ADVERTISEMENT

രണ്ടാം ലോകമഹായുദ്ധത്തിലെ അണുവിസ്ഫോടനം കഴിഞ്ഞിത്ര നാളായിട്ടും ഉണങ്ങാത്ത മുറിവുകൾ ജപ്പാന്റെ ശരീരത്തിൽ ചിതറിക്കിടക്കുന്നുണ്ട്. അതിന്റെ നഷ്ടങ്ങൾ, ആഘാതങ്ങൾ, പ്രതിഫലനങ്ങൾ എല്ലാം അവിടുത്തെ ജനത ഇന്നും അനുഭവിച്ചുപോരുന്നു എന്നത് പൊള്ളുന്ന യാഥാർഥ്യമാണ്. ബ്യൂസെഫലസിലെ കഥാപാത്രങ്ങളിലൂടെ നമുക്കത് കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കാനാവും. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ജെപി എന്ന അജ്ഞാതൻ നോവലിസ്റ്റിനയച്ച കത്തുകളാണ് നോവലിനാധാരം. കേന്ദ്രകഥാപാത്രങ്ങളായ ലൂക്കോയുടെയും ദേറയുടെയും കത്തുകളിലൂടെ നോവൽ പുരോഗമിക്കുന്നു.

ഓരോ നോവലിലും വ്യത്യസ്ത ശൈലികൾ പരീക്ഷിക്കുന്ന റിഹാൻ റാഷിദിന്റെ ബ്യൂസെഫലസ് യാത്ര അപരിചിതമായ വഴികളിലൂടെയുള്ള നവ്യാനുഭവമാണ്.

 

 

∙ ബ്യൂസെഫലസിലേക്ക് വന്ന വഴികൾ

 

ബ്യൂസെഫലസ് എഴുതിത്തുടങ്ങുമ്പോൾ ക്ലൈമാക്സ് മറ്റൊരു പ്ലാൻ ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ കത്തുകളുടെ രൂപത്തിൽ എഴുതാൻ ആദ്യമേ തീരുമാനിച്ചതാണ്. ദേറയും ലൂക്കയും നതാലിയയും ആദ്യമേ തീരുമാനിച്ച കഥാപാത്രങ്ങളാണ്. ജപ്പാൻ പശ്ചാത്തലത്തിൽ എഴുതുമ്പോൾ കഥാപാത്രങ്ങളുടെ പേരുകളിലൂടെ പശ്ചാത്തലം നിലനിർത്താൻ കഴിയുമെന്നു തോന്നി. അതേസമയം ചരിത്രപരമായ സാധ്യതകളേയും ഉൾപ്പെടുത്തുകയായിരുന്നു. ജെപി എന്ന കഥാപാത്രം യഥാർഥത്തിൽ ഉള്ള ഒരാളാണോ എന്ന് ചില വായനക്കാർ ചോദിച്ചിരുന്നു. അതൊരു രഹസ്യമായി നിൽക്കട്ടെ. മറ്റൊന്ന്, പുസ്തകം കുറെക്കൂടെ വിപുലമാക്കാമായിരുന്നു എന്ന അഭിപ്രായങ്ങളാണ്. ഒരു പരീക്ഷണം നടത്തുമ്പോഴുള്ള ഉൾഭയമാണ് അതിൽനിന്നു പിന്തിരിപ്പിച്ചത്. ജപ്പാനിൽ നടന്ന ആണവാക്രമണത്തെക്കുറിച്ചുള്ള ഒരു വായനയാണ് ഈ പുസ്തകത്തിന്റെ എഴുത്തിലേക്ക് കൊണ്ടെത്തിച്ചത്. മാത്രവുമല്ല ചരിത്രത്തോടുള്ള വ്യക്തിപരമായ ഇഷ്ടവും അതിനു കാരണമായിട്ടുണ്ട്.

 

∙ മാനവചേതനയെ സദാ ചോദ്യം ചെയ്യുന്ന മതരാഷ്ട്രീയം ചർച്ച ചെയ്യാൻ സിംഹഭാഗം എഴുത്തുകാരും എന്തുകൊണ്ടാണ് ഭയക്കുന്നത്?

 

നൂറ്റാണ്ടുകളായി ജനതയെ സ്വാധീനിച്ച ഒരു വ്യവസ്ഥ എന്ന നിലയില്‍ മതത്തെ സമ്പൂര്‍ണ്ണമായി തള്ളിക്കളയാൻ കഴിയില്ല. മതങ്ങള്‍ മുന്നോട്ടു വച്ചിട്ടുള്ള നൈതികമൂല്യങ്ങളെ തിരസ്കരിക്കുകയും പാടേ ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ മതത്തിന്റെ ജീവൻ കെടുകയാണ്. പില്‍ക്കാലം അത് ജീര്‍ണ്ണാവസ്ഥയില്‍ ആവുകയും അത് സമൂഹത്തെ മലീമസമാക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ആ അർഥത്തില്‍ മതത്തിന്റെ നൈതികത ഇല്ലാതാവുകയും രാഷ്ട്രീയ അധികാരം മതങ്ങളില്‍ മേൽക്കൈ വരിക്കുകയും ചെയ്യുമ്പോള്‍ മാനവസമൂഹത്തെ അത് പ്രയാസപ്പെടുത്തും. അതിന് മുൻകയ്യെടുക്കുന്നത് പൗരോഹത്യമാണ്. നമ്മുടെ അധികാര കേന്ദ്രങ്ങളില്‍ നഗ്നമായിത്തന്നെ പൗരോഹിത്യം ഇടപെടുന്നുണ്ട്. അത് ആധുനിക സമൂഹത്തിന് യോജിച്ചതല്ല. കലയിലൂടെ അതിനെതിരെ കലഹിക്കുന്നവരെ അധികാര കേന്ദ്രങ്ങൾ അടിച്ചമർത്തുന്നുണ്ട്. അധികാരത്തിന്റെ മുഷ്ക്കിനെ ഭയപ്പെട്ടാണ് ഭൂരിഭാഗവും ജീവിക്കുന്നത്. മതത്തെയും അധികാരത്തെയും പ്രീണിപ്പിച്ചു കൊണ്ടാണ് സാഹിത്യത്തില്‍/ കലകളിൽ ചിലർ ഇടപെടുന്നത്. അതവരുടെ നിലനില്‍പിന്റെ ആവശ്യകതയാണെന്നു നിസ്സാരവത്കരിക്കാന്‍ കഴിയില്ല. മറിച്ച് അവരും മതരാഷ്ട്രത്തിന്റെ നിർമിതിയിൽ സഹായിക്കുകയാണ്. ഈയടുത്ത കാലത്ത് സിനിമകൾ പലതും മതഭ്രാന്തന്മാരുടെ ആക്രമണത്തിന് ഇരയായത് നമ്മൾ കണ്ടതാണ്. ഏറ്റവും ഒടുവിൽ കൂട്ടമായി അക്രമിക്കപ്പെട്ടത് ‘മീശ’ എന്ന നോവലാണ്. ഇപ്പോഴും അക്കൂട്ടരുടെ വിലക്ക് എസ്. ഹരീഷ് പ്രത്യക്ഷത്തില്‍ത്തന്നെ അനുഭവിക്കുമുണ്ട്‌. 

 

∙ ഓർഹാൻ പാമുക്കിനെ ആരോഗ്യപരമായി ആവാഹിച്ചതിന്റെ ശൈലികൾ ഡോൾസ്‌ പോലുള്ള നോവലുകളിൽ കാണാനുണ്ട്. പുത്തൻ ക്രാഫ്റ്റിങ് ശൈലികൾ പാശ്ചാത്യസാഹിത്യത്തിൽ മാത്രം അധികം സംഭവിക്കുകയും അതിന്റെ തുടർച്ച മാത്രം പൊതുവേ ഇവിടെ അരങ്ങേറുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

 

