ജോലി കളഞ്ഞ് സിനിമയിലിറങ്ങരുതെന്ന് പറഞ്ഞത് മമ്മൂക്ക: ‘ചെകുത്താൻ ലാസർ’ പറയുന്നു

Mail This Article
ഓഫിസിലേക്കുള്ള സൈക്കിള്‍ യാത്രയ്ക്കിടെ വേഗത്തില്‍ പോയ കാര്‍ റിവേഴ്‌സ് എടുത്ത് തിരികെ വന്ന് ഒറ്റച്ചോദ്യം: ‘ഇങ്ങള് നമ്മടെ ചെകുത്താന്‍ ലാസര്‍ അല്ലേ’ എന്ന്. ഖത്തറിലെ പ്രവാസി മലയാളികള്‍ക്കിടയിലും ലാസര്‍ പരിചിതനാണെന്നറിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുമ്പോള്‍ ഹോളിവുഡിൽ ഉള്‍പ്പെടെ ചെറുതും വലുതുമായി 26 ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്‌തെങ്കിലും ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ചെകുത്താന്‍ ലാസര്‍ തന്നെയാണെന്നത് അഭിമാനവും സന്തോഷവും നല്‍കുന്നുവെന്ന് കൊച്ചിയുടെ താരം ഹരിപ്രശാന്ത് വര്‍മ പറയുന്നു.
ഖത്തറില്‍ സ്‌പോര്‍ട്‌സ് ടെക്‌നോളജി സ്ഥാപനത്തില്‍ ഐടി ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ചിട്ട് ഒന്നര മാസമേ ആയുള്ളുവെങ്കിലും 6 അടി 4 ഇഞ്ച് പൊക്കവും ഒത്ത ആകാരവടിവുമുള്ള ലാസറിനെ തിരിച്ചറിഞ്ഞ് പരിചയപ്പെടാനും സെല്‍ഫിയെടുക്കാനും എത്തുന്ന മലയാളികള്‍ ഏറെ. 2018 ല്‍ പുറത്തിറങ്ങിയ ആട് 2–വിലെ ലാസര്‍ എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ എത്രമാത്രം ആഴത്തില്‍ പതിഞ്ഞുവെന്നതിന്റെ പ്രതിഫലനമാണ് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ദോഹയിലും ലാസര്‍ അല്ലേ എന്ന ചോദ്യവുമായി മലയാളികള്‍ ഓടിയെത്തുന്നത്.
'വരയന്‍' ഇന്നെത്തും
ജിജോ ജോസഫ് സംവിധാനം ചെയ്ത വരയന്‍ കേരളത്തില്‍ റിലീസ് ചെയ്‌തെങ്കിലും ഗള്‍ഫിലെ തിയറ്ററുകളില്‍ മേയ് 26നാണ് റിലീസ്. എസ്ഐ ബിജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹരിപ്രശാന്ത് ആണ്. കേരളത്തില്‍ സിനിമയ്ക്ക് നല്ല പ്രതികരണമാണ്. ഗള്‍ഫിലെ സിനിമാ പ്രേക്ഷകരുടെ മനസിലും വരയനിലെ എസ്‌ഐ ബിജു ഇടം നേടുമെന്നാണ് ഹരിയുടെ പ്രതീക്ഷ.

തുടക്കം സുഹൃത്തിന്റെ സിനിമയില്‍
2014 ല്‍ ആണ് സിനിമയിലെ തുടക്കം. നിര്‍മാതാവും മമ്മൂട്ടിയുടെ സന്തതസഹചാരിയുമായ എസ്.ജോര്‍ജ് ആണ് സുഹൃത്തായ ഹരിയെ സിനിമയിലേക്കു ക്ഷണിക്കുന്നത്. ജോര്‍ജ് നിര്‍മിച്ച ലാസ്റ്റ് സപ്പറില്‍ തുടങ്ങിയ വില്ലന്റെ അഭിനയ ജീവിതം വരയന്‍ സിനിമയില്‍ എത്തി നില്‍ക്കുമ്പോള്‍ മമ്മൂട്ടി എന്ന മഹാനടന്റെ കൂടെ അച്ഛാദിന്‍, പരോള്‍, ഫയര്‍മാന്‍ എന്നീ 3 ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്നെയാണ് അഭിനേതാവ് എന്ന നിലയില്‍ ഏറ്റവും വലിയ സന്തോഷം നല്‍കിയത്.
സ്‌കൂളിലും കോളജിലുമെല്ലാം നാടകവും പാട്ടും മോണോആക്ടും ഒക്കെയായി വേദികളില്‍ സജീവമായിരുന്ന ഹരിക്ക് അഭിനയം വലിയ ഇഷ്ടമാണ്. സിനിമയോ നാടകമോ, മാധ്യമം ഏതായാലും അഭിനയിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താറില്ല. കലാകാരന്‍ കൂടിയായ അച്ഛന്‍ ഗിരിജാവല്ലഭ മേനോനും നര്‍ത്തകി ആയിരുന്ന അമ്മ മല്ലിക തമ്പുരാട്ടിയും തന്നെയാണ് കുട്ടിക്കാലം മുതല്‍ക്കേ ഹരിയിലെ കലാകാരന് പ്രോത്സാഹനവും പിന്തുണയും നല്‍കിയിരുന്നത്.

