ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കുരുമുളക്‌ കർഷകരുടെ ഉറക്കം നഷ്‌ടപ്പെടുത്തി ഉൽപ്പന്ന വില തകരുന്നു. ഇടുക്കിയിലും വയനാട്ടിലും പാലക്കാടൻ മലനിരകളിലും വിളവെടുപ്പ്‌ പുരോഗമിച്ചതിനൊപ്പം ചരക്ക്‌ സംസ്‌കരണ തിരക്കിലാണ്‌ ഉൽപാദകർ. ഉയർന്ന പകൽ താപനിലയിൽ പരമാവധി വേഗത്തിൽ മുളക്‌ ഉണക്കുകയാണവർ. ഇതിനിടെ വിപണിയിൽ കുരുമുളകുവില നിത്യേനെയേന്നോണം ഇടിയുന്നത്‌ കർഷകരെ സമ്മർദ്ദത്തിലാക്കി.  

തെക്കൻ കേരളത്തിൽ മൂപ്പ്‌ കുറഞ്ഞ മുളകിന്റെ വിളവെടുപ്പ്‌ നവംബറിൽ തുടങ്ങിയെങ്കിലും ഡിസംബറിലാണ്‌ അടിമാലി മേഖലയിലെ കർഷകർ തോട്ടങ്ങളിലേക്കു തിരിഞ്ഞത്‌. ക്രിസ്‌മസിനോട്‌ അനുബന്ധിച്ച്‌ അവർ വിളവെടുപ്പ്‌ ഊർജിതമാക്കിയെങ്കിലും വിപണികളിൽ വരവ്‌ നാമമാത്രമായിരുന്നു. എന്നാൽ, ജനുവരിയോടെ ഇടുക്കി ജില്ലയുടെ എതാണ്ട്‌ എല്ലാഭാഗങ്ങളിലും മുളകുമണികൾ മൂത്തത്‌ കർഷകരെ തോട്ടങ്ങളിൽ സജീവമാക്കി. 

ഫെബ്രുവരി ആദ്യം പാലക്കാടും വയനാട്ടിലും വിളവെടുപ്പ്‌ മുന്നേറി. കേരളത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള കർഷകർ വിളവെടുപ്പിൽ ശ്രദ്ധയൂന്നിയ തക്കത്തിന്‌ ഉത്തരേന്ത്യൻ വാങ്ങലുകാർ സംഘടിതരായി വില ഇടിക്കുന്നു. വൻ ശക്തികളോട്‌ മല്ലിടാനാവാതെ കിട്ടുന്ന വിലയ്‌ക്ക്‌ ഉൽപന്നം വിറ്റുമാറേണ്ട അവസ്ഥയിലാണ്‌ നമ്മുടെ കർഷകർ.

ഉയർന്ന കാർഷികച്ചെലവുകൾ സീസൺ ആരംഭത്തിൽ ചരക്ക്‌ ഇറക്കാൻ ഉൽപാദകരെ നിർബന്ധിതരാക്കുന്നു. കർണാടകത്തിലെ കൂർഗ്ഗ്‌, ചിക്കമംഗലൂർ ഹസനിലും വിളവെടുപ്പ്‌ അവസാനം വരെ പുതിയ ചരക്ക്‌ പിടിക്കുന്ന നയം കേരളത്തിലെ കർഷകർ സ്വീകരിച്ചാൽ ജനുവരി‐മാർച്ചിലെ വില ഇടിവിനെ വരും വർഷങ്ങളിൽ നമുക്ക്‌ തടയാനാകും.

ചെറുകിട കർഷകർ ഉയർന്ന ചെലവുകൾ മൂലമാണ്‌ തിടുക്കത്തിൽ ചരക്ക്‌ ഇറക്കുന്നത്‌. ഇതിന്‌ ഒരു മാറ്റം വരുത്താൻ പ്രാഥമിക സഹകരണ സംഘങ്ങളുടെ സഹായം അനിവാര്യം. സഹകരണ സംഘങ്ങളിൽ പുതിയ ചരക്ക്‌ ഈട്‌ നൽകി കൂടുതൽ വായ്പാ സൗകര്യങ്ങൾ ഒരുക്കിയാൽ സീസണിലെ ചരക്ക്‌ പ്രവാഹം തടയാനും, വിലത്തകർച്ച ഒഴിവാക്കാനുമാകും. 

തമിഴ്‌നാട്‌ കുരുമുളക്‌ ഉൽപാദനത്തിൽ അത്ര ശക്തരല്ല. എന്നാൽ കർണാടകം ഓരോ വർഷവും ഉൽപാദനം ഉയർത്തുന്നുണ്ട്. വലിയോരു പങ്ക്‌ തോട്ടങ്ങളും സീസൺ തുടക്കത്തിൽ മുളക്‌ ഇറക്കുന്ന പതിവില്ല. ഇക്കുറിയും അവർ ആ പതിവ്‌ തെറ്റിക്കില്ല. കാരണം കാപ്പിവില ഉയർന്നതിനാൽ കാപ്പിക്കുരുവും പരിപ്പും വിൽപ്പനയ്‌ക്കാണ്‌ മുൻതൂക്കം നൽക്കുന്നത്‌. അതുകൊണ്ട്‌ തന്നെ താഴ്‌ന്ന വിലയ്‌ക്ക്‌ കർണാടക മുളക്‌ ലഭിക്കില്ലെന്ന്‌ ഉത്തരേന്ത്യൻ ലോബിക്ക്‌ വ്യക്തമായി അറിയാം. 

