വെയിൽ തിന്നുന്ന പക്ഷിയുടെ ബലിക്കുറിപ്പുകൾ; ആടിയാടിയലഞ്ഞ അയ്യപ്പകവിത
Mail This Article
ആത്മബലിയുടെയും ആത്മവിചാരണയുടെയും കവിതകളായിരുന്നു എ.അയ്യപ്പൻ എഴുതിയത്. അഥവാ, കാലം എഴുതിച്ചത്. തെരുവുകൾ അനുഭവങ്ങളുടെ തുറന്ന പുസ്തകംപോലെ കാത്തുകിടന്നു. നഗ്നപാദനായി, കനൽപ്പാതയിൽ അമർത്തിച്ചവുട്ടി കവി നടന്നു. ജീവിതത്തിന്റെ നിസ്സാരതകളെ മുള്ളുതറഞ്ഞ കണ്ണുകൊണ്ട് നോക്കിച്ചിരിച്ചു. അതു നരകം കണ്ടവന്റെ വിഹ്വലാവബോധത്തിന്റെ ചിരിയായിരുന്നു. കവിതയുടെ വഴിത്തിരിവുകളിൽ കരുണയുമായി ബുദ്ധൻ തന്നെ കാത്തുനിന്നിട്ടും ഭയത്തിന്റെയും ബലിബോധത്തിന്റെയും പിടിയിൽനിന്ന് മോചനമുണ്ടായില്ല. പിന്തുടരുന്ന കൂരമ്പിനേക്കാൾ പറന്നാൽ മാത്രം ജീവിതം നിലനിർത്താൻ പറ്റുന്ന പക്ഷിയുടെ നിസ്സഹായത പോലൊരു അശരണബോധം അയ്യപ്പന്റെ കവിതകളിലുണ്ടായിരുന്നു.
ഋതുക്കൾ മാറിമാറി പൂത്ത അയ്യപ്പകവിത, ആധുനികതയുടെ കൊട്ടിക്കയറ്റത്തിനും ഇറക്കത്തിനുമിടയിലെ അശാന്തതയുടെ അപരകാന്തിയായി വായനക്കാരെ തൊട്ടു. കേകയിൽ മേൽത്തരം ഉരുപ്പടികൾ കവി കടഞ്ഞെടുത്തു. പുറംസംഗീതം കൊണ്ട് അതിൽ കൊത്തുവേല ചെയ്തില്ല. അയ്യപ്പനു കവിത ചൊല്ലാനുള്ളതായിരുന്നില്ല.
‘അത്താഴം’ എന്ന കവിതയിൽ വിശപ്പു നമ്മെക്കൊണ്ടു ചെയ്യിക്കുന്നത് എന്തെന്നതിന്റെ ദൃക്സാക്ഷിത്വമുണ്ട്.
‘കാറപകടത്തിൽപ്പെട്ടു മരിച്ച
വഴിയാത്രക്കാരന്റെ ചോരയിൽ ചവുട്ടി
ആൾക്കൂട്ടം നിൽക്കെ
മരിച്ചവന്റെ പോക്കറ്റിൽനിന്നു പറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്’
‘കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിതപ്പലഹാരം?’ എന്നു മറ്റൊരു കവി ചോദിച്ചു. അയ്യപ്പനായിരുന്നെങ്കിൽ ആ വരികൾ ഇങ്ങനെ മാറ്റിയെഴുതുമായിരുന്നു: ‘കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിതവിശപ്പ്?’ ചാർലി ചാപ്ലിൻ സിനിമയിലെ അവിസ്മരണീയമായ ദൃശ്യം ഓർമിപ്പിച്ചുകൊണ്ട് ഒരു കവിതയിൽ അയ്യപ്പൻ എഴുതി:
‘വിശപ്പുള്ളവൻ ചെരുപ്പു തിന്നുന്നതു കണ്ട്
ചിരിച്ചവനാണ് ഞാൻ.
അന്നത്തെ കോമാളിത്തമോർത്ത്
ഇന്നു ഞാൻ കരയുന്നു’.
