കേരളത്തെക്കുറിച്ച് എഴുതുമോ ഇതരസംസ്ഥാന തൊഴിലാളികൾ; ഉയിർക്കുമോ പുതിയ ഭൂപടങ്ങൾ...

ഡിസി ബുക്സ്
വില 340
Mail This Article
ചിന്ത ഒരു പാഴ്‌വേലയാണെന്ന് ചൂണ്ടിക്കാണിച്ചത് മലയാളത്തിലെ ചിന്തിക്കുന്ന കവിയാണ് – അയ്യപ്പപ്പണിക്കർ. വൈകാരികതയുടെ ഉദാത്തതയിൽ സുഗതകുമാരിയുടെ ഹൃദയത്തിൽ നിന്നുയിർക്കൊണ്ട കവിതയ്ക്ക് ചിന്തിച്ചും ചിന്തിക്കാതെയും മറുപടി എഴുതിയ കവി. കൃഷ്ണ, നീയറിയുമോ എന്നെ എന്ന വിവശമായ ചോദ്യത്തിന് നീയില്ലയെങ്കിൽ, നിൻ വ്രതഭക്തിയില്ലെങ്കിൽ ഈ ശ്യാമകൃഷ്ണൻ വെറും കരിക്കട്ടയെന്നാണ് കവി എഴുതിയത്.
ചിരിയ്ക്കൂ, ചിരിയ്ക്കൂ, മൃദുവായി മിഴിനീരിലുലയുന്ന മഴവില്ലു പോൽ പുഞ്ചിരിക്കൂ എന്നാണ് കണ്ണീർ കലങ്ങിയ മുഖവുമായി കണ്ണനെത്തേടിയലഞ്ഞ രാധയോട് ചിരകാല വിരഹം വിധിക്കപ്പെട്ട കവി പറഞ്ഞത്. വരളുന്ന ചുണ്ടിലെ നനവാർന്നൊരോർമ... അതിൽക്കൂടുതൽ എന്തു ലക്ഷ്യമാണ് ഒരു കാമുകിക്കുള്ളത്. അതിലും വലിയ സാക്ഷാത്കാരമുണ്ടോ പ്രണയത്തിന്. ഗോപികാദണ്ഡകം വായിച്ചവർക്കെങ്കിലും അറിയാം ചിന്ത പാഴ്‌വേലയല്ലെന്ന്. കവിയുടെ കുസൃതി മാത്രമെന്ന്. വികാരവും വിചാരവും സമഞ്ജസമായി സമ്മേളിക്കുമ്പോഴാണ് മികച്ച കൃതി പിറവിയെടുക്കുന്നത്. ഒന്നിൽ നിന്ന് മറ്റൊന്നിനെ വേർതിരിക്കാനാവാത്തപ്പോൾ. ഏതെങ്കിലും ഒരു ഭാവം മുന്നിട്ടുനിന്നാൽ പരാജയത്തിലേക്കാണ് കൃതിയുടെ കൂപ്പുകുത്തൽ. എന്നാൽ മികച്ച കൃതികൾ പൂർണമായി ഉൾക്കൊള്ളാൻ ആവർത്തിച്ചുള്ള വായന മാത്രം പോരാ. മികച്ച പഠനങ്ങളും വേണം. എ.സി. ബ്രാഡ്‌ലിയുടെ പഠനങ്ങൾ ഇല്ലാതെ ഷേക്സ്പിയർ മഹാകവിയുടെ അക്ഷരപ്രപഞ്ചം പൂർത്തിയാകില്ലെന്നത് തലമുറകൾ അംഗീകരിച്ച സത്യമാണ്. വിശ്വമഹാകവിയുടെ കവനങ്ങൾ പോലെ പ്രശസ്തമാണ് ബ്രാഡ്‌ലിയുടെ എത്രയോ പദ, വാക്യ സമുച്ചയങ്ങൾ. കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ചിന്തയുടെ ടോർച്ചടിച്ചും നിഴലിടങ്ങളിലേക്ക് മൗലിക നിരീക്ഷണങ്ങളുടെ വജ്രസൂചി ചൂണ്ടിയും ഷേക്സ്പിയറിനെ ലോകത്തിന്റെ പ്രിയ കവിയാക്കിയതിൽ ബ്രാഡ്‌ലിക്ക് ചെറുതല്ലാത്ത പങ്കുണ്ട്. നിരൂപകൻ എന്നതിനേക്കാൾ സർഗാത്മക എഴുത്തുകാരൻ എന്ന വിശേഷണമായിരിക്കും അദ്ദേഹത്തിന് ചേരുക. മലയാളത്തിൽ കെ.പി. അപ്പന്റെ ലേഖനങ്ങൾ അദ്ദേഹം പരാമർശിക്കുന്ന കൃതി വായിക്കാതെപോലും ആസ്വദിക്കാം. പാഠവും പഠനവും വേറിടാതെയും എന്നാൽ പരസ്പര പൂരകമായും വർത്തിച്ചതിന്റെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട് സാഹിത്യ ചരിത്രത്തിൽ. ഈ പശ്ചാത്തലത്തിലാണ് രാഹുൽ രാധാകൃഷ്ണന്റെ ഉയിർഭൂപടങ്ങൾ എന്ന കൃതി കുറഞ്ഞ കാലത്തിൽ രണ്ടാം പതിപ്പിലെത്തിയത് അദ്ഭുതമില്ലാതെ കാണേണ്ടത്.
