പുതുചിന്ത വിരിയും കവിതയുടെ സിംഫണി; കേൾക്കണേ കേൾക്കണേ ഞങ്ങൾക്ക്

Mail This Article
പുസ്തകങ്ങൾക്കുള്ളതുപോലെ കവിതകൾക്കുമുണ്ട് മണം. തനതായ മണം. മറ്റെങ്ങു നിന്നും കിട്ടാത്തത്. കവിതയുടെ സാംസ്കാരിക പ്രഭാവത്തിന്റെ ആകെത്തുകയാണ് ആ മണം. പശ്ചിമഘട്ടത്തിലെ കാടുകളിൽ അൽപനേരം നിന്നാൽ കിട്ടുന്ന മണം പോലൊന്ന് എന്ന് ഉദാഹരിക്കാം. എന്നാൽ, ആ മണം കിട്ടാൻ കവികളെ അടുത്തുപോയി മനസ്സിലാക്കണം. കവി ഗോപീകൃഷ്ണൻ കവികളുടെ അടുത്തുനിന്ന് ആസ്വദിച്ച സുഗന്ധം വായനക്കാർക്കു കൂടി പകരുന്ന കൃതിയാണ് ഗുരുവും ആശാനും പിൻഗാമികളും. നിരൂപണ, വിമർശന, ആസ്വാദന, പഠന കൃതികളുടെ കള്ളികളിൽ ഈ പുസ്തകം ഒതുങ്ങുന്നില്ല എന്നതാണ് ഇതിനെ സവിശേഷമാക്കുന്നത്. കവിയാണ് എഴുതുന്നത്. കവികളെക്കുറിച്ച്.
സാമൂഹിക, ചരിത്ര, സാംസ്കാരിക, കവിതാ പശ്ചാത്തലം വ്യക്തമായും ആഴത്തിലും അറിഞ്ഞ കവി. പണ്ഡിതന്റെ സൂക്ഷ്മദൃഷ്ടി അല്ല. നിരൂപകന്റെ പതിവു പുച്ഛരസമോ വിമർശകന്റെ ഊരിപ്പിടിച്ച വാളോ കാണാനില്ല. കവിതയുടെ ആഴം അറിഞ്ഞ് മികച്ച കൃതികളെ അടുത്തറിയുകയാണ്. അലോസരപ്പെടുത്താതെ പുഴയിൽ ഇറങ്ങുന്നതുപോലെ, തടസ്സപ്പെടുത്താതെ കാറ്റ് കൊള്ളുന്നതുപോലെ, പുൽക്കൊടിയെപ്പോലും നോവിക്കാതെ മണ്ണിൽ നടക്കുന്നതുപോലെ കവിതയുടെ കാമ്പ് കണ്ടെത്തുക. അലോസരപ്പെടുത്താതിരിക്കുന്നത്, അസ്വസ്ഥമാക്കാത്തത് കവിതകളുടെ രസാനുഭൂതിയെയാണ്. രാഷ്ട്രീയത്തെയല്ല. രാഷ്ട്രീയത്തിൽ നിന്നു മാറി ഗോപീകൃഷ്ണന്റെ കവിത ഇല്ലാത്തതുപോലെ ഈ ഗദ്യമെഴുത്തിലും രാഷ്ട്രീയ വിമർശനവും പാഠവും ഉണ്ട്. ചരിത്രവും ചരിത്രത്തിന്റെ അപനിർമാണവും ഉണ്ട്. ഇന്നലെയെ മനസ്സിലാക്കി, ഇന്നിൽ ഇന്ന് നാളെയെ കാണാനുള്ള ശ്രമവുമുണ്ട്. സവിശേഷമായത് കവിയുടെ ക്രാന്തദൃഷ്ടി തന്നെ. കവിക്കു മാതം കഴിയുന്ന കവിതാ വായന.
കവിതകളെ മുൻനിർത്തി ശ്രീനാരായണ ഗുരുവിനെ വീണ്ടെടുക്കുന്നതിനൊപ്പം ആശാന്റെ കൃതികളെ വിലയിരുത്തി അദ്ദേഹം നമ്മുടെ കവിതയുടെ പിതാവായതെങ്ങനെയെന്ന് സമർഥിക്കുന്നു. പി. കുഞ്ഞിരാമൻ നായർ, സുഗതകുമാരി, കെ.ജി. ശങ്കരപ്പിള്ള, കെ.എ.ജയശീലൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരുടെ കവിതകളെയും ആഴത്തിൽ, ആത്മാർഥമായി, ഗാഢമായി വായിക്കുന്നു.