ഡോള്‍സില്‍ പാമുക്കിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നത് നേരാണ്. പക്ഷേ ലെജൻഡായ അദ്ദേഹത്തിന്റെ എഴുത്തിനോടു നീതി പുലര്‍ത്താന്‍ ഒരു ശതമാനം പോലും കഴിയില്ലയെന്നത് സത്യവുമാണ്. എനിക്കു തോന്നുന്നത് പരീക്ഷണങ്ങള്‍ നടത്താന്‍ ഇവിടെ മിക്കവര്‍ക്കും മടിയുണ്ടെന്നാണ്. കുറെക്കൂടി വിശദമാക്കിയാല്‍, ഒരു സേഫ്സോണില്‍ നിന്നുമാത്രം എഴുതുക എന്നതാണത്. വ്യക്തിപരമായി ഒരു സേഫ്സോണ്‍ എഴുത്തുകാരനായി നില്‍ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. പകരം നമ്മുടെ ആശയങ്ങളെ കുറെക്കൂടി പരീക്ഷണാത്മകമായി എഴുതുക എന്നതിലാണ് മാനസികഉല്ലാസം കണ്ടെത്തുന്നത്. ഇവിടെയും പരീക്ഷണ രീതികള്‍ നടക്കുന്നുണ്ട്. പിഎഫിന്റെ രചനകള്‍ ഗംഭീരമായ പരീക്ഷണങ്ങള്‍ സ്വീകരിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു പക്ഷേ കാലം കുറച്ചുകഴിഞ്ഞാവും പരീക്ഷണങ്ങള്‍ അംഗീകരിക്കപ്പെടുക. നമ്മൾ പാശ്ചാത്യസാഹിത്യത്തെ ഉറ്റുനോക്കുന്നതിനൊപ്പം നമ്മുടെ സാഹിത്യമേഖലയിൽ നടക്കുന്ന പരീക്ഷണങ്ങളെയും കാണേണ്ടതുണ്ട്. ഇവിടെയും എക്കാലത്തും പരീക്ഷണങ്ങൾ നടത്തിയവർ ഉണ്ടെന്നുള്ളത് നിഷേധിക്കാൻ കഴിയില്ല. 

 

∙ അപസർപ്പകസാഹിത്യം പൊതുവേ മലയാളത്തിൽ പിന്തള്ളപ്പെട്ടുപോയത് അതിന്റെ സാഹിത്യഗുണനിലവാരം കുറഞ്ഞതുകൊണ്ടാണെന്ന് പറയാറുണ്ട്. അടുത്തിടെ അപസർപ്പക സാഹിത്യത്തിൽ അധികം പുസ്തകങ്ങൾ വീണ്ടും വരുന്ന ഒരു സാഹചര്യമുണ്ട്. ഇപ്പോൾ പ്രസിദ്ധീകൃതമാകുന്ന അത്തരം കൃതികളിൽ കാലത്തെ അതിജീവിക്കുമെന്ന് കരുതുന്ന ഏതെങ്കിലും കൃതിയുണ്ടോ? പൊതുവിൽ ഭാഷാപരമായും ആശയപരമായും അപസർപ്പകസാഹിത്യം വീണ്ടും ശുഷ്കമാകുന്നതായി തോന്നുന്നുണ്ടോ?

 

അപസർപ്പക സാഹിത്യം പിന്തള്ളപ്പെട്ടു എന്നു പറയുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഏതുകാലത്തും അതിന് വായനക്കാരുണ്ടായിട്ടുണ്ട്. മറ്റു സാഹിത്യ സൃഷ്ടികൾക്കൊപ്പം തന്നെയാണ് അപസർപ്പക എഴുത്തുകളും നിൽക്കുന്നത്. പക്ഷേ അനേകം ചോയ്സുകളില്‍നിന്നു വായനക്കാര്‍ അവര്‍ക്കു വേണ്ടത് തിരഞ്ഞെടുത്തു വായിക്കും. അവിടെ ക്വാളിറ്റി മെയിന്റയിന്‍ ചെയ്യുക എന്നതാണ് കാര്യം. അപസര്‍പ്പക രചയിതാക്കള്‍ക്കു മുന്‍പിലുള്ള പ്രധാന വെല്ലുവിളി കൂടുതൽ ബുദ്ധിയോടെ വായിക്കുന്ന വായനക്കാർ ഉണ്ടെന്നതാണ്. അവരെ തൃപ്തിപ്പെടുത്തുന്ന രചനകൾ നിലനിൽക്കും. പിന്നെ, പരീക്ഷണങ്ങൾ സംഭവിക്കുന്നത് ഭാഷയിലാവാം, വിഷയ സ്വീകരണത്തിലാവാം, ക്രാഫ്റ്റിങ്ങിലാവാം. എന്തുതന്നെ ആയാലും ആത്യന്തികമായി വായനക്കാരനെ ഏതെങ്കിലും തരത്തില്‍ രസിപ്പിക്കുന്ന സംഗതി വേണം. എന്നു കരുതി എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ കഴിയുകയുമില്ല. ഒരേ രുചികള്‍ ഇഷ്ടമുള്ളവര്‍ക്ക് സ്വീകാര്യമാവും. അല്ലാത്തത് its not my cup of tea എന്നു കരുതുന്നതാവും ഉചിതം.

