ആ വിഡിയോയിലെ വില്ലത്തിയാണ് എന്റെ കവിതയിലെ നായിക: സാറ ജെസിൻ വർഗീസ്
Mail This Article
ഭർത്താവ് മരിച്ചതിനു പിറ്റേന്ന് ഫോയിൽ സാരിയും എടുത്തുടുത്തു ജോലിക്കു പോയവളെക്കുറിച്ച്, അവൾ ഇനിയുള്ള തന്റെ ജീവിതം ജീവിക്കാൻ തിരഞ്ഞെടുത്ത വഴിയെക്കുറിച്ച്, അവൾ ഇതുവരെ കടന്നുവന്ന ജീവിതത്തെക്കുറിച്ച് ഒക്കെ പറഞ്ഞുവച്ച ആ കവിത നമ്മുടെ മനസ്സിൽ ഇങ്ങനെ വന്നു തട്ടി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ഉള്ളുപൊള്ളിക്കുന്നതാണ് അതിലെ ഓരോ വരിയും. സാറ ജെസിൻ വർഗീസ് ആണ് അസാധാരണമായി പെരുമാറുന്ന സാധാരണക്കാരെക്കുറിച്ചുള്ള ആ കവിത കുറിച്ചത്. സാറ സംസാരിക്കുന്നു, പാറമടയിൽ പണിയെടുത്തു പഴകിയവളുടെ മനസ്സിനെയും ശരീരത്തെയും കുറിച്ച്, അതിനെപ്പറ്റിയുള്ള കവിതയെക്കുറിച്ച്, വായിക്കുന്നവരുടെ മനസ്സിനെ കുറച്ചു നേരത്തേക്കെങ്കിലും നിശബ്ദമാക്കാൻ പാകത്തിൽ അതെഴുതാൻ ഇടയായ സാഹചര്യത്തെക്കുറിച്ച്.
തുടക്കം ആ വിചാരണയിൽ നിന്ന്
എല്ലാ കവിതകളും പോലെ ഇതും വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. സോഷ്യൽ മീഡിയയിൽ കണ്ട ഒരു വിഡിയോ മനസ്സിൽ തട്ടി നിന്ന് കുറേ അസ്വസ്ഥയാക്കി. അത് വരികളായി വന്നു എന്നേയുള്ളൂ. അതല്ലാതെ ഒരു കവിത എഴുതണമെന്ന് മുൻകൂട്ടി ചിന്തിച്ച്, കഴിഞ്ഞ കാലത്തെപ്പോഴെങ്കിലും കണ്ട ഒരു കാഴ്ച, കേട്ട ഒരു കഥ മനസ്സിൽ കൂട്ടിവെച്ച് പെട്ടെന്നൊരു ദിവസം എഴുതിയതൊന്നുമല്ല. ആ വിഡിയോയിൽ വില്ലത്തി സ്ഥാനം ചാർത്തപ്പെട്ട വ്യക്തി ആണ് ഈ കവിതയിലെ സ്ത്രീ. കവിതയിൽ വന്നപ്പോൾ അവർ വാഴ്ത്തപ്പെട്ടവളായി എന്നുമാത്രം.
ആ വിഡിയോയിലെ സ്ത്രീ വർഷങ്ങളായി കൂലിവേല ചെയ്തു ജീവിക്കുന്ന ആളാണ്. അവൾ ഭർത്താവിന്റെ മരണശേഷം മറ്റൊരാളോടൊപ്പം പോയി. അതിനെപ്പറ്റി അവരുടെ ചില ബന്ധുക്കളടക്കം കടുത്ത വിമർശങ്ങളാണ് നടത്തിയത്. അതിനേക്കാൾ വലിയ വിചാരണയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റ് ബോക്സിൽ നിറയുന്നത്. എനിക്ക് ആ സ്ത്രീയോട് സ്നേഹവും സഹതാപവും സങ്കടവുമാണ് അന്നേരം തോന്നിയത്.
ഒന്നാലോചിച്ചുനോക്കൂ, തന്റെ നല്ലകാലം മുഴുവൻ കഠിനമായി അദ്ധ്വാനിച്ച്, അന്തസ്സായി ജീവിച്ച് എല്ലാ കയ്പുനീരും കുടിച്ച ഒരു സ്ത്രീ അവരുടെ ജീവിതകാലത്ത് ഒരിക്കലും അവർക്ക് ഇഷ്ടമുള്ള, അവരാഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ പാടില്ലെന്ന് അവർക്കു ചുറ്റുമുള്ളവർ വിധിക്കുന്നതിന്റെ യുക്തി. അതെനിക്കു മനസ്സിലായില്ല. ആ സ്ത്രീ അതല്ല അർഹിക്കുന്നതെന്ന് എനിക്കു തോന്നി. അങ്ങനെയാണ് അത് കവിതയായി വന്നത്. കവിതയിൽ ആയതുകൊണ്ടു മാത്രമാണ് ആ സ്ത്രീയെ നമ്മൾ അംഗീകരിക്കുന്നത്. യഥാർഥ ജീവിതത്തിൽ നമ്മൾ അവർക്കു നൽകുക കുറ്റപ്പെടുത്തൽ മാത്രമായിരിക്കും.