സിനിമയോടുള്ള സമീപനം
ജോലി കളഞ്ഞിട്ട് സിനിമയിലേയ്ക്ക് ഇറങ്ങേണ്ടെന്നാണ് മമ്മൂക്ക നല്‍കിയ ഉപദേശം. ആ ഉപദേശം നൂറു ശതമാനം സ്വീകരിക്കുകയും ചെയ്തു. ഐടി ജോലിയും സിനിമയും ഒരുമിച്ച് കൊണ്ടു പോകാന്‍ തന്നെയാണ് ആഗ്രഹം. ഐടിക്കാരന്‍ സിനിമയിലേക്ക് എത്തിയത് അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ്. പണത്തിന് വേണ്ടി മാത്രം സിനിമ എന്നതല്ല അഭിനയിക്കാനുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് സിനിമ ചെയ്യുന്നു എന്നതാണ് സിനിമയോടുള്ള തന്റെ സമീപനമെന്ന് ഹരി പറയുന്നു. ചുരുളി, നിഴല്‍, ഒരു യമണ്ടന്‍ പ്രേമകഥ, ജനാധിപന്‍, തൃശൂര്‍പൂരം, മാര്‍ഗംകളി, ആദ്യരാത്രി തുടങ്ങി ഒട്ടേറെ സിനിമകളില്‍ വ്യത്യസ്ത വില്ലന്‍ വേഷങ്ങള്‍ ലഭിച്ചു. സണ്‍ ഓഫ് ഗാങ്സ്റ്റര്‍, 12, ചേര, ആര്യഭട്ട, ശിവരാത്രി തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നുണ്ട്. സിനിമയില്‍ മാത്രമല്ല മഴവില്‍ മനോരമയിലെ ജീവിത നൗക എന്ന സീരിയലിലും അഭിനയിക്കാന്‍ കഴിഞ്ഞു.
ആട് 2 വിലേക്ക് അപ്രതീക്ഷിതം
സുഹൃത്തുക്കളില്‍ ഒരാളാണ് ആട് 2–വിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള ഫോര്‍വേഡ് മെസേജ് അയച്ചുതന്നത്. 6 അടി 4 ഇഞ്ച് പൊക്കം. 114 കിലോ തൂക്കം. 42 വയസ്സ് പ്രായം ഇതായിരുന്നു യോഗ്യത. ഫ്രൈഡേ ഫിലിംസിന്റെ ഫെയ്‌സ്ബുക് പേജില്‍ കയറി മറുപടി അയച്ച് മിനിറ്റുകള്‍ക്കകം ഓഫിസിലെത്താന്‍ ക്ഷണം. അവിടുന്നാണ് പുതിയ തുടക്കം. കഥാപാത്രത്തിന്റെ പ്രാധാന്യമോ എത്ര സീനിലുണ്ടെന്നോ ഒന്നും അറിയാതെ സംവിധായകന്‍ പറയുന്നതു പോലെ അഭിനയിക്കുകയായിരുന്നു.
സുഹൃത്തു കൂടിയായ ജയസൂര്യയ്‌ക്കൊപ്പമായിരുന്നതിനാല്‍ കംഫര്‍ട്ട് സോണില്‍ തന്നെ അഭിനയിക്കാനും കഴിഞ്ഞു. ഡ്യൂപ്പില്ലാതെ തന്നെയാണ് ആട് 2–വില്‍ അഭിനയിച്ചത്. എഡിറ്റിങ് സമയത്താണ് കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലായത്. ആട് 2 എന്ന സിനിമയുടെ വിജയമാണ് തന്നെ മലയാളികള്‍ക്ക് പരിചിതനാക്കിയതെന്ന് പറയുമ്പോഴും സിനിമയില്‍ ഇന്നും താനൊരു തുടക്കക്കാരന്‍ മാത്രമാണെന്നാണ് ഹരി സ്വയം വിലയിരുത്തുന്നത്.
ഓരോ സിനിമയും അഭിനയക്കളരി
അഭിനയത്തോടുള്ള ഇഷ്ടം മാത്രം മനസ്സിലിട്ട് കഥാപാത്രമായി മാറുമ്പോള്‍ അഭിനേതാവിന് ഉണ്ടാകേണ്ട പെരുമാറ്റ രീതികള്‍ എന്തൊക്കെയാണെന്ന് പോലും അറിയാതെ സിനിമയിലേക്ക് എത്തിയ ആളാണ്. ഓരോ സിനിമയും അഭിനയത്തിന്റെ കളരി തന്നെയാണ്. മമ്മൂക്കയും ധര്‍മജനും നടി ശാന്തകുമാരി ചേച്ചിയുമൊക്കെ അഭിനേതാവിന് വേണ്ട പെരുമാറ്റരീതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും സംഭാഷണത്തിന്റെ പ്രാധാന്യവും എല്ലാം എങ്ങനെയെന്ന് പറഞ്ഞു തരുന്നതില്‍ ഒട്ടും മടികാണിച്ചിട്ടില്ല. അഭിനയിച്ച സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നുവെന്നതിനപ്പുറം ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന തിരിച്ചറിവാണ് നല്‍കുന്നത്.

