ADVERTISEMENT

ജനുവരി, 2023.

ലണ്ടൻ പര്യടനത്തിന്റെ രണ്ടാം ദിനം.

മിൽട്ടൺ കീൻസ് പട്ടണത്തിൽനിന്ന് അതിവേഗ ട്രെയിനിൽ ലണ്ടൻ നഗരത്തിലേക്കുള്ള പ്രഭാതയാത്രയിൽ മൂടൽമഞ്ഞിന്റെ പുതപ്പിനടിയിൽ സൂര്യനെ കാണാം. വഴിയരികിൽ വടിവൊത്ത പുൽമേടുകളും പൗരാണിക ശേഷിപ്പുകളും. ‘ബേക്കർ തെരുവിൽ മൂടൽമഞ്ഞിനിടയിലൂടെ നടക്കുന്ന മനുഷ്യർ പ്രേതരൂപങ്ങളെ പോലെ തോന്നിച്ചു’ - ഒരിക്കൽ ആർതർ കോനൻ ഡോയൽ എഴുതി. അതിലൊരാൾ ഷെർലക്ക് ഹോംസിന്റെ കക്ഷിയാണ്. കാര്യമറിയുമ്പോൾ ഹോംസ് വിരസത വെടിഞ്ഞ് ആവേശം കൊള്ളുന്നു. ഒരു കഥയുടെ വിത്ത് വീണു കഴിഞ്ഞു. ‘മിസ്റ്റ്’ എന്ന വാക്കിൽ നിന്നാണ് ‘മിസ്റ്ററി’ ഉണ്ടായത്. മൂടുപടം നീക്കി വെളിച്ചം തെളിക്കുകയാണ് കുറ്റാന്വേഷകന്റെ കർത്തവ്യം. സമാനമാണ് സഞ്ചാരിയായ അന്വേഷകന്റെ വഴിയും. രാവിലെ യാത്ര തുടങ്ങുമ്പോൾ അജ്ഞാതമായ നഗരം മനസ്സിൽ ഒരു മഞ്ഞുപുതപ്പിന്റെ ഉള്ളിലായിരിക്കും. ഭയവും അപരിചത്വവും മറികടന്ന് യാത്രികൻ മുന്നോട്ട്. കടൽ പോലെയുള്ള വൻനഗരത്തിൽ സൂചനകൾ വായിച്ചെടുത്ത് അയാൾ ലക്ഷ്യം കാണുന്നു.

sherlock-two
ബേക്കർ സ്ട്രീറ്റ് സ്റ്റേഷനു മുന്നിൽ ഷെർലക്കിന്റെ പ്രതിമ

സായന്തനത്തിൽ മടങ്ങുമ്പോൾ മനസ്സിലെ നഗരത്തിന്റെ ഇരുണ്ട തെരുവുകളിൽ വെളിച്ചം വീണിട്ടുണ്ട്. പ്രഭാതത്തിലെ മൂടൽമഞ്ഞ് അപ്രത്യക്ഷമായി. ഇന്നത്തെ അന്വേഷണം കഴിഞ്ഞു. നാളെ രാവിലെ മറ്റൊന്ന് തുടങ്ങും, മഞ്ഞ് വീണ്ടും വരും.