 

∙ തുടരെത്തുടരെ പുസ്തകങ്ങൾ വരുന്നുണ്ടല്ലോ. എഴുത്തുരീതികൾ എങ്ങനെയാണ്? ആശയസ്വാംശീകരണം റിഹാനിൽ എങ്ങനെയാണ് സംഭവിക്കുന്നത്?

 

എഴുത്തുകൊണ്ടു ജീവിക്കണം എന്നുള്ള ആഗ്രഹമാണ് തുടരെയുള്ള എഴുത്തുകള്‍ക്കു കാരണം. എന്നു കരുതി എല്ലാ മാസവും പ്രസാധകര്‍ക്ക് അയച്ചു കൊടുത്തവയല്ല ഇപ്പോള്‍ വന്നതും ഇനി വരാനിരിക്കുന്ന രണ്ട് പുസ്തകങ്ങളും. ഒരു വര്‍ഷത്തിലധികം മുന്‍പ് പ്രസാധകര്‍ക്ക് അയച്ചവയാണത്. ഇപ്പോഴാണ് പുറത്തിറങ്ങുന്നതെന്നു മാത്രം. എഴുതാനുള്ള ആര്‍ത്തിയും അതിനു പിന്നിലുണ്ടെന്നത് മറച്ചു വയ്ക്കുന്നില്ല. തൊട്ടടുത്ത നിമിഷം മുതല്‍ നിന്നു പോയേക്കാവുന്ന ഒന്നാണ് എഴുത്ത്. അതുകൊണ്ട് പറ്റാവുന്ന സമയത്തെല്ലാം എഴുതുന്നു. പ്രസിദ്ധീകരിക്കപ്പെട്ടതിലും ഇരട്ടിയിലധികം എഴുത്തുകള്‍ പല കാരണങ്ങള്‍ കൊണ്ട് പകുതിയിലും മറ്റും ഉപേക്ഷിച്ചത് ആരുമറിയുകയുമില്ല. മുഴുവന്‍ സമയ എഴുത്തുകാരനായി നില്‍ക്കാന്‍ കഴിയുമോ എന്നൂള്ളത് ഇപ്പോഴും വലിയ ചോദ്യചിഹ്നമാണ്. എന്നാലും സ്വന്തം വിശപ്പിനെയും എന്നെ ആശ്രയിച്ചു കഴിയുന്നവരുടെ വിശപ്പിനെയും ഇല്ലാതാക്കാന്‍ എഴുതുക തന്നെ ചെയ്യും. വ്യക്തിപരമായ ഒരു രഹസ്യം പറയാം. ആദ്യപുസ്തകമായ സമ്മിലൂനി വാങ്ങിയ ഒരാള്‍ വായിച്ചതിന് ശേഷം കീറിവലിച്ചെറിഞ്ഞു എന്നത് ഈയടുത്തകാലത്താണ് അറിഞ്ഞത്. ആ വാട്സാപ് മെസേജ് ഞാന്‍ പ്രിന്റെടുത്തു സൂക്ഷിച്ചു വച്ചിട്ടുണ്ട്. വീണുപോവുന്നു എന്നു തോന്നുമ്പോഴെല്ലാം അതെടുത്ത് വായിക്കും. അപ്പോള്‍ കൂടുതല്‍ ശക്തമായി എഴുതാന്‍ തോന്നും. വീഴ്ചകളെ പരിശ്രമം കൊണ്ടുമാത്രമേ മറികടക്കാന്‍ കഴിയുകയൂ. ആശയ സ്വീകരണം സംഭവിക്കുന്നത് മിക്കപ്പോഴും വായനകളില്‍ നിന്നാണ്. ചിലപ്പോഴെല്ലാം അനുഭവങ്ങളില്‍നിന്നും സംഭവിക്കാറുണ്ട്. രണ്ടായാലും അതിനെ എഴുത്തുരൂപത്തിലേക്ക് എത്തിക്കാന്‍ ഒത്തിരി ആലോചനകള്‍ ആവശ്യമുണ്ട്. സ്വയം നവീകരിച്ചു കൊണ്ടേയിരിക്കുക എന്നതാണ് ചെയ്യുന്നത്.

