ADVERTISEMENT

‘ഞാന്‍, ഹരിഹരന്‍ ടി.പി., വിക്കനും ദുര്‍ബ്ബലനുമായ ഹരിഹരന്‍ ടി.പി, നിങ്ങളുടെ മാഷ് തടുത്താല്‍ യദുകുലം തകരാതിരിക്കുമോ?’

 

(ശിശു: എന്‍.എസ് മാധവന്‍)

 

നിസ്സഹായരായ മനുഷ്യര്‍ യുദ്ധത്തില്‍ ഏര്‍പ്പെടുകയില്ല. എങ്കിലും സദാ യുദ്ധസന്നദ്ധമായ ഒരു ലോകം ദുര്‍ബ്ബലരുടെയും ഭീരുക്കളുടെയും മേല്‍ ചെലുത്തുന്ന അധിനിവേശങ്ങള്‍ അവരെ കൂടുതല്‍ക്കൂടുതല്‍ ഉള്‍വലിയാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്വയം ചുരുങ്ങി, തെളിച്ചങ്ങളില്‍ നിന്നെല്ലാം ഒളിച്ചുപോയി, ഒടുവില്‍ ഒരു മുന്നറിയിപ്പുപോലുമില്ലാതെ അവര്‍ അപ്രത്യക്ഷരാകുന്നു. അത്തരം ഒരു  തിരോധാനത്തിന്റെ വിശദീകരണങ്ങള്‍ ഈ സമാഹാരത്തിലെ ‘നിസ്സഹായരുടെ യുദ്ധങ്ങള്‍’ എന്ന കഥയില്‍ നാം വായിക്കുന്നു.

 

ഈ സമാഹാരത്തിലെ ആദ്യത്തെ കഥയാണിത്. ഒപ്പം തന്നെ, അതു മറ്റു കഥകളിലേക്കു കൂടിയുള്ള ഒരു വാതിലാണെന്നു പറയണം. തോറ്റുപോകുന്നവരുടേയും സ്വന്തം ജീവിതത്തിനുമേല്‍ കാര്യമായ അധികാരമോ അവകാശമോ നിയന്ത്രണങ്ങളോ ഒന്നുമില്ലാതെ നിസ്സഹായരായി നിലനില്ക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ തന്നെയാണ് മിക്കവാറും മറ്റെല്ലാ കഥകളിലേയും കഥാപാത്രങ്ങള്‍.

 

‘നിസ്സഹായരുടെ യുദ്ധങ്ങളുടെ’ പ്രമേയം അപരവല്ക്കരിക്കപ്പെടുന്ന മുസ്​ലിം സ്വത്വമാണ്. ക്രിക്കറ്റു കളിയാവട്ടെ, സിനിമയോ രാഷ്ട്രീയമോ സംഗീതമോ; ഏതു ജീവിതവ്യവഹാരമായാലും കഥയിലെ അബൂബക്കര്‍ എന്ന ചെറുപ്പക്കാരന്‍ സ്വന്തം സുഹൃദ് വലയത്തില്‍ പോലും സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയനാകുന്നു. 

 

യുദ്ധത്തില്‍ മരിച്ചുപോകുന്ന ജ്യേഷ്ഠനു പകരം പട്ടാളത്തില്‍ രാജ്യസേവനത്തിനു പോകുന്ന അയാളെ പിന്നീടു കാണാതാവുകയാണ്. പുറത്തുള്ളതിനേക്കാള്‍ അനേകം സ്‌ഫോടനങ്ങള്‍ മനസ്സിനുള്ളില്‍ നടക്കുന്ന അബുബക്കറുടെ ജീവിതം അങ്ങനെ നിശ്ശബ്ദമായൊരു യുദ്ധഭൂമിയാണെന്നു പറയാം. അയാള്‍ എവിടേക്കാണ് നിഷ്‌ക്രമിക്കുന്നത്?  കഥയില്‍ അതിനുള്ള സൂചനകളൊന്നുമില്ല.

 

ഒളിഞ്ഞുനോട്ടക്കാരനായ ഷാജു എന്ന യുവാവിന്റെ കഥയാണ് ‘ഷോമാന്‍’. ലൈംഗികമായി വിചിത്രമായൊരു വൈകല്യത്തിന് ഉടമയാണയാള്‍. 

