ADVERTISEMENT

നാര്‍മടിപ്പുടവ 

സാറ തോമസ് 

ഡിസി ബുക്സ് 

വില 240 രൂപ 

 

ഉയര്‍ന്ന കോട്ടമതിലുകള്‍. സമാന്തരമായി പാകിയതുപോലെ ഇടുങ്ങിയ തെരുവുകള്‍. വരി വരിയായി അച്ചിട്ടു വാര്‍ത്തതു കണക്കെ നിരത്തപ്പെട്ട വീടുകള്‍. നൂറ്റാണ്ടുകളായി നിലവിലിരിക്കുന്ന ആചാരങ്ങളുടെ ഇരുമ്പു ചട്ടക്കൂട്ടിനുള്ളില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ജീവിതം. അതു തകര്‍ത്തു പുറത്തു കടക്കാന്‍ ശ്രമിച്ചാല്‍..? തെരുവിനു വെളിയിലേക്ക് നിര്‍ദ്ദയം പുറന്തള്ളപ്പെടും. ആ ക്രൂരസത്യത്തിന്റെ ഞെട്ടലില്‍ ഇരുട്ടു താവളമടിച്ച മുറികളില്‍ കരിന്തിരിയായി കത്തിയ ജന്‍മങ്ങള്‍. അവരുടെ പ്രതിനിധിയാണ് കനകം. 

 

 

കനകാംബാള്‍. തല മൊട്ടയടിച്ചു, നാര്‍മടിപ്പുടവ ചുറ്റി ഒരു ജീവിതം മുഴവന്‍ സ്വപ്നങ്ങളെയും സന്തോഷ ത്തെയും പടി കടത്തി ജീവിച്ച വിധവകളുടെ തലമുറയിലെ ഇങ്ങേയറ്റത്തെ കണ്ണി. എന്നാല്‍ കനകത്തിന്റെ ജീവിതം ഒറ്റപ്പെട്ടതും ശ്രദ്ധേയവുമാണ്. വിപ്ലവമെന്ന നിലയിലല്ല, പരാജയപ്പെട്ട വിപ്ലവം എന്ന നിലയിലുമല്ല. വിപ്ലവത്തിനു പോലും ശ്രമിക്കാതെ സ്വയം ഒതുങ്ങിയ, സഹിച്ച, നിശ്ശബ്ദ ത്യാഗത്തിന്റെ പേരില്‍. 

 

 

പക്ഷേ, ആ തോല്‍വിയിലും ചില വെളിച്ചങ്ങളുണ്ട്. ചിതയിലെ വെളിച്ചം പോലെ. അതു പുതിയ കാലത്തിന് ഊര്‍ജം പകരുന്നുണ്ട്. പിന്നാലെ വരാനിരിക്കുന്ന വിപ്ലവങ്ങള്‍ക്ക് ചൂടും ചൂരും പകരുന്നുണ്ട്. അതു കാലത്തി ന്റെ താളുകളില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഓര്‍മിക്കപ്പെടേണ്ടതുണ്ട്. അതാണ് സാറാ തോമസിന്റെ നാര്‍മടിപ്പുടവ എന്ന നോവലിന്റെ ചരിത്ര പ്രസക്തി. ആ ചരിത്രം ഇന്നും വിങ്ങുന്ന ഹൃദയത്തോടെ വായിക്കാന്‍ വായനക്കാര്‍ ഏറെ. നാലു പതിറ്റാണ്ടിനു ശേഷം പുറത്തു വന്ന പുതിയ പതിപ്പും മലയാളം സ്നേഹത്തോടെ, സൗഹൃദത്തോടെ ഏറ്റുവാങ്ങുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് നാര്‍മടിപ്പുടവയുടെ 14-ാം പതിപ്പ്. 

 

 

നാലു പതിറ്റാണ്ടു മുന്‍പാണ് നാര്‍മടിപ്പുടവ ആദ്യമായി വായനക്കാരെ തേടിയെത്തുന്നത്. 1978 ല്‍. തൊട്ടടുത്ത വര്‍ഷം കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി. ഒപ്പം സാറ തോമസിനെ  മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരിയായി പ്രതിഷ്ഠിച്ചു. ഒട്ടേറെ തലങ്ങളില്‍ ശ്രദ്ധേയമാണ് ഇന്നും നാര്‍മടിപ്പുടവ. തിരുവനന്തപു രത്ത് കിഴക്കേകോട്ടയ്ക്കു സമീപം കോട്ടവാതിലിനുള്ളില്‍ ജീവിച്ചിരുന്ന തമിഴ് ബ്രാഹ്മണരുടെ ജീവിതമാണ് പ്രമേയം. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം പൂര്‍ണമായും തമിഴ്. എന്നാല്‍ ഭാഷയുടെ ക്ലിഷ്ടതയെയും 

അതിജീവിക്കുന്ന ജീവിതത്തിന്റെ സത്യം നാര്‍മടിപ്പുടവയിലുണ്ട്. ആഭരണങ്ങളുടെ വേലിക്കെട്ടില്ലാത്ത മുഖസൗന്ദര്യം പോലെ, അലങ്കാരങ്ങളുടെ ആടയാഭരണങ്ങളില്ലാത്ത ജീവിതത്തിന്റെ ഗതിയും സത്യവും. 

