യുദ്ധകാലത്ത് സ്വപ്നം കാണുന്നതെങ്ങനെ? ചോര വീണ് ബുക്കർ സമ്മാനവും!
Mail This Article
അഭയാർഥികളുടെ പലായനം ലോക മനഃസാക്ഷിക്കു മുന്നിൽ ചോദ്യചിഹ്നമാകവെ, രഹസ്യപ്പൊലീസിന്റെ സന്ദേശവുമായെത്തുന്ന നോവലിനു തന്നെ ബുക്കർ സമ്മാനം. പലസ്തീൻ, യുക്രെയ്ൻ, സിറിയ... യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും സാധാരണ ജീവിതത്തെ അസ്ഥിരപ്പെടുത്തുകയും ആശ്രയമറ്റ മുഖങ്ങൾ കൂടുവരികയും ചെയ്യുന്നതിനിടെയാണ് ഇത്തവണത്തെ ബുക്കർ സമ്മാനമെത്തുന്നത്. തെരുവുകളിൽ നിലയ്ക്കാതൊഴുകുന്ന ചോര കണ്ടില്ലെന്ന് നടിക്കാൻ പുരസ്കാര സമിതിക്കു കഴിഞ്ഞിട്ടില്ലെന്നു തെളിയിച്ചുകൊണ്ടുതന്നെ പ്രഖ്യാപനമെത്തി.
ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന്റെ പ്രോഫറ്റ് സോങ് ഇത്തവണത്തെ സമ്മാനം നേടി. രാഷ്ട്രീയ നോവൽ എന്ന വിശേഷണമുണ്ടെങ്കിലും ഇന്നത്തെ കാലത്തിനു വേണ്ടി മനഃപൂർവം നടത്തിയ സൃഷ്ടിയല്ല തന്റെ കൃതിയെന്നാണ് എഴുത്തുകാരന്റെ വിശദീകരണം. രാഷ്ട്രീയമോ ലോക സ്ഥിതിയോ നോക്കിയല്ല പുരസ്കാരം തീരുമാനിച്ചതെന്നു സമിതിയും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ആഭ്യന്തര സംഘർഷം തകർത്തെറിഞ്ഞ ശ്രീലങ്കയുടെ ഇരുട്ടിന്റെ കഥ പറഞ്ഞ ഷെഹാൻ കരുണതിലകയ്ക്കു ശേഷം തൊട്ടടുത്ത വർഷവൂം ബുക്കർ തിരഞ്ഞെടുത്തത് അനാഥരുടെ നിലവിളി തന്നെയാണ്. അഭയാർഥി പ്രവാഹവും ഏകാധിപത്യത്തിന്റെ ദുഷിച്ച ചിരിയും തന്നെയാണ്.
അയർലൻഡും ഡബ്ലിനും തന്നെയാണ് പ്രോഫറ്റ് സോങ്ങിന്റെയും പശ്ചാത്തലം. എന്നാൽ, ഇന്നത്തെ അയർലൻഡ് അല്ല സാങ്കൽപ്പിക രാജ്യമാണ് നോവലിലുള്ളത്.
ഐലിഷ് സ്റ്റാക്ക് എന്ന യുവതി ശാസ്ത്രജ്ഞയാണ്. നാലു മക്കളുടെ അമ്മയാണ്. വയോധികനായ പിതാവിനെ ശുശ്രൂഷിക്കേണ്ട ചുമതലയുമുണ്ട്.
രാജ്യത്തെയും ലോകത്തെയും കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. എന്നാൽ അവയൊന്നും ശ്രദ്ധിക്കാൻ ഐലിഷ് താൽപര്യം കാണിക്കുന്നില്ല. വീട്ടിലെ ഒട്ടേറെക്കാര്യങ്ങൾ അവർക്കു ശ്രദ്ധിക്കാനുണ്ട്. എന്നാൽ, പുതുതായി രൂപീകരിച്ച രഹസ്യപ്പൊലീസ് ഒരു ദിവസം ഐലിഷിന്റെ വീട്ടുവാതിലിൽ മുട്ടുന്നു. ഭർത്താവ് ലാറിയെക്കുറിച്ച് അന്വേഷിക്കാനാണ് വരവ്. അദ്ദേഹത്തിന്റെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും. ദിസവങ്ങൾ കഴിയുന്നതിനു മുമ്പുതന്നെ ലാറി അപ്രത്യക്ഷനാകുന്നു; രാജ്യം സംശയത്തോടെ വീക്ഷിക്കുന്ന മറ്റു പലർക്കുമൊപ്പം.
ഐലിഷിനെപ്പോലെയല്ല കൗമാരക്കാരായ മക്കൾ. അവർ തെരുവിലേക്കിറങ്ങാൻ ആഗ്രഹിക്കുന്നു. കറുപ്പണിഞ്ഞ് പ്രതിഷേധത്തിൽ പങ്കെടുക്കാൻ. ഏകാധിപത്യ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ. എന്നാൽ, മക്കൾക്ക് ഭർത്താവിന്റെ ഗതി വരരുതെന്നാണ് ഐലിഷിന്റെ ആഗ്രഹം. മക്കൾക്ക് മികച്ച ഭാവി ഉറപ്പാക്കുക. പിതാവിനെ ശുഷ്രൂഷിക്കുക. ഭർത്താവിന്റെ മടങ്ങിവരവിനുവേണ്ടി കാത്തിരിക്കുക. ഐലിഷ് കരിനിയമങ്ങൾക്കെതിരെ കണ്ണടയ്ക്കുകയാണ്. ഏകാധിപത്യത്തിന്റെ കൽപനകൾ കേട്ടില്ലെന്നു നടിക്കുകയാണ്. സ്വന്തം ജീവിതത്തിന്റെ സുരക്ഷിതത്വത്തിൽ ഒതുങ്ങിക്കൂടുകയാണ്. എന്നാൽ, നാൾക്കുനാൾ സ്ഥിതി വഷളാവുന്നു. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. കാനഡയിലുള്ള സഹോദരി ഐലിഷിനെ വിളിച്ച് അപേക്ഷിക്കുന്നു: രക്ഷപ്പെടൂ. എന്നാൽ എന്തു ചെയ്യണമെന്നോ പറയണമെന്നോ ഐലിഷിന് ഒരു രൂപവുമില്ല.
