വില ഉയരങ്ങളിൽ തന്നെ തുടരും; പിന്നിൽ ലളിതമായ കാരണം: റബർഷീറ്റിന്റെയും ലാറ്റക്സിന്റെയും വിപണി ഈ വർഷം ഇങ്ങനെയാകും

Mail This Article
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുള്ള റബർ വിലത്തകർച്ചയിൽനിന്നു കരകയറുകയാണോ? 2024ൽ തിരിച്ചുവരവിന്റെ സൂചന നൽകിയ ഈ വിളയ്ക്ക് പുതുവർഷം എന്താണ് കരുതി വച്ചിരിക്കുന്നത്. റബർഷീറ്റിന്റെയും ലാറ്റക്സിന്റെയും വിപണി ഈ വർഷം എങ്ങനെയായിരിക്കുമെന്ന് അന്വേഷിക്കാം. അതിനു മുന്നോടിയായി കഴിഞ്ഞ വർഷത്തെ റബർവിപണി വിലയിരുത്തേണ്ടതുണ്ട്.
പ്രതീക്ഷ നൽകിയ 2024
പൊതുവേ ഷീറ്റ് റബറിന്റെ (ആർഎസ്എസ് 4) വില സ്ഥിരമായി ഉയർച്ചയുടെ പാതയിലായിരുന്നു പോയ വര്‍ഷം. നിരന്തരം വില കയറിയിറങ്ങിയ 2023ൽ സ്ഥിതി നേരെ വിപരീതവും. ബാങ്കോക്ക് വിപണിയുടെ ചുവടുപിടിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ വില വർധിച്ചുതുടങ്ങി. 2024 ഏപ്രിലിലും മേയ് പകുതിവരെയും വിലസ്ഥിരത തുടർന്നു. എന്നാൽ, മേയ് പകുതി മുതൽ ക്രമമായി ഉയർന്ന റബർവില ജൂണിൽ 200 രൂപയെന്ന കടമ്പ കടന്നു. 12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അതുണ്ടായത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ റബർ സർവകാല റെക്കോർഡ് വിലയായ 247 രൂപയിലെത്തി. ഏപ്രിലിലെ കഠിനമായ ഉഷ്ണതരംഗവും തുടർന്ന് റെയിൻ ഗാർഡിങ്ങിനു സാവകാശം നൽകാതെ മേയ് മാസത്തിലെത്തിയ മൺസൂണും മൂലം ഉൽപാദനം കുറഞ്ഞതാണ് വില കുത്തനെ ഉയര്‍ത്തിയത്. 2023 ഓഗസ്റ്റിൽ പ്രതിമാസ ശരാശരി വില 147.24 ആയിരുന്നത് 2024 ഓഗസ്റ്റിൽ 237.54 ആയി. എന്നാൽ, 247 രൂപയിലെത്തിയ റബർ വില പിന്നിട് തുടർച്ചയായി താഴ്ന്ന് ഇപ്പോൾ കിലോയ്ക്ക് 190 രൂപയെ ചുറ്റിപ്പറ്റി നിൽക്കുകയാണ്. മഴക്കാലത്തിനുശേഷം ആഭ്യന്തര വിപണിയിൽ റബർലഭ്യത വർധിച്ചതും വൻതോതിലുള്ള ഇറക്കുമതിയുമാണ് ഈ പതനത്തിനു കാരണം.
ഷീറ്റ് റബറിന്റെ ചുവടുപിടിച്ചാണ് ലാറ്റക്സ് വിലയും നീങ്ങിയത്. 2024 ജനുവരി മുതൽ മാർച്ച് വരെ ഉയർന്നുനിന്ന ലാറ്റക്സ് വില ഏപ്രിൽ, മേയ് മാസങ്ങളിൽ താഴേക്കിറങ്ങി. വിപണി ഉയർന്നും താഴ്ന്നും നിന്ന 2023ൽനിന്നു വിഭിന്നമായിരുന്നു കാര്യങ്ങൾ. ജൂൺ, ജൂലൈ മാസങ്ങളിൽ ലാറ്റക്സ് വില കുത്തനെ ഉയർന്ന് യഥാക്രമം 141.85 രൂപയിലും 162.33 രൂപയിലുമെത്തി-റെയിൻ ഗാർഡിങ്ങ് മുടങ്ങിയതും മഴ നേരത്തേ എത്തിയതും മൂലം ലാറ്റക്സ് ഉൽപാദനം കുറഞ്ഞതു തന്നെ ഈ വർധനയ്ക്കു പിന്നിലും. എന്നാൽ, തുടർന്നുള്ള മാസങ്ങളിൽ താഴ്ന്നു തുടങ്ങിയ വില ഇപ്പോൾ 122.60 രൂപ നിലവാരത്തിലാണ്. മഴക്കാലത്തിനു ശേഷം ലാറ്റക്സ് ലഭ്യത കൂടിയതും ഷീറ്റ് ഉൽപാദിപ്പിച്ചിരുന്ന കർഷകരിൽ ഒരു വിഭാഗം ലാറ്റക്സ് ഉൽപാദനത്തിലേക്കു മാറിയതുമാണ് വില താഴാനിടയാക്കിയത്.

ഇറക്കുമതിയും കയറ്റുമതിയും
പോയ വര്‍ഷം നവംബർ വരെ 5,39,290 മെട്രിക് ടൺ പ്രകൃതിദത്ത റബർ ഇന്ത്യ ഇറക്കുമതി ചെയ്തു. 2023ൽ ഇത് 4,81,709 ടൺ മാത്രമായിരുന്നു– 11.95% ഇറക്കുമതി കൂടി. ഓഗസ്റ്റ് മുതൽ ഒക്ടോബർവരെയാണ് വൻതോതില്‍ ഇറക്കുമതി നടന്നത്. ഓഗസ്റ്റിൽ 69,820 ടണ്ണും സെപ്റ്റംബറിൽ 74,339 ടണ്ണും ഒക്ടോബറിൽ 63,795 ടണ്ണും. 2023ൽ 1,59,900 ടൺ കോംപൗണ്ടഡ് റബർ ഇറക്കുമതി ചെയ്ത ഇന്ത്യ 2024 സെപ്റ്റംബർവരെ മാത്രം 1,55,324 ടൺ ഇറക്കുമതി ചെയ്തു. ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള കോംപൗണ്ടഡ് റബര്‍ ഇറക്കുമതിക്കു തീരുവ തുച്ഛമായതിനാൽ (0–5%) പ്രകൃതിദത്ത റബറിനെക്കാൾ കൂടുതലായി അത് ഇറക്കുമതി ചെയ്യപ്പെടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. വരും മാസങ്ങളിലും ഈ സ്ഥിതി തുടര്‍ന്നേക്കും.
ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നുണ്ടെങ്കിലും ചെറിയ തോതിലുള്ള കയറ്റുമതിയും ഇവിടെനിന്നുണ്ട്. രാജ്യാന്തരവില ആഭ്യന്തര വിപണിയിലെ വിലയേക്കാൾ ഗണ്യമായി ഉയരുമ്പോഴാണ് ഇത് നടക്കുക. 2023ൽ 4,260 ടൺ പ്രകൃതിദത്ത റബർ കയറ്റുമതി ചെയ്ത ഇന്ത്യ 2024ൽ നവംബർവരെ 4,089 ടൺ കയറ്റുമതി നടത്തി. ഇക്കഴിഞ്ഞ നവംബറിൽ മാത്രം 459 ടൺ ആണ് കപ്പൽ കയറിയത്. വിയറ്റ്നാം, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ ഉൽപാദകരാജ്യങ്ങളെക്കാൾ ഇന്ത്യൻ വിപണിയിൽ വില താഴ്ന്നതാണു കാരണം. നേപ്പാൾ, ഒമാൻ, യുഎഇ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുണ്ടായ ഈ കയറ്റുമതി ഏറിയ പങ്കും ലാറ്റക്സ് രൂപത്തിലായിരുന്നു.

രാജ്യാന്തര വിപണി 2025
പുതുവര്‍ഷത്തിലും റബറിന് ഉയർന്ന ഡിമാൻഡും മികച്ച വിലയും പ്രതീക്ഷിക്കാം. വാഹനനിർമാണ വ്യവസായത്തിലും ആരോഗ്യമേഖലയിലുമാവും ഏറ്റവുമധികം ഡിമാൻഡ്. ചൈനയുടെ സാമ്പത്തിക ഉത്തേജക പാക്കേജുകൾ, രാജ്യാന്തരതലത്തിലെ മികച്ച പണലഭ്യത, ചരക്കുനീക്കത്തിനു തായ്‌ലൻഡും ഇന്തൊനീഷ്യയും പോലുള്ള രാജ്യങ്ങളിലെ തടസ്സങ്ങൾ എന്നിവയൊക്കെ ഡിമാൻഡ് ഉയര്‍ത്തും. ചൈനയിലെ ബ്ലോക്ക് റബര്‍ ശേഖരം 13 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ അളവിലാണെന്നത് ശ്രദ്ധേയം. അവിടെ വ്യവസായികൾ രാജ്യാന്തര വിപണിയെക്കാൾ ആഭ്യന്തര വിപണിയെ ആശ്രയിക്കുന്നതുകൊണ്ടാണിത്. ഈ സ്ഥിതി തുടർന്നേക്കും.
രാജ്യാന്തര വിപണിയിൽ മുൻപില്ലാത്തവിധം പ്രകൃതിദത്ത റബറിനു വില ഉയരുകയാണ്. ചരക്കുനീക്കത്തിലെ പ്രശ്നങ്ങളും വർധിക്കുന്ന ഡിമാൻഡുമാണ് കാരണം. ഇക്കൊല്ലം കഴിഞ്ഞാലും സ്ഥിതി തുടര്‍ന്നേക്കും. പുത്തൻ ഉൽപാദനശക്തിയായി ഐവറികോസ്റ്റ് ഉയർന്നുവരുന്നുണ്ട്. കൊക്കോ കർഷകർ മെച്ചപ്പെട്ട ആദായം പ്രതീക്ഷിച്ച് റബറിലേക്കു ചുവടുമാറ്റുന്നതാണ് കാരണം. എന്നാൽ, ലോകവിപണിയിലെ ലഭ്യതക്കുറവ് പരിഹരിക്കാൻ അവരുടെ ഉൽപാദനം മതിയാവില്ല. ഡിമാൻഡും ലഭ്യതയും തമ്മിലുള്ള അന്തരം തന്നെയാണ് ഇപ്പോഴത്തെ വിലവർധനയ്ക്കു പിന്നിലെന്നതിനാൽ വർഷം മുഴുവൻ റബർവില ഉയര്‍ന്നു നിന്നേക്കും.
ഉപഭോഗവർധനയ്ക്കനുസരിച്ച് ഉടനെങ്ങും ഉൽപാദനം വർധിക്കാനിടയില്ലെന്നതിനാൽ കമ്മി വർധിക്കുക തന്നെ ചെയ്യും. ഉൽപാദനക്കമ്മിക്കൊപ്പം കാലാവസ്ഥമാറ്റം മൂലമുള്ള പ്രശ്നങ്ങളും വിളപരിക്രമങ്ങളുമൊക്കെ ചേരുമ്പോൾ സമീപഭാവിയിൽ റബർവില ഉയരങ്ങളിൽ തന്നെ തുടരുമെന്നാണ് മനസ്സിലാക്കേണ്ടത്.
