ADVERTISEMENT

അരവിന്ദന്റെ ചിദംബരവും ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യനും മുതൽ എത്രയോ എണ്ണമറ്റ കഥാപാത്രങ്ങൾ. നായകനായും പ്രതിനായകനായും നായകനെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന സഹനടനായും മുരളി കെട്ടിയാടിയ വേഷങ്ങൾ. ഒരുപാട് കഥാപാത്രങ്ങളുണ്ട്; കണ്ണ് നനയ്ക്കുന്ന, മനസ്സിനെ ആർദ്രമാക്കുന്ന, ചങ്കൂറ്റത്തിന്റെ പര്യായമായ ഒരുപാട് പ്രിയ കഥാപാത്രങ്ങൾ.

എങ്കിലും എനിക്ക് കുറച്ചു കൂടുതൽ ഇഷ്ടം വളയത്തിലെ ലോറി ഡ്രൈവർ ശ്രീധരനോടുണ്ട്. എല്ലാ അർഥത്തിലും ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു മുരളി. ഒരു നായകന് വേണ്ട വെള്ളപൂശൽ ഏതുമില്ലാതെ ലോഹിതദാസ് തന്റെ ആലയിൽ രാകിമിനുക്കിയെടുത്ത ആ കഥാപാത്രം വെള്ളിത്തിരയിൽ കാണുമ്പോൾ അവിടെ മുരളിയില്ല, ശ്രീധരനേയുള്ളൂ. കരിപുരണ്ട ശരീരവും കറപുരളാത്ത മനസ്സുമുള്ള തന്റേടിയായ ശ്രീധരൻ.

വളയം പിടിക്കാൻ പഠിപ്പിച്ച ആശാന്റെ മകൾ ആത്മഹത്യ ചെയ്തതറിഞ്ഞ് ആശാന്റെ വീട്ടിലെത്തുന്ന ശ്രീധരൻ തൂണിൽ മുഖം ചേർത്ത് വിങ്ങിക്കരയുന്ന ഒരു സീനുണ്ട് സിനിമയിൽ. ആ ഭാവപ്രകടനത്തെ വിവരിക്കാൻ വാക്കുകൾകൊണ്ട് കഴിയില്ല.  സിനിമയുടെ ക്ലൈമാക്സിൽ എല്ലാ അർഥത്തിലും ജീവിതം നഷ്ടപ്പെട്ട നായികയോട് ‘നിന്നെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല സീതേ..നീ വരണം.. എന്റെ ജീവിതത്തിലേക്ക്’ എന്നു പറയുന്ന ശ്രീധരൻ ഒരു യഥാർഥ നായകനായി മനസ്സിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നുണ്ട്.

murali-actor-malayalm-movie-pulijanam
മുരളി ചിത്രം: പുലിജന്മം

നാടകക്കളരിയിൽനിന്നു വന്നതു കൊണ്ടുതന്നെ, തനിക്കു കിട്ടിയ വേഷങ്ങളെ എഴുത്തുകാരന്റെ ഭാവനയ്ക്കപ്പുറം മികവുറ്റതാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാൽ നാടകത്തിന്റെ അതിഭാവുകത്വം ഒരിക്കൽപോലും ആ നടനവൈഭവത്തിൽ കലർന്നിരുന്നില്ല. ആദ്യമായും അവസാനമായും താനൊരു അഭിനേതാവ് മാത്രമാണെന്ന് മുരളി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അഭിനയത്തോടുള്ള അടങ്ങാത്ത ആ അഭിനിവേശമാണ് പരകായപ്രവേശമായി പ്രേക്ഷകനു മുന്നിൽ പീലിനീർത്തിയാടിയത്.

murali-actor-valayam-movie-still
മുരളി, മനോജ് കെ. ജയൻ. ചിത്രം: വളയം

അമരത്തിലെ കൊച്ചുരാമനും ആധാരത്തിലെ ബാപ്പുട്ടിയും ലാൽസലാമിലെ സഖാവ് ഡികെയും ധനത്തിലെ അബുവും ചകോരത്തിലെ മുകുന്ദൻ മേനോനും ഗർഷോമിലെ നിസ്സഹായനായ പ്രവാസിയും ചമയത്തിലെ എസ്തപ്പാനാശാനും കിംഗിലെ ജയകൃഷ്ണനും കിഴക്കുണരും പക്ഷിയിലെ ജോണിയും ആകാശദൂതിലെ ആന്റണിയും വെങ്കലത്തിലെ ഗോപാലനും കാരുണ്യത്തിലെ ഗോപിമാഷും നെയ്ത്തുകാരനിലെ അപ്പ മേസ്‌തിരിയും പുലിജന്മത്തിലെ കാരി ഗുരുക്കളുമൊക്കെയായി എത്ര അനായാസതയോടെയാണ് അദ്ദേഹം അഭ്രപാളിയിൽ നിറഞ്ഞത്.

murali-actor-malayalm-movie
മുരളി

മലയാളസിനിമയെ വിലയിരുത്തുമ്പോൾ മുരളിയില്ലാതെ ഒരിക്കലും അത് പൂർണ്ണമാവില്ല. അഭിനയകലയുടെ പുലിജന്മത്തിന് ഓർമപ്പൂക്കൾ..

English Summary : Eleven years without actor Murlai - Memoir by Rajeev Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com