മങ്ങാതെ കഥയുടെ പരിമളം; പി.എൻ. വിജയന് സപ്തതി
Mail This Article
തൊണ്ണൂറുകളുടെ പകുതിയിലാണ്. പി.എൻ. വിജയന്റെ രണ്ടാമത്തെ കഥാസമാഹാരം പ്രകാശനം ചെയ്യാൻ എൻ.പി. മുഹമ്മദിനെ ക്ഷണിക്കാൻ ചെന്നതായിരുന്നു. അദ്ദേഹം പുസ്തകം മറിച്ചുനോക്കി ആദ്യം ചോദിച്ചത് ഇതിലെന്താണ് ‘സിന്ദൂരപ്പൊട്ടുതൊട്ട അതിഥി’ ഉൾപ്പെടുത്താതിരുന്നതെന്നാണ്. അതിനു മുമ്പിറങ്ങിയ സമാഹാരത്തിലും ഈ കഥ ഉണ്ടായിരുന്നില്ല. അതുകഴിഞ്ഞ് പ്രകാശനച്ചടങ്ങിനിടെ തനിക്കും സംസാരിക്കണമെന്നു പറഞ്ഞ് രണ്ടു മിനിറ്റ് സമയം ചോദിച്ചുവാങ്ങിയ കഥാകൃത്ത് ടി.വി. കൊച്ചുബാവയ്ക്കും ചോദിക്കാനുണ്ടായിരുന്നത് ആ കഥ എവിടെ എന്നായിരുന്നു.
ഏറെ ചർച്ച ചെയ്യപ്പെട്ട ആ കഥ സമാഹാരങ്ങളിൽ ഉൾപ്പെടുത്താതിരുന്നതിന് ഒരു കാരണമുണ്ടായിരുന്നു. 1986ൽ ആണ് കഥ പ്രസിദ്ധീകരിക്കുന്നത്. ഇഎംഎസിന്റെ ആദ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ബംഗാളിൽനിന്നെത്തുന്ന ബാലന്റെ കഥയായിരുന്നു സിന്ദൂരപ്പൊട്ടുതൊട്ട അതിഥി. നിന്റെ അച്ഛന്റെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുമ്പോൾ നീ അവിടെയുണ്ടാകണം എന്നു പറഞ്ഞ് ഒരു പൊതിച്ചോറും കുറച്ചു ചില്ലറ നാണയങ്ങളുമായി അവനെ കൊൽക്കത്തയിൽനിന്നു ട്രെയിൻ കയറ്റിവിടുന്നത് അവന്റെ ബംഗാളിയായ അമ്മയാണ്. മരിച്ചുപോയ തന്റെ അച്ഛന്റെ നാട്ടിലേക്ക് ട്രെയിനുകൾ മാറിക്കയറിയും പട്ടിണി കിടന്നും അവനെത്തുമ്പോൾ അവിടെ സത്യപ്രതിജ്ഞയുടെ പ്രഭാതമായിരുന്നു. അച്ഛനാഗ്രഹിച്ച ചുവന്ന പ്രഭാതം. ഇഎംഎസിനും ടി.വി.തോമസിനും ഗൗരിയമ്മയ്ക്കും വേണ്ടി മുദ്രാവാക്യം വിളിച്ചുനീങ്ങുന്ന ജനപ്രവാഹത്തിനിടയിൽ അവൻ ഉറക്കെ അവന്റെ അച്ഛന്റെ പേരുകൂടി വിളിച്ചുപറയുന്നു. ഇതുകേട്ടു തെറ്റിദ്ധരിച്ച ആൾക്കൂട്ടത്തിന്റെ അടിയേറ്റ് അവൻ നിലത്തുവീഴുന്നു. അതു തന്റെ പിതാവിന്റെ പേരാണെന്നും അദ്ദേഹം ടി.വി. തോമസിന്റെ സുഹൃത്താണെന്നുമൊക്കെ അവൻ പറയുന്നുണ്ടെങ്കിലും അവന്റെ ആത്മാവിന്റെ ഭാഷ അവർക്കു മനസ്സിലാകുന്നില്ല. വീണുകിടക്കുന്ന അവനെ ചവിട്ടയരച്ചുകൊണ്ട് ജാഥ കടന്നുപോകുന്നിടത്താണ് കഥ അവസാനിക്കുന്നത്.