മുംബൈയിലെ ചുവന്ന തെരുവിലൊരിടത്ത് പണം കൊടുത്തു വാങ്ങുന്ന നേര്‍ക്കുനേരെയുള്ള ലൈംഗികത അയാളെ ഉത്തേജിപ്പിക്കുന്നതേയില്ല. ബാല്യകാലം തൊട്ട് ഒരു ഒളിഞ്ഞുനോട്ടക്കാരനായി അയാള്‍ ജീവിക്കുകയായിരുന്നു. കുളക്കടവുകള്‍ക്കടുത്തുള്ള കൈതപ്പൊന്തകളിലൂടെ, കിടപ്പുമുറികളുടെ പഴുതുകളിലൂടെ, മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിന്റെ ജാലകങ്ങളിലൂടെയെല്ലാം രഹസ്യമായി ദര്‍ശിച്ച പെണ്ണുടലുകളായിരുന്നു അയാളുടെ അഭിനിവേശം. ഒരു രക്ഷയുമില്ലെങ്കില്‍ മോര്‍ച്ചറിയിലെ ഒരു ശവമായിക്കിടന്ന് പെണ്‍ഡോക്ടര്‍മാര്‍ക്കുമുമ്പില്‍ സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കത്തക്ക കാമത്തിന്റെ ഉടമയായിരുന്നു അയാള്‍.  ഷോമാന്റെ ജീവിതം അങ്ങനെ രൂപപ്പെട്ടതിനു പിന്നില്‍ അയാളുടെ സങ്കടകരമായ ബാല്യകാലം കാരണമായിരുന്നിരിക്കണം. ‘ഒരു കയറിന്റെ ചെറിയ വൃത്തത്തിനകത്ത് തൂങ്ങിയാടുന്ന വലിയൊരു ചോദ്യചിഹ്നമായി അയാളുടെ അച്ഛന്‍ അവസാനിക്കുകയായിരുന്നു’ എന്ന് നാം ഒരിടത്തു വായിക്കുന്നുണ്ടല്ലോ.  പിന്നീട് പത്രവിതരണക്കാരനായും ആഹാരം വാങ്ങിക്കൊടുക്കുന്നവനുമായുമൊക്കെയുള്ള പല അവതാരങ്ങളില്‍ അയാള്‍ ലേഡീസ് ഹോസ്റ്റലിനെ ചുറ്റിപ്പറ്റി ജീവിക്കുന്നു. മാദകശരീരമുള്ള പെണ്‍കുട്ടികള്‍ക്കു മുന്നില്‍, അവരുടെ ആജ്ഞാനുസരണം, പേശീസൗന്ദര്യമുള്ള തന്റെ ശരീരം സ്വയം പ്രദര്‍ശിപ്പിക്കുന്നു. കൗതുകം അവസാനിച്ചപ്പോള്‍ കഥാകൃത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ‘തലേന്നു സ്വാദറിഞ്ഞു കഴിച്ച ഭക്ഷണം, പ്രഭാതത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന ദഹനവശിഷ്ടമായി കക്കൂസില്‍ ഫ്‌ളഷ് ചെയ്യുന്ന ലാഘവത്തോടെ അറപ്പും വെറുപ്പും തിളച്ചുമറിയുന്ന ഒരു ശബ്ദത്തില്‍ അവര്‍ അവനെ തിരസ്‌ക്കരിച്ചു. മറ്റൊരു വിധത്തില്‍, സ്വന്തം ശരീരത്തോടും കാമനകളോടും നിരന്തരം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന തികച്ചും നിസ്സഹായമായൊരു യുദ്ധമായിരുന്നു ഷോമാനിലെ ഭീരുവും ദുര്‍ബ്ബലനുമായ നായകന്റേത്. ഒളിഞ്ഞുനോട്ടക്കാരന്റെ കണ്ണിലൂടെ വിസ്തൃതവും തുറന്നതുമായ ഒരു ലോകത്തിന്റെ കാപട്യങ്ങളിലേക്കുള്ള അന്വേഷണം ഷോമാനെ ഒരു മികച്ച കഥയാക്കി മാറ്റുന്നു. 