 

 

 

വിവാഹം എന്തെന്നും ജീവിതം എന്തെന്നും മനസ്സിലാക്കാന്‍ പോലും കഴിയുന്നതിനു മുന്‍പ് കനകത്തിന് വിവാഹത്തിനുവേണ്ടി തല കുനിക്കേണ്ടിവന്നു. 16-ാം വയസ്സില്‍. സ്കൂള്‍ പഠനം ഒന്നാം ക്ലാസ്സില്‍ വിജയിച്ചിട്ടും തുടര്‍പഠനത്തിന് അവസരം ഇല്ലാതെ. വിവാഹിതയായി ഭര്‍ത്താവിന്റെ വീട്ടിലേക്കു പോയെങ്കിലും ശാന്തി മുഹൂര്‍ത്തത്തിനു മുന്‍പ്  വിധവ. 

 

 

 

വിവാഹം ചതിയായിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും വിധവയായി ആ ജീവിതത്തെ മുദ്ര കുത്തിയി രുന്നു. ഇരുട്ട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ബ്രാഹ്മണ വിധവയ്ക്ക് പുനര്‍ വിവാഹത്തിന് അവസരം ഇല്ല. വര്‍ണച്ചേലകള്‍ ഒഴിവാക്കി, സന്തോഷ നിമിഷങ്ങള്‍ ഒഴിവാക്കി മരയഴികളുടെ പിന്നില്‍ ദുശ്ശകുനമായി പുകഞ്ഞുതീരേണ്ട ജീവിതം. പെണ്‍ സമരങ്ങളുടെ കഥകള്‍ പുറത്തുവരികയും സ്ത്രീകളും തങ്ങളുടേതായ ജീവിതത്തിന് മുതിരുകയും ചെയ്ത കാലമായിരുന്നെങ്കിലും വിധിയോട് പൊരുത്തപ്പെടാനായിരുന്നു കനത്തിന്റെ തീരുമാനം. 

 

 

അപ്പാവിന്റെ സമാധാനത്തിനുവേണ്ടി. അത്തയുടെ ആശ്വാസത്തിനുവേണ്ടി. അകാലത്തില്‍ വിട്ടുപിരിഞ്ഞ മൂത്ത സഹോദരിയുടെ മകള്‍ക്കുവേണ്ടി. എന്നാല്‍ സ്വന്തം കുടുംബം പോലും ത്യാഗത്തിന്റെ കണക്കുകള്‍ 

വിസ്മരിക്കുമ്പോള്‍ കനകത്തിന് ആശ്രയം പരാജയങ്ങള്‍ പതിവായി ഏറ്റുവാങ്ങിയ സ്വന്തം മനസ്സ് മാത്രം. 

 

വലിയൊരു വിപ്ലവത്തിനു തയാറായില്ലെങ്കിലും കനകം തന്റേതായ രീതിയില്‍ സ്വന്തം ജീവിതം മെനയുന്നുണ്ട്. വിധവ വീടിനു പുറത്തിറങ്ങി. വിദ്യാഭ്യാസം തുടര്‍ന്നു. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതവും തുടങ്ങി. അവസരങ്ങള്‍ അവരെ തേടിവന്നു. കുടുംബം നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വന്തമായൊരു ജീവിതത്തിന്റെ വാഗ്ദാനവും ലഭിച്ചു. എന്നാല്‍ വെളിച്ചത്തേക്കാള്‍ കനകം സ്നേഹിച്ചത് ഇരുട്ടിനെ. ചിരിയേക്കാള്‍ കരച്ചിലിനെ. വിജയത്തേക്കാള്‍ പരാജയത്തെ. 

 

 

അതിന് ഒരു കാരണമേയുള്ളൂ. താനായിട്ട് ആചാരങ്ങള്‍ ലംഘിച്ച് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും അശാന്തി നല്‍കേണ്ടല്ലോ എന്ന ചിന്ത. എന്നും ആദ്യ പരിഗണന മറ്റുള്ളവര്‍ക്കു കൊടുത്തതിന്റെ ദുരന്തം. സ്വന്തം സന്തോഷത്തിനും സുഖത്തിനും അവസാന സ്ഥാനം പോലും ആ മനസ്സില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. ഒരുപക്ഷേ അങ്ങനെയൊരു കഥാപാത്രം മലയാളത്തില്‍ അത്യപൂര്‍വം. 

 

ദുരന്തത്തിന്റെ തീ വിഴുങ്ങിയ  കനകത്തിന്റെ ജീവിതാകാശത്ത് കാര്‍മേഘങ്ങള്‍ക്കിടയിലെ മഴവില്ല് പോലെ വെളിച്ചം ചിതറിയ ചില ബന്ധങ്ങളുണ്ട്. അപൂര്‍വ നിമിഷങ്ങളില്‍ സൂര്യനേക്കാള്‍ ജ്വലിച്ച ഒറ്റനക്ഷത്രങ്ങള്‍. കനകത്തെപ്പോലെ ഓര്‍മിക്കപ്പെടേണ്ടവരാണ് അവരും. അവരുടെ സ്നേഹം കൂടിയാണല്ലോ ജീവിതത്തെ സ്നേഹിക്കാനും വിശ്വസിക്കാനും മനുഷ്യരെ പ്രേരിപ്പിക്കുന്നത്. 

 

English Summary : Narmadippudava Book By Sara Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com