ആത്മീയതയ്ക്കും ബൈബിളിനും സ്ത്രീപക്ഷ പുനര്‍വായന

ഗ്രീന്‍ ബുക്സ്
വില 365
Mail This Article
പുരുഷ കേന്ദ്രീകൃതമായ ആത്മീയതയെ ബൈബിള്‍ അടിസ്ഥാനമാക്കി പുനര്‍വായിക്കുകയാണ് ‘സ്‌ത്രൈണ ആത്മീയത’. മറ്റു മേഖലകളില്‍നിന്നും സ്ത്രീയെ മാറ്റിനിര്‍ത്തിയതുപോലെ ആത്മീയ കാര്യങ്ങളിലും സ്ത്രീയെ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തത്. ഇപ്രകാരം ഒഴിവാക്കപ്പെട്ടവരുടെ ആത്മീയതയാണ് സ്‌ത്രൈണ ആത്മീയത എന്നു പറയാം. ഒരു വ്യക്തിക്ക് സ്വന്തം ശരീരവും സ്വത്വവും തമ്മില്‍ വേര്‍തിരിവില്ലെന്നും ശരീരത്തിലൂടെ തന്നെയാണ് ആത്മാവിനെ അറിയുന്നത് എന്നും സ്‌ത്രൈണ ആത്മീയത പറഞ്ഞുവയ്ക്കുന്നു. ക്രിസ്തുവിന്റെ ജീവിതത്തെ പിന്‍പറ്റിയാണ് പല അധ്യായങ്ങളും. ജനനം മുതല്‍ മരണം വരെ സ്ത്രീകളായിരുന്നു ക്രിസ്തുവിന്റെ കൂടെയുണ്ടായിരുന്നത്. പല അവസരത്തിലും ഏറ്റവും അടുത്ത ശിഷ്യന്‍മാര്‍ പോലും ക്രിസ്തുവിനെ ഉപേക്ഷിച്ചു പോയപ്പോഴും സ്ത്രീകള്‍ പിന്തുടര്‍ന്നു. പിന്നീട് സഭയുടെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടു. മിക്ക മതങ്ങളിലും സമാനമായ സംഭവ വികാസങ്ങളാണുണ്ടായതെന്ന് പുസ്തകം ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.
ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. റോസി തമ്പിയാണ് പുസ്തകത്തിന്റെ രചന. ബൈബിളിന്റെ സ്ത്രീപക്ഷ വായനയിലൂടെ പുതിയ ഒരു കാഴ്ചപ്പാട് സൃഷ്ടിക്കുന്നതില്‍ ലേഖനങ്ങള്‍ക്ക് സാധിക്കുന്നു. പുരോഹിത അധികാര ശ്രേണിയുടെ പൊളിച്ചെഴുത്തിലൂടെയേ യഥാര്‍ഥ ആത്മീയതയിലേക്ക് വഴി തുറക്കൂ എന്നും ലേഖനങ്ങളിലൂടെ പറഞ്ഞുവയ്ക്കുന്നു.
ജ്ഞാന വൃദ്ധ എന്ന് അര്‍ഥമുണ്ടായിരുന്ന ‘വിച്ച്’ എന്ന പദത്തെ, പിശാചുമായി വേഴ്ചയില്‍ ഏര്‍പ്പെടുന്നവര്‍ എന്ന് മുദ്രകുത്തിയത് മധ്യകാലഘട്ടത്തില്‍ സഭയാണ്. അവര്‍ ആര്‍ജിച്ച വിജ്ഞാനം, എഴുതിയ പുസ്തകങ്ങള്‍ എല്ലാം നശിപ്പിക്കപ്പെട്ടു. യേശുവിന്റെ കാലത്തെന്ന പോലെ എപ്പോഴും യേശുവിനെ ചേര്‍ത്തുപിടിച്ചത് പുറത്താക്കപ്പെട്ട സ്ത്രീകളായിരുന്നു. പുരുഷാധിപത്യപരവും പൗരോഹിത്യാത്മകവുമായ സാമൂഹിക-മത സംവിധാനമാണ് ലോക സംസ്‌കാരങ്ങളെ രൂപപ്പെടുത്തിയത്. ആ പരുവപ്പെടുത്തലില്‍ സ്ത്രീകള്‍ പുറന്തള്ളപ്പെട്ടു.