 

ലൈംഗികമായ പോരായ്മകളാണ് ഈ കഥകളില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു പ്രമേയം. അതു പേശീപ്രദര്‍ശനങ്ങളായി മാത്രമല്ല, കൊലപാതകത്തോളം പോന്ന കൊടുംഹിംസകളായും മാറുന്നുണ്ട്. ‘നിരക്ഷരം’ എന്ന കഥയിലെ വേലായുധന്‍ എന്ന രാഷ്ട്രീയനേതാവ് അത്തരമൊരു ദൗര്‍ബ്ബല്യത്തിന്റെ ഇരയാണ്. ഉദ്ധാരണശേഷി നഷ്ടപ്പെട്ടുപോയ ലിംഗത്തിനു പകരം നാവ് ഉപയോഗിക്കാന്‍ അയാളുടെ സുഹൃത്തായ ഡോക്ടര്‍ അയാളെ ഉപദേശിക്കുന്നു. അക്ഷരങ്ങള്‍ എഴുതുന്ന രീതിയില്‍ നാവ് ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. അല്ലെങ്കിലും നാവായിരുന്നു അയാളുടെ ആയുധം, എക്കാലവും. അയാള്‍ ഇടയ്ക്കിടെ നിലപാടുകള്‍ മാറ്റുകയും രാഷ്ട്രീയരംഗത്തും കച്ചവടത്തിലും വലിയ തോതില്‍ കുതിച്ചുമുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്. അയാള്‍ പുലര്‍ത്തുന്ന ഈ നിസ്സംഗത ഒരർഥത്തില്‍ മനുഷ്യരുടെ പ്രശ്‌നങ്ങളിലുള്ള അയാളുടെ നിരക്ഷരത തന്നെയാണെന്നു വരുന്നു. 

 

‘പൈക്ക’ എന്ന കഥയിലെ സന്തോഷ് ചെറിയാന്‍ എന്ന ഡി. വൈ. എസ്. പി തന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ട രണ്ടു ബുള്ളറ്റുകളെ ഓര്‍ത്തു വ്യാകുലപ്പെടുന്ന ഒരു ഉദ്യോഗസ്ഥനാണ്. ജോലിയില്‍ മികവു പ്രദര്‍ശിപ്പിക്കുന്ന അയാള്‍ വൈകാതെത്തന്നെ ഐ.പി.എസ് കണ്‍ഫര്‍ ചെയ്തുകിട്ടും എന്നു പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ പല കാര്യങ്ങളും വിചാരിച്ചതുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ അയാള്‍ക്കു സാധിക്കുന്നില്ല. കുഞ്ഞായിരുന്നപ്പോള്‍ അനാവശ്യവസ്തുക്കള്‍ പെറുക്കിത്തിന്നുന്ന ശീലമുണ്ടായിരുന്ന സ്വന്തം മകനായിരുന്നു തന്റെ വരുതിയില്‍ നില്ക്കാത്ത ഒരാള്‍. ഈ ദുശ്ശീലത്തിന് പൈക്ക എന്നാണ് പേര്. അവന്‍ അച്ഛന്റെ ഇഷ്ടത്തിന് എതിരായി, എഞ്ചിനിയറിംഗ് പഠനത്തിനു പോകാതെ സോഷ്യോളജി പഠിക്കുകയും ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മാവോയിസ്റ്റുകള്‍ക്കെതിരെ ഒരു ഏറ്റുമുട്ടല്‍ കൊലപാതകനാടകത്തിന് നിയോഗിക്കപ്പെടുന്ന സന്തോഷ് ചെറിയാന്‍ അതു തന്റെ ഔദ്യോഗികോന്നതിക്കു വേണ്ടിയുള്ള അവസരമായി എടുക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അനാവശ്യവസ്തുക്കള്‍ ആഹരിക്കുന്ന ആ അസുഖം ആര്‍ക്കാണ് ഉള്ളത് എന്നു കഥയുടെ ഒടുവില്‍ നാം വായിക്കുന്നു. ഏതൊക്കയോ ഇല്ലായ്മകളുടെ വിലാപം ദഹിക്കാതെ കിടക്കുന്ന പദാര്‍ത്ഥങ്ങളുടെ രൂപത്തില്‍ പൈക്കയിലെമ്പാടും കെട്ടിനില്ക്കുന്നത് അനുഭവപ്പെടുന്നുണ്ട്. വളരെ സ്വാഭാവികമായ ചില സംഭവവിവരണങ്ങളിലൂടെ സൂക്ഷ്മരാഷ്ട്രീയത്തെ പിടിച്ചെടുക്കുന്ന ‘പൈക്ക’യില്‍ കഥാകൃത്ത് അസാധാരണമായ കൈയ്യടക്കം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

