ADVERTISEMENT

കാൽപ്പാടുകൾ

എസ്.കെ വസന്തൻ

ഹോൺ ബിൽ പബ്ലിക്കേഷൻസ്

Try to be a good student, you may become a good teacher, ആദ്യമായി കണ്ട വേളയിൽ കേരള സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ജോൺ  മത്തായി തന്നോടു പറഞ്ഞ വാചകം എന്നും അക്ഷരം പിന്തുടരുന്ന വ്യക്തിയാണ് ശ്രീശങ്കര കോളജിലും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും അധ്യാപകനായിരുന്ന, നിരവധി പ്രഗദ്ഭരുടെ ഗവേഷണ മാർഗദർശിയായിരുന്ന ഡോ. എസ്. കെ. വസന്തൻ. കേരളസംസ്കാരചരിത്ര നിഘണ്ടു ,നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ മലയാളികൾക്ക് തുടങ്ങി പ്രൗഢഗംഭീരമായ നിരവധി കൃതികളുടെ രചയിതാവു കൂടിയാണ് അദ്ദേഹം.              

 

ഹോൺ ബിൽ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ‘കാൽപ്പാടുകൾ’ എന്ന ഓർമക്കുറിപ്പു സമാഹാരമാണ് വസന്തൻ മാഷിന്റെ ഏറ്റവും പുതിയ രചന. ചരിത്രഗവേഷകനായ ഒരു പണ്ഡിതന്റെ  ഓർമക്കുറിപ്പുകൾക്ക് സംഘം കൃതികളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ അകം, പുറം എന്നീ രണ്ടു ഭാഗങ്ങൾ ഉണ്ടായത് യാദൃച്ഛികമാവില്ല. ‘അകം’ എന്ന ഭാഗത്ത് 34 ലേഖനങ്ങളാണുള്ളത്. ‘പുറ’ ത്തിലാകട്ടെ 19 എണ്ണവും. 

‘മൂടുക ഹൃദന്തമേ മുഗ്ദ്ധ ഭാവന കൊണ്ടീ / മൂക വേദനകളെ മുഴുവൻ മുത്താവട്ടെ’

എന്ന വരികളുടെ ആമുഖത്തോടെയാണ് അകം ആരംഭിക്കുന്നത്.

 

‘കഴിഞ്ഞ കാലങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ പലപ്പോഴും നിർവികാരതയാണ് അനുഭവപ്പെടുക. ചിലപ്പോൾ അഗാധമായ ദുഃഖവും ദുഃഖത്തിൽനിന്നു ജനിക്കുന്ന നിസ്സംഗമായ നർമബോധവും’ എന്നാണ്  ആദ്യത്തെ ലേഖനം ആരംഭിക്കുന്നത്. ദാരിദ്ര്യം അറിഞ്ഞൊരാൾക്കു മാത്രമേ അതിന്റെ നീറ്റലറിയൂ, കൊതിച്ചു കാത്തിരുന്നത് അപ്രതീക്ഷിതമായി ലഭിക്കുമ്പോഴുള്ള  ആനന്ദമറിയൂ എന്ന വലിയ സന്ദേശമാണ് ആദ്യത്തെ ലേഖനം. ജാതിമതങ്ങൾക്കതീതമായ ഒരു ദൈവസങ്കല്പം വളർന്നുവരേണ്ടതിന്റെ ആവശ്യകത വളരെ ലളിതമായി തന്റെ ലേഖനങ്ങളിലദ്ദേഹം പങ്കുവയ്ക്കുന്നു. ‘എന്റെ ഗ്രാമം എന്റെ  ജനത’ എന്ന പേരിൽ വസന്തൻ മാഷ് പണ്ടൊരിക്കൽ ഒരു നോവൽ എഴുതിയിട്ടുണ്ടായിരുന്നു. ആ  പേരിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രീതിയിലാണ് ‘അകം’ ഭാഗത്തിന്റെ രൂപകൽപന .

