ADVERTISEMENT

മയ്യഴിപ്പുഴയുടെ തീരത്ത് അരങ്ങേറിയ മഹാനാടകത്തിലെ ദുരന്തനായകനാണ് ദാസന്‍. ത്യാഗം മാത്രം ഭക്ഷിക്കുകയും ആദര്‍ശം മുറുകെപ്പിടിക്കുന്നതുകൊണ്ട് അവഗണനയുടെ ആഴങ്ങളിലേക്ക് അടിക്കടി വീണുപോവുകയും ചെയ്യുന്ന കഥാപാത്രം. 

സ്വന്തം വിജയത്തിലേക്കും സ്വകാര്യാഹ്ലാദങ്ങളിലേക്കും പ്രവേശിക്കാവുന്ന അനേകം വഴികള്‍ മുന്നില്‍ തുറന്നുകിടക്കുമ്പോഴും അതൊന്നും ഗൗനിക്കാതെ മുഴുവന്‍ സമൂഹത്തിന്റെയും ആഹ്ലാദത്തിനും ഉന്നതിക്കും വേണ്ടി പോരാടുന്നവരാണ് വിപ്ലവകാരികള്‍. ഇങ്ങനെ നോക്കിയാല്‍ മലയാള നോവല്‍ സാഹിത്യത്തിലെ ലക്ഷണമൊത്ത വിപ്ലവകാരിയാണ് ദാസന്‍. എന്നാല്‍ സ്വാഭാവികമായ എല്ലാ മാനുഷിക വികാരങ്ങളും തിരസ്‌കരിക്കുന്ന പോരാട്ടമനോരോഗികളുടെ കൂട്ടത്തില്‍ ദാസനെ ഉള്‍പ്പെടുത്താനും കഴിയില്ല. കാരണം മാഹിയുടെ വിമോചനപ്പോരാട്ടത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുമ്പോഴും അയാള്‍ ചന്ദ്രികയെ പ്രണയിക്കുന്നുണ്ട്. അച്ഛമ്മ കുട്ടിക്കാലത്ത് പറഞ്ഞുകൊടുത്ത കെട്ടുകഥയുടെ വെള്ളിയാങ്കല്ലിനു മുകളിലേക്ക് മനസ്സുകൊണ്ട് പറക്കുന്നുണ്ട്. 

ഫ്രഞ്ച് പൊലീസിനെ പേടിച്ച് ഒളിവില്‍ കഴിയുന്ന സമയത്ത് സുഹൃത്ത് വാസൂട്ടി പ്രണയത്തില്‍ വീണ ദാസനെ പരിഹസിക്കുകയാണ്. എന്നാല്‍ ഒരു യുവാവ് ആരെയും പ്രണയിക്കുന്നില്ലെങ്കില്‍ അത് അയാളുടെ കഴിവുകേടാണെന്ന് തീവ്ര ഇടതുവിപ്ലവകാരിയായ പപ്പന്‍ വാസൂട്ടിയെ തിരുത്തുന്നു. ചിരിക്കുകയോ പ്രണയിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ യാന്ത്രികതയെ ചോദ്യം ചെയ്യാന്‍ കൂടിയാവണം മുകുന്ദന്‍ ദാസന്‍ എന്ന കഥാപാത്രത്തിനു ജന്മം നല്‍കിയത്. 

വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യണമെന്നു വിശ്വസിക്കുന്ന തീവ്രവാദിയായ പപ്പന്‍ നടത്തുന്ന കൊലപാതകത്തെ തുടര്‍ന്നാണ് മയ്യഴിയില്‍ ഗാന്ധിയനായ കണാരേട്ടനും യുവ വിപ്ലവകാരിയായ ദാസനും വേട്ടയാടപ്പെടുന്നത്. ചോരയൊഴുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പപ്പന്‍ പറഞ്ഞപ്പോള്‍ത്തന്നെ കമ്യൂണിസം ഹ്യൂമനിസമാണെന്ന് ദാസന്‍ അവനെ ഓര്‍മിപ്പിക്കുന്നുണ്ട്. എന്നാല്‍ പപ്പന്‍ അതു ചെവിക്കൊള്ളുന്നില്ല. അയാള്‍ കൊമ്മിസാറെ കുത്തിമലര്‍ത്തി. 