ചെറുപ്പത്തിൽ ഞാൻ ആദ്യമായി കുടിച്ച കള്ളിന്റെ പേര് ബാലചന്ദ്രൻ ചുള്ളിക്കാട് എന്നായിരുന്നു: സൗന്ദര്യത്തിന്റെ ലഹരിയും ചരിത്രത്തിന്റെ ദുരന്തവും എന്ന ലേഖനം തുടങ്ങുന്നു. പാരമ്പര്യ, യാഥാസ്ഥിതിക, കാൽപനിക കവികളിൽ നിന്ന് കാഴ്ചപ്പാടിൽ ചുള്ളിക്കാട് എങ്ങനെ മാറിനിന്നു എന്നു വിശദമാക്കുമ്പോൾ തന്നെ, കവിതയുടെ രൂപത്തിൽ അദ്ദേഹം പുലർത്തിയ അച്ചടക്കത്തെ കാണാതെ പോകുന്നില്ല. ആധുനികനായി തുടങ്ങി, ആധുനികതയുടെ രൂപപരമായ യാനങ്ങളിൽ താൽപര്യമില്ലാതെ, ക്ലാസിസിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും രൂപങ്ങൾക്ക് പുതിയ ജൻമം കൊടുത്തയാൾ എന്ന് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുമോ. പഴയ രൂപങ്ങളെ തള്ളിപ്പറയാതിരിക്കുമ്പോഴും പ്രമേയത്തിനു മേൽ ആധുനിക നിഷ്ഠ പുലർത്തിയ ആൾ. തന്റെ വിപുലമായ സാഹിത്യ പരിചയത്തെ സവിഷേഷമായ രീതിയിൽ സമകാലികതയിൽ വിന്യസിച്ച കവിയാണോ. അന്യമായ കാവ്യസന്ദർഭങ്ങൾ സൃഷ്ടിക്കുന്നതിനു പകരം പല തരത്തിൽ പരാമർശിക്കപ്പെട്ട കാവ്യപ്രമേയങ്ങൾക്ക് തന്റേതായ ആഴം കണ്ടെത്തിയ കവി എന്ന നിലയിലാണോ. ഓരോ ചോദ്യവും സ്വയം ചോദിക്കുമ്പോൾ തന്നെ ഉത്തരവുമാകുന്നുണ്ട്.
അനുരാഗവും ആശുപത്രിയും എന്ന രണ്ടു വാക്കുകളിൽ സുഗതകുമാരിക്കവിതയുടെ ലാവണ്യം മാത്രമല്ല, പലരും കാണാത്ത, കാണേണ്ട അർഥവും പ്രസക്തിയും കണ്ടെത്തുന്നു.ഇനിയീ മനസ്സിൽ കവിതയില്ല എന്ന കവിതയ്ക്ക് സച്ചിദാനന്ദനും ഗോപികാദണ്ഡകത്തിന് അയ്യപ്പപ്പണിക്കരും എഴുതിയ മറുപടി കവിതകളിലൂടെ മലയാള കവിതയുടെ സുവർണകാലത്തെയാണ് ആനയിക്കുന്നത്. ഇന്നും ആ കവിതകൾ ഹൃദയത്തോടു ചേർന്നുനിന്നു മന്ത്രിക്കുന്ന അനുഭൂതി. കവികളും നല്ല വായനക്കാരായിരുന്ന കാലം. പരസ്പരം മനസ്സിലാക്കിയിരുന്ന കാലം. എന്നിട്ടും ജനാലയ്ക്ക് പുറത്തല്ല, ജൻമങ്ങൾക്കു പുറത്ത് കാത്തുനിന്ന വ്യഥയുടെ രാത്രിമഴ.
കവിയെന്ന നിലയിൽ മാത്രമല്ല, സമൂഹത്തിൽ സാക്ഷാത്കരിച്ച അപൂർവ വിപ്ലവത്തിന്റെ പേരിലും ഗുരുവിനെ വീണ്ടെടുക്കുന്നുണ്ട് ഗോപീകൃഷ്ണൻ.
ഒരു കവിയിൽ അനേകം കവികൾക്ക് ഇരിപ്പിടമുണ്ട് എന്നത് കവിസത്വത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്; ഒരു കവിതയിൽ അനേകം കവിതകൾ സഹവസിക്കുന്നുണ്ട് എന്നതുപോലെതന്നെ. ബഹുനാമികളുടെ ബഹുക്രിയയാക്കി കവിതയെ നിർവചിച്ചു എന്നതാണ് ശ്രീനാരായണ ഗുരു ചെയ്ത പ്രധാനപ്പെട്ട കവിദൗത്യങ്ങളിൽ ഒന്ന് – ഗോപീകൃഷ്ണൻ വിലയിരുത്തുന്നു.
ഗുരുവും ആശാനും പിൻഗാമികളും
പി.എൻ. ഗോപീകൃഷ്ണൻ
മാതൃഭൂമി ബുക്സ്
വില 220 രൂപ