അനുവദിക്കുക. അതിനുശേഷം സ്റ്റൗവിൽവച്ച് ചൂടാക്കിയാൽ ഗ്യാസിന്റെ അമിത ഉപയോഗം കുറയ്ക്കാനാകും.
പരന്ന പാത്രങ്ങൾ

കുഴിവുള്ള പാത്രങ്ങളെക്കാൾ പരന്ന പാത്രം ഉപയോഗിക്കുന്നത് ഫ്ലെയിം എല്ലാ ഭാഗത്തേക്കും ഒരേപോലെ കൃത്യമായി എത്താനും അതുവഴി പാചകം എളുപ്പത്തിലാക്കാനും സഹായിക്കും. ഭക്ഷണപദാർത്ഥങ്ങൾ അടച്ചുവച്ച് പാകം ചെയ്താൽ ആവിയിൽ അത് വേഗത്തിൽ വേകാനും ഗ്യാസ് ഉപയോഗിക്കുന്ന സമയം കുറയ്ക്കാനും ഉപകരിക്കും.
ലീക്കുണ്ടോ എന്ന് ശ്രദ്ധിക്കണം
ഗ്യാസ് പൈപ്പുകളിലും ബർണറുകളിലും ലീക്കില്ല എന്ന് ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പു വരുത്തണം. നമ്മുടെ ശ്രദ്ധയിൽപ്പെടാതെ ചെറുതായെങ്കിലും ലീക്ക് ഉണ്ടായാൽ അതിലൂടെ ഗ്യാസ് പുറത്തുപോകുന്നത് വലിയ നഷ്ടം വരുത്തി വയ്ക്കും. ബർണറുകളിൽ പൊടിപടലങ്ങൾ അടഞ്ഞിട്ടില്ല എന്നും ഉറപ്പുവരുത്തണം. സ്റ്റൗ എപ്പോഴും സിമ്മിലിട്ട് മാത്രം ഓൺ ചെയ്യാനും ശ്രദ്ധിക്കുക.
താപഭരണി/ചൂടാറാപ്പെട്ടി/ തെർമൽ കുക്കർ
ആഹാരപദാർഥങ്ങൾ പാകത്തിനാവശ്യമായ താപനിലയിൽ എത്തിച്ചതിനു ശേഷം ചൂട് നഷ്ടപ്പെട്ടു പോകാത്ത തരത്തിൽ താപഭരണിയിൽ അടച്ചു വച്ച് പാകം ചെയ്യുന്നതു വഴി 70 ശതമാനത്തോളം ഇന്ധനം ലാഭിക്കാൻ സാധിക്കും. ഏതു തരം അടുപ്പിനോടൊപ്പവും താപഭരണി ഉപയോഗിക്കാവുന്നതാണ്. സാധാരണ ഗതിയിൽ 10 മുതൽ 15 മിനിട്ട് വരെ തിളപ്പിച്ച അരി ഒന്നരമണിക്കൂർ താപഭരണിയിൽ അടച്ചുവച്ച് പാകം ചെയ്യാവുന്നതാണ്. താപഭരണിയുടെ ചൂട് പിടിച്ചു നിർത്താനുള്ള കഴിവിനും അരിയുടെ വേവിനും അനുസരിച്ച് സമയത്തിനുമാറ്റം വരുത്താവുന്നതാണ്.