പപ്പനെ ഒളിവില്‍ സംരക്ഷിച്ചു നിര്‍ത്തുന്ന വേളയില്‍ ഗാന്ധിയന്‍ കണാരേട്ടന്‍ അവന്റെ കൊലപാതകത്തെ തള്ളിപ്പറയുന്നു. കൊലപാതകത്തെ ദാസനും അംഗീകരിക്കുന്നില്ല. പക്ഷേ തീവ്ര ഇടതുവിപ്ലവകാരിയായ പപ്പനെ ദാസന്‍ ഇഷ്ടപ്പെടുന്നു. അവന്റെ ആത്മാർഥതയെ അയാള്‍ അംഗീകരിക്കുന്നു. വേദനിപ്പിക്കാതെ കൊമ്മിസാറെ കുത്തുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍... ചോരയൊഴുക്കാതെ മുറിവേല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാണ് ദാസന്‍ ആശിക്കുന്നത്. ആരെയും വേദനിപ്പിച്ചുകൊണ്ടുള്ള വിമോചനപ്പോരാട്ടത്തെ അയാള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ താന്‍ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്തതു കൊണ്ടു മാത്രം, ചെയ്യാത്ത തെറ്റിനു ജയിലിലടയ്ക്കപ്പെടുന്ന അച്ഛന്‍ ദാമു റൈട്ടറെയും വീട്ടില്‍ അരിയില്ലാത്തതിനാല്‍ കരച്ചില്‍ കടിച്ചമര്‍ത്തുന്ന അമ്മ കൗസുവിനെയും സഹോദരി ഗിരിജയെയും കുറമ്പിയമ്മയെയും ദാസന്‍ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. മയ്യഴിയിലെ മുഴുവന്‍ ജനങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിക്കാന്‍ വേണ്ടിയാണ് അല്‍പകാലത്തേക്ക് താനും തന്റെ പ്രിയപ്പെട്ടവരും വേദന സഹിക്കുന്നതെന്ന് അയാള്‍ ന്യായീകരിക്കുകയും ചെയ്യുന്നു. മയ്യഴിയുടെ വേദന മാറുമ്പോള്‍ മാത്രം തന്റെയും കുടുംബത്തിന്റെയും വേദന മാറിയാല്‍ മതി എന്നയാള്‍ കരുതുന്നു. നാടിന്റെ സൗഭാഗ്യമാണ് ദാസന്റെ സൗഭാഗ്യം. 

എല്ലാം ത്യജിച്ച് സമൂഹത്തിനു വേണ്ടി സമരം നടത്തുകയും അധികാരത്തിന്റെ പരിസരത്തുനിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നവര്‍ ന്യൂനപക്ഷമെങ്കിലും എക്കാലത്തുമുണ്ട്. ഇക്കൂട്ടരാണ് ഭൂമിയെ ജീവിക്കാന്‍ കൊള്ളാവുന്ന ഇടമാക്കി മാറ്റുന്നത്. സാധാരണക്കാര്‍ക്കില്ലാത്ത അവകാശങ്ങളോ അധികാരങ്ങളോ ഇവര്‍ മോഹിക്കുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യം കയ്യെത്താവുന്ന അകലത്തെത്തിയപ്പോള്‍ ബംഗാള്‍ പ്രവിശ്യയില്‍ വര്‍ഗീയ ലഹള അരങ്ങേറിയ നവഖാലിയിലേക്കു ജനങ്ങളെ ശാന്തരാക്കാന്‍ പോയ ഗാന്ധിജിയാണ് ഇന്ത്യ കണ്ട ഏറ്റവും ത്യാഗിയായ വിപ്ലവകാരി. ഒപ്പം രക്തസാക്ഷിയും. മലയാള നോവല്‍ സാഹിത്യത്തിലാവുമ്പോള്‍ ഈ സ്ഥാനം ദാസനു നല്‍കേണ്ടിവരും. അയാളില്‍ ചന്ദ്രികയുടെ കാമുകനുണ്ട്, ദാമു റൈട്ടറുടെയും കൗസുവിന്റെയും മകനുണ്ട്, കുറമ്പിയമ്മയുടെ കൊച്ചുമകനുണ്ട്, കുഞ്ഞനന്തന്‍ മാസ്റ്ററുടെ പ്രിയ ശിഷ്യനായ വിപ്ലവകാരിയുണ്ട്, കണാരേട്ടന്റെ കൂടെ പോരാടുന്ന സഖാവുണ്ട്, തീവ്രവാദിയായ പപ്പനു പ്രിയപ്പെട്ട ആദര്‍ശവാദിയുണ്ട്, സഹജീവികള്‍ക്കു മുഴുവന്‍ അനുകമ്പ തോന്നുന്ന മനുഷ്യനുണ്ട്. 

വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ട ദാസനെ കാത്തിരിക്കുന്ന വേളയില്‍, താന്‍ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതിനെപ്പറ്റി പപ്പന്‍ ഓര്‍ക്കുന്നുണ്ട്. എല്ലാ വേദനകളില്‍നിന്നും മോചനം നല്‍കിയ വേദഗ്രന്ഥമായിരുന്നു അവന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മാര്‍ക്‌സിസം-ലെനിനിസം അയാളുടെ വിശപ്പും ദാഹവും ശമിപ്പിച്ചു, കമാവികാരത്തെപ്പോലും എന്ന് മുകുന്ദന്‍ എഴുതുന്നു. മാനിഫെസ്റ്റോയിലെ അവസാന വാചകം ആദ്യമായി വായിച്ചപ്പോള്‍ തനിക്കു സ്ഖലനമുണ്ടാവുകയാണെന്നാണ് പപ്പനു തോന്നിയത്. ഇങ്ങനെ  മാനിഫെസ്റ്റോ മതഗ്രന്ഥം പോലെ കരുതി പാര്‍ട്ടിയെത്തന്നെ  സംഘടിതമതമാക്കി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നവരെ അന്നേ പരിഹസിക്കുന്നുണ്ട് എഴുത്തുകാരന്‍. എന്നാല്‍ ദാസനെ ഇക്കൂട്ടത്തില്‍പെടുത്തുന്നുമില്ല. 

സാധാരണക്കാര്‍ക്കൊപ്പം നിന്ന് പോരാട്ടം നടത്തിയവര്‍ അധികാരം കയ്യില്‍കിട്ടിയപ്പോള്‍ അതിന്റെ സൗഭാഗ്യം സ്വകാര്യമായി അനുഭവിക്കുകയും തങ്ങള്‍ക്കെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും അസഹ്യതയോടെ നോക്കിക്കാണുകയും ചെയ്യുന്ന കാലത്ത് ദാസനെപ്പോലുള്ള വിപ്ലവകാരികള്‍ക്ക് പ്രസക്തിയേറുകയാണ്. എല്ലാ വിമോചനപ്പോരാട്ടങ്ങളിലും ദാസനെപ്പോലുള്ള അനേകം പേര്‍ ചവിട്ടിമെതിക്കപ്പെടുന്നുണ്ട്. മയ്യഴി സ്വതന്ത്രമാകുമ്പോള്‍ നടക്കുന്ന ഘോഷയാത്രയിലെ ആള്‍ക്കൂട്ടം ദാസനെ പാതയുടെ വക്കിലേക്കു തള്ളിമാറ്റുന്നു. അവരുടെ ചവിട്ടേല്‍ക്കാതിരിക്കാനായി അയാള്‍ ഓടയിലേക്കിറങ്ങുന്നു. മയ്യഴിയുടെ വിമോചനത്തിനു വേണ്ടി മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവിലെ ഉദ്യോഗവും അവര്‍ വച്ചു നീട്ടിയ ഫ്രാന്‍സിലെ ഉപരിപഠന സൗകര്യവും ഉപേക്ഷിച്ച് വേദനകള്‍ മാത്രം ഏറ്റുവാങ്ങി പന്ത്രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞ ദാസനാണ് അവസാനം അവഗണിക്കപ്പെടുന്നതെന്നോര്‍ക്കണം. 