ട്രെയിൻ യൂസ്റ്റൺ സ്റ്റേഷനിൽ പ്രവേശിച്ചു. ഷെർലക്കിന്റെ ലോകത്ത് സഞ്ചരിക്കുന്നവർക്ക് വിക്ടോറിയൻ റെയിൽവേയെ അവഗണിക്കാനാവില്ല. ആകെയുള്ള അറുപത് കഥകളിൽ നാൽപത്തൊന്നിലും പരാമർശിച്ച ബ്രിട്ടിഷ് റെയിൽ സംവിധാനം കേസിന്റെ ഗതിയെ സ്വാധീനിക്കുന്നു. നഗരപരിധിയിലും നഗരപ്രാന്തത്തിലും അങ്ങു ദൂരെ പട്ടണത്തിലും ഗ്രാമത്തിലും ചതുപ്പിലും കടൽത്തീരത്തും (ഓക്സ്ഫഡ്, കോൺവാൾ, ഡാർട്ട്മൂർ, സസെക്സ്) ചെന്നെത്താൻ തീവണ്ടി സഹായിച്ചു. വേഗം കുറഞ്ഞ കാലത്ത് കുറ്റാന്വേഷകനും സഹചാരിക്കും ചടുലത നൽകി. കൽക്കരിയുടെ കനലുകൾ ജ്വലിച്ചു വെള്ളം തിളച്ചു നീരാവിയാൽ ചലിക്കുന്ന സ്റ്റീം എൻജിൻ ലോക്കോമോട്ടീവ് വെളുത്ത പുകതുപ്പി ഗ്രാമപ്രകൃതിയിലൂടെ നീങ്ങുന്ന ദൃശ്യം വിലോഭനീയം. അകത്ത് ചർച്ചയിൽ മുഴുകിയ ഹോംസും വാട്സനും. ‘മരണക്കെണി’യിൽ ആവിയന്ത്രം ഘടിപ്പിച്ച പ്രത്യേക തീവണ്ടി ഏർപ്പാടാക്കി ഹോംസിനെ വേട്ടയാടുന്ന മൊറിയാർട്ടി. ഗയ് റിച്ചിയുടെ സിനിമകൾ വിക്ടോറിയൻ റെയിൽ ദിനങ്ങളുടെ വലുപ്പം കാണിച്ചു തരുന്നു.

sherlock-one
പിക്കാഡിലി സർക്കസ്

എന്നാൽ 1880 കളിൽ ഹോംസ് ലണ്ടനിൽ വാസം തുടങ്ങുന്നതിനു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ടാറിടാത്ത കുണ്ടും കുഴിയും നിറഞ്ഞ നിരത്തിൽ കുതിരകൾ വലിക്കുന്ന സ്റ്റേജ് കോച്ചുകൾ - അതായിരുന്നു ബ്രിട്ടിഷ് ദ്വീപിലെ പട്ടണങ്ങളുടെ ഇടയിലുള്ള പ്രധാന ഗതാഗത മാർഗം. ഒച്ചിഴയുന്ന വേഗതയിൽ വണ്ടികൾ പണിമുടക്കാം; കുതിരകൾ തളരാം, ചാകാം. വഴിയിൽ തസ്കര ഭീഷണിയുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റിച്ചാർഡ് ട്രെവിത്തിക്ക് നിർമിച്ച്, ജോർജ് സ്റ്റീവൻസൺ പ്രചാരത്തിലാക്കിയ സ്റ്റീം ലോക്കോമോട്ടീവ് വ്യവസായ വിപ്ലവത്തിന്റെ ചുവടുപിടിച്ച് പുരോഗതി നേടി. 1830-ൽ ലിവർപൂൾ-മാഞ്ചസ്റ്റർ റെയിൽപാത തുറന്നു. 1837-ൽ വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണം ബ്രിട്ടിഷ് റെയിൽവേയുടെ സുവർണ കാലത്തിന് വഴിയൊരുക്കി. പത്തു വർഷത്തിനുള്ളിൽ ലണ്ടൻ നഗരത്തെ ബർമിങ്ങാം, സതാംപ്ടൻ, ബ്രിസ്റ്റൾ, ഗ്ലാസ്ഗോ നഗരങ്ങളുമായി ബന്ധിപ്പിച്ചു.

1850/60-കളിൽ റെയിൽവേ ബൂം തുടർന്നു. ട്രെയിനുകൾ വിക്ടോറിയൻ ജനജീവിതം മെച്ചപ്പെടുത്തി. വിതരണ ശൃംഖല വികസിച്ചത് കച്ചവടത്തിന് പ്രോൽസാഹനം നൽകി. മൽസ്യവും പച്ചക്കറികളും കേടു വരാതെ മറ്റു പട്ടണങ്ങളിലേക്ക് അയക്കാമെന്നായി. ആശയവിനിമയവും മെച്ചപ്പെട്ടു. കത്തുകളും പാർസലുകളും വഹിച്ച് തീവണ്ടികൾ പാഞ്ഞു, പത്രങ്ങളും മാസികകളും രാജ്യമെങ്ങും ലഭ്യമായി. മധ്യവർഗത്തിന് തുച്ഛമായ യാത്രാനിരക്കിൽ ബ്രൈറ്റൻ, ബ്ലാക്ക് പൂൾ, മാർഗേറ്റ് എന്നീ പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്താനായി. 