‘വാഗ്ദത്ത നേത്രങ്ങൾ’ എന്ന കവിതയിൽ ഒരു ബൈബിൾവചനത്തിന്റെ നേർമയോടെ കവി എഴുതുന്നുണ്ട്, ‘അന്നവൻ വെള്ളത്തിലെ കരടു മാറ്റും, അന്നത്തിലെ കല്ലുമാറ്റും’ എന്ന്. വെളുത്തചോറിലെ കല്ലുകൾ മാത്രമല്ല കറുത്തവറ്റുകളും നിഷ്ഠയോടെ അയ്യപ്പൻ പെറുക്കിമാറ്റി.
അലക്കിത്തേച്ച സാമൂഹികബോധത്തെ നിരന്തരം വെല്ലുവിളിച്ചുകൊണ്ട് സ്വേച്ഛാചാരിയായി. ചെല്ലുന്നിടങ്ങളിലെല്ലാം ചുറ്റിനും ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചിരുന്നെങ്കിലും അയ്യപ്പന്റേത് ഒറ്റയാൻ ജാഥയായിരുന്നു. കൂട്ടത്തിൽനിന്നു മാറിത്തെറിച്ചൊരു വിത്ത്. കാറ്റിൽ പാറുന്ന ഇലയുടെ കൂസലില്ലായ്മ. വേദനകളുടെ കറുപ്പുടുത്ത കവിതയായിരുന്നു അത്. അയ്യപ്പനു കറുപ്പ് കേവലം മറ്റൊരു നിറമല്ലായിരുന്നു. അനുഭവങ്ങളെ നിർവചിക്കുന്ന തത്വശാസ്ത്രമായിരുന്നു.
‘ദുർഗയുടെ മാല്യത്തിൽനിന്ന്
ശിരസ്സു തിരിച്ചുകിട്ടുവാനായി
കബന്ധങ്ങൾ കാത്തുനിന്നു’ എന്ന് അമ്ലരൂക്ഷമായി കുറിച്ചിട്ടുള്ള അയ്യപ്പൻ നനുത്ത പ്രേമകവിതകളും എഴുതിയിട്ടുണ്ട്. ആധുനികതയുടെ കാലത്തു വീടുവിട്ടിറങ്ങിയ ഉണ്ണികളെല്ലാം പശ്ചാത്താപവിവശരായി തിരിച്ചുചെന്നിട്ടും അയ്യപ്പൻ കവിതയുടെ തെരുവിൽത്തന്നെ തുടർന്നു. അദ്ദേഹത്തിന്റെ ഏതു കവിതയിലും ആ ജീവിതത്തെ തന്നെയാണ് വായനക്കാർ തിരഞ്ഞതും വായിച്ചതും; കവിതയിലെ ‘ഞാൻ’ കവിയാണെന്ന് അത്രമേൽ ഉറപ്പിച്ചതുപോലെ. ഒരു കവിയെ സംബന്ധിച്ചിടത്തോളം അതു നിർഭാഗ്യകരമായ കാര്യമാണ്.
എ.അയ്യപ്പന്റെ ഏറ്റവും മികച്ച കവിതകളിലൊന്ന് അദ്ദേഹത്തിന്റെ ഒഴുകിപ്പരന്ന ജീവിതമായിരുന്നു. ‘വിലാസമില്ലാതെ’ എന്ന ആത്മകഥാഖ്യാനത്തിന്റെ തുടക്കത്തിൽ ഇങ്ങനെ വായിക്കാം: ‘എന്റെ പേര് എ.അയ്യപ്പൻ. മദ്യത്തിന്റെ മറവിൽ ജീവിതം. തെരുവിലും ഹോസ്റ്റലുകളിലും കൂട്ടുകാരുടെ വീട്ടിലും ഉറക്കം. അച്ഛൻ അറുമുഖം, എനിക്ക് ഒരു വയസ്സാകും മുൻപ് മരിച്ചു. ആത്മഹത്യ ചെയ്തുവെന്നാണ് കുട്ടിക്കാലത്തു കേട്ടത്. അമ്മയുടെ കാമുകൻ മദ്യത്തിൽ പൊട്ടാസ്യം സയനൈഡ് കലർത്തിക്കൊടുത്തു എന്നു പിന്നെ പറഞ്ഞുകേട്ടു. തൊട്ടിലിൽ കിടക്കുമ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചോദിക്കാൻ പറ്റില്ലല്ലോ’. അയ്യപ്പൻ സ്വന്തം ജീവിതത്തെ കവിതകളിലേക്കു മാറ്റിയെഴുതുകയായിരുന്നു; അതുകൊണ്ടാണത് മുക്തഛന്ദസ്സിലായത്.