പതിനൊന്നാം വയസ്സിൽ ബെസ്റ്റ് സെല്ലിങ് ഓതർ; ഇത് ജോഷ്വാ ബിജോയുടെ കഥ
Mail This Article
പതിനാറാം നൂറ്റാണ്ടിൽ ഫ്രാൻസിലെ രാജാവായിരുന്ന ഫ്രാൻസിസ് മൂന്നാമന്റെ കടുത്ത തീരുമാനങ്ങളെടുക്കാനുള്ള നിർദ്ദേശങ്ങളോടെയാണ് ജോഷ്വാ ബിജോയുടെ ക്രൈം നോവൽ ‘‘മർഡർ അറ്റ് ദ ലീക്കി ബാരൽ’’ തുടങ്ങുന്നത്. അസാധാരണമാം വിധം മനോഹരമായ ഭാഷയിൽ ഫ്രാൻസും അയർലണ്ടും ഒക്കെ കഥയിൽ വന്നു പോകുന്നു. നോവൽ പ്രസിദ്ധീകരിച്ചത് ബുക്സ്‌തകം, ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് ആമസോൺ കിൻഡൽ വേർഷൻ ആയി. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട് ആദ്യ ദിവസം തന്നെ ബെസ്റ്റ് സെല്ലിങ് ലിസ്റ്റിൽ കയറിപ്പറ്റി. ഇപ്പോൾ മാസങ്ങൾ പിന്നിടുമ്പോൾ ലീക്കി ബാരലിലെ കൊലപാതകം നാളുകളായി ബെസ്റ്റ് സെല്ലിങ് പട്ടികയിൽ ഒന്നാമതാണ്. ഇപ്പോഴും പറയേണ്ട കാര്യം പറഞ്ഞില്ല, ഈ കഥയിലെ പ്രധാന നായകനെക്കുറിച്ചാണ് അത്. കോട്ടയം സ്വദേശിയായ ജോഷ്വാ ബിജോയ് ആണ് ഈ നോവൽ എഴുതിയ കഥാ നായകൻ, കക്ഷിയ്ക്ക് വയസ്സ് പതിനൊന്നും. പൂനെയിൽ ജോലി ചെയ്യുന്ന ബിജോയ്-സുമ ദമ്പതികളുടെ മൂത്ത മകൻ. ‘‘INDIA'S YOUNGEST BESTSELLING AUTHOR’’ എന്നതാണ് ജോഷ്വായുടെ ഇപ്പോഴത്തെ വിലാസം.
ഈ പ്രായത്തിൽ ഒരു ക്രൈം ത്രില്ലറോ? ഇതൊക്കെ എങ്ങനെ എഴുതുന്നു?- എന്നൊരു ചോദ്യത്തിന് ജോഷ്വായുടെ മറുപടി. ‘‘അതൊക്കെ ഓൺ ദ വേയിൽ വരും.’’ എന്നായിരുന്നു. ജോഷ്വായുടെ വിശേഷങ്ങൾ കൂടുതലും പറഞ്ഞത് അമ്മ സുമ സണ്ണി ആണ്.
വായനക്കാരനായ ജോഷ്വാ
പുസ്തക വായനയാണ് ജോഷ്വായ്ക്ക് ഏറ്റവും ഇഷ്ടം. ഇന്ന വിഭാഗം എന്നൊന്നുമില്ല, എല്ലാ തരം പുസ്തകങ്ങളും വായിക്കും. മൂന്നാം ക്ലാസിൽ വച്ചാണ് ഹാരി പോട്ടർ സീരീസ് വായിക്കാനെടുക്കുന്നത്. റോൾഡ് ദാലും, ജെ കെ റൗളിംഗും, ജറാൾഡ് ഡെറലും, റിനെ ഗോസ്നി, ആൽബർട്ട് അണ്ടർ സൊ, ഹെർജ് , ഡേവിഡ് വില്യംസ് തുടങ്ങിയവരെല്ലാം ജോഷ്വായുടെ പ്രിയപ്പെട്ട എഴുത്തുകാരാണ്. വായിച്ച പുസ്തകങ്ങളെല്ലാം ജോഷ്വായുടെ എഴുത്തിനെ തീർച്ചയായും സ്വാധീനിച്ചിരിക്കണം.