 

വിചിത്രമായ സ്വഭാവസവിശേഷതകളുള്ള മറ്റനേകം കഥാപാത്രങ്ങളെ ഈ സമാഹാരത്തിലെ കഥകളില്‍ നാം കണ്ടുമുട്ടുന്നു. ‘റെയില്‍’ എന്ന കഥയിലെ റഷീദ് മംഗലാപുരത്തെ ഒരു ഷെട്ടിക്കു വേണ്ടി മയക്കുമരുന്നു കടത്തുന്ന ഒരു കുറിയറാണ്. ‘ചതിക്കുന്നവന്‍ സ്രാവുകളുടെ ഭക്ഷണമാണ്’ എന്നറിഞ്ഞിട്ടും നിസ്സംഗമായി ചതിയിലേര്‍പ്പെടുന്നവനാണ് റഷീദ്. വ്യത്യസ്തമായ ജീവിതവീക്ഷണങ്ങളുള്ള ഡോക്ടര്‍ ദമ്പതിമാരുടെ കഥയാണ് ‘അക്ഷാംശം’. ഭര്‍ത്താവ് തിരക്കിട്ടു മുന്നോട്ടുപോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭാര്യ ജീവിതത്തിന്റെ ശാന്തമായ ഉറവിടങ്ങളിലേക്കു തിരിച്ചെത്താന്‍ നോക്കുന്നു. ‘കൊര’ എന്ന കഥയിലെ വൃദ്ധ അവസാനിക്കാത്ത ചുമയ്ക്കടിപ്പെട്ട ഒരാളാണ്. ആ ഒച്ചകളുടെ പശ്ചാത്തലത്തിലാണ് അവരുടെ ജീവിതകഥ വിടരുന്നത്. 

 

നഗരം എന്ന സങ്കല്പം ഇടയ്ക്കിടെ അലോസരപ്പെടുത്തുന്ന ഒരു ഗ്രാമീണന്റെ മനസ്സ് ഈ കഥകളിലെവിടെയുമുണ്ട്. ‘പതിന്നാലു ലോകങ്ങളിലേക്കും കാന്‍സര്‍ പോലെ പടര്‍ന്നുകയറുന്നത്രയും’ ആക്രമണോത്സുകമാണ് സുനീഷിന് നഗരം. അവിടെ ‘ആകാശഭോഗികളായ കെട്ടിടങ്ങളാണുള്ളതെന്നും’ നഗരത്തിലെ അപാര്‍ട്‌മെന്റില്‍ ‘രക്തചംക്രമണം പോലെ ആവര്‍ത്തിക്കുന്ന ജീവിതമാണുള്ളതെന്നും’ അദ്ദേഹം വിചാരിക്കുന്നു. ‘എന്നെ മുക്കുന്നതിനു മുമ്പ് എനിക്കു മുംബൈയെ മടുത്തു. എല്ലാം തുറന്നുകാണിക്കുന്ന ഒരു ലോകത്തില്‍ ഒരു ഒളിഞ്ഞുനോട്ടക്കാരന് എന്തു കാര്യം?’ എന്ന ഷോമാന്റെ വിചാരം അയാളുടേതു മാത്രമാവണമെന്നില്ല. നഗരം ഒരു ചീനച്ചട്ടിയാണെന്നും മനുഷ്യര്‍ അതില്‍ കടുകുമണികളെപ്പോലെ പൊട്ടിത്തെറിയ്ക്കുകയാണെന്നും ‘കുചേലവൃത്തം’ എന്ന കഥയില്‍ പറയുമ്പോള്‍ ഈ തോന്നലിനു തിടം വയ്ക്കുന്നു. വയ്ക്കുന്ന വീടുകളും വാങ്ങുന്ന വീടുകളും തമ്മില്‍ പ്രേമവിവാഹവും അറേഞ്ച്ഡ് മാരേജും തമ്മിലുള്ള വ്യത്യാസമാണെന്ന് ഈ കഥയുടെ തുടക്കത്തില്‍ കാണുന്നു. തയ്യാറാക്കി നല്കപ്പെടുന്ന വീടുകളുടെയും ഫ്‌ളാറ്റുകളുടെയും കൂടുതല്‍ സാന്നിദ്ധ്യം നഗരത്തിലാണല്ലോ.