sherlock-three
മാരിൽബോൺ തെരുവ്

അക്കാലത്ത് രണ്ടുതരം സാങ്കേതികവിദ്യകൾ സമാന്തരമായി വികസിച്ചു – ആവിയന്ത്രവും റെയിൽ പാതയും. ആദ്യകാല യാത്രകൾ ദുരിതമായിരുന്നു. യന്ത്രം ക്രമേണ മെച്ചപ്പെട്ടു, റെയിൽ പരന്നു പടർന്നു വികസിച്ചു, നഗര പദ്ധതികൾ മാറി, കുറേപ്പേർക്ക് കിടപ്പാടം നഷ്ടമായി. റെയിൽറോഡിൽ വൻ നിക്ഷേപം വന്നു, വഞ്ചകരും സജീവമായി. എൻജിനു പിന്നിൽ സ്റ്റേജ് കോച്ച് കെട്ടി വച്ച പ്രാകൃത സംവിധാനം പിന്നീട് സുരക്ഷിതമായ ബോഗികൾക്ക് വഴിമാറി. പഴയതരം മനുഷ്യ നിയന്ത്രിത സിഗ്നൽ പരിതാപകരമായിരുന്നു, ടെലഗ്രാഫ് സംവിധാനവും കുറ്റമറ്റതല്ല. സിഗ്നൽ പാളിയതു മൂലമുണ്ടായ അപകടം ‘ഒലിവർ ട്വിസ്റ്റി’ന്റെ കഥാകാരൻ ചാൾസ്‌ ഡിക്കൻസ് വിവരിക്കുന്നുണ്ട്. പാലം കടക്കുമ്പോൾ പാളം തെറ്റിയ ട്രെയിനിന്റെ ബോഗികൾ ഒന്നൊഴിയാതെ ഗർത്തത്തിൽ പതിച്ചു. രക്ഷാപ്രവർത്തകർ എത്തുമ്പോൾ ഒരെണ്ണം മാത്രം വീഴാതെ പാറകൾക്കിടയിൽ തങ്ങി നിൽക്കുന്നു; ഏറ്റവും പിന്നിലുള്ള ഡിക്കൻസിന്റെ ബോഗി. മാറ്റം വരുന്നുണ്ടായിരുന്നു. നിരന്തരം മെച്ചപ്പെട്ട റെയിൽവേ പിന്നീട് ഓറിയന്റൽ എക്സ്പ്രസ് പോലുളള ആഡംബര ട്രെയിനുകൾക്ക വഴി പാകി. അതേ സമയം യൂറോപ്പിലും സൈബീരിയയിലും ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിട്ടിഷ് കോളനികളിലും റെയിൽ വിപ്ലവം പടർന്നു.