മനുഷ്യൻ, പ്രത്യേകിച്ച് സ്ത്രീകൾ, എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് അവരെ ഒരു തരത്തിലും സഹായിക്കുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ലാത്ത, അവർക്കു ചുറ്റുമുള്ള സമൂഹം കുറേ മാനദണ്ഡങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. അതെല്ലാം അനുസരിച്ച്, സഹിച്ച് മുന്നോട്ടുപോകുന്നവർ മാത്രമാണ് അവരുടെ കണ്ണിൽ നല്ലവർ. അങ്ങനെയല്ലാതെ സ്വന്തംനീതി ബോധത്തിന് അനുസരിച്ച് വിപ്ലവകരമായി പ്രതികരിക്കുന്ന സ്ത്രീകൾക്കു നേരിടേണ്ടി വരുന്നത് ആ വിഡിയോയിലെ കമന്റുകളിൽ കണ്ടതു പോലുള്ള ക്രൂരമായ വിചാരണയാണ്. ഞാൻ ഈ കവിതയിൽ പറഞ്ഞതും ആ സത്യമാണ്
എഴുത്തിനൊപ്പം
പഠിക്കാൻ വേണ്ടിയും പിന്നെ ജോലി കിട്ടിയപ്പോഴും ഹോസ്റ്റലിൽ തന്നെയാണ് ജീവിതം. ഹോസ്റ്റലിൽ നമുക്ക് ആകെ ചെയ്യാനുള്ള കാര്യം വായനയാണല്ലോ. അതുകൊണ്ട് ചെറുപ്പം മുതൽ ഒത്തിരി വായിക്കുമായിരുന്നു. വായിച്ചു വായിച്ചു എഴുത്തിലേക്ക് വന്നു. ഒരു സ്വാഭാവികമായ പരിണാമം. വായിക്കുന്നവർ അവസാനം എത്തിച്ചേരാറുള്ള സ്ഥലം അതാണല്ലോ. അങ്ങനെ ഞാനും എഴുതിത്തുടങ്ങി.
ഞാൻ
വീട് കൊട്ടാരക്കരയിലാണ്. ചാറ്റേർഡ് അക്കൗണ്ടിങ്ങാണ് പഠിച്ചത്. പക്ഷേ കോഴ്സ് കംപ്ലീറ്റ് ചെയ്തിട്ടില്ല. ഇൻഫോപാർക്കിൽ ഒരു മൾട്ടിനാഷനൽ കമ്പനിയിലാണ് ജോലി. അമേരിക്കൻ കമ്പനി ആയതുകൊണ്ട് രാത്രിയാണ് ജോലി. രാത്രികൾ നമുക്ക് ഒരുപാട് പ്രിയപ്പെട്ടതാണല്ലോ. പ്രിയപ്പെട്ട ഒരു ജോലി പ്രിയപ്പെട്ട രാത്രികളിൽ ചെയ്യുന്നു എന്നതുകൊണ്ടു തന്നെ ജോലി ഒരിക്കലും വിരസമായിട്ടില്ല. മാത്രമല്ല ഞാൻ ഏറെ ആഗ്രഹിച്ചു പഠിച്ച കോഴ്സുമാണിത്.
അക്കൗണ്ടൻസിയും കവിതയും തമ്മിൽ ഒരു ബന്ധവുമില്ല. പക്ഷേ രണ്ടും എനിക്ക് ഏറെ പ്രിയപ്പെട്ടത് എന്നുള്ളതുകൊണ്ടുതന്നെ രണ്ടും ഒരുപോലെ നന്നായി കൊണ്ടുപോകാൻ കഴിയുന്നു. കുറഞ്ഞപക്ഷം ഈ നേരം വരെയെങ്കിലും ഈ രണ്ടു കാര്യങ്ങളിലും ഞാൻ വളരെ സന്തുഷ്ടയാണ്. ജോലിയുടെ തിരക്കുകൾ കൊണ്ട്, സാഹിത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പലപ്പോഴും കാര്യമായി പങ്കെടുക്കാനോ നിരന്തരം അതൊന്നും പിന്തുടരാനോ കഴിയാറില്ലെന്നു മാത്രം. പക്ഷേ കുറേ പുതിയ എഴുത്തുകാരുമായി സൗഹൃദമുണ്ട്. അവരുമായുള്ള സംഭാഷണങ്ങൾ ഒരുപാട് ആസ്വദിക്കുന്നുമുണ്ട്. ഇതുവരെയും സാഹിത്യ ഫെസ്റ്റിവലുകളിലോ മേളകളിലോ ഒന്നും പോയിട്ടില്ല. പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ജോലിത്തിരക്ക് കാരണം സാധിക്കാറില്ല. കവിതയും ജോലിയും ഒരുപോലെ കൊണ്ടുപോകണം എന്നാണ് ആഗ്രഹം.
സ്ത്രീപക്ഷ രചന
തീർച്ചയായും സ്ത്രീകളെക്കുറിച്ച്, അവരെ സംബന്ധിക്കുന്ന വിഷയങ്ങളെക്കുറിച്ച് എഴുതാൻ തന്നെയാണ് ഏറ്റവും ആഗ്രഹം. സ്ത്രീപക്ഷ രചന എന്ന് പറയുന്നതിനെ എന്തെങ്കിലും തരം വേർതിരിവിന്റെ പ്രശ്നമായി കാണുന്നില്ല. നമ്മൾ സ്ത്രീകൾ നമ്മളെക്കുറിച്ച് എഴുതിയില്ലെങ്കിൽ പിന്നെ മറ്റാരാണ് അതെഴുതുന്നത്. നിരവധി വിഷയങ്ങൾ മനസ്സിലേക്ക് കടന്നു വരാറുണ്ട്. ഒരുപക്ഷേ സ്ത്രീയെന്ന നിലയിലുള്ള എല്ലാ വികാരങ്ങളെയും കൂടുതൽ ഗൗരവത്തോടെ സമീപിക്കുന്നതു കൊണ്ടാകണം എന്റെ മനസ്സിലേക്ക് ഏറ്റവുമധികം ചേർന്നു വരുന്നതും എഴുതാൻ പ്രചോദിപ്പിക്കുന്നതും സ്ത്രീകളെ സംബന്ധിച്ചുള്ള വിഷയങ്ങളാണ്. മനഃപൂർവം തിരഞ്ഞെടുക്കുന്നതല്ലെങ്കിൽ കൂടി മിക്കപ്പോഴും അങ്ങനെയാണു സംഭവിക്കുന്നത്.
തീർച്ചയായും സ്ത്രീകൾ എഴുത്തിലേക്ക് കൂടുതൽ കടന്നുവരണം, സ്ത്രീകൾ സ്ത്രീകളെക്കുറിച്ച് കൂടുതലായി എഴുതണം എന്നു തന്നെയാണ് ഞാൻ ചിന്തിക്കുന്നത്. സ്ത്രീപക്ഷ രചന എന്നതിൽ മറ്റുള്ളവർ എന്തെങ്കിലും ആക്ഷേപം കാണേണ്ടതില്ല. കാരണം ഒരു സ്ത്രീക്കാണ് മറ്റു സ്ത്രീകളെക്കുറിച്ച് ഏറ്റവും ആധികാരികമായി ചിന്തിക്കാനാവുന്നത്. അവർ തന്നെയാണ് എഴുതേണ്ടതും. നമ്മളാണ് നമുക്കു വേണ്ടി ആദ്യം ശബ്ദമുയർത്തേണ്ടത്. മറ്റുള്ളവർ പിന്നാലെ വന്നുകൊള്ളും എന്നാണ് ഞാൻ കരുതുന്നത്.
സോഷ്യൽ മീഡിയയിലെ കോപ്പിയടികൾ
പലരും പറഞ്ഞുകേട്ടിട്ടുണ്ട് അവർ എഴുതിയത് മറ്റുള്ളവർ പകർത്തിക്കൊണ്ടുപോയി സ്വന്തം പേരിൽ മറ്റിടങ്ങളിൽ പ്രസിദ്ധീകരിക്കുന്നു എന്നൊക്കെ. തീർച്ചയായും വളരെ മോശമായ, തെറ്റായ കാര്യം തന്നെയാണ്. പക്ഷേ എനിക്ക് ഇതുവരെ അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എനിക്ക് നേരിട്ട് അറിയാവുന്നവരും ഞാൻ അറിയണമെന്ന് ആഗ്രഹിക്കുന്നവരുമായ കുറച്ച് ആൾക്കാരേയുള്ളൂ. അതുകൊണ്ടാകണം അത്തരം അനുഭവങ്ങളുണ്ടാകാത്തത്.
കവിതകളും ചെറുകഥകളുമായി എന്റെ ഒരു പുസ്തകം ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് എന്റെയൊരിഷ്ടം കൊണ്ട്, എനിക്കുവേണ്ടി ചെയ്തതായിരുന്നു. സത്യത്തിൽ ആ പുസ്തകങ്ങൾ വളരെക്കുറച്ചാളുകളേ വായിച്ചിട്ടുള്ളൂ. അതിനേക്കാൾ കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിലൂടെ എന്റെ കഥയും കവിതയുമൊക്കെ വായിച്ചിട്ടുണ്ട്. അങ്ങനെ വായിച്ചവരാണ് പിന്നീട് എന്നെ പരിചയപ്പെടാൻ വന്നതിലേറെയും.
English Summary : Interview With sara jesin varghese