ADVERTISEMENT

മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സാന്നിധ്യമാണ് അസീസ് നെടുമങ്ങാട്. എന്നാൽ ചിരിയുടെ പിന്നിൽ അധികമാരുമറിയാത്ത കഷ്ടപ്പാടിന്റെ കഥകളും അസീസിന്‌ പറയാനുണ്ട്. ഈ കൊറോണക്കാലത്ത് താരം താൻ വന്ന വഴികളും നേരിട്ട പ്രതിസന്ധികളും വീട്ടുവിശേഷങ്ങളും പങ്കുവയ്ക്കുന്നു.

 

ഓർമയിലെ വീട്... 

ജനിച്ചത് തിരുവനന്തപുരം ജില്ലയിലെ അമ്പലത്തറയാണ്. ഉപ്പ, ഉമ്മ, ഞങ്ങൾ അഞ്ച് മക്കൾ. ഇതായിരുന്നു കുടുംബം. ഞാൻ ഏറ്റവും ഇളയവനാണ്. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ സാഹചര്യമായിരുന്നു കുടുംബത്തിൽ. ഉപ്പ ഗൾഫിലേക്ക് ജോലി തേടി പോയെങ്കിലും നല്ല ജോലിയൊന്നും ലഭിച്ചില്ല. ചെറുപ്പകാലത്ത് ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. എന്റെ കഷ്ടപ്പാട് അറിയാവുന്ന സ്‌കൂളിൽ ഉറ്റചങ്ങാതി രണ്ടു പൊതിച്ചോറുമായി വരുമായിരുന്നു. അക്കാലത്തു ആ പൊതിച്ചോർ എനിക്ക് വലിയ ആശ്വാസമായിരുന്നു.

ഞാൻ നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ മൂത്ത സഹോദരി വിവാഹം കഴിഞ്ഞു നെടുമങ്ങാട്ടേക്ക് താമസം മാറി. അതൊടെ ഉപ്പയ്ക്കും ഉമ്മയ്ക്കും ചേച്ചിയെ കാണാതിരിക്കാൻ കഴിയാതെയായി. അങ്ങനെ ഞങ്ങൾ അമ്പലത്തറയുള്ള വീട് വിറ്റു നെടുമങ്ങാട്ട് സ്ഥലം വാങ്ങി വീട് വച്ചു  താമസം മാറി. അപ്പോഴേക്കും ഉപ്പ ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിവന്നു. പകരം മൂത്ത ജ്യേഷ്ഠൻ ഗൾഫിലേക്ക് പോയി. അക്കാലത്ത് ഞാൻ സ്വന്തം വീട്ടിലേക്കാൾ സമയം ചെലവഴിച്ചത് സുഹൃത്ത് രജികുമാറിന്റെ വീട്ടിലായിരുന്നു . ഞാൻ പത്താം ക്‌ളാസ് ആദ്യം തോറ്റു പോയിരുന്നു. അതിൽ എന്നേക്കാൾ വിഷമമായത് സുഹൃത്തുക്കൾക്കാണ്. അവർ എന്നെ അവരുടെ വീട്ടിലിരുത്തി പഠിപ്പിച്ചു. അങ്ങനെ അടുത്ത വർഷം ഞാൻ പത്താം ക്‌ളാസ് എഴുതിയെടുത്തു.

 

മിമിക്രിയിലേക്ക്...

azees-nedumangad-3

പത്താം ക്‌ളാസ് വരെ മിമിക്രി പരിപാടികൾ ഒന്നുമില്ലായിരുന്നു. അതിനു ശേഷം സുഹൃത്തുക്കൾ ചേർന്ന് ചെറിയ ക്ലബ് രൂപീകരിച്ചു. മിമിക്രി പരിശീലനം തുടങ്ങി. ആദ്യം ചെറിയ പരിപാടികൾ അവതരിപ്പിച്ചു. പിന്നീട പ്രഫഷനൽ ക്ലബുകളിലേക്ക് മാറി. ഈ സമയത്ത് എൻജിനീയറിങ്ങും കഴിഞ്ഞു. നാട്ടിലുള്ള പുതുക്കുളങ്ങര ക്ഷേത്രമാണ് പരിപാടികൾ അവതരിപ്പിക്കാൻ അവസരം തന്നത്. അത് ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി.

azees-nedumagad-1

 

മിനിസ്‌ക്രീനും സിനിമയും..