sherlock-four
പാഡിംഗ്ടൺ സ്റ്റേഷൻ

പേരുകേട്ട നിരവധി സ്റ്റേഷനുകളെ ആധാര ബിന്ദുവാക്കി ലണ്ടൻ നഗരത്തിലെ റെയിൽ റോഡുകളും വളർന്നു. 1864-ൽ നിലവിൽ വന്ന, ഹോംസ് പ്രേമികളുടെ പ്രിയപ്പെട്ട ചാറിങ് ക്രോസ് സ്റ്റേഷൻ വിക്ടോറിയൻ യുഗത്തിലെ പ്രമുഖ യാത്രാകേന്ദ്രമായിരുന്നു. അബ്ബി ഗ്രാഞ്ച്, ഒഴിഞ്ഞ വീട്, വിശ്രുതനായ കക്ഷി, സ്വർണക്കണ്ണട, ബൊഹീമിയൻ അപവാദം, രണ്ടാമത്തെ രക്തപ്പാട് എന്നീ കഥകളിൽ പരാമർശമുണ്ട്. 1838-ൽ തുറന്ന പാഡിങ്ടൻ സ്റ്റേഷൻ ബോസ്കോംബ് വാലി, എൻജിനീയറുടെ വിരൽ, സിൽവർ ബ്ലെയ്സ് എന്നീ കഥകളുടെ വേഗം കൂട്ടുന്നു. ഡാർട്ട്മൂറിലെ രഹസ്യം തേടി ഹെൻറി ബാസ്കർവില്ലിനെ അനുഗമിച്ച് രാവിലെ 10:30-ന്റെ ട്രെയിനിൽ വാട്സൻ യാത്രയാകുന്നതും ഇവിടെ നിന്നാണ്. ഈ രണ്ടു പ്രധാന റെയിൽവേ ഹബ്ബുകൾ ബേക്കർ സ്ട്രീറ്റിൽനിന്നു ദൂരെയല്ല. വിക്ടോറിയ, വാട്ടർലൂ, ലണ്ടൻ ബ്രിജ്, ലിവർപൂൾ സ്ട്രീറ്റ് സ്റ്റേഷനുകളും ഹോംസ് കാനണിലുണ്ട്. അന്നും ഇന്നും ബിസിനസ് യാത്രക്കാരുടെ സൗകര്യാർഥം തിരക്കേറിയ സ്റ്റേഷനുകളുടെ ചുറ്റും ആഡംബര ഹോട്ടലുകളുണ്ട്. കച്ചവടവും നിയമപാലനവും പരിപാലിക്കാൻ പൊലീസ് ഔട്ട്‌ പോസ്റ്റുകൾ, ടെലഗ്രാഫ് കേന്ദ്രങ്ങൾ. നഗരത്തിൽ വരുന്നതും പുറത്തു പോകുന്നതുമായ യാത്രികരുടെ പട്ടിക റെയിൽ ഓഫിസിൽ ലഭ്യം, അത് പൊലീസിനു നിർണായക വിവരം നൽകും. വിമാനം അന്നൊരു സങ്കൽപം മാത്രമാണ്.

sherlock-five
തെരുവ്

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ലണ്ടൻ നിവാസികൾക്ക് വേഗമേറിയ യാത്രാമാർഗം വേണമെന്ന് നഗരാസൂത്രകർക്ക് ബോധ്യമായി. നഗരത്തിന്റെ ഒരറ്റത്തെ മറ്റേ അറ്റവുമായി ബന്ധിപ്പിക്കുന്ന പാതയുടെ ആദ്യ ഘട്ടം 1863-ൽ പൂർത്തിയായി. അങ്ങനെയാണ് അണ്ടർഗ്രൗണ്ട് റെയിലിന്റെ ഉദയം. ട്യൂബ് എന്ന പേര് പിന്നീട് വന്നത്. ഓവർഗ്രൗണ്ട് ട്രെയിനുകൾ നേരിട്ട പ്രശ്നങ്ങൾ അണ്ടർ ഗ്രൗണ്ടിനുമുണ്ട്.  ഇടുങ്ങിയ തുരങ്കങ്ങളിൽ ആവിയന്ത്രത്തിന്റെ പുകയും കരിയും ബോഗിയിലെ യാത്രക്കാരുടെ നാസികയിൽ തുളച്ചു കയറി. എന്നാൽ യാത്ര മുടക്കിയില്ല. മധ്യവർഗത്തിനും ദരിദ്രർക്കും കുറഞ്ഞ ചെലവിൽ സഞ്ചാരം സാധ്യമായി. ഇലക്ട്രിക് ട്രെയിനുകൾ വന്നെങ്കിലും അമ്പതു വർഷം മുമ്പു വരെ ട്യൂബ് അഴുക്കു നിറഞ്ഞ, അപകടകരമായ ഇടമായിരുന്നു. ചെമ്പൻ മുടിക്കാരുടെ സംഘം, ബെറിൽ കൊറോനെറ്റ്, അന്തർവാഹിനിയുടെ രഹസ്യം എന്നീ ഹോസ് കഥകളിൽ അണ്ടർഗ്രൗണ്ട് റെയിലിന്റെ പരാമർശമുണ്ട്. ഹോംസിനും മുമ്പേയുള്ള ബേക്കർ സ്ട്രീറ്റ് സ്റ്റേഷൻ ഒരൊറ്റ കഥയിൽ പോലുമില്ല എന്നത് അദ്ഭുതകരം - 221 B - യിൽ നിന്നും നടക്കാവുന്ന ദൂരം മാത്രം. എന്നാൽ ഹാൻസം ക്യാബിൽ ചെന്നെത്താവുന്ന ചാറിങ് ക്രോസ് ഡോയലിനും ഹോംസിനും പ്രിയമാകുന്നു. അവിടെ അണ്ടർഗ്രൗണ്ടും ഓവർഗ്രൗണ്ടുമുണ്ട്. ചുറ്റുമുള്ള വിവിധോദ്ദേശ്യ സ്ഥാപനങ്ങളും ഭക്ഷ്യശാലകളും സാംസ്കാരിക വേദികളും കഥയുടെ ഭൂമികയാക്കാൻ സൗകര്യം.

sherlock-six
പബ്

ഞാൻ യൂസ്റ്റൺ സ്റ്റേഷനിൽ ഇറങ്ങി സബ് വേ ട്രെയിനിലേക്ക് നടന്നു. ഇത്രയും നേരം ഓവർഗ്രൗണ്ട്, ഇനി ട്യൂബ്. ഹോംസിനെ കാണുന്ന ദിനം ഇന്ന്. ചാറിങ് ക്രോസിൽ ഇറങ്ങി. സ്റ്റേഷന്റെ ഭിത്തിയിൽ ഇംഗ്ലണ്ടിന്റെ പൗരാണികത വിവരിക്കുന്ന മ്യൂറലുകൾ. ഇവിടെ മെഡീവൽ സ്മാരകമായ പഴയൊരു കുരിശ് ഉണ്ടായിരുന്നു. 'ചാറിങ്' എന്നാൽ പഴയ ഇംഗ്ലിഷിൽ 'നദിയിലെ വളവ്' എന്നർഥം (A bend in Thames river). പുറത്തിറങ്ങിയപ്പോൾ മുന്നിൽ ട്രഫാൽഗർ സ്ക്വയർ, തൊട്ടു പിന്നിൽ നാഷനൽ ഗാലറി. സ്ട്രാൻഡ് ലക്ഷ്യമാക്കി നടന്നു. നഗരത്തിനു പുറത്തുള്ള ഹോംസ് സാഹസങ്ങളുടെ തുടക്കം ഇവിടെ. സെൻട്രൽ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സാംസ്കാരിക പ്രദേശം. ദിനപത്രങ്ങളുടെ ഓഫിസ്, പുസ്തകശാലകൾ, തിയറ്ററുകൾ, കൺസർട്ട് ഹാൾ, പബ്ബുകൾ, റസ്റ്ററന്റുകൾ. വിക്ടോറിയൻ ലണ്ടനിൽ ഇതൊരു ജനപ്രിയ കേന്ദ്രം, ഇന്നും പെരുമയ്ക്ക് കുറവില്ല. 

സ്ട്രാൻഡ് മാഗസിനിൽ കോനൻ ഡോയൽ തുടർച്ചയായി എഴുതിയിരുന്നു. സിഡ്‌നി പേജറ്റ് വരച്ച ചിത്രങ്ങൾ കുറ്റാന്വേഷകന് പരിചിതമായ രൂപം നൽകി. പ്രസിദ്ധീകരണത്തിൽ സർവകാല റെക്കോർഡ് തകർന്ന കാലത്ത് ഹോംസ് ഡോയലിനെ ധനികനുമാക്കി. ഞാൻ തിരക്കേറിയ ചാറിങ് ക്രോസ് ട്രെയിൻ സ്റ്റേഷനിൽ കയറി പഴമയെ ഓർത്തെടുത്തു. കൽപിതമായ ഒരാളുടെ വഴികൾ തേടി നടന്ന് ആവേശം കൊള്ളുക! ഭ്രാന്തുണ്ടോ? പക്ഷേ തലമുറകളിലൂടെ പടരുന്ന ഈ ഭ്രമം ഉടനെയൊന്നും തീരില്ല. മഴ ചാറുന്നു. മുന്നോട്ടു നടന്നു പിക്കഡിലി സർക്കസിനെ വലം വച്ചു. ന്യൂയോർക്കിലെ ടൈം സ്ക്വയർ പോലെ ലണ്ടനിലെ ചത്വരം. ഇലക്ട്രോണിക് പരസ്യ ബോർഡുകളുടെ ഒരു സഞ്ചയമുണ്ട് വഴിയരുകിൽ. കവലയുടെ ഒത്ത നടുവിൽ ഗ്രീക്ക് കാമദേവൻ ഇറോസിന്റെ ശിൽപം.

