കാറ്റോ, കാടോ? ഭീമൻ കാതോർത്തു
Mail This Article
മാറ്റിനിർത്തപ്പെട്ടവനാണ് ഭീമൻ. പതിനായിരം മദയാനകളുടെ കരുത്തുപേറിയ ഭീമൻ. യുദ്ധം ജയിക്കുകയും രാജ്യം നേടുകയും ചെയ്ത പോരാളി. എന്നിട്ടും മന്ദാ എന്ന വിളിക്കുമുന്നിൽ തല കുനിഞ്ഞുപോയവൻ. വലിയ ശരീരവും വലിയ വായും വിശപ്പൊടുങ്ങാത്ത വയറുമുള്ളവൻ. ചങ്ങലയഴിഞ്ഞ കാറ്റുപോലെ കാടുലച്ചു കടന്നുവന്ന കാട്ടാളന്റെ ചോദനകളുള്ളവൻ. രാജ്യത്വവും നായകത്വവും അയാൾക്ക് കൈവന്നില്ല. എന്നും ഊഴത്തിൽ രണ്ടാമനായിപ്പോയവൻ. എം.ടി. വാസുദേവൻനായരുടെ ഭീമസേനൻ.
മലകളെടുത്ത് അമ്മാനമാടിയ വായുദേവന്റെ കരുത്തു പൈതൃകമായി കൈവരുമെന്ന് വിശ്വസിച്ച ഭീമന്റെ കുട്ടിക്കാലത്തുനിന്നു തുടങ്ങുന്നു കഥയാട്ടത്തിന്റെ അവസാനഭാഗം. ‘ധർമന് യുധിഷ്ഠിരൻ, വായുവിന് ഭീമൻ, ഇന്ദ്രന് അർജുനൻ, വേറെ നല്ല കഥകളുണ്ടാക്കി പറയാൻ തോന്നിയില്ലേ നിങ്ങളുടെ അമ്മയ്ക്ക്’ എന്ന് ദുര്യോധനൻ പരിഹസിച്ചു. ‘മന്ദാ’ എന്ന വിളിയിൽ വലിയ ശരീരമുള്ള ബാലനായ ഭീമസേനൻ ചുരുങ്ങിച്ചെറുതായി.
വേദി തെളിയുമ്പോൾ കാണുന്നത് മറ്റൊരു കാലത്തെ ഭീമനെയാണ് ഭാവപ്പകർച്ചകൊണ്ട് ആകാശത്തു ശിരസും മണ്ണിൽ പാദങ്ങളുമായി മഹാമേരു പോലെയുളള ഭീമൻ. പക്ഷേ അയാൾ ഇപ്പോൾ രാജാവോ യോദ്ധാവോ അല്ല. മനുഷ്യനാണ്. കരുവംശത്തിന്റെ നീതിബോധം പിടികിട്ടാത്ത വെറും മനുഷ്യൻ. ആരാണ് താനെന്ന് തേടുന്നൊരാൾ. ഒരുത്തരം മതി. ആ ഉത്തരം വേണം. കാടിനോടും കാറ്റിനോടും അയാൾ ചോദിച്ചു, ഞാനാരാണ്?
ഉത്തരം കിട്ടിയത് അമ്മയിൽ നിന്നാണ്: ‘ജ്ഞാനിയെ കിട്ടാൻ വിദുരരെ സ്വീകരിച്ചു. പിന്നെ രാജാവിനു വേണ്ടത് ശക്തനെയായിരുന്നു. വായുദേവനെപ്പോലെ ശക്തൻ. കയ്യൂക്കുള്ളവൻ.’
‘അതാരായിരുന്നു?’
‘കൊടുംകാട്ടിൽ നിന്ന് അദ്ദേഹം കയറിവന്നു. ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ. പേരറിയാത്തൊരു കാട്ടാളൻ.’
നിലച്ച കാറ്റിൽ കാട് നിവർന്നു നിന്നു. ഭീമൻ തല കുമ്പിട്ടു. സ്വയമറിഞ്ഞ നടുക്കത്തിൽ അയാൾ മെല്ലെ നിവർന്നു. എന്നിട്ടു പറഞ്ഞു– ‘‘കഥകൾ ഒരിക്കലും അവസാനിക്കില്ലെന്ന്, സൂതരേ നിങ്ങൾ പറയാറുള്ളതു പോലെ ഭീമസേനന്റെ കഥയും അവസാനിക്കുന്നില്ല. യാത്രാമംഗളം തോഴരേ, നിങ്ങൾക്കും എനിക്കും’’
കിരീടം ഊരി വച്ച് ഭീമൻ പിൻവാങ്ങി. അവസാനമില്ലാതെ കഥകൾ തിരയടിച്ചുതുടർന്നു. ആ കഥകളുടെ മലയാളത്തിന് പ്രണാമമർപ്പിച്ച മോഹൻലാലിന്റെ മടക്കം.
English Summary : Mohanlal as Bheemasenan, Kadhayattam By Mohanlal, 10 Novel 10 Characters One And Only Actor