കഥ ഏറെ ശ്രദ്ധിക്കപ്പെട്ടു. കമ്യൂണിസ്റ്റുകളുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥയായിരുന്നെങ്കിലും ആ കുട്ടിയെപ്പോലെ കഥയും തെറ്റിദ്ധരിക്കപ്പെട്ടു. രൂക്ഷമായി ആക്രമണമാണ് കഥയ്ക്കെതിരെ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങൾ നടത്തിയത്. കമ്യൂണിസ്റ്റ് വിരുദ്ധ രചാനാഭാസമെന്ന് അവർ കഥയെ വിശേഷിപ്പിച്ചു. തനിക്കും ഏറെ പ്രിയപ്പെട്ട കഥയാണെങ്കിലും ഇതോടെ കഥാകൃത്തിനും സന്ദേഹമായി. അതോടെ സമാഹാരങ്ങളിൽനിന്ന് കഥ മാറ്റിനിർത്തപ്പെട്ടു. ഇതിനിടെയാണ് എൻ.പി.മുഹമ്മദും കൊച്ചുബാവയും അതുപോലെ മറ്റനേകം പേരും ഈ കഥ എവിടെ എന്നു ചോദിക്കുന്നത്. കഥാകൃത്ത് ആശയക്കുഴപ്പത്തിലായി. ഒടുവിൽ കഥാകൃത്ത് ഒരു കാര്യം ചെയ്തു. സാക്ഷാൽ ഇഎംഎസിന് ഈ കഥയും ഒപ്പം ഒരു കത്തും അയച്ചുകൊടുത്തു. കത്തിൽ ഒറ്റച്ചോദ്യമാണുണ്ടായിരുന്നത്. ഈ കഥ നല്ല കമ്യൂണിസ്റ്റുകളെ വേദനിപ്പിക്കുമോ?

ഇഎംഎസ് എഴുതി; കമ്യൂണിസ്റ്റുകാരെ ഈ കഥ വേദനിപ്പിക്കേണ്ടതില്ല
വൈകാതെ ഇഎംസിന്റെ മറുപടി വന്നു. ‘‘കഥ ഞാൻ വായിച്ചു. എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഈ കഥ ഒരു കമ്യൂണിസ്റ്റിനെയും വേദനിപ്പിക്കേണ്ടതില്ല. തീർച്ചയായും അടുത്ത സമാഹാരത്തിൽ ഈ കഥ ഉൾപ്പെടുത്തണം.’’ അതോടെ കഥാകൃത്തിന് ആത്മവിശ്വാസമായി. അടുത്ത കഥാസമാഹാരം ആ പേരിൽ തന്നെ പുറത്തുവന്നു.

കഥകളും ജീവിതവും ഒരു മുറിവും ബാക്കിയാക്കരുതെന്ന ജീവിതാദർശവുമായി പി.എൻ. വിജയൻ എന്ന ആ കഥാകൃത്ത് സപ്തതിയിൽ എത്തിയിരിക്കുന്നു. മലപ്പുറം മഞ്ചേരിക്കടുത്ത കാരക്കാട്ടെ വീട്ടിൽ ഇന്നലെയായിരുന്നു എഴുപതാം പിറന്നാൾ ആഘോഷം. കഥയിലൂടെ മാത്രം വായനക്കാരോടു സംസാരിച്ചിട്ടുള്ള കഥാകൃത്ത്, സപ്തതി ആഘോഷിക്കുന്നതും മൂന്നു പുസ്തകങ്ങൾ പുറത്തിറക്കിക്കൊണ്ടാണ്. ‘മറ്റൊരിടത്തു കാണാം’ എന്ന കഥാസമാഹാരവും ഭഗവദ് ഗീതയുടെ മലയാളം പരിഭാഷയുടെ മൂന്നാം പതിപ്പും ‘അക്ഷരമാല’ എന്ന ബാലസാഹിത്യ കൃതിയും.
