തടവ് - പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

Mail This Article
എനിക്കു നിരാശ തോന്നുന്നു
എന്നെക്കുറിച്ച്,
രൂപപ്പെടും മുമ്പേ
ശിഥിലമായ്പ്പോയ
ഒരാശയത്തോടെന്നപോലെ.
ജനലിലൂടെ ഞാൻ പക്ഷികളെയും മൃഗങ്ങളെയും
വൃക്ഷങ്ങളേയും നിരീക്ഷിച്ചു.
ഈച്ച, വണ്ട്, പുഴുക്കൾ,
വരിവരിയായിപ്പോകുന്ന ഉറുമ്പുകൾ,
ഉരഗങ്ങൾ, പല മട്ടിലുള്ളവ--
എന്നാൽ എല്ലാം തന്നെ
അപ്രാപ്യരായിരുന്നു
എനിക്ക്.
കൂട്ടുകാരില്ലാത്ത കുട്ടിയെപ്പോലെ
സ്വയം ചോദിച്ചു
പറഞ്ഞു
തർക്കിച്ചു
അതിൽ
ഇരുപുറവും നിന്നു തോറ്റു
ഇരുട്ടിനോടും
വെളിച്ചത്തോടും
കയർത്തു
കനിവില്ലാതെ നിന്ന കാലത്തോട് മുഖം കോട്ടി:
ഒരു വിജയമെങ്കിലും ഉണ്ടായാൽ
ഞാനത്
ചോരയിൽ തന്നെ എഴുതും.
ഞാൻ
പച്ചക്കറിക്കു മുറിച്ചു
പാത്രം കഴുകി
നിലം തൂത്തു
ഒരു നൂറ്റാണ്ടിന്റെ വിഴുപ്പു മുഴുവൻ
ഒറ്റയ്ക്കലക്കി
കടയ്ക്കു പോവുകയും
വരികയും ചെയ്തു
നിരീക്ഷിച്ചു കൊണ്ടേയിരിക്കെ
ഞാൻ
നിരീക്ഷിക്കപ്പെടുകയായിരുന്നു.
എല്ലാം എന്റേതായിരുന്നു:
തടവറ
താക്കോൽ
ചാട്ടവാർ
മർദ്ദിക്കാനും
മദിക്കപ്പെടാനുമുള്ള
വിശാലമായ സ്വാതന്ത്രം.
ഇനിയൊരു
കണക്ക് പറയാം--
ജയിക്കാനായി
ഞാനൊരു കല്ലുരുട്ടി
മുകളിൽ
പാറയുടെ മുനമ്പിൽ
വച്ചിട്ടുണ്ട്.
ഞാനിതാ
അതിന്റെ നൂറടി
താഴെയായി നിൽക്കുന്നു.

നല്ല കാറ്റുണ്ട്.
ഇനി നിങ്ങൾ പറയൂ,
അത്
കൃത്യമായും എന്റെ
തലയിൽത്തന്നെ വീഴില്ലേ?
Content Summary: Thadavu, poem written by PM Govindanunni