ശ്രദ്ധേയമായ മറ്റു ചില മാറ്റങ്ങളും റബർവിപണിയിൽ കാണാം. സുസ്ഥിരവും ഉത്തരവാദിത്തപൂർണവുമായ ഉൽപാദനമേഖലയോടുള്ള ആഭിമുഖ്യമാണ് അതിൽ പ്രധാനം. സാമൂഹിക, പാരിസ്ഥിതിക മേഖലകളിലെ ആശങ്കകൾ പങ്കുവയ്ക്കുന്ന ഈ പ്രവണത നല്ല മാറ്റങ്ങൾക്കു വഴിതെളിക്കും. റബർ വ്യവസായത്തിൽ മാലിന്യത്തോത് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും പരിസ്ഥിതിസൗഹൃദ ഉൽപന്നങ്ങൾക്കുള്ള ഡിമാൻഡുമൊക്കെ പ്രകൃതിദത്ത റബർവിപണിയെ മുന്നോട്ടുനയിക്കുമെന്നുറപ്പാണ്. നിർമാണമേഖലയിലും റബറിന് ഉപയോഗസാധ്യത വലിയതോതിൽ വർധിച്ചുവരുന്നതായി കാണാം.
ആഗോള റബർ ഉൽപാദനത്തിന്റെ 70 ശതമാനവും നിലവിൽ തായ്‌ലൻഡ്, ഇന്തൊനീഷ്യ, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ രാജ്യങ്ങളിലാണെങ്കിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്ക് അതു വ്യാപിക്കുകയാ ണിപ്പോൾ. ഐവറികോസ്റ്റ്, ഘാന, കാമറൂൺ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി റബർകൃഷിയുള്ളത്. അവിടങ്ങളിലെ കാലാവസ്ഥ റബറിനു യോജ്യവുമാണ്. ഈ മേഖലയിലെ റബർ ഉൽപാദനത്തിൽ ഒന്നാം സ്ഥാനക്കാരായ ഐവറികോസ്റ്റ് അവരുടെ ഉൽപാദനത്തിന്റെ സിംഹഭാഗവും കയറ്റുമതി ചെയ്യുകയാണ്. കാലവാസ്ഥ മാത്രമല്ല, വിശാലമായ വനേതരഭൂമിയുടെ ലഭ്യതും കുറഞ്ഞ കൂലിച്ചെലവുമൊക്കെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ റബർകൃഷിക്ക് കരുത്ത് പകരുന്നു. റബർകൃഷി വ്യാപകമാകുന്നതനുസരിച്ച് അവിടെ റബർ വ്യവസായങ്ങളും വന്നേക്കാം. ഈ സാഹചര്യത്തിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമൊക്കെ ആഫ്രിക്കൻ റബറിനു മുൻഗണന നൽകാൻ സാധ്യതയുണ്ട്. വരും ദശകങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളാവും രാജ്യാന്തര റബർവിപണയിലെ താരങ്ങളെന്നു കരുതാം.

ഷീറ്റ് റബറിനു പ്രിയമേറും
ഇന്ത്യയിലും റബർ ഉൽപാദനവും ഉപഭോഗവും ഉയരുകയാണ്– 8,57,000 ടൺ ഉൽപാദനവും 14,16,000 ടൺ ഉപഭോഗവുമാണ് 2023–24ൽ രേഖപ്പെടുത്തിയത്. 2024–25ൽ ഇത് 8,75,000 ടണ്ണും 14,25,000 ടണ്ണുമായി ഉയരുമെന്നാണ് റബർ ബോർഡിന്റെ നിഗമനം. ഒപ്പം ഇൻറോഡ് പദ്ധതി പ്രകാരം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും കൃഷിക്കായി കണ്ടെത്തിയ സ്ഥലങ്ങളിലെ ഉൽപാദനവും നിലവിലുള്ള മരങ്ങളുടെ ഉൽപാദനക്ഷമതയിലുണ്ടാകുന്ന വർധനയും കൂടി പരിഗണിക്കാം. ഉൽപാദനവര്‍ധനയ്ക്കു തീവ്ര ശ്രമം നടക്കുമ്പോഴും കമ്മി പെരുകുന്നുവെന്നതാണ് യാഥാർഥ്യം. ഉയർന്ന വിലയ്ക്ക് ഇറക്കുമതി നടത്താൻ ഇതു രാജ്യത്തെ നിർബന്ധിതമാക്കുന്നു. ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ ഇവിടെയും വില ഉയർച്ചയുടെ പാതയിൽ തന്നെയാവും.
