ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സിവിക് ജോൺ എഴുതിയ സോൾ കിച്ചൻ എന്ന കഥയിലെ ആലൂ ചോക്ക എന്ന രുചിയെക്കുറിച്ച് വായിച്ചപ്പോഴാണ് കൊൽക്കൊത്തയിലെ കുമാർതുളിയിലുള്ള ഒരു ചെറിയ ഹോട്ടലിൽ നിന്ന് കഴിച്ച ആലൂ ചോക്കയെക്കുറിച്ച് ഓർത്തത്. രണ്ടും മൂന്നും കറികൾ കൂട്ടിയില്ലെങ്കിൽ രുചി പോരായെന്നു പറയുന്ന രണ്ട് ഭക്ഷണപ്രേമികൾക്ക് മുന്നിലാണ് വിശപ്പ് കൊണ്ട് പൊരിഞ്ഞപ്പോൾ വെളുത്ത ചോറും തേങ്ങയരച്ചു വച്ച മീൻ കറിയും ഉരുളക്കിഴങ്ങു പുഴുങ്ങിയുടച്ച് രണ്ടു പച്ചമുളകും വച്ച് അലങ്കരിച്ച ഒരു ഉരുളയും കൊണ്ട് വയ്ക്കുന്നത്. സത്യം പറഞ്ഞാൽ അപാര സ്വാദായിരുന്നു. ഭക്ഷണത്തിനല്ല, വിശപ്പിനാണ് സ്വാദ് എന്ന് മനസ്സിലാക്കി തന്ന അപൂർവ്വം ചില നിമിഷങ്ങളായിരുന്നു അത്. ആ രുചി വീണ്ടുമോർമ്മിപ്പിച്ചത് സിവിക് ആണ്. ‘‘സീസൺ ഫിനാലെ’’ എന്ന കഥകളുടെ സമാഹാരത്തിലെ ‘‘സോൾ കിച്ചൻ’’ എന്ന കഥയിൽ. മൂന്നു കഥകളാണ് സീസൺ ഫിനാലെ. ചെറുകഥകളെന്നു പറയാനാകുന്നത് അതിലെ രണ്ടു കഥകൾ മാത്രമാണ് ആദ്യ കഥയായ ‘‘ചില നേരങ്ങളിൽ ചിലർ’’ അല്പം നീണ്ട ഒരു കഥയാണ്. പക്ഷേ ഈ മൂന്ന് കഥകളും സിവിക് ജോൺ എന്ന യുവ എഴുത്തുകാരനെ മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്താൻ തക്ക പ്രാപ്തിയുള്ളതുമാണ്. 

 

ചില നേരങ്ങളിൽ ചിലർ എന്ന കഥ രണ്ടു ജീവിതങ്ങളിലെ നാല് മനുഷ്യരുടെ മാനസിക നിലകളെയും യാത്രകളെയും പറ്റി സംസാരിക്കുന്നുണ്ട്. ഫ്രാൻസിസ് എന്ന ചിത്രകാരൻ അയാളുടെ പ്രണയിനിയായ പെൺകുട്ടിയെ കണ്ടെത്തുന്നത് ഒരു ആശുപത്രിയിൽ വച്ചാണ്, പക്ഷേ അപ്രതീക്ഷിതമായ വിരഹത്തിൽ നിന്നും തീർത്തും അപ്രതീക്ഷിതമായ മറ്റൊരു കൂടി ചേരലിലേയ്ക്ക് എത്തുന്നതോടെ മതവും ബന്ധങ്ങളുമൊക്കെ മാറ്റി വയ്ക്കപ്പെട്ട് അവർ ഒന്നാവുകയാണ്. അതെ സമയം സമാന്തരമായി ജീവിതം ജീവിക്കുന്ന മറ്റു രണ്ടു പേര്, അഴകും രാജശ്രീയും. അവരുടെ ജീവിതത്തിലെ കഥകളെ അവരുടെ ഭാഷയിൽ തന്നെയാണ് സിവിക് പറഞ്ഞു പോകുന്നത്. ഒഴുക്കുള്ള വായനയ്ക്ക് കഥയിലെ തമിഴ് ശീലം ചെറിയൊരു തടസ്സമായി തോന്നുമെങ്കിലും കഥയുടെ സത്യസന്ധതയ്ക്ക് മുന്നിൽ ആ ഭാഷയ്ക്ക് തന്നെയാണ് പ്രസക്തി. സമാന്തരമായി ഒഴുകി പോകുന്ന നദികൾ എവിടെയെങ്കിലും വച്ച് ഒന്നിച്ച് ചേരാറുണ്ടോ? കടലിൽ എന്ന് പറയാറുണ്ട്. എല്ലാ നദികളും ഒടുവിൽ കടലിലെത്തും എന്ന് പറയുന്നത് പോലെ രണ്ടിടങ്ങളിലൂടെ സഞ്ചരിച്ചിരുന്ന ഫ്രാൻസിസിന്റെയും അഴഗിന്റെയും ജീവിതം ഒടുവിൽ ഒരു കടലിൽ എന്ന പോലെ എത്തിച്ചേർന്നിരിക്കുകയാണ്. എത്ര മനോഹരമായ ചില ജീവിതങ്ങൾ.