ദാസന്റെ കഥ മനുഷ്യവിധിയുടെ കഥയാണെന്ന് നോവലിസ്റ്റ് തന്നെ ഒരിടത്തു പറയുന്നുണ്ട്. മറ്റൊരിടത്ത് മുകുന്ദന്‍ എഴുതുന്നു: ‘ദാസന്റെ ആദര്‍ശം മഹത്തരമോ വിലകുറഞ്ഞതോ ആയിക്കൊള്ളട്ടെ. അതിന്റെ അഭാവം അയാളെ നഗ്നനാക്കും. നിരായുധനാക്കും’.

മയ്യഴി സ്വതന്ത്രമായപ്പോള്‍ ഫ്രഞ്ചുകാരുടെ തോഴനായി മാറുകയാണ് വിപ്ലവകാരിയായ വാസൂട്ടി. അയാള്‍ ഫ്രാന്‍സില്‍ പോയി നല്ല ജീവിതം കെട്ടിപ്പടുക്കുന്നു. നിനക്കു കുടുംബത്തോടു സ്‌നേഹമില്ലേ എന്ന വാസൂട്ടിയുടെ ചോദ്യത്തിന് ദാസന്‍ പറയുന്ന മറുപടി ഇപ്രകാരമാണ് - ‘എന്നെ ഭരിക്കുന്ന ചില നിയമങ്ങളുണ്ട്. എന്നിലെ മനുഷ്യസ്‌നേഹത്തെയും അതു ഭരിക്കുന്നു.’ നീയും നിന്റെ ആദര്‍ശവും എന്ന് പുച്ഛിച്ച് വാസൂട്ടി എഴുന്നേറ്റുപോകുന്നു. പോരാട്ടങ്ങള്‍ക്കു ശേഷം സ്വന്തം അധികാരവും സുഖസൗകര്യങ്ങളും ഉറപ്പാക്കിയ ഇത്തരം വാസൂട്ടിമാര്‍ക്കിടയില്‍ ചില മൂല്യങ്ങളില്‍ വിശ്വസിച്ച് ത്യാഗികളായി ജീവിക്കുന്ന ദാസനെപ്പോലുള്ളവര്‍ വിരളമായെങ്കിലുമുണ്ടാവും. 

അധികാരികളെ ആരാധിക്കുന്ന നിഷ്‌കളങ്കരായ കുറമ്പിയമ്മമാരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. കുറമ്പിയമ്മ സായ്പിന് മൂക്കില്‍ വലിക്കുന്ന പൊടിയായിരുന്നു കൊടുത്തിരുന്നത്. ഇന്നും അധികാരികളുടെ വാക്കു കേട്ട് പാവം കുറമ്പിയമ്മമാര്‍ ആടിനെ വരെ അഴിച്ചുകൊടുക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇക്കാലമത്രയും സ്വന്തം ആള്‍ക്കാര്‍ തന്നെ ഭരിച്ചിട്ടും തങ്ങളുടെ ജീവിതനിലവാരം ഒട്ടും മെച്ചപ്പെട്ടില്ലല്ലോ എന്നു പോലും ഈ പാവങ്ങള്‍ ആലോചിക്കുന്നതേയില്ല. അധികാരികള്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എത്ര കുറമ്പിയമ്മമാരാണ്, എത്ര കുഞ്ഞാണന്മാരാണ്, എത്ര ഉണ്ണിനായരുമാരാണ്, എത്ര കുഞ്ഞിച്ചിരുതമാരാണ്, എത്ര നാണിമാരാണ് ആരാധനയോടെ നോക്കിയിരിക്കുന്നത്. ഭരിക്കുന്നവര്‍ എത്ര മിടുക്കുള്ളവര്‍ എന്ന് ഈ കെട്ട കാലത്തും രോമാഞ്ചം കൊള്ളുന്നവര്‍ ദാസനെപ്പോലുള്ള സംശയാലുക്കള്‍ക്കു നേരെ സൈബര്‍ ഇടങ്ങളില്‍പ്പോലും കുരച്ചുചാടുകയാണല്ലോ. ഇതുകൊണ്ടാണ് ദാസന്‍ ഇപ്പോഴും പ്രസക്തനാവുന്നത്; 1974 ല്‍ പുറത്തിറങ്ങിയ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവല്‍ സമകാലികമാവുന്നതും.

English Summary : Dasan in Mayyazhippuzhayude Theerangalil is a reflection of human fate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com