ADVERTISEMENT

പുതിയ കാലത്തെ കവികൾ ആശാൻ കവിതയിലെ തങ്ങൾക്ക് പ്രിയപ്പെട്ട ഭാഗം അവതരിപ്പിക്കുന്നു 

∙ ഇന്നും പറക്കുന്ന വെള്ളപ്പൂമ്പാറ്റകൾ - ഷീജ വക്കം

ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ 

പോവുന്നിതാ പറന്നമ്മേ 

തെറ്റീ നിനക്കുണ്ണി ചൊല്ലാം നൽപ്പൂ-

മ്പാറ്റകളല്ലേയിതെല്ലാം... 

(കുട്ടിയും തള്ളയും) 

ഇഷ്ടപ്പെടാനുള്ള കാരണം: നിറയെ പൂവും മൊട്ടുമായി മുകളിലേക്കു പോയ കുടമുല്ലവള്ളിയിൽ നിന്ന് ഒരു കൂട്ടം വെള്ളപ്പൂമ്പാറ്റകൾ പാറുന്ന പശ്ചാത്തലത്തിൽ, ഇന്നും ഭ്രമാത്മകമായി മനസ്സാവിഷ്കരിക്കുന്നു അമ്മ പണ്ടു ചൊല്ലിത്തന്നു കേട്ട ഈ കവിതയിലെ വരികൾ. ഗഹനതയല്ല, ലാളിത്യമാണല്ലോ ആവിഷ്കാരത്തിലെ പ്രതിസന്ധി. 

∙ കവിതയിൽ ചിതറുന്ന പാഥേയം - ലോപാമുദ്ര

"സ്ഫുടതാരകൾ കൂരിരുട്ടിലു– 

ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ 

ഇടർതീർപ്പതിനേകഹേതു വ- 

ന്നിടയാമേതു മഹാവിപത്തിലും."

(ചിന്താവിഷ്ടയായ സീത) 

കുമാരനാശാന്റെ വരികൾ പാഥേയവും പാനീയവുമായി നുകർന്നാണ്, അവ വിളക്കായും ഊന്നുവടിയായും പിടിച്ചാണ്, ഞാൻ ജീവിതത്തിന്റെ മരുഭൂമി താണ്ടുന്നത്. എന്നും ആത്മവിശ്വാസത്തിന്റെ ആകാശഗോപുരങ്ങൾ തൊടാനായുന്നത്. ഉദാത്തമായ ജീവിത ദർശനവും പ്രണയസങ്കൽപവും തത്വചിന്തയുമെല്ലാം പേറുന്ന ആ കവിതയാണ് എന്റെ ഭാഷയെക്കുറിച്ചുള്ള അഭിമാനം എന്നിൽ ജനിപ്പിച്ചത്.

ദൃശ്യവിസ്മയമുള്ള വരികൾ - ഡോണ മയൂര

“ചടുലദലങ്ങളിലും ശൃംഗഭാഗത്തിലും 

വെയിൽ തടവിച്ചുവന്നു കാറ്റിലിളകി മെല്ലെ, 

തടിയനരയാലതു തലയിൽത്തീകാളും 

നെടും ചുടലഭുതം കണക്കേ ചലിച്ചു നില്പു."

(കരുണ)

വായന തുടങ്ങിയ ചെറുപ്രായം മുതൽ കുമാരനാശാന്റെ കവിതകളിലെ ഏതുവരികളെടുത്താലും അതിൽ വാക്ക്, അർഥം എന്നതിനൊപ്പം തെളിഞ്ഞു കാണാൻ സാധിക്കുന്ന ദൃശ്യവി സ്മയമുണ്ടെന്നു മനസിലാക്കിയിട്ടുണ്ട്. ഈ വരികളിലുമതേ.

പൂവും താരവും ഒറ്റ ഷോട്ടിൽ - എസ്.കണ്ണൻ

"ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി- 

കാലത്തെഴും കിളികളോടഥ മൗനമായ് 

നീ ഈ ലോകതത്ത്വവുമയേ, 

തെളിവാർന്നതാരാ ജാലത്തൊടുന്മുഖതയാർന്നു 

പഠിച്ചു രാവിൽ"

(വീണപൂവ്)

വലിയ കാൻവാസിലാണ് ആശാന്റെ ചിത്രങ്ങൾ. പൂവു താരവുമായുള്ള ദൂരം ഒറ്റഷോട്ടിൽ അദ്ദേഹം ചിത്രീകരിക്കുന്നു. രാത്രി മുഴുവൻ തന്റെ നിറം ഇരുട്ടിൽ മറച്ച്, വെട്ടിത്തിളങ്ങുന്ന താരകങ്ങളെനോക്കി നിൽക്കുന്ന നിൽപ് സൗന്ദര്യത്തോടൊപ്പം ദു രന്താത്മകമായ ഏകാന്തതയെക്കൂടി പകരുന്നു.

ഈ വരികൾ ഇന്ന് കൂടുതൽ പ്രസക്തം - അജീഷ് ദാസൻ 

എന്തിന്നു ഭാരതധരേ! കരയുന്നു?പാര- 

തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ, 

ചിന്തിക്ക, ജാതിമദിരാന്ധ,രടിച്ചു തമ്മി - 

ലന്തപ്പെടും തനയ, രെന്തിനയേ ‘സ്വരാജ്യം?’ 

(ഒരു തീയക്കുട്ടിയുടെ വിചാരം) 

ഈ വരികൾ സമകാലീന ഇന്ത്യൻ അവസ്ഥയിൽ കൂടുതൽ പ്രസക്തവും പ്രധാനവുമാണ്. രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കാൾ ജാതി വിവേചനത്തിൽനിന്നുള്ള മോചനമാണ് നമുക്കു വേണ്ടതെന്ന് ആശാൻ വിശ്വസിച്ചിരുന്നു. 

English Summary:

Contemporaray poets remember their favourite lines from Kumaranasn's poems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com