കേരള സാഹിത്യ അക്കാദമി കള്ളം പറയുന്നു; വായിച്ചു തീരാത്ത പുസ്തകത്തിനും പുരസ്കാരമോ?
Mail This Article
പിന്നിൽ മാത്രം പറക്കാൻ വിധിക്കപ്പെട്ട പക്ഷികളാണവ. അല്ല, അവയ്ക്കു പിന്നിൽ മാത്രമേ പറക്കാനാവൂ.എന്നാലും തൊട്ടുപിന്നിൽ പറക്കുമ്പോൾ എന്തൊരു ഭംഗിയാണവയ്ക്ക്. എന്തു കരുത്താണ് ആ പക്ഷങ്ങൾക്ക്. എത്ര വലിയ ആ കാശമാണ് ആ കണ്ണുകളിൽ പ്രതിഫലിക്കുന്നത്. എത്ര ദൂരം പറന്നാലും തളരാതെ, തളരാതെ ദൂരങ്ങൾ അടുത്താക്കുന്ന പക്ഷികൾ. പിന്നിലേക്കു, പിന്നിലേക്കു മാറുമ്പോൾ ആ പക്ഷികൾ പറക്കാൻ തുടങ്ങുന്ന അതേ കൊമ്പിലേക്കു തിരിച്ചെത്തുന്നു. വീണ്ടും അതേ കാത്തിരിപ്പ് തുടരുന്നു. പെട്ടെന്നുയർന്ന വെള്ളത്തിൽ ഇനിയും മുങ്ങാത്ത ഒറ്റക്കൊമ്പിന്റെ തുഞ്ചത്ത് ആടിയാടിയിരിക്കുന്ന പക്ഷി. പറന്നാലും തിരിച്ചുവരണം. തിരിച്ചുവരുമ്പോഴേക്കും പ്രളയം കൊമ്പിനെ കീഴടക്കുമോ. അതിനു മുന്നേ തന്നെ മുഖം നോക്കുന്ന വെള്ളത്തിലേക്കു സ്വയം സമർപ്പിച്ച് കൊമ്പ് ജീവനൊടുക്കുമോ. കൊമ്പ് എവിടെയയിരുന്നോ അവിടെയല്ലാം ചുറ്റിപ്പറന്നു വിലപിച്ച്, ഇല്ലാത്ത കൊമ്പിൽ ഇടം നേടുന്ന പക്ഷി.
പുരസ്കാരങ്ങളെക്കുറിച്ച് ഇങ്ങനെയല്ലാതെ എങ്ങനെയാണു പറയുക, വിശേഷിപ്പിക്കുക. പക്ഷം തളർന്ന പക്ഷിയായും തൊട്ടുപിന്നിൽ പറക്കുന്ന പക്ഷിയായും എന്നും പിന്നിൽ മാത്രം പറക്കുന്ന പുരസ്കാരങ്ങൾ. അക്ഷരങ്ങളെ സ്നേഹിച്ച നിരാലംബ മനുഷ്യന്റെ ഓർമ പുതുക്കാൻ സംഘടിപ്പിച്ചതു മുതൽ നൊബേൽ വരെ അപവാദമില്ല. എന്നിട്ടും കുറച്ച് അകലെയായെങ്കിലും പറക്കാൻ ശ്രമിച്ച് ഇത്തവണ കേരള സാഹിത്യ അക്കാദമി ഒരു ശ്രമം നടത്തി എന്നു പറയാതിരിക്കാനാവില്ല. അകലെ തന്നെയാണ്. എന്നാലും കണ്ടു. തിരിച്ചറിഞ്ഞു. അംഗീകരിച്ചു. സംശയിക്കേണ്ട കൽപറ്റ നാരായണന് പ്രഖ്യാപിച്ച കവിതാ പുരസ്താരത്തെക്കുറിച്ചു തന്നെയാണ് പറയുന്നത്.