 

∙ സോഷ്യൽമീഡിയ കുറിപ്പുകൾ നിരൂപണമാണെന്ന് റിഹാൻ തെറ്റിദ്ധരിക്കുന്നുണ്ടോ? നിരൂപകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ലക്ഷണമൊത്ത ഒരു നിരൂപണം വായിച്ചിട്ടുണ്ടെന്ന് കരുതുന്നുണ്ടോ?

 

സോഷ്യല്‍ മീഡിയ എന്നത് വലിയൊരു പരസ്യച്ചുമരാണ്. അവിടെ അവരവരുടെ ചിന്തകളുടെ പരസ്യങ്ങള്‍ പതിക്കുകയാണ് ചെയ്യുന്നതെന്നാണ് വ്യക്തിപരമായ നിരീക്ഷണം. മേല്‍പറഞ്ഞതിന്റെ തുടര്‍ച്ചയാണ് പുസ്തകങ്ങളെക്കുറിച്ചുള്ള അവരവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നതും. അവരെ കുറ്റം പറയാന്‍ ഞാന്‍ ആളുമല്ല. അതവരുടെ തീരുമാനമാണ്. നിരൂപണത്തെക്കുറിച്ച് പറയുമ്പോള്‍ മലയാളത്തിൽ എണ്ണം പറഞ്ഞ നിരൂപകരുണ്ട്. അവർ പലപ്പോഴും സോഷ്യൽ മീഡിയകളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പറയുന്നതു കാണാറില്ല. 

 

സോഷ്യൽ മീഡിയയിൽ വരുന്ന കുറിപ്പുകളെ വായനാനുഭങ്ങൾ എന്നു പറയുന്നതാണ് ഉചിതം. നിരൂപണം എന്ന് അതിനെ വിളിക്കാൻ കഴിയില്ല. എഴുത്തുകാരനെപ്പോലെ തന്നെ വലിയ അധ്വാനം ആവശ്യമുള്ള പണിയാണ് നിരൂപണവും. ആഴമുള്ള വായനയും എഴുത്തുകളെക്കുറിച്ചും ക്രാഫ്റ്റിങ്ങിനെക്കുറിച്ചും മറ്റു രീതികളെക്കുറിച്ചുമുള്ള അറിവുകളും ആവശ്യമുണ്ട്. അതറിയുന്നവർ നന്നായിത്തന്നെ ചെയ്യുന്നുമുണ്ട്. അതേസമയം സോഷ്യൽ മീഡിയകളിൽ വരുന്ന കുറിപ്പുകൾ പുസ്തകത്തിന്റെ വിൽപനയെ സഹായിക്കുന്നുമുണ്ട്.

 

∙ പ്രസിദ്ധരായ രണ്ടോ മൂന്നോ പേർ നല്ലതു പറഞ്ഞാൽ അതുമാത്രമാണ് യാഥാർഥ്യമെന്നു കരുതിയിരിക്കുന്ന പല എഴുത്തുകാരും നമുക്കിടയിൽ ഉണ്ടല്ലോ? ആരോഗ്യപരമായ വിമർശനം പോലും അവരിൽ അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉണ്ടാക്കുന്നതായി പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ? എഴുത്തുകാരിൽ പലരും വിമർശനങ്ങളോട് സഹിഷ്ണുത പുലർത്താത്തതായി തോന്നിയിട്ടുണ്ടോ?