സാധാരണഗതിയിൽ രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയും നീങ്ങുക. എല്ലാ മേഖലകളിലെയും ഉൽപാദനക്കമ്മി മൂലം 2025ൽ രാജ്യന്തര വിപണി നേരിട്ടേക്കാവുന്ന വിലക്കയറ്റം ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും. ഉപഭോഗത്തിന് ആനുപാതികമായി ഉൽപാദനം കൂടുന്നില്ലെന്ന ലളിതമായ കാരണം മാത്രമാണ് ഇതിനു പിന്നിൽ. കർഷകർക്ക് ഇതൊരു ശുഭവാർത്ത തന്നെ. വാഹനനിർമാണരംഗത്തെ ആവശ്യകത വർധിക്കുന്നതിനാല്‍ ഷീറ്റ് റബറിനും വലിയ ഡിമാന്‍ഡ് പ്രതീക്ഷിക്കാം. വില കൂടാനും സാധ്യതയേറും. ഈ പ്രവണത തുടരുകയാണെങ്കിൽ ലാറ്റക്സ് ഉൽപാദനത്തിലേക്കു മാറിയവർക്ക് ഷീറ്റിലേക്കു മടങ്ങേണ്ടിവരും. ലാറ്റക്സിന്റെ ഡിമാൻഡും കൂടുന്നുണ്ടെന്നത് ശരിതന്നെ. എന്നാൽ, 70% ഉപഭോഗം നടക്കുന്ന ടയർ മേഖലയ്ക്കാവശ്യമായ ഷീറ്റ് റബർ തന്നെയാവും കൂടുതൽ നേട്ടമുണ്ടാക്കുക.
സമ്പദ്‌വ്യവസ്ഥയിലെ ഉണർവ് റബർ ഉപഭോഗം ഗണ്യമായി വർധിപ്പിക്കുന്നുണ്ട്. കയ്യുറകൾ, വ്യാവസായികോൽപന്നങ്ങൾ, കൺസ്യൂമർ ഉൽപന്നങ്ങൾ എന്നിവയിലൊക്കെ കൂടുതലായി റബർ വേണ്ടിവരുന്നുണ്ട്. വാഹനനിർമാണ മേഖലയോട് റബർ വിപണിക്കുള്ള ആശ്രിതത്വം കുറയ്ക്കാൻ ഇതുപകരിക്കും.
സർക്കാർ പ്രോത്സാഹനത്തിന്റെ കരുത്തിൽ പരമ്പരാഗതമേഖലയിൽനിന്നു വടക്കുകിഴക്കൻ മേഖലയിലേക്ക് റബർ ഉൽപാദനം മാറാനുള്ള സാധ്യതയും ഏറെയാണ്. ദേശീയതലത്തിൽ വടക്കുകിഴക്കൻ മേഖലയുടെ വിഹിതം വർധിപ്പിക്കാനായി നോർത്ത് ഈസ്റ്റ് റബർ മിഷൻ ഊർജിതമായി പ്രവർത്തിക്കുന്നുണ്ട്. 2025–26 ആകുമ്പോഴേക്കും 7 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലുമായി 2 ലക്ഷം ഹെക്ടറില്‍ കൃഷി വ്യാപിപ്പിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ഇൻറോഡ് പദ്ധതി ലക്ഷ്യം. ഇതിൽ 1,25,000 ഹെക്ടറിൽ കൃഷി ആരംഭിച്ചു കഴിഞ്ഞു. വരും വർഷങ്ങളില്‍ രാജ്യത്തെ റബർ ഉൽപാദനത്തിൽ ഇത് നിർണായക ഘടകമാവും. ഇത്രയും തോട്ടങ്ങളിൽ ടാപ്പിങ് ആരംഭിക്കുന്നതോടെ രാജ്യത്തിന്റെ റബർ മാപ്പിൽ കേരളത്തിന്റെ വിഹിതം സങ്കോചിക്കുമെന്നു സാരം.
വിലാസം: ഡപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിങ്), റബർ ബോർഡ്, കോട്ടയം.