 

വീട്, അച്ഛനമ്മമാർ, മുത്തശ്ശി, മറ്റു ബന്ധുക്കൾ, കൊളപ്പുര പ്രാന്തി, ബീഡി വലിക്കുന്ന ലക്ഷ്മി അമ്മ, പപ്പുണ്ണി പിള്ള അമ്മാവൻ, നാണു അമ്മാവൻ സുഹൃത്തുക്കൾ, അധ്യാപകർ തുടങ്ങി ഒരു വീടും നാടും ഉറ്റവരും രക്തബന്ധമില്ലാത്തവരും ചേർന്ന് ഒരു ബാലനിൽ നിന്ന് മലയാളം കണ്ട മികച്ച അധ്യാപകനിലേക്ക് പല പല വീക്ഷണങ്ങളും അഭിപ്രായബോധവും വിവേചനബുദ്ധിയും സന്നിവേശിപ്പിച്ചതെങ്ങനെയെന്ന് അകം ഭാഗം വ്യക്തമാക്കുന്നു. ഒരു ഐഡിയോളജിയിലേക്ക് ഒരാൾ എങ്ങനെ ആകർഷിക്കപ്പെടുന്നുവെന്ന് ആ വ്യക്തിയുടെ ജീവിതമാണ് സാക്ഷ്യപ്പെടുത്തുന്നത്.  കാൽപ്പാടുകൾ അത്തരമൊരു കൃതിയാണ്.

 

വെറും അനുഭവങ്ങളല്ല, ശക്തമായ അഭിപ്രായങ്ങളാണ് ലാളിത്യത്തിന്റെയും ഹാസ്യത്തിന്റെയും അകമ്പടിയോടെ അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. വിശ്വാസവും യുക്തിയും തമ്മിലുള്ള ബലാബലപരീക്ഷണങ്ങൾ, മാറിയ സാഹചര്യത്തിൽ വിദ്യാർഥി രാഷ്ട്രീയം തൊഴിൽ പരിശീലന കേന്ദ്രം മാത്രമായി മാറുന്നതിലെ വ്യാകുലത, മതം വ്യക്തിബന്ധങ്ങൾക്കു മുകളിൽ തീർക്കുന്ന മതിലുകളുണ്ടാക്കുന്ന അസ്വസ്ഥത, അധ്യാപനത്തിലെയും അധ്യയനത്തിലെയും പുതിയ രീതികളുണ്ടാക്കുന്ന താളപ്പിഴകൾ എന്നിവയൊക്കെ ഇത്രയും ലളിതമായി ഒരാൾക്കു പറഞ്ഞു തരാനാവുമോ എന്ന് നമ്മൾ അദ്ഭുതപ്പെടും.

 

ഇന്നത്തെക്കാലത്തോട്, നീതികളോടുള്ള പരിഭവം, ‘തെളിഞ്ഞ കാഴ്ച അനാവശ്യമാണ്. എന്നല്ല പലപ്പോഴും അപകടമാണ് എന്ന് അനുഭവം പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അനുദിനം ലോകം കാണാൻ കൊള്ളാത്തതായി മാറുകയാണ്.’ എന്നിങ്ങയെ ആരെയും കുറ്റപ്പെടുത്താതെ ഒന്നു രണ്ടു വാചകങ്ങളിൽ സ്പഷ്ടമായി പറഞ്ഞു തീർക്കാൻ വസന്തൻ മാഷിനേ കഴിയൂ. ആഗമാനന്ദ സ്വാമികൾ, പ്രഫ. ഗുപ്തൻ നായർ, മുണ്ടശ്ശേരി, വി.വി.കെ. വാലത്ത്, മുല്ലനേഴി, വൈലോപ്പിള്ളി, ബഷീർ, എൻവി, ഇഎംഎസ്, പുത്തേഴൻ, എം.എസ്. ദേവദാസ്, പി.ഗോവിന്ദപ്പിള്ള, തായാട്ട് ശങ്കരൻ, എംആർസി, വി.അരവിന്ദാക്ഷൻ, ചെറുകാട് ചാത്തുണ്ണി മാസ്റ്റർ, ഡോക്ടർ എം.എസ്. മേനോൻ, ജയപാലൻ മേനോൻ, ഇയ്യങ്കോട് ശ്രീധരൻ, എം.പി. മന്മഥൻ, ചങ്ങമ്പുഴ, ഇ.എം. കോവൂർ, ഇ.കെ. നായനാർ തുടങ്ങിയവരുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ, ഹൃദ്യമായ ഇടപെടലുകളുടെ ഓർമക്കുറിപ്പുകളാണ് പുറംഭാഗത്തെ ധന്യമാക്കുന്നത്.