സ്‌കൂൾ എന്ന ഭാരം/ ഭാരമില്ലായ്മ
ഐ സി സി എസ് സിലബസാണ് ജോഷ്വാ പഠിക്കുന്നത്. ഒന്നാം ക്ലാസ് മുതലേ തന്നെ വലിയ നിലവാരത്തിലുള്ള പുസ്തകങ്ങളാണ് അവരുടെ സിലബസിലുള്ളത്. രണ്ടാം ക്ലാസ്സുമുതലേ പലതരത്തിലുള്ള എഴുത്തു പരിശീലനങ്ങൾ സ്കൂളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഭാഷയിലെ പ്രാവീണ്യം വളർത്തുവാനുതകുന്ന തരത്തിലുള്ള പുസ്തകങ്ങളാണ് സ്കൂൾ നൽകുന്നത്. കുട്ടികൾക്ക് ഒരുപാട് ഭാരം കൊടുക്കാൻ ആഗ്രഹിക്കാത്ത മാതാപിതാക്കളാണ് ഞാനും ബിജോയും. രണ്ടാം ക്‌ളാസ്സിലുള്ള കുട്ടിക്ക് കഴിഞ്ഞ ദിവസം കിട്ടിയ അസൈമെന്റ് സ്വന്തമായി കവിത എഴുതുക എന്നതാണ്. പക്ഷേ എനിക്കറിയാം ആ സ്‌കൂളിൽ നിന്ന് കിട്ടിയ പരിശീലനമാണ് ജോഷ്വായെ എഴുത്തുകാരനാക്കിയത്.
ഞങ്ങൾ അവരോടു പറഞ്ഞിട്ടുള്ള ഒരു കാര്യം ഉയർന്ന മാർക്ക് വാങ്ങുകയല്ല കാര്യം. സിലബസ് ഉയർന്ന നിലവാരമായതിനാൽ ചെറിയ ക്ലാസിൽ തന്നെ മികച്ച വായനയും ശൈലിയും അവർക്ക് ലഭിക്കുന്നുണ്ട്. അതിനെ കൂടുതൽ വളർത്താൻ വായന വിശാലമാക്കുകയാണ് വേണ്ടത്. അത് അവർ പിന്തുടരുകയും ചെയ്യുന്നുണ്ട്.
കുറ്റാന്വേഷണമോ....!
കൊച്ചു കുട്ടി ആയിരുന്നപ്പോഴേ വായന തുടങ്ങിയിരുന്നു, ഒപ്പം മുതിർന്നവർ കാണുന്ന തരത്തിലുള്ള ചില ഡോക്യൂമെന്ററികൾ ജോഷ്വാ ആദ്യമൊക്കെ കാണുമായിരുന്നു. ഒരുപക്ഷേ അതിൽ നിന്നാവാം പ്രചോദനം ലഭിച്ചിട്ടുണ്ടാവുക. ടിവി വീട്ടിൽ ആരും ഇപ്പോൾ കാണാറില്ല. കുട്ടികൾ രണ്ട് പേരും അവർക്കിഷ്ടമുള്ള പുസ്തകങ്ങളിലേയ്ക്ക് ചേക്കേറും, ഞാനും ബിജോയും അക്കാദമിക്കൽ ആയുള്ള വായനയും. മാത്രമല്ല വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ നിന്നുമൊക്കെ ആ വിഭാഗം ജോഷ്വായെ ആകർഷിച്ചിട്ടുണ്ടായിരിക്കണം. പ്രത്യേകിച്ചൊരു ഉത്തരം കണ്ടെത്തി പറയാൻ ഇതുവരെ ജോഷ്വാ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം.
ജോഷ്വാ പുസ്തകം സമർപ്പിച്ചിരിക്കുന്നത് അവന്റെ ഗ്രാൻഡ് ഫാദറിനാണ്. നാട്ടിൽ പോകുന്ന സമയത്ത് മുത്തശ്ശനും ജോഷ്വായും നല്ല കൂട്ടാണ്. സാധാരണ പ്രായമുള്ളവരെപ്പോലെയായിരുന്നില്ല അദ്ദേഹം അവനോടു സംസാരിക്കുക. പതിവ് സാരോപദേശവും ഉപദേശങ്ങളുമൊന്നുമല്ല പലപ്പോഴും രസകരമായ കഥകളും അവർ സ്വയമുണ്ടാക്കിയ കഥകളുമൊക്കെയാണ് സംസാരിച്ചിരുന്നത്. അദ്ദേഹം മരിച്ചപ്പോൾ ജോഷ്വായ്ക്ക് ഭയങ്കര സങ്കടമായിരുന്നു.
എഴുതാനുള്ള സമയം
ജോഷ്വായ്ക്ക് എഴുതാൻ പ്രതേകിച്ച് സമയം ഒന്നുമില്ല. അവൻ സന്തോഷത്തിലായിരിക്കുമ്പോഴാണ് എഴുതാൻ പറ്റുക എന്ന് തോന്നിയിട്ടുണ്ട്. മുത്തശ്ശൻ മരിച്ച സമയത്ത് അവിടെ പോയപ്പോൾ അവന് ഒന്നും എഴുതാൻ പറ്റുന്നില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇഷ്ടപ്പെട്ട ഒരു ഭക്ഷണം കഴിച്ചാൽ പോലും ധൃതി വച്ച് പോയി എഴുതാൻ ഇരിക്കുന്നത് കാണാം. അവനിഷ്ടപ്പെട്ട പാട്ടൊക്കെ വച്ചാണ് എഴുത്ത്. എനിക്ക് പലപ്പോഴും അതിശയം തോന്നാറുണ്ട്, പാട്ടൊക്കെ വച്ച് എങ്ങനെ എഴുതാനാകും എന്ന്. പക്ഷേ ജോഷ്വായ്ക്ക് അതാണ് ശീലം.
മർഡർ അറ്റ് ദ ലീക്കി ബാരൽ
പുസ്തകത്തിന്റെ ആദ്യം തന്നെ കൊലപാതകം നടക്കുന്നുണ്ട്. ഫാന്റസിയും ത്രില്ലറും ഒക്കെ ഉള്ള പുസ്തകമാണ്. അതിന്റെ പിന്നാലെ നടക്കുന്ന മറ്റു മരണങ്ങളുടെ ഒപ്പം നടന്നു പോകുന്ന രണ്ട് കുറ്റാന്വേഷകരുടെ യാത്രകളാണ് പിന്നീടുള്ള വായനയിൽ. അത് പുതിയ കാലത്തിന്റെ കഥയുമാണ്.
ബുക്സ്‌തകം വഴി ബെസ്റ്റ് സെല്ലർ റാങ്കിലേയ്ക്ക്
പലതും ജോഷ്വാ മുൻപും എഴുതിയിട്ടുണ്ട്. കഥകളായിരുന്നു കൂടുതലും. അങ്ങനെ കാണിക്കാറൊന്നുമില്ല. പലതും അലസമായി ഇട്ടിരിക്കുന്നത് കാണുമ്പോഴാണ് നമുക്ക് മനസിലാവുക. മർഡർ അറ്റ് ദ ലീക്കി ബാരൽ എഴുതി ഒരു നാൽപ്പതോളം പേജായപ്പോൾ കാണിച്ചു. ചെറുകഥ എന്ന ഉദ്ദേശത്തിൽ ആണ് ജോഷ്വാ അത് എഴുതിയതും എനിക്ക് പരിചയപ്പെടുത്തിയതും. വായിച്ചപ്പോഴാണ് അതൊരു നോവൽ രൂപത്തിലേക്ക് വരാൻ പോകുന്ന ഒന്നാണെന്ന് മനസ്സിലായത്. ആദ്യമൊക്കെ ഞാൻ നിർദ്ദേശങ്ങൾ കൊടുക്കാൻ ശ്രമിച്ചു, അതുപോലെ ഒന്ന് രണ്ട് പ്രഫസർമാരേ കാണിച്ച് അഭിപ്രായം പറയിപ്പിച്ചു, എന്നാൽ അതോടെ ജോഷ്വാ ആ എഴുത്തിൽ നിന്ന് ഔട്ട് ആയി. സൈലന്റ് ആയി. പിന്നെ മനസ്സിലായി സ്വന്തം വഴിയിലൂടെ തന്നെ അവൻ നടക്കുന്നതാണ് നല്ലത്. അതിനു ശേഷം ഒരു കാര്യത്തിലും ആരും അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ വായിച്ചവരൊക്കെ ഒരുപാടു നല്ല അഭിപ്രായമാണ് പറഞ്ഞത്, പ്രത്യേകിച്ച് ജോഷ്വായുടെ ഭാഷ, പല വാക്കുകളും മനസിലാക്കാൻ ബുദ്ധിമുട്ടായിരുന്നു.
നോഷൻ പ്രസ് വഴി പ്രസിദ്ധീകരിക്കാം എന്നായിരുന്നു പ്ലാൻ. പക്ഷേ യാദൃശ്ചികമായാണ് ബുക്സ്‌തകത്തിലെ അശ്വിൻ രാജിനെ പരിചയപ്പെടുന്നത്. അതും മനോരമ ഓൺലൈനിൽ അവരെക്കുറിച്ച് വന്ന ഒരു ആർട്ടിക്കിൾ വഴി. പിന്നീടങ്ങോട്ട് അത് പുസ്തകമാക്കുന്നതിനു കൂടെ നിന്നത് അശ്വിനാണ്. ആദ്യം ആമസോൺ കിൻഡൽ വഴി ആണ് പ്രസിദ്ധീകരിച്ചത്. ഈ ബുക്സ് നന്നായി പോകാൻ തുടങ്ങി. അതോടെ ആമസോൺ കിൻഡലിൽ മുന്നിലെത്തി. കുട്ടികളുടെ വിഭാഗത്തിലുള്ള എഴുത്തിൽ നാളുകളായി ജോഷ്വായുടെ പുസ്തകം ബെസ്റ്റ് സെല്ലർ ആണ്.
