കൊറോണയിൽ ഇല്ലാതായ, നാലുചുമരിനുള്ളിലിരുന്ന് വിവരിക്കാനാവാത്ത കാഴ്ചകൾ!
Mail This Article
നിഴലുകൾ ഉറങ്ങുന്ന തണലിടങ്ങൾതേടി...
ഋതുമാറ്റങ്ങളിൽ പലവുരു മൂടുപടമണിഞ്ഞു വാതിൽപ്പഴുതിലൂടെ കാത്തിരിക്കുകയാണ് വിറങ്ങലിച്ചുപോയ ഉൾത്തടങ്ങളെ തലോടി ഉണർത്തുവാൻ....
നിസ്സഹായാവസ്ഥയുടെ ഇരുട്ടറക്കുള്ളിൽ ഒറ്റപ്പെടുമ്പോഴും നഗരമധ്യത്തിൽനിന്നും പത്തുപതിനേഴുകിലോമീറ്ററുകൾക്കപ്പുറം ആശുപത്രിയുടെ ഫർമസിയുടെ വാതിലുകൾക്കുള്ളിൽ ഞാൻ നിശ്ശബ്ദതയെക്കുറിച്ചു ചിന്തിക്കാതിരുന്നില്ല....
തിരിച്ചുവരാനില്ലാത്ത ഇന്നലകളെയോർത്തു ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒഴുകിയെത്തുന്ന വാക്കുകൾ ചിലപ്പോൾ അനർഗ്ഗളമായി ഒഴുകിയേക്കാം... പക്ഷേ ഇന്നോ... നീണ്ട മൗനത്തിൽ നിന്നുയരുന്ന ചുടുനിശ്വാസങ്ങളിൽ തട്ടി കാലത്തിന്റെ കണക്കുപുസ്തകത്തിൽ നീണ്ട നിരകൾ തീർക്കാം...
ദിനാന്തമെത്തുമ്പോൾ ഭാവനത്തിലേക്കുള്ള ഒരെത്തിനോട്ടം കോറോണയിൽ ചെന്നെത്തിയിരിക്കുന്നു... വേരുകളുടെ പരിധി വേലികെട്ടിതിരിച്ചതോ നീ പോലുമറിയാതെ കാറ്റിന്റെ തലോടലിൽ കണ്ണിണമയങ്ങാതെ വെയിലിന്റെ സ്പർശത്തിൽ നിൻനിറം മാറാതെ വളർച്ചയെ ഇഞ്ചായെറിഞ്ഞതോ... ലോകത്തിന്റെ അതിരുകൾ ചില കണക്കുകൂട്ടലിൽ ഒതുങ്ങിയപ്പോൾ നമുക്ക് നിഷേധിക്കപ്പെടുന്നത് എന്തൊക്കെയാണ്... !
കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞു കൊണ്ടുള്ള യാത്രകൾ, ആഘോഷങ്ങളുടെ ആരവങ്ങൾ... നാലുചുമരിന്റെ മുറിയിലിരുന്ന് വിവരിക്കാനാവാത്ത കാഴ്ചകൾ... പ്രതീക്ഷയുടെ വെളിച്ചവും കെട്ടുപോയ മഞ്ഞളിച്ച സന്ധ്യ മാത്രം... കരൾ വറ്റി ചീർത്ത കുടലിന്റെ നിലവിളി മാത്രം... ദൂരദർശിനിയിലൊന്നും പതിയാത്ത കാഴ്ചകൾ... കാലമിനിയെത്ര നടന്നാലാണ് ഇതിൽനിന്നൊരു മോചനം... പല്ലുകൾ മുഴുവൻ കാണിച്ചു ചിരിക്കാൻ എനിക്കിനിയെന്നാണാവുക... അതുകണ്ടു കൂടെ ചിരിക്കാനും കളിപറയാനും സുഹൃത്തുക്കളെ നിങ്ങളെയെന്നാണ് കണ്ടുമുട്ടാനാവുക...
അഞ്ചിഞ്ചു സ്ക്രീനിലെ അരണ്ട വെളിച്ചത്തിൽ എവിടെയൊക്കെയോ ഇരുന്ന് കുശലം പറയുന്ന സുഹൃത്തുക്കളെ നമ്മളിനിയെന്നാണ് ഒപ്പമിരുന്ന് കഥകൾ പറയുക...
മഴയത്തു കുടചൂടിയെന്നാലും ചെളിയെല്ലാം തെറിപ്പിച്ചു സ്കൂളിൽ പോകാനും പുത്തൻ പുസ്തകത്തിന്റെ മണം നുകർന്നു റബ്ബറുള്ള പെൻസിൽ കൂട്ടുകാരെ കാണിക്കാനും കുട്ടികളെ നിങ്ങൾക്കെന്നാണാവുക.... എല്ലായിപ്പോഴും ഫർമസിയുടെ കറങ്ങുന്ന കസേരയിലിരുന്നു ബി പോസിറ്റീവ് എന്നു നാഴികക്കു നാല്പതുവട്ടവും പറയാറുള്ള അമലേട്ടാ.. കോറോണയിൽനിന്നും നെഗറ്റീവടിക്കാൻ എപ്പോഴാണു പറ്റുക....
ഇഴചേർത്തു തുന്നിയ കുപ്പായം പോൽ എന്നിലൊട്ടിയൊരു വസന്തത്തിന്റെ ഇടിമുഴക്കം ചിരകാലത്തേക്കായി തുറന്നുവെച്ചതായിരുന്നോ ഉറങ്ങാത്ത വെള്ളരിപ്രാവുകളെ നിങ്ങൾ... രാത്രിഡ്യൂട്ടിയുടെ ക്ഷീണം മാറാതെ ഇതൾ കൊഴിഞ്ഞ പൂവിലും സ്നേഹത്തിന്റെ തീക്കടൽ തേടുന്ന പച്ചമനുഷ്യന്റെ പൂക്കളെ മാത്രം സ്നേഹിക്കുന്ന വണ്ടുകളല്ലേ ഞാനും നീയുമൊക്കെ... അടച്ചുവെച്ച ചിരികളെ തുറന്നുകാട്ടാനാഗ്രഹിക്കുന പകച്ച ലിപിയെ സ്നിഗ്ദ്ധതയാൽ പച്ച പുതക്കാൻ ആഗ്രഹിക്കുന്നവൾ...
പതിയട്ടെ ചിന്മുദ്രകളവയെന്നും പകൽക്കിനാവമീ ജീവിതയാത്രയിൽ....
നിഴലുകൾ ഉറങ്ങുന്ന തണലിടങ്ങളിൽ നമുക്കേവർക്കും ഇരിക്കാനാകട്ടെ...
English Summary: Article written by Athira Guptha