എപ്പോഴാണ് രക്ഷപ്പെടേണ്ടത് എന്നറിയാത്ത മനുഷ്യരുടെ മൗനത്തിന്റെ രേഖ കൂടിയാണ് ചരിത്രം: പോൾ ലിഞ്ച് പറയുന്നു.
ഉറങ്ങുകയായിരുന്നു. ഇത്രയും നാൾ ഉറക്കം തന്നെയായിരുന്നു. എന്നാൽ, ഇത് ഉണരേണ്ട സമയാണ്. സ്വന്തം വീട്ടിലേക്ക് രഹസ്യപ്പൊലീസ് എത്തിയത് അറിഞ്ഞില്ലേ. പ്രിയപ്പെട്ടവൻ അപ്രത്യക്ഷനായത് മനസ്സിലായില്ലേ. അടുത്ത ഇര നിങ്ങളാകാം. ഇനിയെങ്കിലും ഉണരൂ എന്നാണ് പ്രോഫറ്റ് സോങ് പറയുന്നത്.
ഐലിഷ് സ്റ്റാക്കിന്റെ ദുരന്തം ഒറ്റപ്പെട്ടതല്ല. പലസ്തീനിലും യുക്രെയ്നിലും സിറിയയിലും ഇതുപോലെയുള്ള കുടുംബങ്ങളെ എത്ര വേണമെങ്കിലും കാണാം. അവരുടെ നിസ്സഹായത കൂടുന്നതേയുള്ളൂ. എവിടേക്ക് എപ്പോൾ രക്ഷപ്പെടണമെന്ന് അവർക്കറിയില്ല. എപ്പോൾ, എങ്ങോട്ട് പോകണമെന്നും. അവരുടെ കൈകാലുകൾ മരവിച്ചിരിക്കുന്നു. അവരുടെ മുഖം നിർവികാരമാണ്. ആ കണ്ണുകളിൽ പ്രത്യാശയുടെ ഒരു കിരണം പോലുമില്ല. അവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
അശാന്തിയുടെ കാർമേഘത്തിനു താഴെ കുടുംബത്തെ ചിറകിൻ കീഴിലാക്കി ഒരു അപകടവും സംഭവിക്കാൻ പോകുന്നില്ല എന്ന് ആശ്വസിക്കുന്ന പാശ്ചാത്യ നിർവികാരതയാണ് നോവലിൽ ആക്രമിക്കപ്പെടുന്നത്.
മുന്നറിയിപ്പ് എന്ന നിലയിലല്ല ഞാൻ ഈ നോവൽ എഴുതിയത്. എന്നാൽ, സംഭവങ്ങൾ എല്ലാം ഏതു കാലത്തും എവിടെയും സംഭവിക്കാവുന്നതാണ്. ഇപ്പോഴും സംഭവിക്കുന്നുമുണ്ട്. നമ്മുടെ പ്രതികരണം കൂറേക്കൂടി കൃത്യമാകേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു. ഇന്നത്തേതുപോലെയല്ലാതെ രൂക്ഷമായ പ്രതികരണം കാലം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നു: പോൾ ലിഞ്ച് പറയുന്നു. എന്നാൽ, രാഷ്ട്രീയ നോവലിസ്റ്റ് എന്ന ലേബൽ അദ്ദേഹം തള്ളിക്കളയുന്നുമുണ്ട്.
കഴിഞ്ഞ വർഷം തെഹ്റാനിലെ ജയിലിൽ നിന്നു മോചിപ്പിക്കപ്പെട്ട നസാനിൻ സഗാരി റാറ്റ്ക്ലിഫ് ആണ് ബുക്കർ സമ്മാന വേദിയിൽ മുഖ്യപ്രഭാഷണം നടത്തിയത്. നിരോധിക്കപ്പെട്ടതുൾപ്പെടെയുള്ള പുസ്തകങ്ങൾ വായിച്ചാണ് ജയിലിലെ ദിവസങ്ങൾ തള്ളിനീക്കിയതെന്ന് നസാനിൻ അനുസ്മരിച്ചു. പുറം ലോകത്ത് ആവശ്യമില്ലെങ്കിലും ജയിലുകളിൽ ഇപ്പോഴും പുസ്തകങ്ങൾക്ക് ആവശ്യക്കാരുണ്ടെന്നും ഓർമിപ്പിച്ചു.
1977 ൽ ജനിച്ച ലിഞ്ച് നിലവിൽ ഡബ്ലിനിലാണു താമസിക്കുന്നത്. ബിയോണ്ട് ദ് സീ, ഗ്രേസ്, ബ്ലാക്ക് സ്നോ, റെഡ് സ്കൈ ഇൻ ദ് മോണിങ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ.