വെറുതെ ഒഴുകിയൊടുങ്ങി ഇക്കോരൻ
Mail This Article
‘‘ഗന്ധർവനെ കണ്ട് മോഹിച്ചൊരു പെണ്ണ് അന്തിക്കു മുക്കം പുഴ കടന്നേ....’’ പാടി രംഗപ്രവേശം നടത്തുന്നത് ഇക്കോരനാണ്. തനി നാടനാണ് ഇക്കോരൻ. ആരോരുമില്ലാത്തവനാണ് ചെറിയൊരു കുടിയാനും വലിയൊരു കുടിയനും. പകൽ പണിയെടുക്കും. പകൽ മയങ്ങിയാൽ കുടി മൂക്കും. കുടിക്ക് പാട്ടാണ് അകമ്പടി. പാതിരാവോളം നാട്ടുവഴിയിലൂടെ കുടിച്ചുമദിച്ച് പാട്ടുപാടി അലയും.
ഇക്കോരന്റെ വരവ് മുക്കം പുഴയുടെ തീരത്തെ നാട്ടുവഴിയിലൂടെയാണ്. എസ്. കെ.പൊറ്റെക്കാടിന്റെ ‘നാടൻപ്രേമം’ എന്ന നോവലിൽ നിന്ന്. നാടായ നാടൊക്കെ ചുറ്റിയ എസ്.കെ. നാട്ടിൽ നിന്നു കണ്ടെടുത്ത പ്രേമകഥയുടെ നായകനാണ് ഇക്കോരൻ. ഒഴിവുകാലം ചെലവാക്കാൻ നാട്ടിലെത്തിയ രവീന്ദ്രനിൽ നിന്ന് ഗർഭിണിയായി മാളു. അയാൾ മടങ്ങുകയും ചെയ്തു. ചോദ്യങ്ങളെയും നാട്ടുകാരെയും ഭയന്ന്, ആലംബമറ്റ മാളു മുക്കം പുഴയിൽ ചാടി ജീവനൊടുക്കാൻ നോക്കി. പുഴയിൽ നിന്ന് ഇക്കോരൻ അവളെ കോരിയെടുത്തു.
അവളെ വിവാഹം ചെയ്ത് ജീവിതം തിരിച്ചു സമ്മാനിക്കുകയാണ് ഇക്കോരൻ. ആരുമില്ലാത്ത ഇക്കോരന് അവളെല്ലാമായി. അവൾക്ക് ജനിച്ച മകൻ അയാളുടേതുമായി. ഇതേസമയം മാളുവിനെ വിട്ടുപോയ രവീന്ദ്രൻ രണ്ടുതവണ വിവാഹിതനായി. അയാൾക്ക് കുട്ടികളുണ്ടായില്ല. പിന്നീടൊരിക്കൽ നാട്ടിൽ വച്ച് അയാൾ മാളുവിൽ തനിക്കുണ്ടായ മകനെ കണ്ടെത്തി. മകനെ വേണമെന്നുണ്ട് അയാൾക്ക്. അവനെ സ്വന്തമായി ചോദിക്കാൻ മടിച്ചുമില്ല. പക്ഷേ ഇക്കോരനും മാളുവും അതിനു തയാറല്ല.
രോഗബാധിതനും നിസ്സഹായനുമാണ് രവീന്ദ്രനെന്നറിയുന്ന ഇക്കോരൻ പിന്നീട് കുട്ടിയെ വിട്ടുനൽകുകയാണ്. മാളു സമ്മതിച്ചിട്ടല്ല. മനസ്സുതകർന്ന മാളു ജീവനൊടുക്കുന്നു. ഒരിക്കൽ പുഴയിൽ നിന്ന് കോരിയെടുത്ത് ഇക്കോരൻ രക്ഷിച്ചെടുത്ത ജീവിതം അവൾ പുഴക്ക് തിരികെ നൽകി. അതേ പുഴയിലൊടുങ്ങാനായിരുന്നു ഇക്കോരന്റെയും തീരുമാനം. പുഴക്കരയിൽ ജീവിച്ച അവർ പുഴയിലൊഴുകിയൊടുങ്ങുന്നു. പുഴയൊഴുക്കിന് മേലെ ആ നാടൻ പാട്ടിന്റെ ഈണമൊരു ദുരന്തഗീതമാവുന്നു. ആർക്കോ വേണ്ടി ജീവിച്ച് ആർക്കോ വേണ്ടി മരിച്ച ഇക്കോരനെ കാഴ്ച പിന്തുടരുന്നു.
English Summary : Mohanlal as Ikkoran, Kadhayattam By Mohanlal, 10 Novel 10 Characters One And Only Actor