കഥാഭരിതമായ രണ്ടു പതിറ്റാണ്ട്, നിശ്ശബ്ദതയുടെ പതിനഞ്ചാണ്ട്
എൺപതുകളിലും തൊണ്ണൂറുകളിലും ഏറെ ശ്രദ്ധിക്കപ്പെട്ട കഥകളെഴുതിയ എഴുത്തുകാരനാണ് പി.എൻ.വിജയൻ. നൂറ്റിയൻപതോളം കഥകളാണ് ഇക്കാലയളവിൽ അദ്ദേഹം എഴുതിയത്. ഏറെയും മലയാളത്തിലെ മുൻനിര പ്രസിദ്ധീകരണങ്ങളിലാണ് അച്ചടിച്ചുവന്നത്. ‘ഭാരതപ്പുഷ’ എന്ന ഒറ്റക്കഥ മതി അദ്ദേഹത്തിന് മലയാള ചെറുകഥാചരിത്രത്തിൽ ഇടം ലഭിക്കാൻ. ജ്ഞാനപീഠ സമിതി പ്രസിദ്ധീകരിക്കുന്ന ഭാരതീയ ഭാഷകളിലെ മികച്ച കഥകളുടെ വാർഷിക സമാഹാരമായ ‘ഭാരതീയ കഹാനിയാ’മിൽ 1986ൽ ‘സിന്ദൂരപ്പൊട്ടുതൊട്ട അതിഥി’ മലയാളത്തെ പ്രതിനിധീകരിച്ചു. 1999ൽ ‘ശ്വാസകോശത്തിൽ ഒരു ശലഭം’ ദക്ഷിണേന്ത്യൻ കഥാമത്സരത്തിൽ പുരസ്കാരം നേടി. തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളിലേക്ക് കഥകൾ മൊഴിമാറ്റപ്പെട്ടു. ഭാരതപ്പുഷ, സിന്ദൂരപ്പൊട്ടുതൊട്ട അതിഥി, കഥായനം, ശ്വാസകോശത്തിൽ ഒരു ശലഭം, ഡൽഹൗസി സ്ക്വയർ മുതൽ ആണ്ടിപ്പെട്ടി വരെ എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.
കഥാഭരിതമായ രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം പി.എൻ.വിജയൻ പതുക്കെ മൗനത്തിലേക്കു വീണു. 2004ൽ ആണ് അദ്ദേഹത്തിന്റെ ഒരു കഥ അവസാനമായി അച്ചടിച്ചുവരുന്നത്. കഥയുടെ മാറുന്ന ഭാവുകത്വങ്ങളെ കണ്ടുനിൽക്കുകയാണെന്നാണ് കഥാകൃത്ത് പറയുന്നത്. പുതിയ സുഹൃത്തുക്കൾ എഴുതുന്നതുപോലെ എഴുതാൻ കഴിയുന്നില്ലല്ലോ എന്നു സങ്കടമുണ്ടെന്നും അദ്ദേഹം പറയുന്നു. അവർ സൃഷ്ടിക്കുന്ന എഴുത്തിന്റെ പുതിയ മാതൃകകളോട് ഇഷ്ടവുമുണ്ട്. പക്ഷേ, ഈ ആധികൾക്കിടയിലും അദ്ദേഹം എഴുതാതിരുന്നിട്ടില്ല. പ്രസിദ്ധീകരിച്ചിട്ടില്ലെന്നേയുള്ളൂ. ഈ കാലയളലിലെഴുതിയ കഥകളാണ് ഇന്നലെ പുറത്തിറങ്ങിയ മറ്റൊരിടത്തു വീണ്ടും എന്ന സമാഹാരത്തിലുള്ളത്. പുതിയ വായനക്കാരുടെ അഭിരുചികൾക്കനുസരിച്ച് എഴുതാനാവുന്നില്ലെന്നു സ്വയം നിശ്ചയിച്ച എഴുത്തുകാരനോട്, അങ്ങനയല്ലെന്ന് വായനക്കാർക്കു പറയാൻ ഈ സമാഹാരം സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ എഴുത്തുകാരുടെ പ്രത്യാശ.