ജോഷ്വായുടെ പുസ്തകം മലയാളത്തിലേയ്ക്ക്...
ഇംഗ്ലിഷിലുള്ള പുസ്തകത്തിന്റെ നിരൂപണങ്ങൾ കണ്ടിട്ടാവണം മലയാളത്തിലെ മുൻ നിരയിലുള്ള പ്രസാധകർ അത് മലയാളത്തിൽ ചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അവർ വായിച്ചു വിളിക്കുകയും ചെയ്തു. കുട്ടികൾക്കു വേണ്ടിയുള്ളത് എന്നതിനേക്കാൾ -യങ് അഡൽറ്റ്- വിഭാഗത്തിലുള്ളവർക്കാണ് പുസ്തകം കൂടുതൽ ഇഷ്ടമായത്. ഇംഗ്ലിഷിൽ മാത്രമല്ല ഉടനെ മലയാളത്തിലും ജോഷ്വായുടെ പേരുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
സന്തോഷിപ്പിച്ച ആ ട്വീറ്റ്
ആമസോണിന്റെ ഗ്ലോബൽ വൈസ് പ്രസിഡന്റും ഇന്ത്യയുടെ മേധാവിയുമായ അമിത് അഗർവാൾ മർഡർ അറ്റ് ദി ലീക്കി ബാരലിനെ കുറിച്ച് ട്വീറ്റ് ചെയ്തതാണ് ഇപ്പോഴത്തെ സന്തോഷം. ചെറുപ്പക്കാരായ എഴുത്തുകാർ കിൻഡൽ വഴി പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം അതിനൊപ്പം ട്വീറ്റ് ചെയ്തിരുന്നു.
പുതിയ പുസ്തകങ്ങൾ
പുതിയ രണ്ട് പുസ്തകങ്ങൾ കൂടി ജോഷ്വാ പൂർത്തിയാക്കിയിട്ടുണ്ട്. മർഡർ അറ്റ് ദ ലക്കി ബാരൽ അവനു കൊടുത്ത ശ്രദ്ധ പലയിടത്തും എത്തിയിട്ടുണ്ട് എന്നതാണ് സന്തോഷം. എന്നാൽ അത് രണ്ടും ചെറിയ ത്രെഡുകളിൽ നിന്നും എഴുതി വന്ന പുസ്തകങ്ങളാണ്. റിയലിസ്റ്റിക് കഥകളാണ്.
എഴുത്തും വായനയും മാത്രമല്ല
ജോഷ്വാ നന്നായി ഗിറ്റാർ വായിക്കും. മാത്രമല്ല കുക്കും ചെയ്യും. അവരെ അടച്ചു വച്ച് സൂക്ഷിച്ചല്ല ഞങ്ങൾ വളർത്തുന്നത്. അവരുടെ കരിയർ തെരഞ്ഞെടുക്കാനും ഇഷ്ടങ്ങൾക്കുമുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. വീട്ടിൽ അവരെക്കൊണ്ട് പറ്റുന്നതു പോലെ ജോലികൾ രണ്ട് കുട്ടികളും ചെയ്യാറുണ്ട്. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാനും ജോഷ്വായ്ക്ക് ഇഷ്ടമാണ്.
-‘‘ഓൺലൈൻ ക്ലാസ് ആയതുകൊണ്ട് ആദ്യത്തെ മൂന്ന് മാസമേ സ്‌കൂളിൽ പോകാൻ പറ്റിയിട്ടുള്ളൂ അതുകൊണ്ട് ഫ്രണ്ട്സിനെ ആരെയും കിട്ടിയിട്ടില്ല. പക്ഷേ പലരും പുസ്തകം വായിച്ച് വിളിച്ചിരുന്നു. പുറത്തുള്ള ചിലരൊക്കെ മെയിൽ അയയ്ക്കുകയും ചെയ്യുന്നുണ്ട്. പുസ്തകങ്ങൾ ഒരുപാടു വായിക്കാനിഷ്ടമാണ്. എല്ലാ തരവും വായിക്കും. മനസ്സിൽ തോന്നുന്നത് എഴുതുന്നു എന്നേയുള്ളൂ’’-
സംസാരം അവസാനിക്കും മുൻപ് ജോഷ്വാ നേരിട്ട് കിട്ടിയ അഭിനന്ദനങ്ങളെക്കുറിച്ച് പറഞ്ഞു. എഴുതുന്നതും വായിക്കുന്നതും വീട്ടിൽ ആയിരിക്കുന്നതുമാണ് ജോഷ്വായുടെ ലോകം എല്ലായ്പ്പോഴും. അതുകൊണ്ട് തന്നെ പഠിച്ച് പഠിച്ച് പ്രഫസർ ആവാനാണ് ജോഷ്വായുടെ ഇഷ്ടവും.
Content Summary: Joshua Bejoy - Author of bestselling crime novel at the age 11