sherlock-eight
ചാറിങ് ക്രോസ് സ്റ്റേഷൻ

‘ലണ്ടനെ കുറിച്ച് കൃത്യമായ വിവരങ്ങൾ നേടുക എന്റെ ശീലമാണ്’ (ചെമ്പൻമുടിക്കാരുടെ സംഘം). കുറ്റാന്വേഷകന്റെ തീർഥാടകർക്ക് ആർതർ കോനൻ ഡോയൽ ലണ്ടനിൽ അനേകം സൂചനകൾ ശേഷിപ്പിച്ചിട്ടുണ്ട്.  മറ്റൊരു കോണിലുള്ള ബ്രിട്ടിഷ് മ്യൂസിയത്തിന്റെ അരികിൽ ഒരു മദ്യശാലയുണ്ട് - മ്യൂസിയം ടവേൺ. ഡോയലിന്റെ ക്രിസ്മസ് കഥയിലെ ആ പബ്ബിന് ഇപ്പോഴും മാറ്റമില്ല. 1870-ൽ ലണ്ടനിൽ ആദ്യമായി വന്നു ചേർന്നപ്പോൾ ഹോംസ് ഈ ഭാഗത്താണ് താമസിച്ചിരുന്നത്. കോനൻ ഡോയലിന്റെ ആദ്യകാല വാടകവീടും ഇവിടെ. കവന്റ് ഗാർഡനിലാണ് ക്രിസ്മസ് ഗൂസിനെ കണ്ടു കിട്ടിയത് (The adventure of blue carbuncle). അന്ന് പച്ചക്കറിയും പഴവും പൂവും വിറ്റിരുന്ന വാണിഭസ്ഥലം ഇപ്പോൾ കലാപ്രദർശനങ്ങളുടെ ചത്വരം.

sherlock-nine
ചാറിങ് ക്രോസ് ഭൂഗർഭ സ്റ്റേഷൻ

ഓക്സ്ഫഡ് സ്ട്രീറ്റിൽ വാലസ് കലക്‌ഷൻ, വെർനെ എന്ന ഫ്രഞ്ച് കുടുംബത്തിലെ ചിത്രകാരന്മാരുടെ രചനകൾ. താൻ ക്ലോദ് ജോസഫ് വെർനെയുടെ അനന്തര തലമുറയാണെന്ന് ഹോംസ് വാട്സനെ അറിയിക്കുന്നു.(ജനിതകത്തിലുള്ള കല വിചിത്ര രൂപങ്ങൾ കൈക്കൊള്ളും - ഗ്രീക്ക് ദ്വിഭാഷി). പിക്കഡിലി സർക്കസിൽ ഒരു ഫ്രഞ്ച് റസ്റ്റോറന്റ്. 1865-ൽ സ്ഥാപിച്ച കഫേ റോയൽ - ഹോംസ് ആക്രമണം നേരിടുന്നത് ഇവിടെ (The adventure of the illustrious client). തെല്ലകലെ ക്രിട്ടീരിയൻ ബാർ, ഇവിടെ വച്ചാണ് ബർത്തലോമിയോ ഹോസ്പിറ്റലിൽ പഠിക്കുന്ന കിറുക്കനായ കുറ്റാന്വേഷകന്റെ പേര് വാട്സൻ ആദ്യമായി കേൾക്കുന്നത് (A study in scarlet). പിക്കഡിലിയുടെ അപ്പുറം റീജന്റ് തെരുവിൽ പാൾ മാൾ ആഡംബര ക്ലബ്ബുകൾ. അതിലൊന്ന് മൈക്രോഫ്റ്റ് ഹോംസിന്റെ നിഗൂഢമായ ഡയോജനീസ് ക്ലബ്. ചാറിങ് ക്രോസ് ഹോട്ടലിനു മുന്നിൽ വാട്സന് നിക്ഷേപം ഉണ്ടായിരുന്ന ബാങ്ക്.