 

പ്രസിദ്ധരായവര്‍ പറയുന്നത് കൊണ്ടുമാത്രം മറ്റ് വായനക്കാര്‍ ഇഷ്ടപ്പെട്ടോളണം എന്നു പറയുന്നതില്‍ യാതൊരു കാര്യവുമില്ല. മുകളില്‍ മറ്റൊരു ചോദ്യത്തിന് പറഞ്ഞതു പോലെ വായനക്കാരുടെ ചോയ്സുകള്‍ വിശാലമാണ്‌. വിമര്‍ശനങ്ങളോട് ശത്രുതാ മനോഭാവം കാണിച്ചിട്ട് കാര്യമൊന്നുമില്ല. മറിച്ച് വിമര്‍ശനങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ചിലരെങ്കിലും എഴുത്തുകള്‍ക്ക് നേര്‍ക്കുയരുന്ന വിമര്‍ശനങ്ങളെ വ്യക്തിപരമായി കാണുന്നുണ്ട്. അതേസമയം തന്നെ എഴുത്തുകളിലുപരി എഴുത്തുകാരനെ ആക്രമിക്കുന്നവരുമുണ്ട്. രണ്ടും നല്ലതല്ല.

 

∙ കല സമൂഹത്തെ സ്വാധീനിക്കുന്നുണ്ടോ? സമൂഹത്തിന്റെ സൂക്ഷ്മ, സ്ഥൂല മാറ്റങ്ങളിൽ കല എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്? ഉത്തരവാദിത്വസ്വഭാവമുള്ള ഒന്നാകണം കലകൾ എന്നുണ്ടോ? പ്രത്യേകിച്ച് സാഹിത്യം?

 

കല സമൂഹത്തെ സ്വാധീനിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ പൂര്‍ണ്ണമായും ഇല്ലെന്നു പറയാന്‍ പറ്റില്ല. ചില കാര്യങ്ങളിലെങ്കിലും മാറ്റം വരുത്താന്‍ കലയുടെ സ്വാധീനം മൂലം കഴിയുന്നുണ്ട്. എന്നു കരുതി എല്ലാ കലയിലും സമൂഹത്തിന് മെസേജ് നല്‍കണമെന്ന് ശാഠ്യം പിടിക്കാന്‍ കഴിയുകയുമില്ല. മറിച്ച് കല അതുണ്ടാക്കുന്നവന്റെ /ഒരു കൂട്ടം ആളുകളുടെ പരിസരങ്ങളിൽനിന്നും പരിസ്ഥിതികളില്‍ നിന്നുമാണ് സംഭവിക്കുന്നത്. സ്വാഭവികമായും ആ സമൂഹത്തിന്റെ രീതികള്‍ അതതുകാലത്തെ കലകളില്‍ കലര്‍ന്നിരിക്കും. ഇവിടെ അതിന്റെ ഉപഭോക്താവിന് വേണ്ടത് സ്വീകരിക്കാം അല്ലാത്തത് തള്ളുകയും ചെയ്യാം.

 

∙ പുതുകാലവായനക്കാരെ എങ്ങനെ വിലയിരുത്തുന്നു?

 

പുതുകാല വായകള്‍ മികച്ചതു തന്നെയാണ്. സ്വീകരണത്തിലെ വ്യത്യസ്തതകൾക്കാണ് ഇവിടെ പ്രാധാന്യം. പഴയകാലത്തുനിന്നു മാറി വിശാലമായ തിരഞ്ഞെടുപ്പുകള്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്. ടെക്നോളജിയുടെ വളര്‍ച്ചയാണ് അത് സാധ്യമാക്കുന്നത്. ഈ സാധ്യതകള്‍ വായനക്കാരനെ ഒരേ സമയം എന്തു തിരഞ്ഞെടുക്കണം എന്നതില്‍ കണ്‍ഫ്യൂഷനാക്കുകയും വിശാലമായ ഇടം നല്‍കുകയും ചെയ്യുന്നുണ്ട്. എഴുത്തുകാര്‍ സ്വയം നവീകരിക്കുകയും ആരോഗ്യപരമായ മത്സരത്തിന് തയാറാവുകയും ചെയ്യുമ്പോള്‍ പുതുകാല വായനയും അതിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയാറാവും.

 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Content Summary : Vipin Das Talk With Rihan Rashid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com