ഫെമിനിസം എന്നത് പുരുഷനോടുള്ള ഏറ്റുമുട്ടലല്ല എന്നും അതിന് മറ്റനേകം മാനങ്ങളുണ്ടെന്നും റോസി തമ്പി പറയുന്നു. പുരുഷന്‍മാര്‍ക്ക് അപ്രാപ്യമായ പല കാര്യങ്ങളും സ്ത്രീകള്‍ക്ക് സാധ്യമാണ്. അക്കാര്യം ഏറ്റുമുട്ടലിലൂടെയല്ല സ്ഥാപിച്ചെടുക്കേണ്ടത്. എല്ലാം സൃഷ്ടിച്ച ദൈവത്തിന് സ്ത്രീയെ സൃഷ്ടിക്കാന്‍ ആദത്തെ ഉറക്കിക്കിടത്തി വാരിയെല്ല് മോഷ്ടിക്കേണ്ടി വന്നു എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ്. സമൂഹിക നിര്‍മിതമായ സ്ത്രീയുടെ അധമാവസ്ഥയെ ഇതിലൂടെ ദൈവകല്‍പനയായി ആരോപിക്കുകയാണ് ചെയ്തത്.
ആധുനിക വിദ്യാഭ്യാസം നേടിയതുകൊണ്ട് സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നത് ഇരട്ട ചൂഷണമാണ്. ഗൃഹപരിചരണം, ഭര്‍തൃപരിചരണം, ശിശുപരിചരണം എന്നിവയ്ക്ക് പുറമെ വരുമാനം കൂടി കണ്ടെത്തേണ്ട ചുമതല സ്ത്രീകള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നു. സ്ത്രീയുടെ പഠിപ്പോ, ജോലിയോ രണ്ടാംകിട പൗരത്വത്തെ മാറ്റിയതുമില്ല. ലൈംഗിക-ഉത്തേജക ഉപയോഗവസ്തുവായി മാത്രമേ സമൂഹവും അതിന്റെ പുരുഷ നോട്ടവും കാണുന്നുള്ളു എന്നതാണ് വാസ്തവം.
മനുഷ്യ കേന്ദ്രീകൃതമായ ദൈവശാസ്ത്രത്തിന്റെ ശക്തിയിലാണ് ഇക്കാലമത്രയും വേദപുസ്തകങ്ങളെ വായിച്ചുകൊണ്ടിരുന്നത്. മനുഷ്യ കേന്ദ്രീകൃതം എന്നു പറയുമ്പോള്‍ അധികാരമുള്ള പുരുഷ കേന്ദ്രീകൃതം എന്നു മാത്രമാണ് അര്‍ഥം. സ്ത്രീകള്‍ക്കോ അധികാരം കുറഞ്ഞ പുരുഷനോ അവിടെ സ്ഥാനമില്ല. ഇതില്‍ നിന്നുമാറി പ്രകൃതി കേന്ദ്രീകൃതമായ പുതിയ ദൈവശാസ്ത്രത്തിന് കടന്നുവരേണ്ടതായുണ്ട്.
പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ബോബി ജോസ് കപ്പുച്ചിന്‍ ആണ്. പ്രകാശന്‍ വാടിക്കല്‍ റോസി തമ്പിയുമായി നടത്തിയ അഭിമുഖവും ഉള്‍പ്പെടുത്തിയിരിക്കുന്നു. മുപ്പതിലധികം അധ്യായങ്ങളാണ് പുസ്തകത്തില്‍. ദാമ്പത്യത്തേയും പ്രണയത്തേയും ലൈംഗികതേയും സര്‍ഗാത്മകതേയും പ്രകൃതിയേയും അടുക്കളയേയുമെല്ലാം സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ വിശദമായി നോക്കിക്കാണുന്നു. ഇതുവരെ പരിചയിച്ച പുരുഷ കാഴ്ചപ്പാടുകളില്‍നിന്നും തികച്ചും വിഭിന്നമാണത്. പ്രകൃതി കേന്ദ്രീകൃത സമത്വചിന്താഗതിയില്‍ ഉരുത്തിരിയേണ്ട നവീന സാമൂഹിക വ്യവസ്ഥിതിയിലേക്കുള്ള ചൂണ്ടുപലകയാണ് ‘സ്‌ത്രൈണ ആത്മീയത.
English Summary: Sthraina Aathmeeyatha book by Rosy Thampi