 

വാർദ്ധക്യത്തിന്റെ ചില വ്യഥകളുണ്ട്. കൂട്ടുകാരൻ അല്ലെങ്കിൽ കൂട്ടുകാരി നഷ്ടപ്പെട്ടു കഴിഞ്ഞാൽ അപാരമായ ഏകാന്തതയിലേക്കാഴ്ന്ന ചില മനുഷ്യർ. മക്കളും കൊച്ചു മക്കളുമൊക്കെയുണ്ടെങ്കിലും അത്രയ്ക്കൊന്നും ആർക്കുമാവില്ല വാർദ്ധക്യത്തിന്റെ ചില ഏകാന്തതകളെ മാറ്റിയെടുക്കാൻ. അതിനെക്കുറിച്ചാണ് യുവത്വത്തിൽ ഇരുന്നു കൊണ്ടും സിവിക് ഫ്രാൻസിസിന്റെ കഥയിലൂടെ പറഞ്ഞു പോകുന്നത്. സ്ത്രീകളിലൂടെയാണ് കൂടുതലും സിവിക് കഥ പറഞ്ഞു പോകുന്നത്. ചില നേരങ്ങളിൽ ചിലർ പറയുന്നതത്രയും സ്ത്രീകളുടെ കണ്ണുകളിൽ നിന്നുള്ള അവരുടെ കഥകളാണ്, ഫ്രാൻസിസിന്റെ അനുഭവം മാത്രമാണ് ഇതിൽ നിന്ന് വേറിട്ട നിൽക്കുന്നത് ഒടുവിൽ അത് പോലും കഥയിലെ മറ്റു രണ്ടു സ്ത്രീകളുടെ കഥകളുമായി ഇടകലരുന്നു.

 

പുസ്തകത്തിലെ രണ്ടാമത്തെ കഥയാണ് സീസൺ ഫിനാലെ. എം പി നാരായണപിള്ളയുടെ ‘പരിണാമം’ ഒരു നായയുടെ നായകസ്ഥാനത്തിന്റെ കഥ പറഞ്ഞ നോവലായിരുന്നു. ചില നേരങ്ങളിൽ മനുഷ്യന്റെ ഏറ്റവും അടുത്ത് നിൽക്കുന്ന ജീവിയെന്ന നിലയിൽ മനുഷ്യന്റെ രഹസ്യങ്ങൾ കൂടി തിരിച്ചറിയാൻ കഴിവുള്ള ജീവികളാണ് നായ്ക്കൾ. ഇവിടെയും റേച്ചലിന്റെ നായയാണ് ആഖ്യാതാവ്. ജീവിതത്തിന്റെ രഹസ്യങ്ങളിലേയ്ക്ക് പ്രവേശനമുള്ള ഒരേയൊരു ജീവിയെന്ന നിലയിൽ റേച്ചലിന്റെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് വ്യക്തമായി അറിവുണ്ടാവുക നായയ്ക്ക് ആയിരിക്കുമല്ലോ. ഹാച്ചിക്കോ എന്ന മനുഷ്യനോടുള്ള ഏറ്റവും സ്നേഹത്തിന്റെ പ്രതീകമായ നായയുടെ അതെ പേരാണ് കഥയിലെ നായകനും. റേച്ചൽ, മാത്യൂസ് , അലക്സ് എന്നിവരുടെ കഥയുമാണിത്. ഒരു മരണവും അതിന്റെ ദുരൂഹതകളിലേക്കുള്ള സഞ്ചാരവും കഥ പറയുന്നു. പക്ഷേ അത് എന്നെങ്കിലും ചുരുളുകൾ നിവരുമോ എന്നുറപ്പില്ലാത്ത വിധത്തിൽ ഹാച്ചിക്കോയുടെ ആഖ്യാനം വരെ ഇല്ലാതായി തീരുന്നു. ഭ്രമാത്മകമായ ഒരു ആഖ്യാനമാണ് സീസൺ ഫിനാലെ എന്ന കഥ.