‘സമയപ്രഭുവിനെ’ ഒടുവിൽ അക്കാദമി കണ്ടിരിക്കുന്നു. എന്തൊരദ്ഭുതം. കവിതയ്ക്കല്ല, ഏറ്റവും പുതിയ മലയാള കവിതയ്ക്കാണ് ഇത്തവണത്തെ പുരസ്കാരം. ഏറ്റവും പുതിയ മലയാള കവിതയ്ക്ക്. ജയമോഹൻ അല്ലേ അങ്ങനെ പറഞ്ഞത്. ആധുനികമായ വക്രോക്തിക്ക്. താളുകൾ മറിച്ച് മറിച്ച്, കവിതയെന്ന പേരിൽ കുറിക്കുന്ന കുറിമാനങ്ങൾക്ക് പുരസ്കാരം നൽകിയശേഷം തിരിച്ചുവന്നിരിക്കുകയാണ് കൽപറ്റയിലേക്ക്. നോവൽ കവിതയിൽ തന്നെ എഴുതിയ മലയാളത്തിലെ ഒരേയൊരു മഹാകവിക്ക് പുരസ്കാരം നൽകി.
എവിടമവിടം തന്നെ. ഒരു അക്കാദമിയും ഇതുവരെ ആ കാവ്യ നോവൽ കണ്ടില്ലല്ലോ. കവിതയുടെ ജീവചരിത്രം മറിച്ചുപോലും നോക്കിയില്ലല്ലോ. കോന്തല പൂർണമായി അവഗണിച്ചല്ലോ. സമയ പ്രഭു! തുപ്പാൻ പേടിച്ച് ഇറക്കിയത് വിഷമായിരുന്നിട്ടും മരണത്തെ മാറ്റി നിർത്തി ആ കവിത കാത്തുനിന്നു; അക്കാദമിക്കു വേണ്ടിയല്ല, ആ പുരസ്കാരത്തിന്റെ അവശേഷിക്കുന്ന ആദരവ് നിലനിർത്താൻ വേണ്ടി.
കൽപറ്റ നാരായണന് പുരസ്കാരം കൊടുത്ത് കേരള സാഹിത്യ അക്കാദമി പ്രസക്തി വീണ്ടെടുത്തിരിക്കുന്നു എന്നു ലളിതമായി പറഞ്ഞാൽ അതിശയോക്തിക്ക് ഇടമില്ല സുഹൃത്തേ. അദ്ഭുതത്തിന് സ്ഥാനവുമില്ല. കഥയിൽ അയ്മനം ജോണിനെ തിരിച്ചറിയാൻ അക്കാദമി എടുത്ത കാലം തന്നെ വേണ്ടിവന്നു കൽപറ്റയെയും അംഗീകരിക്കാൻ. ഈ പുരസ്കാരം കൽപറ്റ സ്വീകരിച്ചാലും ഇല്ലെങ്കിലും നാളെ കൂടുതൽ പേർ ആ കവിതയിലേക്ക് ആകർഷിക്കപ്പെടില്ല. അഥവാ അങ്ങനെ സംഭവിച്ചാൽ, അവർ ഉടൻ തന്ന തിരിച്ചുപോകും. അവർക്കുള്ളതല്ല കൽപറ്റ കവിത.
കപ്പലിൽ നിന്ന് പറയുന്നയരുന്ന
പക്ഷികളെപ്പോലെ
അവന്റെ പറക്കലുകൾ
ഗത്യന്തരമില്ലാതെ മടങ്ങി
അവനിൽ തന്നെ ഇരിക്കുവാൻ തുടങ്ങും.
കൽപറ്റയുടെ കവിതയെക്കുറിച്ച് എഴുതാൻ, വളരെ പിന്നിൽ മാത്രം പറന്ന അക്കാദമിയെ കുറ്റപ്പെടുത്താൻ എന്തു യോഗ്യതയാണുള്ളത്. അതും ഇനിയും കൽപറ്റയുടെ ഒരു കവിത പോലും പൂർണമായും വായിച്ചുതീരാത്ത പരാജയപ്പെട്ട വായനക്കാരൻ എന്ന ലേബലുള്ളവന്. ഇല്ല, കൽപറ്റയുടെ കവിത ഇനിയും വായിച്ചുതീർന്നിട്ടില്ല. സമയപ്രഭു തുടങ്ങിയിടത്തുതന്നെയാണ്. തിരഞ്ഞെടുത്ത കവിതകൾ (ഒഴിവാക്കിയ കവിതകൾ കൂടി തരില്ലേ) 2021 മുതൽ മുതൽ വായിക്കുകയാണ്. മൂന്നു വർഷം കൊണ്ട് അക്കാദമി വായിച്ചെടുത്തു. ഞാനോ, നിന്നിടത്തു തന്നെ നിൽക്കുന്നു. എന്നിട്ടും കുറ്റപ്പെടുത്തൽ!