ഇന്നലെയുടെ നന്മകളിൽനിന്ന് നാളെയുടെ പ്രതീക്ഷകളിലേക്ക്
നാട്ടുനന്മകളുടെ നറുമണം പി.എൻ.വിജയന്റെ കഥകളിൽ എമ്പാടുമുണ്ട്. നാഗരികതയും ഗ്രാമീണതയും തമ്മിലുള്ള പാരസ്പര്യമില്ലായ്മയും പല കഥകളിലും കടന്നുവരുന്നു. നഷ്ടസംസ്കൃതിയെക്കുറിച്ചുള്ള വേദനയും ഗൃഹാതുരത്വവും അദ്ദേഹത്തിന്റെ കഥകളിൽ അനായാസം വായിച്ചെടുക്കാമെങ്കിലും അവ ഇന്നിനെ നിഷേധിക്കുകയോ നാളെയെ നിരാകരിക്കുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. ‘നാളേക്കുള്ള ഞാറ്’ എന്ന കഥയിൽ ചവിട്ടിമെതിക്കപ്പെട്ട നെൽപ്പാടത്തിൽ നടാനുള്ള ഞാറ് എടുത്തുനൽകുന്നത് കഥയിലെ വൃദ്ധനായ കഥാപാത്രത്തിന്റെ പേരക്കുട്ടികളാണ്. ‘സ്വപ്നം കണ്ടുകൊണ്ട് ഒരു മുത്തശ്ശിപ്രതിമ’യിൽ മുത്തശ്ശിക്ക് കത്തെഴുതാനായി മാത്രം അമേരിക്കയിലുള്ള പേരക്കുട്ടി മലയാളം പഠിച്ചെടുക്കുന്നുണ്ട്. ഒറൈസ സറ്റീവയിലെ അന്നപൂർണ എന്ന പെൺകുട്ടിയും പ്രതീക്ഷയുടെ ഈ തലമുറയെ ആണു പ്രതിനിധീകരിക്കുന്നത്. പാറക്കെട്ടുകൾക്കിടയിൽ വിടർന്നുനിൽക്കുന്ന പൂവ് എന്നാണ് എം.കൃഷ്ണൻ നായർ ഈ കഥയെ വിശേഷിപ്പിച്ചത്.
അധ്യാപകൻ, അധ്യാപക കഥകൾ
ഔദ്യോഗിക ജീവിതത്തിൽ ഏറെക്കാലവും റെയിൽവേ സ്കൂൾ അധ്യാപകനായിരുന്ന പി.എൻ.വിജയന്റെ കഥകളിലും അധ്യാപക ജീവിതാനുഭവങ്ങൾ കടന്നുവരുന്നുണ്ട്. അദ്ദേഹത്തിന്റെ കഥകളുടെ ഒരു പ്രധാന ധാര ഈ കഥകളാണ്. കോൺവെന്റ് വിദ്യാഭ്യാസവും അത് ഭാഷയ്ക്കും സംസ്കാരത്തിനും ഏൽപ്പിക്കുന്ന ക്ഷതങ്ങളുമാണ് ഈ കഥകളിലേറെയും. അതദ്ദേഹം കുറിച്ചെടുത്തത് തന്റെ അധ്യാപക ജീവിതത്തിൽനിന്നു തന്നെയാണ്. ഇത്രയൊക്കെ ബുദ്ധിമുട്ടി ഇവിടെ വീണ്ടുമൊരു കോളനി പണിയുന്നതിലെ താൽപര്യം തനിക്കു മനസ്സിലാകുന്നില്ല എന്ന് ഒരു കഥയിൽ കഥാകൃത്ത് പറയുന്നുണ്ട്.
ഭാരതപ്പുഷയെ ഈ പരമ്പരയിലെ പ്രമുഖ കഥയായി പറയാമെങ്കിലും അതിനപ്പുറത്തുള്ള സാംസ്കാരിക, പാരിസ്ഥിതിക പ്രസക്തികൾ ആ കഥയ്ക്കുണ്ട്. നാമിന്ന് സിന്ധു നദീതട സംസ്കാരം പഠിക്കുന്നതു പോലെയാണ് ’വരാനിരിക്കുന്ന’ വിദ്യാർഥികളായ റോങ്ഷിയും ഹിഫാൾട്ടിയും ‘ഭാരതപ്പുഷ’യെക്കുറിച്ചു പഠിക്കുന്നത്. വറ്റുവരണ്ടുപോയത് പുഴ മാത്രമല്ല, സംസ്കാരവും ഭാഷയും കൂടിയാണെന്ന് മാറ്റിയിടപ്പെട്ട ‘ഷ’ എന്ന ഒരക്ഷരം കൊണ്ട് കഥാകൃത്ത് സൂചിപ്പിക്കുന്നുണ്ട്.