എഴുത്തുകാരുടെ സൃഷ്ടിയെ വായനക്കാർ തന്നിഷ്ടപ്രകാരം തീർത്തും വ്യത്യസ്തമായ രീതിയിൽ വായിക്കുന്നത് സാധാരണമാണ്. കൃതി പ്രകാശിതമാവുന്നതോടെ എഴുത്തുകാരുടെ പ്രാമാണിത്തം ഇല്ലാതാവുകയും വായനക്കാർ പുതിയ വ്യാഖ്യാനമേഖല തുറക്കുകയും ചെയ്യുന്നു. കഥാപാത്രങ്ങളും വായനക്കാരും എഴുത്തുകാരും പരസ്പരം തങ്ങളുടെ കർത്തൃത്വങ്ങളെ മാറ്റിവയ്ക്കുമ്പോൾ ഉത്കൃഷ്ടരചനയുടെ മഹത്വം വെളിപ്പെടുന്നു. രാഹുൽ എന്ന എഴുത്തുകാരനെ അക്ഷരലോകത്ത് നയിക്കുന്നത് ഈ വെളിപാടാണ്. നോവൽ, കഥ, കവിത...വിവിധ രൂപങ്ങളിലുള്ള സൃഷ്ടികളെ അദ്ദേഹം വിലയിരുത്തുമ്പോൾ തെളിയുന്നത് മൗലികചിന്തയുടെ സദ്ഫലങ്ങളാണ്.
മാറുന്ന, മാറിയ ലോകത്ത് സംഹാരവും മറ്റേതൊരു വിനിമയം പോലെയും വ്യവസ്ഥാപിതമാവുകയാണെന്ന തിരിച്ചറിവിലേക്കാണ് ആനന്ദിന്റെ സംഹാരത്തിന്റെ പുസ്തകം നയിക്കുന്നതെന്ന് അദ്ദേഹം എഴുതുന്നു.
മധ്യവർഗ്ഗ ഉപരിവർഗ്ഗ ബോധങ്ങളും പള്ളി, സഭ തുടങ്ങിയ അതിരുകൾ നിർമിക്കുന്ന ചട്ടക്കൂടുകളും സ്ത്രീപുരുഷ വ്യവഹാരങ്ങളെ എത്രകണ്ട് സങ്കീർണമാക്കുന്നുവെന്ന് സാറ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവൽ ചിത്രീകരിക്കുന്നു. അയുക്തിപരമായ മൂല്യങ്ങൾ നെഞ്ചോടു ചേർത്തുപിടിക്കുന്ന സമൂഹത്തിന്റെ കാപട്യത്തെ തുറന്നുകാണിക്കുകയെന്നതും ആളോഹരി ആനന്ദത്തിന്റെ അപ്രഖ്യാപിത ലക്ഷ്യമാണ്. വേറൊരു തരത്തിൽ പറഞ്ഞാൽ, കേരളമെന്ന മാറുന്ന സമൂഹത്തിലെ പുതിയ സമവാക്യങ്ങളും അധികാര ചിഹ്നങ്ങളും പരാമർശിച്ചുകൊണ്ട് കോസ്മോപോളിറ്റൻ രീതികളിലേക്ക് നീങ്ങുന്ന മലയാളി മധ്യവർഗ്ഗത്തെയാണ് സാറാ ജോസഫ് പരിചയപ്പെടുത്തുന്നത് എന്നെഴുതുമ്പോൾ ആ വാക്കുകളിലെ സത്യം കൃതിയെ കടന്നുനിൽക്കുന്നു. പഠനാനന്തര വായനയല്ല രാഹുൽ നടത്തുന്നത് പാഠാന്തര വായനയും പാഠത്തെ അപനിർമിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്ന വിമർശനാത്മകമായ വായനയുമാണ്.
ഒരു കൃതിയെയും ഒറ്റപ്പെടുത്തിയല്ല പഠനത്തിന് വിധേയമാക്കുന്നത്. സാഹിത്യ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ, ലോക സാഹിത്യ കൃതികളുമായുള്ള നിരന്തര പരിചയത്തിൽ നിന്ന് ഊറിക്കൂടിയ ബോധത്തിന്റെ വെളിച്ചത്തിലാണ് പരിശോധിക്കുന്നതും നിർവചിക്കുന്നതും പുതിയ പാഠം ചമയ്ക്കുന്നതും.
ആഗോളീകരണത്തിന്റെ അനക്കങ്ങൾ പ്രത്യക്ഷത്തിൽ സജീവമായിത്തുടങ്ങിയ കാലത്ത് വിപണിയുടെയും നവസാങ്കേതികതയുടെയും സ്വാധീനം പൊതുജീവിതത്തിൽ കൂടുതൽ വ്യാപകമായ കാലമാണ് വിചാരണ ചെയ്യപ്പെടുന്നത്. വായിച്ച പുസ്തകങ്ങളെ തീർത്തും വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടിൽ വായിക്കാൻ, ഇനിയും വായിക്കാത്ത മികച്ച കൃതികളിലേക്കു നയിക്കാൻ, പാഴ്‌വേലയല്ലാത്ത ചിന്തകളുടെ ഭൂപടങ്ങളില്ലാത്ത രാജ്യങ്ങളിലേക്ക് ഉയിർക്കൊള്ളുന്ന വാക്കുകളാണ് ഈ കൃതിയുടെ സവിശേഷത.
വായന ഹോബിയല്ല. സർഗാത്മകമായ പ്രവർത്തനം തന്നെയാണ്. എഴുത്ത് വായനയുടെ പരിണത ഫലമല്ല. മറ്റൊരു സൃഷ്ടി തന്നെയാണ്.
സത്വബോധത്തിന്റെ തനതായ ആവിഷ്കാരത്തിനുവേണ്ടി അന്യദേശത്തെ തൊഴിലനുഭവങ്ങൾ പ്രവാസികൾ എഴുതുന്നതുപോലെ കേരളത്തെപ്പറ്റി എഴുതാൻ ഇതര സംസ്ഥാന തൊഴിലാളികൾ പേനയെടുക്കുന്ന കാലം വിദൂരമല്ലെന്ന രാഹുലിന്റെ മുന്നറിയിപ്പ് മലയാള സാഹിത്യത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. 2010 മുതൽ എഴുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലോകക്രമത്തിന്റെ സങ്കീർണതകളെ കേന്ദ്രീകരിച്ച് എഴുതിയവ തിരഞ്ഞെടുത്തു തയാറാക്കിയതാണ് ഉയിർഭൂപടങ്ങൾ.
ഏതെങ്കിലുമൊരു കൃതിയെക്കുറിച്ച് എഴുതുന്നു എന്നത് നിരൂപണ–വിമർശന ലേഖനങ്ങളുടെ പരിമിതിയോ കുറവോ അല്ല. എല്ലാ നിരൂപണ കൃതികളും വിരസമാണെന്ന ധാരണയും തെറ്റാണ്. ചിന്ത മൗലികമാണെങ്കിൽ എഴുത്ത് സജീവമാവും. ആവർത്തിച്ചുപയോഗിച്ച് അർഥം നഷ്ടപ്പെട്ട പദങ്ങൾക്കും വാക്യങ്ങൾക്കും പകരം പുതിയ കണ്ടെത്തേണ്ടത് എഴുത്തുകാരന്റെ നിയോഗമാണ്. പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ എന്ന് ടി.പത്മനാഭന്റെ ഗൗരിയെ കെ.പി.അപ്പൻ വിശേഷിച്ചപ്പോൾ എഴുത്തുകാരനൊപ്പം വിമർശകനും പ്രതിഭയുടെ പുതിയ പ്രകാശ തീരം കണ്ടെത്തുകയാണ്. ബഷീറിന്റെ ബാല്യകാല സഖിയെക്കുറിച്ച് എം.പി.പോൾ എഴുതിയ ആദ്യ വാക്യങ്ങൾ വായിക്കുന്ന ഏതൊരാളും ആ ലേഖനം ആവേശത്തോടെ പൂർത്തിയാക്കും. കടമ്മനിട്ട കുറത്തി ആദ്യം ചൊല്ലിക്കേൾപ്പിച്ചവരിൽ നരേന്ദ്രപ്രസാദുമുണ്ട്. കുറത്തിക്ക് എഴുതിയ ദീർഘമായ അവതാരികയിൽ കാവ്യാസ്വാദകന്റെ അനുഭൂതിക്കൊപ്പം കവിതയുടെ ചരിത്രത്തെയും ഭാവിയെയും കുറിച്ചുള്ള നിശിതവും വ്യക്തവുമായ നിരീക്ഷണങ്ങളുമുണ്ട്.
പുതിയ ഭൂപടങ്ങളാണ് ഏതൊരു എഴുത്തുകാരന്റെയും ലക്ഷ്യം. പുതിയ ഭാഷയും ഭാവുകത്വവുമാണ്. എഴുതിയതിനപ്പുറം, എഴുതാവുന്നതിനപ്പുറം, എഴുത്തിന്റെ പുതിയ ഭൂപടങ്ങൾ ലക്ഷ്യം വയ്ക്കുന്ന രാഹുലിന്റെ ആദ്യകൃതിയിൽ ധൈര്യമായി പ്രതീക്ഷയർപ്പിക്കാം.
Content Summary: Malayalam Book ' Uyir Bhoopadangal ' written by Rahul Radhakrishnan