കരയുന്ന അമുൽ ഗേളിന്റെ ചിത്രം ട്വീറ്റ് ചെയ്ത് സോദി: ആശ്വസിപ്പിച്ച് ‘മിൽമ ഗേൾ’
Mail This Article
ഇന്ത്യൻ പരസ്യലോകത്തെ ഇതിഹാസത്തിനു വിട. ലോകശ്രദ്ധ നേടിയ അമുൽ ഗേളിന്റെയും അട്ടേർലി ബട്ടേർലി കാംപെയിന്റെയും സ്രഷ്ടാവ് സിൽവസ്റ്റർ ഡ കുൻഹ അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്ന് കരയുന്ന അമൂൽ ഗേളിന്റെ ചിത്രം പങ്കുവച്ചാണ് ഇന്ത്യൻ ഡെയറി അസോസിയേഷൻ പ്രസിഡന്റ് ആർ.എസ്.സോദി അനുശോചനം അറിയിച്ചത്.
കരഞ്ഞുകൊണ്ടിരിക്കുന്ന അമുൽ ഗേളിന്റെ ചിത്രത്തിനൊപ്പം ഒരു വരി പോലും സോദി കുറിച്ചിരുന്നില്ല. ആ ചിത്രം പറയും എല്ലാം... നിശബ്ദവും ശക്തവുമായ കൃതജ്ഞത...
അതേസമയം, സിൽവസ്റ്റർ ഡ കുൻഹയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മിൽമയും ചിത്രം പങ്കുവച്ചിട്ടുണ്ട്. മിൽമയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രത്തിൽ കരയുന്ന അമുൽ ഗേളും അവളെ ആശ്വസിപ്പിക്കുന്ന പെൺകുട്ടിയുമാണുള്ളത്.
അമുൽ ഗേളിന്റെ പിറവി
1966ലാണ് അമുൽ ബ്രാൻഡിങ്ങിന്റെ മറ്റൊരു ഘട്ടത്തിലേക്കു കടന്നത്. അമുലിന് പ്രത്യേകിച്ച് കമ്പനിയുടെ പ്രധാന ഉൽപന്നമായ വെണ്ണയ്ക്ക് സ്വന്തമായൊരു ബ്രാൻഡ് ഐക്കൺ എന്നതായിരുന്നു കാരണം. ബോബെയിലെ പ്രശസ്ത പരസ്യസ്ഥാപനമായ അഡ്വർടൈസിങ് ആൻഡ് സെയിൽസ് പ്രൊമോഷൻ കമ്പനി (എ എസ് പി) എന്ന ഏജൻസിയെ അമുൽ പുതിയ ദൗത്യമേൽപ്പിച്ചു. രാജ്യത്തെ എല്ലാ വീട്ടമ്മമാരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ഭാഗ്യചിഹ്നം അമുലിനായി സൃഷ്ടിക്കാൻ അന്നത്തെ ഏജൻസിയുടെ മാനേജിങ് ഡയറക്ടറായിരുന്ന സിൽവസ്റ്റർ ഡ കുൻഹയും കലാസംവിധായകൻ യൂസ്റ്റസ് ഫെർണാണ്ടസും തലപുകഞ്ഞു. ഡോ. വർഗീസ് കുര്യനാണ് കുസൃതിക്കാരിയായ ഒരു പെൺകുട്ടിയെ ഭാഗ്യചിഹ്നമായി നിർദ്ദേശിച്ചത്.
അമുലിന്റെ എതിരാളി ബ്രാൻഡായ പോൾസന്റെ ബട്ടർ-ഗേൾ എന്നതിനുള്ള പ്രതികരണമായാണ് കുര്യൻ ഈ നിർദേശം വച്ചത്. കുര്യന്റെ ആശയത്തിന് എ എസ് പിയുടെ കലാസംവിധായകൻ യൂസ്റ്റസ് ഫെർണാണ്ടസ് ജീവൻ പകർന്നതോടെ അമുൽ ഗേൾ എന്ന ബ്രാൻഡ് ഐക്കൺ പിറവികൊണ്ടു.
'AMUL - UTTERLY BUTTERLY DELICIOUS'
അമൂൽ - അട്ടർലി ബട്ടർലി ഡെലീഷ്യസ് എന്നായിരുന്നു ഐക്കണിന്റെ ടാഗ്‌ലൈൻ. അക്കാലത്തെ ഔട്ട്ഡോർ പരസ്യങ്ങളിൽ മിക്കതും ഹാൻഡ് പെയിന്റിങ് ഉപയോഗിച്ചായതിനാൽ വരയ്ക്കാൻ എളുപ്പമുള്ളതാവണം പുതിയ സൃഷ്ടി എന്ന ഉദ്ദേശവും അമുൽ ഗേൾ എന്ന വളരെ ലളിതമായ സർഗസൃഷ്ടിക്കു പിന്നിലുണ്ടായിരുന്നു. മാത്രമല്ല കൈകൊണ്ട് വരച്ചുണ്ടാക്കുന്ന ഈ പരസ്യബോർഡുകൾ ഇടയ്ക്കിടെ മാറ്റേണ്ടിയും വരും, ഡിജിറ്റൽ വിദ്യകളൊന്നും പ്രചാരത്തിലില്ലാത്ത കാലമാണ് അതിനാൽ വര എളുപ്പമാവണമെന്നത് പ്രധാനമാണ്. മുംബൈയിൽ ഏതാനും ഇലക്ട്രിക് പോസ്റ്റ് ബോർഡുകളിലാണ് അമുൽ ഗേൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരു ബ്രാൻഡ് ഐക്കൺ എന്ന നിലയിൽ അമുലിന്റെ ഉൽപന്നങ്ങളുടെ പരസ്യമുഖമായി മാത്രം ഒതുങ്ങി നിൽക്കാൻ അമുൽ പെൺകുട്ടി തയാറായില്ല എന്നതാണ് ചരിത്രം.
അമുൽ ഗേളിനെക്കുറിച്ച് വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English summary: Sylvester Dacunha's Death