പരീക്ഷാക്കാലത്തെ പുതിയ പനി H3N2 എങ്ങനെ പ്രതിരോധിക്കാം?
Mail This Article
കടുത്ത വേനലായതോടെ പനിയും അനുബന്ധപ്രശ്‌നങ്ങളുമായി ആശപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിലാവട്ടെ വേനല്‍ക്കാലം പരീക്ഷാക്കാലം കൂടിയാണ്. പകര്‍ച്ചപ്പനി പിടിച്ചാല്‍ പരീക്ഷയെയും ബാധിക്കാനിടയുണ്ട്. ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് H3N2 ഇന്‍ഫ്‌ലുവന്‍സ വൈറസ്. ഇന്‍ഫ്‌ലുവന്‍സ പനിക്കും ശ്വാസകോശ അണുബാധയ്ക്കുമുള്ള ഒരു പ്രധാന കാരണം കൂടിയാണ് ഈ വൈറസ്. ഹോങ്‌കോങ് ഫീവര്‍ എന്നും ഈ പനി അറിയപ്പെടുന്നുണ്ട്.
∙ പകരുന്നവഴി
രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറന്തള്ളപ്പെടുന്ന രോഗാണുകണികകള്‍ ശ്വസിക്കുന്നതിലൂടെ രോഗം പകരാം. രോഗാണുക്കള്‍ നിറഞ്ഞ പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം മൂക്കിലോ വായിലോ സ്പര്‍ശിക്കുമ്പോഴും രോഗം പകരാം.
∙ ലക്ഷണങ്ങള്‍
കോവിഡിനു സമാനമാണ് ലക്ഷണങ്ങള്‍. പനി, ചുമ, കുളിരും വിറയലും, ഓക്കാനം, ഛര്‍ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണഗതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമേറിയവര്‍, പ്രമേഹം പോലെയുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് ന്യുമോണിയപോലെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാനിടയുണ്ട്. നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ചുമച്ച് മഞ്ഞനിറത്തില്‍ കഫം തുപ്പുക, രക്തം ചുമച്ച് തുപ്പുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടിയന്തിരമായി വൈദ്യസഹായം തേടണം.
∙ ചികിത്സ
പനി കുറയാനുള്ള മരുന്നുകളും ആന്റി വൈറല്‍ മരുന്നുകളും ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. വിശ്രമം, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയവ പ്രധാനമാണ്.
∙ ചെയ്യേണ്ടത്
∙ ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക
∙ വായും മുഖവും സ്പര്‍ശിക്കാതിരിക്കുക
∙ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക
∙ പൊതു ഇടങ്ങളില്‍ തുപ്പരുത്
∙ മാസ്‌ക് ധരിക്കുക
∙ രോഗമുള്ളവരുമായി അടുത്ത് ഇടപഴകരുത്
∙ ചുമയ്ക്കുമ്പോള്‍ വായും മൂക്കും മൂടുക
∙ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്
∙ പനിയുള്ളപ്പോള്‍ സ്‌കൂള്‍, ഓഫിസ് എന്നിവിടങ്ങളില്‍ പോകരുത്
∙ സ്വയം ചികിത്സ പാടില്ല
മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഫാമിലി ഡോക്ടര്‍ പ്രിപബ്ലിക്കേഷന്‍ സമാഹാരത്തില്‍നിന്നും. നിത്യജീവിതത്തിലെ ആരോഗ്യസംബന്ധമായ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ലളിതമായ ഉത്തരം നല്‍കുന്ന ഈ അമൂല്യ സമാഹാരം സൗജന്യവിലയില്‍ ഇപ്പോള്‍ പ്രി ബുക്ക് ചെയ്യാം.
Content Summary: Tips From Book Family Doctor, A Complete Practical Health Companion