ചെറിയ പരിപാടികളിലൂടെ മിനിസ്‌ക്രീനിൽ എത്തിയെങ്കിലും  തിരിച്ചറിയാൻ തുടങ്ങിയത് കോമഡി സ്റ്റാർസിൽ എത്തിയശേഷമാണ്. നമ്മൾ തമ്മിൽ എന്ന സിനിമയിൽ നിയോഗം പോലെ ഒരു അതിഥി വേഷം ചെയ്യാൻ കഴിഞ്ഞു. പൃഥ്വിരാജ് തന്നെയാണ് കൈപിടിച്ച് ആ വേഷത്തിലേക്ക് നയിച്ചത്. ഇപ്പോൾ അൻപതോളം സിനിമകളുടെ ഭാഗമായി. ആക്‌ഷൻ ഹീറോ ബിജുവിലെ ചെറിയ വേഷം ശ്രദ്ധിക്കപ്പെട്ടു.

asees-nedumangad-house

 

കടം വാങ്ങി വിവാഹം..

asees-family

ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും നിരവധി സുഹൃത്തുക്കൾ കൈത്താങ്ങ് നൽകി. തിരുമല ചന്ദ്രൻ എന്ന സുഹൃത്തിന്റെ ട്രൂപ്പിൽ പ്രവർത്തിക്കുന്നതിനിടെയാണ് വിവാഹം നടക്കുന്നത്. അന്ന് കയ്യിൽ ആയിരം രൂപ പോലും എടുക്കാനില്ല. ചന്ദ്രനാണ് എടിഎം കാർഡ് തന്നു ആവശ്യമുള്ള പണം എടുത്ത് വിവാഹം നടത്താൻ സഹായിച്ചത്. പിന്നീട് ട്രൂപ്പിൽ ജോലി ചെയ്ത ആ കടം ഞാൻ വീട്ടിയെങ്കിലും ആ കടപ്പാട് മറക്കാൻ കഴിയില്ല.

 

പുതിയ വീട്..

വിവാഹം കഴിഞ്ഞു കുറച്ചു വർഷത്തിനുശേഷം പൂവച്ചൽ എന്ന സ്ഥലത്ത് കുറച്ചു സ്ഥലം വാങ്ങി ചെറിയൊരു വീട് പണിതു താമസമായി. പക്ഷേ അവിടെ അധികകാലം താമസിക്കാൻ കഴിഞ്ഞില്ല. സ്ഥലപരിമിതി അടക്കമുള്ള  നിരവധി അസൗകര്യങ്ങൾ വന്നതോടെ ആ വീട് വിറ്റു. എന്നിട്ട് സമീപം കുറച്ചുകൂടി സ്ഥലമുള്ള ഒരു പഴയ വീട് വാങ്ങി. അത് പുതുക്കിയെടുത്തു. അവിടെയാണ് ഇപ്പോൾ കുടുംബമായി താമസിക്കുന്നത്. വീടുപണി സമയത്തെല്ലാം പലരുടെയും സഹായം ലഭിച്ചു. ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നു ജീവിതം തിരിഞ്ഞുനോക്കുമ്പോഴാണ് എത്ര പേരോട് കടപ്പെട്ടിരിക്കുന്നു എന്ന് ബോധ്യമാകുന്നത്. കൊറോണക്കാലത്ത് വീട് തന്നെയാണ് സ്റ്റേജ്.. പുതിയ സ്‌കിറ്റുകൾ എഴുതി പരിശീലിക്കുന്നു. സഹ അഭിനേതാക്കളും ഓഡിയൻസുമായി വീട്ടുകാർ തന്നെ.

 

കുടുംബം..

ഭാര്യ മുബീന വീട്ടമ്മയാണ്. രണ്ടു പെണ്മക്കളാണ്. മൂത്തവൾ ആഷ്‌ന ഇനി നാലാം ക്‌ളാസിലേക്കും ഇളയവൾ ഫിദ ഇനി ഒന്നാം ക്‌ളാസിലേക്കുമാണ്. മിന്നൽ മുരളി എന്ന സിനിമയിലാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നത്. മമ്മൂക്കയുടെ വൺ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. അതാണ് ഇനി ഇറങ്ങാനുള്ള ചിത്രം.

English Summary- Asees Nedumangad Home Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com