കവിതയുടെ ചുരുക്കെഴുത്താണ് കല്പറ്റക്കവിത. ഇനിയും ചുരുക്കാനാവാത്ത എഴുത്ത്. ഇനിയും ചുരുക്കിയാൽ ഇല്ലാതാവുന്ന എഴുത്ത്. ഇങ്ങനെയെഴുതാൻ പഠിപ്പിച്ചതും കൽപറ്റ തന്നെയല്ലേ. ഹസ്തദാനത്തെക്കുറിച്ച് എഴുതി. ആലിംഗനത്തിന്റെ ചുരുക്കെഴുത്ത്. അഭിനന്ദനത്തിന്റെ ഫോസിൽ. മധ്യസ്ഥൻമാരുടെ ഇഷ്ടമാധ്യമം. ഇളക്കിയുറപ്പിക്കൽ.
വിജയിക്ക്,
ഭാര്യയുടെ കാമുകന്
കൈ കൊടുക്കുമ്പോൾ
വേഗം പിൻവലിക്കാമോ?
കൽപറ്റ, താങ്കൾ തന്നെയാണ് താങ്കളുടെ കവിതയുടെ ശത്രു. ഇനിയും മുന്നോട്ടുപോവാനാവാതെ, വരികളിൽ കുരുക്കിയിട്ടാൽ ഇനി എങ്ങനെ മുന്നോട്ടു പോവും. ബാക്കി കവിതകൾ കൂടി വായിക്കണ്ടേ. സമയ പ്രഭു അല്ല. ഈ ജൻമം മാത്രം. സമയം തീരുന്നു. താങ്കൾ ഇങ്ങനെ കുറുക്കിയെഴുതേണ്ട. അതുകൊണ്ടല്ലേ, പുരസ്കാരം തരാൻ അക്കാദമിക്ക് മൂന്നു വർഷം വേണ്ടിവന്നത്. വായിച്ചു തീരാൻ എനിക്ക് ഇനിയും കഴിയാത്തത്. ഈ പുസ്തകം (കൽപറ്റയുടെ തിരഞ്ഞെടുത്ത കവിതകൾ) വായിച്ചു കഴിഞ്ഞാലല്ലേ എനിക്ക് ഇനിയും മറ്റു പുസ്തകങ്ങൾ വായിക്കാനാവൂ. കോന്തലയിൽ എന്ന തളച്ച താങ്കൾ എത്ര വർഷം കഴിഞ്ഞാണ് മോചിപ്പിച്ചത്. ഇത്രമാത്രം എത്ര തവണ വായിച്ചു. തീർന്നില്ലല്ലോ. കവിതയുടെ ജീവചരിത്രം ബാക്കി കിടക്കുന്നു. തിരഞ്ഞെടുത്തിട്ടും കവിതകൾ തീരുന്നില്ലല്ലോ. താങ്കളെ ഞാൻ വർഗശത്രുവായി പ്രഖ്യാപിക്കുന്നു. വായന പൂർണമായും മുടക്കിയ വർഗശത്രു.
ഒടുവിൽ അമ്മയെന്നെ പെറ്റുതീർത്തു!
ഇനിയെനിക്ക് കിണറിന്റെ ആൾമറയിലിരുന്ന്
ഉറക്കംതൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണർത്തില്ല.
മതി, ഇനി താങ്കൾ എഴുതേണ്ട. ഞാൻ ഇതൊന്നു വായിച്ചുതീർക്കട്ടെ. എന്നിട്ടു മതി. മൂന്നു വർഷം കൊണ്ട് കൽപറ്റ ക്കവിത വായിച്ചു തീർത്ത അക്കാദമിക്ക് സ്തുതി. ഞാനാണ് പിന്നിൽ പറക്കുന്ന പക്ഷി. ഒപ്പമെത്താൻ വേഗം കൂട്ടുന്നുണ്ട്. എന്നാലും കൽപറ്റ സമ്മതിക്കുന്നില്ല. സമയ പ്രഭു...