ശ്വാസകോശത്തിൽ ഒരു ശലഭം, ഡീലക്സ് ലക്‌ഷ്വറി കോച്ച്, ഒറൈസ സറ്റീവ എന്നീ കഥകളും സമാനാനുഭവങ്ങൾ പങ്കുവയ്ക്കുന്നവയാണ്.
കഥയ്ക്കപ്പുറം
സ്വന്തം നാടായ കാരക്കാടിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ കഥകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മഞ്ചേരിയുടെ ഫുട്ബോൾ കളിയുടെ പശ്ചാത്തലത്തിലെഴുതിയതാണ് ‘പന്ത് ഉരുളുകയാണ്’ എന്ന നോവൽ. തർപ്പണം, ഇനി മടങ്ങാം, അനാഥം എന്നിവയാണ് മറ്റു നോവലുകൾ. കവിതായനം എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്ഷരശ്ലോക സദസ്സുകളിൽ സജീവമായിട്ടുള്ള അദ്ദേഹം, അവർക്കുവേണ്ടി ആയിരത്തിലേറെ ശ്ലോകങ്ങളും രചിച്ചിട്ടുണ്ട്. ഭഗവദ് ഗീതയുടെ മലയാള പരിഭാഷയ്ക്കൊപ്പം പുറത്തിറക്കിയ ഇംഗ്ലിഷ് പരിഭാഷയും അതിന്റെ ലാളിത്യംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. ഇംഗ്ലിഷിലും മലയാളത്തിലും ഏറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
മദ്രാസ് കേരള സമാജം കവിതാ പുരസ്കാരം, ചെറുകാട് ട്രസ്റ്റ് പുരസ്കാരം, കോയമ്പത്തൂർ മലയാളി സമാജം പുരസ്കാരം, കഥാരംഗം പുരസ്കാരം തുടങ്ങിയവ നേടി. പോത്തന്നൂരിൽ റെയിൽവേ സ്കൂൾ അധ്യാപകാനായിരിക്കേ, ദേശീയ അധ്യാപക പുരസ്കാരത്തിനും അർഹനായി.
15 വർഷത്തെ നിശ്ശബ്ദതയെ അദ്ദേഹം ആദ്യം ഭേദിച്ചത് നൊബേൽ ജേതാവ് ആലീസ് മൺറോയുടെ ഡാൻസ് ഓഫ് ഹാപ്പി ഷേഡ്സ്, സന്തുഷ്ട നിഴലുകളുടെ നൃത്തം എന്ന പേരിൽ പരിഭാഷപ്പെടുത്തിക്കൊണ്ടായിരുന്നു. നേരത്തേ പതിനഞ്ചോളം പരിഭാഷാ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
പുതിയ കാലം കഥാകൃത്തിനെ ആധി പിടിപ്പിക്കുന്നുവെന്ന് നിരൂപകർ പറയുമ്പോഴും ഈ കാലത്തിന്റെയും നൻമകളെ പ്രതീക്ഷയോടെ കാണുകയാണ് കഥാകൃത്ത്. ഓക്സിജൻ പായ്ക്കറ്റിനു വേണ്ടി ക്യൂനിൽക്കുന്ന ദമ്പതികളെക്കുറിച്ച് 35 വർഷം മുൻപ് നാഴികമണി എന്ന പ്രവചന സ്വഭാവമുള്ള കഥയെഴുതിയ എഴുത്തുകാരന് ഏതുകാലവും നന്മയുടെ അടയാളങ്ങൾ ശേഷിപ്പിക്കുന്നു എന്ന വിശ്വാസമാണുള്ളത്. അദ്ദേഹം ഉപസംഹരിക്കുന്നതും അങ്ങനെത്തന്നെയാണ്.
‘‘എല്ലാ എഴുത്തുകാരും കലാകാരൻമാരും അങ്ങനെത്തന്നെയാണല്ലോ. നാളെയെക്കുറിച്ചവർക്ക് പ്രതീക്ഷയും പ്രത്യാശയും ഉണ്ടാകുമല്ലോ. വരാനുള്ള നല്ല കാലത്തിനായി തിരികത്തിച്ചു നിൽക്കുകയാണല്ലോ എല്ലാവരും...’’
Content Summary: 70th birtday of writer P N Vijayan