ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നിങ്ങളെക്കുറിച്ച് മറ്റാര്‍ക്കും അറിയാത്ത വസ്തുതകള്‍ മറ്റുള്ളവരോട് 

പറയാന്‍ ധൈര്യമുണ്ടാകട്ടെ എന്ന പ്രതീക്ഷയില്‍ എന്നെക്കുറിച്ച് നിങ്ങള്‍ക്കറിവില്ലാത്ത കാര്യങ്ങള്‍ ഞാന്‍ പറയുകയാണ്.

 

അലന്‍ ഡേവീസ് എഴുതുന്നത് ഭംഗിവാക്കല്ല; അക്ഷരാര്‍ഥത്തില്‍ ഒരു ഹാസ്യകഥാപാത്രത്തെക്കുറിച്ച് ആര്‍ക്കും അറിവില്ലാത്ത കഥകള്‍. ഞെട്ടിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, ജീവിതം എന്ന ദുസ്വപ്നത്തെക്കുറിച്ചോര്‍മിപ്പിച്ച് അസ്വസ്ഥമാക്കുന്ന ജീവചരിത്രം. 

 

54-ാം വയസ്സില്‍ ബ്രിട്ടനിലെങ്ങും അറിയപ്പെടുന്ന പ്രശസ്ത ടെലിവിഷന്‍ കൊമേഡിയനാണ് അലന്‍ ഡേവിസ്. സ്റ്റാന്‍ഡ് അപ് കോമഡി രംഗത്തെ അറിയപ്പെടുന്ന താരവും. എന്നാല്‍ എഴുത്തുകാരന്‍ എന്നു കൂടി വിലാസമുള്ള അലന്‍ ഡേവിസിന്റെ രണ്ടാമത്തെ ആത്മകഥ  ഒരാളെ ജയിലിലേക്ക് അയയ്ക്കാന്‍ പര്യാപ്തമാണ്. ഇപ്പോള്‍ 80 വയസ്സുള്ള സ്വന്തം പിതാവിനെ. ബാലലൈംഗിക പീഡനത്തിന്റെ പേരില്‍. ജയിലഴികളിലെ ജീവിതത്തില്‍ നിന്ന് അലന്റെ പിതാവ് രക്ഷപ്പെടാന്‍ ഒരേയൊരു കാരണമേയുള്ളൂ: മറവിരോഗം. അലന്റെ അത്മകഥ വായിച്ച് കുറ്റപ്പെടുത്തുന്ന വിരലുകളുമായി ലോകം തന്നെ തുറിച്ചുനോക്കുന്നതറിയാതെ അദ്ദേഹം അനിവാര്യമായ അന്ത്യത്തിനുവേണ്ടി കാത്തിരിക്കുമ്പോള്‍ അലന്‍ ക്രൂരമായ വാക്കുകളുമായി സ്വന്തം ജീവിതം പറയുന്നു. കരഞ്ഞുറങ്ങിയ രാത്രികളെക്കുറിച്ചും മുറിവേറ്റുണര്‍ന്ന പ്രഭാതങ്ങളെക്കുറിച്ചും സ്വപ്നങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഉറക്കത്തെക്കുറിച്ചും. 

 

നിശ്ശബ്ദതതയുടെ ശത്രുവാണ് താന്‍ എന്നു സ്വയം വിശേഷിപ്പിച്ചിട്ടുള്ള അലന്‍ ‘ ജസ്റ്റ് ഇഗ്‍നോര്‍ ഹിം’ എന്നു പേരിട്ട ആത്മകഥയിലാണ് തന്റെ പിതാവിനെതിരെയുള്ള കുറ്റപത്രം നിരത്തുന്നത്. 

just-ignore-him

 

ചിരിപ്പിക്കാന്‍ പിറന്ന അലന്‍ ഡേവിസിന് ആറു വയസ്സുള്ളപ്പോഴാണ് ലുക്കീമിയ ബാധിച്ച് അമ്മയുടെ മരണം. അമ്മ ആശുപത്രിയില്‍ നിന്നെഴുതിയ കത്ത് വര്‍ഷങ്ങള്‍ക്കുശേഷം വായിച്ചപ്പോഴാണ് അച്ഛന്‍ ചെയ്ത തെറ്റിനെക്കുറിച്ച് അലന്‍ അറിയുന്നത്. അമ്മയുടെ രോഗം ഗുരുതരമാണെന്നോ അവര്‍ മരണത്തെ സമീപിക്കുകയാണെന്നോ മക്കളോട് ഒരിക്കലും പിതാവ് പറഞ്ഞില്ല. ആ അറിവിന്റെ ആഘാതം മക്കള്‍ക്കുണ്ടാകാതിരിക്കട്ടെ എന്നു കരുതിയല്ല പകരം ആ ജന്‍മം തുലയട്ടെ എന്ന ചിന്തയില്‍. താന്‍ ക്ഷീണിതയാകുന്നു എന്നും തന്റെ രോഗം ഗുരുതരമാണെന്നും അമ്മ എഴുതിയ കത്താണ് അലന്‍ പിന്നീട് വായിച്ചത്. പിതാവ് മക്കളില്‍നിന്നു മറച്ചുവച്ച എഴുത്ത്. ആ കത്തെഴുതി രണ്ടാഴ്ചയ്ക്കകം അമ്മ മരിച്ച വാര്‍ത്തയാണ് അലനെയും സഹോദരങ്ങളെയും തേടിയെത്തിയത്. 