 

ഷോമാന്‍ സുനീഷിന്റെ ആദ്യപുസ്തകമാണ്. രണ്ടു ദശകങ്ങളിലേറെയായി അദ്ദേഹം എഴുതിയ പന്ത്രണ്ടു കഥകള്‍. ഇത്രയും ദീര്‍ഘമായ ഇടവേളകളില്‍ എഴുതപ്പെട്ട കഥകളായിരുന്നിട്ടും അതു പുതിയ കാലത്തെ കൃത്യമായും അഭിമുഖീകരിക്കുന്നുണ്ട് എന്നു കാണാം. ഹിംസാത്മകമായ നമ്മുടെ കാലത്തെ ഒത്തുതീര്‍പ്പുകളില്ലാതെ അവ അടയാളപ്പെടുത്തുന്നു. ഏറ്റവും ആദ്യത്തിലും അവസാനത്തിലുമായി വരുന്ന ‘നിസ്സഹായരുടെ യുദ്ധങ്ങള്‍’, ‘പൈക്ക’ എന്നീ രണ്ടു കഥകള്‍  വര്‍ത്തമാനകാലത്തെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണോത്സുകതയെക്കുറിച്ചുള്ള സാക്ഷ്യങ്ങളാണ്. ചോര മണക്കുന്ന ഈ രണ്ടു കഥകളുടെ നടുക്കാണ് ഈ പുസ്തകത്തിലെ മറ്റു കഥകള്‍' അടുക്കിവച്ചിരിക്കുന്നതെന്ന് അവതാരികയില്‍ കെ.സി നാരായണന്‍ പറയുന്നുണ്ട്.

 

തൊഴില്‍ കൊണ്ട് ഒരു മെഡിക്കല്‍ ഡോക്ടറായതുകൊണ്ട് മരുന്നു മണക്കുന്ന ആശുപത്രികളും മരണം മണക്കുന്ന മോര്‍ച്ചറികളുമെല്ലാം സുനീഷിന്റെ കഥകളില്‍ നിറഞ്ഞുനില്ക്കുന്നു. മെഡിക്കല്‍ കോളെജിലെ പഠനമുറികള്‍, നീലച്ചട്ടയിട്ട തടിയന്‍ പുസ്തകങ്ങള്‍, ലാബറട്ടറികളും ഇടനാഴികളും, രോഗികള്‍,  അവസാനിക്കാത്ത ചുമ പോലെ, പൈക്ക പോലെ വിചിത്രമായ രോഗങ്ങള്‍, മുറിച്ചുമാറ്റപ്പെടുന്ന അവയവങ്ങള്‍, വേദനിപ്പിക്കുന്ന സൂചികള്‍, ഇറ്റുവീഴുന്ന രക്തം: ഒട്ടും പ്രസന്നമല്ല, ഈ കഥകളുടെ ഭൂമിക. ഒട്ടൊക്കെ വിഷാദഭരിതവുമാണ് അവയിലെ ഭാഷയും. അതിനിടയിലെവിടെയോ ബാക്കിയുള്ള പ്രാണവായുവിനുവേണ്ടിയുള്ള പിടച്ചിലുകളിലാണ് ഈ കഥകളിലെ മനുഷ്യര്‍. അതുകൊണ്ടുതന്നെ, ഗൗരവമുള്ള വായനക്കാരുടെ സവിശേഷശ്രദ്ധ ഈ കഥകള്‍ ആവശ്യപ്പെടുന്നുണ്ട്.

English Summary : Showman Book Written by Suneesh Krishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com