കൊച്ചിയിൽ പ്രതിദിനം 40 ടൺ കുരുമുളക്‌ വിൽപ്പനയ്‌ക്ക്‌ എത്തുന്നു. ചരക്ക്‌ നീക്കം പകുതിയാക്കാൻ ഉൽപാദകരുടെ ഭാഗത്തുനിന്നും നീക്കമുണ്ടായാൽ വാങ്ങലുകാർ വില ഉയർത്തും. ചുരുങ്ങിയ ആഴ്‌ചകളിൽ കുരുമുളകുവില കിലോ 45 രൂപ ഇടിഞ്ഞ്‌ 544 രൂപയായി. പുതിയ മുളക്‌ വില 534 രൂപ മാത്രമാണ്‌. 

ഇതിനിടയിൽ ശ്രീലങ്ക, വിയറ്റ്‌നാം കുരുമുളകിന്‌ പുറമേ മഡഗാസ്‌കറിൽ നിന്നുള്ള മുഴുപ്പ്‌ എരിവും കൂടിയ ഇനം മുളകും ഉത്തരേന്ത്യയിൽ ഇടം പിടിച്ചു. മഡഗാസ്‌കർ ചരക്ക്‌ വിയറ്റ്‌നാം മുളകിൽ കലർത്തി പൊടിച്ചാണ്‌ വിൽപ്പന. കൊളംമ്പോയിലെ കയറ്റുമതിക്കാർ 6500 ഡോളർ ശ്രീലങ്കൻ മുളകിന്‌ ആവശ്യപ്പെടുന്നു. വിയറ്റ്‌നാം 4000 ഡോളറും ബ്രസീൽ 3500 ഡോളറും രേഖപ്പെടുത്തുമ്പോൾ മഡഗാസ്‌കർ കേവലം 3250 ഡോളറിന്‌ വാഗ്‌ദാനം ചെയ്‌തു. ഇറക്കുമതിക്കാരെ ആകർഷിക്കും വിധം ക്വട്ടേഷൻ ഇറക്കുന്ന അവർ കുരുമുളകിന്റെ കാര്യത്തിൽ മാത്രമല്ല ഏലത്തിലും ഭീഷണി മുഴക്കുന്നു. ഫലത്തിൽ തിരിച്ചടിയാവുക മലയോര മേഖലയിലെ നമ്മുടെ കർഷകർക്കാണ്‌. 

അടയ്‌ക്ക

കമുക് കർഷകരുടെ സുവർണകാലം അസ്‌തമിക്കുകയാണോ? സംസ്ഥാനത്ത്‌ മറ്റൊരു ഉൽപന്നത്തിനും ലഭിക്കാത്ത ഏറ്റവും ആകർഷകമായ തലത്തിൽ സഞ്ചരിച്ച അടയ്‌ക്കയുടെ കാലിടറാൻ തുടങ്ങിയിട്ട്‌ മാസങ്ങളായി. ഉൽപന്നം കുടുതൽ മികവ്‌ കാഴ്‌ചവയ്ക്കുമെന്ന പ്രതീക്ഷയ്‌ക്ക്‌ മങ്ങലേൽക്കുകയാണ്‌. പാൻമസാല വ്യവസായികൾ ഡിമാൻഡ് ഇരട്ടിക്കുമെന്ന്‌ പ്രചരിപ്പിച്ച്‌ കൃഷി വ്യാപിപ്പിക്കാൻ നടത്തിയ ചരടുവലികൾ ഫലത്തിൽ ഉൽപാദകന്‌ തിരിച്ചടിയായി. 

വടക്കൻ കേരളത്തിൽ കമക് കൃഷി വ്യാപിപ്പിക്കാൻ മൂന്ന്, നാല്‌ വർഷങ്ങളിൽ കഠിന പ്രയജ്ഞം നടത്തിയ കർഷകർ വിലത്തകർച്ചയ്‌ക്ക്‌ മുന്നിൽ പതറുന്നു. രണ്ട്‌ വർഷം മുൻപ്‌ 43,000-45,000 രൂപയിൽ വിപണനം നടന്ന അടയ്‌ക്ക 30,000ലേക്ക്‌ താഴ്‌ന്നു. പുതുതായി ഈ രംഗത്ത്‌ ഇറങ്ങിയവർക്ക്‌ ഉയർന്ന കാർഷിക ചെലവുകൾ താങ്ങാനാവാത്ത അവസ്ഥയിലാണ്‌. പരമ്പരാഗത കർഷകർക്ക്‌ വില ഇടിവിന്‌ മുന്നിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാനാകും. 

ഇതിനിടെ മഹാളി, മഞ്ഞളിപ്പ്‌ രോഗങ്ങളും കമുകിനെ ബാധിച്ചത്‌ സ്ഥിതി കൂടുതൽ പരുങ്ങലിലാക്കി. കമുകുകർഷകരെ സംരക്ഷിക്കാൻ വിദേശ അടയ്‌ക്ക ഇറക്കുമതിക്ക്‌ ഉയർന്ന ഡ്യൂട്ടി നിലവിലുണ്ട്‌. എന്നാൽ പാൻമസാല വ്യവസായികൾ വിദേശ അടയ്‌ക്ക അനധികൃത മാർഗ്ഗങ്ങളിലൂടെ എത്തിച്ച്‌ ആഭ്യന്തര വില അടിക്കടി താഴ്ത്തുകയാണ്‌.        

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com