 

രണ്ടു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ എട്ടാം വയസ്സു മുതല്‍ അലന് അനുഭവിക്കേണ്ടിവന്നത് പിതാവിന്റെ ലൈംഗിക പീഡനം. 13 വയസ്സു വരെ തുടര്‍ന്ന കനിവറ്റ ‘ സ്നേഹലാളനകള്‍’. 

മറ്റു രണ്ടു മക്കളും ഉറക്കം തുടങ്ങിയെന്നുറപ്പാക്കി അദ്ദേഹം അലന്റെ മുറിയില്‍ എത്തുമായിരുന്നു. മകന്റെ പൈജാമ അഴിപ്പിക്കുന്ന പിതാവ് അവനോട് പറഞ്ഞത് ഒരു പ്രത്യേകതരം ലാളനയ്ക്ക് ഒരുങ്ങാന്‍. 

 

മറ്റാര്‍ക്കും നല്‍കാത്ത ലാളനയാണെന്നും ഒരിക്കലും ആരോടും വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെടാനും അദ്ദേഹം മറന്നില്ല. ഇപ്പോഴാണ് അലന്‍ പിതാവിനോടുള്ള വാക്കു തെറ്റിക്കുന്നത്; തന്റെ ആത്മകഥയിലൂടെ. അപ്പോഴേക്കും പിതാവ് ആരോപണങ്ങള്‍ അറിയാത്ത ലോകത്ത് വിസ്മൃതിയുടെ സുഖസുഷുപ്തിയിലായിക്കഴിഞ്ഞു. 

 

ആത്മകഥയിലൂടെ പീഡന വിവരം പുറത്തുവന്നതോടെ അലന്റെ പിതാവിനെ അറസ്റ്റ് ചെയ്യാന്‍ മുറവിളി ഉയര്‍ന്നു. എന്നാല്‍ വിചാരണയ്ക്ക് ഹാജരാകാനോ ചോദ്യങ്ങള്‍ക്കു മറുപടി പറയാനോ ഉള്ള ശാരീരിക- മാനസികാവസ്ഥയില്‍ അല്ലാത്തതുകൊണ്ടുമാത്രം അദ്ദേഹത്തെ വെറുതെവിടുകയായിരുന്നു. അതുതന്നെയാണ് അലനും പറയുന്നത്: ജസ്റ്റ് ഇഗ്‍നോര്‍ ഹിം. അയാളെ വെറുതെവിടുക. 

 

മൂന്നു വര്‍ഷം മുന്‍പുള്ള ഒരു അനുഭവത്തില്‍നിന്നുമാണ് അലന്‍ തന്റെ കഥ തുടങ്ങുന്നത്. കാറില്‍ വലിയൊരു കവര്‍ ദേഹത്തോടടുക്കിപ്പിടിച്ചിരിക്കുകയാണ് അദ്ദേഹം. വേഗത്തില്‍ മിടിക്കുന്ന ഹൃദയവുമായി. പൊലീസ് ഏതു നിമിഷവും തന്നെ അറസ്റ്റ് ചെയ്തേക്കാമെന്ന ഭീതിയുമായി. അദ്ദേഹത്തിന്റെ കയ്യിലുള്ള കവറിലുള്ളത് ആണ്‍കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍. പിതാവിന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ശേഖരിക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കല്‍ പ്രിന്റര്‍ തകരാറിലായപ്പോള്‍ രണ്ടാനമ്മയാണ് അതു കണ്ടുപിടിക്കുന്നത്. അവരാണ് അലന് ചിത്രങ്ങള്‍ കൈമാറിയത്. പിതാവ് പാരമ്പര്യമായി കൈമാറിയ ‘വിലപ്പെട്ട സ്വത്തുമായി’ മകന്‍ പൊലീസിനെ പേടിച്ചിരിക്കുക. 

 

അനുഭവങ്ങള്‍ എന്തുമായിക്കോട്ടെ. ഓര്‍മയില്‍ പോലും അവ പീഡിപ്പിക്കുന്നതു തുടര്‍ന്നോട്ടെ. ചിരിക്കാതെ ചിരിപ്പിക്കുകയായിരുന്നു അലന്‍; കോമഡി ഷോകളിലൂടെ. എന്നാല്‍ ജസ്റ്റ് ഇഗ്‍നോര്‍ ഹിം എന്ന ആത്മകഥ വായിക്കുന്നവര്‍ ദേഷ്യം കൊണ്ട് പല്ലിറുമ്മാം. ധാര്‍മിക രോഷം നിയന്ത്രിക്കാന്‍ കഷ്ടപ്പെടാം. നിറയുന്ന കണ്ണുകളെ തടയാനാവാതെ പുസ്തകം അടച്ചുവച്ചേക്കാം; വീണ്ടുമൊരിക്കല്‍ക്കൂടി വായിക്കാനായി. അലന്‍, അയാളെ വെറുതെ വിടാന്‍ ഞങ്ങള്‍ ഒരുക്കമല്ല എന്നാവര്‍ത്തിച്ചുകൊണ്ട്. ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട് എന്നോര്‍മ്മിപ്പിച്ച്. 

 

English Summary: Just Ignore Him Book by Alan Davies

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com