 

ജന്മസിദ്ധമായ നർമബോധം തന്നെയാണ് എല്ലാ ലേഖനങ്ങളെയും ആസ്വാദ്യമാക്കുന്നത്. കാലത്തിന്റെ കണ്ണീരുപ്പു പുരണ്ട ജീവിതത്തെ ഏറ്റവും ഹൃദ്യമായിത്തന്നെ അദ്ദേഹം അടയാളപ്പെടുത്തുന്നു. ജീവിതം തന്നെ സമരമായി മാറിയൊരാൾക്ക് അകന്നു നിൽക്കാനാവാത്ത തൊഴിൽ പ്രശ്നങ്ങൾ വിവരിക്കുന്നിടം ഒരു കാലഘട്ടത്തിന്റെ ചെറുത്തുനിൽപിനെക്കുറിച്ച് പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നു.  ഭ്രാന്തും കുഷ്ഠവുമെല്ലാം ഇന്ന് ചികിത്സയുള്ള അസുഖങ്ങളാണെങ്കിലും ഒരു കാലത്ത് സാമൂഹികജീവിതത്തെ അവ എത്രമാത്രം കലുഷിതമാക്കിയെന്ന് നമുക്കു വായിച്ചറിയാം. 

 

202 പേജുകളിൽ അടയാളപ്പെടുത്തപ്പെട്ട ഒരു മഹാരഥന്റെ അനുഭസമ്പത്ത് ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയായി മാറുന്നു. പ്രായത്തിനോ മറ്റ് അവശതകൾക്കോ അദ്ദേഹത്തിന്റെ  നിരന്തരമായ യാത്രകളെയോ വിപുലമായ  വായനയെയോ  അടങ്ങാത്ത ഗവേഷണ താത്പര്യത്തെയോ ഒളിമങ്ങാത്ത അധ്യാപനമികവിനെയോ സ്പർശിക്കാൻ പോലും ഭയമാണ്. ഒരധ്യാപകന് കുട്ടികളോടുള്ള സമീപനമെങ്ങനെയാവണം എന്ന കാര്യത്തിലും വസന്തൻ മാഷ് ഒരു മാതൃകയാണ്. 

 

ഡോ. എസ്.കെ. വസന്തന്റെ അധ്യാപന ജീവിതത്തെ പുതിയ അധ്യാപകർക്ക്  ഒരു ഗൈഡ് ആയി തന്നെ സ്വീകരിക്കാവുന്നതാണ്. ലാളിത്യമുള്ള, നന്മയുള്ള, പ്രകൃതിയോടിണങ്ങിയ, ആർദ്രതയുള്ള  മഹാനായ അധ്യാപകന്റെ ജീവിതം തന്നെ സന്ദേശമായി മാറുന്ന അനുഭവമാണ് കാൽപാടുകൾ. സമഗ്രസംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം സ്വന്തമാക്കിയ, എണ്ണമറ്റ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഒരധ്യാപകന്റെ, എഴുത്തുകാരന്റെ ജീവിതത്തിലെ ഏതാനും ചില മുഹൂർത്തങ്ങൾ മാത്രമാണിത്. സ്നേഹമെന്ന ഒറ്റ മതത്തിനു കീഴിൽ ലോകം സമ്പന്നമാവണമെന്നാഗ്രഹിക്കുന്ന ഋഷിതുല്യനായ ഒരധ്യാപകന്റെ ജീവിതത്താളുകളുടെ ആർദ്രത വായനക്കാരിലേക്കു കൂടി പകരുന്നൊരനുഭവം.

 

English Summary : Kalppadukal Book By S.K Vasanthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com