sherlock-ten
വിന്റേജ് ഫോൺ ബൂത്ത്

എതിർവശത്ത് അവർ ഉപയോഗിച്ച ടെലഗ്രാം ഓഫിസ്. വാട്സനോ ലസ്ട്രാഡിനോ ടെലഗ്രാം ചെയ്ത ശേഷം ചാറിങ് ക്രോസ് സ്റ്റേഷനിൽ ട്രെയിനിൽ കയറുന്ന ഹോംസ്. കുഴഞ്ഞു മറിഞ്ഞ ഒരു കേസിന്റെ സമാപനത്തിൽ ഹോംസ് വാട്സനെ കൂട്ടി ഭക്ഷണശാലയിൽ പോകും - സിംപ്സൺസ് ഇൻ ദ് സ്ട്രാൻഡ്. പൊരിച്ച ഇറച്ചിക്ക് പേരുകേട്ട ശാല 1828-ൽ സ്ഥാപിതം. വിക്ടോറിയൻ ശൈലിയിൽ ഓക്ക് മരത്തടി പാകിയ ചുവരുകളുള്ള വിശാലമായ ആ ഇടത്തിന്റെ സുഖശീതളിമയിൽ ഇരുന്ന് സ്ട്രാൻഡിലെ ജനപ്രവാഹം നിരീക്ഷിക്കുന്നത് വാട്സന് ഹരം.

sherlock-eleven
പബ്

സ്ട്രാൻഡ് പരിസരത്തുള്ള നോർത്തംബർലാൻഡ് സ്ട്രീറ്റിലെ ഒരു നക്ഷത്ര ഹോട്ടലിലാണ് നഗരത്തിൽ വന്നു ചേർന്ന കനേഡിയൻ ധനികൻ ഹെൻറി ബാസ്കർവിൽ താമസിച്ചിരുന്ന ഇടം. ഇവിടെ നിന്നു പാഡിങ്ടൻ സ്റ്റേഷനിലൂടെ ഡാർട്ട്മൂറിലെ നിഗൂഢത തേടിയുള്ള യാത്ര തുടങ്ങുന്നു. ഷെർലക്ക് വിഷയമായ ഒരു പബ്ബും ഇവിടെയുണ്ട്. ഗൃഹാതുരത്വം ഉണർത്തി വയലിനും പൈപ്പ് റാക്കും മോർഫിൻ നീഡീലും രണ്ടാം വരവിൽ കേണൽ സെബാസ്റ്റ്യൻ മൊറാനെ കബളിപ്പിച്ച മെഴുകു പ്രതിമയും (The empty house). സ്ട്രാൻഡിന്റെ മറ്റൊരു കോണിൽ റോയൽ ഓപ്പറ ഹൗസ്. സങ്കീർണമായ ഒരു കേസിന്റെ കുരുക്ക് അഴിയുന്നതിനു മുമ്പ് ഹോംസ് ഇവിടെ വയലിൻ കച്ചേരിക്കു വരും. പകൽ നേരത്ത് നിരീക്ഷണവും അനുമാനവുമായി വേട്ടനായയെ പോലെ നടന്ന അപസർപ്പകൻ എല്ലാം മറന്നു സംഗീതത്തിൽ ലയിക്കുന്നത് വാട്സനെ അദ്ഭുതപ്പെടുത്തും. ഹോംസിന്റെ ഭാരരഹിതമായ ഉപബോധ മനസ്സിൽ അപ്പോൾ കേസിന്റെ പരിഹാരം രൂപപ്പെടുന്നുണ്ടാകും. ബോ സ്ട്രീറ്റിലെ പൊലീസ് കോർട്ടിൽ അത്തരമൊരു പരിഹാരം ശൂന്യതയിൽനിന്നു സൃഷ്ടിക്കുന്നു (The man with the twisted lip). ഗൃഹാതുരത്വം നിറഞ്ഞ പാതകൾ പിന്നിട്ട ഞാൻ വീണ്ടും അണ്ടർഗ്രൗണ്ട് ട്രെയിനിൽ കയറി ബേക്കർ സ്ട്രീറ്റ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു.

(തുടരും)

Content Highlights:  Sherlock Holmes | Arthur Conan Doyle | Literary World | Malayalam Literature | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com