 

വായനക്കാരി എന്ന നിലയിൽ ഏറ്റവും ഇഷ്ടം തോന്നിയത് സോൾ കിച്ചൻ എന്ന കഥയാണ്. ആരതി എന്ന മാനസിക വിഭ്രാന്തിയുള്ള പെൺകുട്ടിയുടെ കഥ. ഭക്ഷണം കഴിക്കുക, അത് നിർമ്മിക്കുക എന്നിങ്ങനെ പലതരത്തിൽ ഭക്ഷണത്തോട് അടുപ്പമുള്ളവർ ഉണ്ടാവാം, എന്നാൽ അതിനെ രാഷ്ട്രീയമായും മാനസികമായും സാമൂഹികമായും ഒക്കെ സിവിക് ഈ കഥയിലെ ആരതി വഴി ഇടപെടുത്തുന്നുണ്ട്. ആരതിയുടെ മാനസിക നിലയെ തിരിച്ചു പിടിക്കാനായി ഡോക്ടറായ ശൈലജ നടത്തുന്ന ഇടപെടലാണ് -സോൾ കിച്ചൻ- എന്ന ആരതിയുടെ പുസ്തകം. അതിൽ നിറയെ അവളുടെ പാചകക്കുറിപ്പുകളാണ്. പാചകം ചെയ്ത് എങ്ങനെയാണ് അസുഖം മാറ്റുക? രസകരമായ ചോദ്യം! 

 

പാചകത്തിലൂടെ ഓർമ്മകളുടെ വെള്ളില താളുകളിലൂടെ ആരതി സഞ്ചരിക്കുകയാണ്, മറഞ്ഞു പോയ മനുഷ്യരെ അവൾ അവിടെ കണ്ടെത്തുന്നു, അവരെ ഓർമ്മിപ്പിക്കുന്ന രുചി നാവിൻ തുമ്പിലേയ്ക്കും ഹൃദയത്തിലേയ്ക്കുമെത്തുന്നു. അത്തരം ഓർമ്മകളുടെയും രുചികളുടെയും റെസിപ്പിയാണ് ആരതിയുടെ പുസ്തകം. അതിലെ പല ഓർമ്മകളെയും സിവിക് കഥയിൽ ഓർമ്മക്കുറിപ്പുകളെന്ന പോലെ തരാം തിരിച്ച് കോർത്ത് വച്ചിട്ടുണ്ട്. അനിത നായരുടെ ‘‘പ്രണയ പാചകം’’ വായിച്ചതാണ് ഓർമ്മ വന്നത്. ലീമയുടെയും ചക്രപാണിയുടെയും പ്രണയവും ലിമയുടെ ബന്ധുവായ, എന്തോ പേര് ഓർക്കുന്നില്ല, സ്ത്രീയുടെ പാചക റെസിപ്പികളും. ഭക്ഷണം അത്രമേൽ ജീവിതവുമായി ചേർന്ന് കിടക്കുന്നുവെന്നു പ്രണയപാചകം പോലെ ഓർമ്മിപ്പിക്കുന്നുണ്ട് സോൾ കിച്ചൻ. രാജ്യത്തിന്റെ രാഷ്ട്രീയവും മനുഷ്യർ നേരിടുന്ന ക്രൂരമായ സാമൂഹിക അവസ്ഥകളും പട്ടിണിയും എല്ലാം രുചിയുടെ പറയാനെളുപ്പമാണ്. കാരണം ഭക്ഷണം തന്നെ ഏറ്റവും തീക്ഷണമായ ഒരു രാഷ്ട്രീയമാണല്ലോ ഇന്ന് നമുക്ക്. 

 

യുവ എഴുത്തുകാരനാണ്‌ എന്ന ദൗർബല്യം ഏതുമില്ലാതെ അക്ഷരങ്ങളുടെ മേൽ ആർജ്ജവത്തോടെ പെരുമാറുന്ന ഒരു എഴുത്തുകാരനെ സീസൺ ഫിനാലെ എന്ന പുസ്തകം നൽകുന്നുണ്ട്. മാധ്യമങ്ങളിൽ വന്നപ്പോൾ തന്നെ നന്നായി വായിക്കപ്പെട്ട കഥയാണ് ചില നേരങ്ങളിൽ ചിലർ. അതുപോലെ അവസാന കഥയായ സോൾ കിച്ചൻ ഒരു സാഹിത്യ മത്സരത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ചെറുകഥയുമാണ്. മൂന്നു കഥകളിലും മനുഷ്യന്റെ ആഖ്യാനമായാലും ഒരു നായയുടെ വിചാരങ്ങളായാലും അതിലൂടെയൊക്കെ കടന്നു പോകുന്ന ദുർഘടമായ മനസ്സിന്റെയും ജീവിതങ്ങളുടെയും വ്യത്യസ്തമായ ആഖ്യാനങ്ങളും ഏകാന്തതയും അതിൽ നിന്നുള്ള തിരിച്ചു വരവുകളും ഒക്കെ തന്നെയാണ്, വഴികൾ പലതാണ് എന്ന് മാത്രം. 

 

English Summary: Season Finale Book by Civic John

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com