എങ്ങനെയുള്ള കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചാല്‍ ഏതു കഥാപാത്രമായാലും ലഭിക്കുന്ന വേഷങ്ങള്‍ മനസ്സുകൊണ്ട് സ്വീകരിച്ച് മികവുറ്റതാക്കുക എന്ന ഉത്തരമാണ് ഹരി നല്‍കുക. കേരളത്തില്‍ ഏതാനും സീനുകള്‍ ഷൂട്ട് ചെയ്ത എസ്‌കേപ് ഫ്രം ബ്ലാക്ക് വാട്ടേഴ്‌സ് എന്ന ഹോളിവുഡ് സിനിമയില്‍ ജയിലറുടെ വേഷം ചെയ്യാന്‍ കഴിഞ്ഞത് മറ്റൊരു നല്ല അനുഭവം തന്നെയാണ്. തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഹോളിവുഡ് സിനിമയുടെ ലൊക്കേഷന്‍. ഷൂട്ടിങ്ങിന്റെ ഷെഡ്യൂളിലും സമയക്രമത്തിലും വിട്ടുവീഴ്ചയില്ലെന്നതാണ് പ്രത്യേകത.
6 അടി 4 ഇഞ്ച് നല്‍കുന്ന 'അനുഭവങ്ങള്‍'
6 അടി 4 ഇഞ്ച് പൊക്കത്തെ ജീവിതത്തില്‍ ഒരേസമയം ആസ്വദിക്കുകയും ശപിക്കുകയും ചെയ്യുന്നുണ്ട് . ഏതു വേദിയിലേക്കു കയറി ചെല്ലുമ്പോഴും ആളുകള്‍ പെട്ടെന്ന് നിശ്ശബ്ദരായി ഇതാരെടാ എന്ന മട്ടില്‍ നോക്കി നില്‍ക്കുന്നത് മനസുകൊണ്ട് ആസ്വദിക്കാറുണ്ട്. പൊക്കക്കാരന്‍ ആയതിനാല്‍ എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് ആകര്‍ഷിക്കാന്‍ കഴിയും. സിനിമയില്‍ പക്ഷേ പൊക്കം ചിലപ്പോള്‍ അനുഗ്രഹമാണെങ്കിലും ചില സിനിമകളില്‍ നായകനേക്കാള്‍ കൂടുതല്‍ വലുപ്പം വില്ലന് ഉണ്ടാകുന്നതും പ്രശ്‌നമാണ്. സാധാരണക്കാരന്റെ പൊക്കത്തിന് അനുസരിച്ച് നിര്‍മിച്ചിരിക്കുന്ന ബസിലും ഓട്ടോയിലും ചെറിയ കാറുകളിലും ഒന്നും കയറാന്‍ കഴിയില്ല. വിമാനത്തിലെ സീറ്റില്‍ കാലൊന്നു നീട്ടി ഇരിക്കാനും കഴിയില്ലെന്നതുമാണ് 6 അടി 4 ഇഞ്ച് മൂലമുള്ള ബുദ്ധിമുട്ടുകള്‍.
സിനിമയ്ക്കപ്പുറം
22 വര്‍ഷമായി ഐടി മേഖലയില്‍ ഡിസൈനര്‍ ആണ്. ഐടി ജോലിയുടെ ബോറടിയും സമ്മര്‍ദവും മാത്രമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് പകരം ജീവിതത്തിന് അല്പം മധുരവും എരിവുമെല്ലാം വേണമെന്ന പക്ഷക്കാരനാണ്. സിനിമ, സൈക്കിള്‍ സവാരി, വര്‍ക്ക് ഔട്ട്, സംഗീതം ഇതൊക്കെയാണ് ഹരിയുടെ ജീവിതത്തിന് ഭംഗിയും മധുരവും എരിവുമെല്ലാം നല്‍കുന്നത്. സൈക്കിള്‍ സവാരിയോടുള്ള പ്രണയമാണ് എറണാകുളത്ത് സൈക്കിള്‍ പ്രേമികള്‍ക്കായി ബോണ്‍ വാണ്ടറേഴ്‌സ് എന്ന ക്ലബ്ബ് തുടങ്ങാന്‍ കാരണം. ഹരിയുടെയും സംഘത്തിന്റെയും സൈക്കിള്‍ സവാരി കൊച്ചി മുതല്‍ പോണ്ടിച്ചേരി വരെ നീളും.
കടല്‍ കടന്ന് ഖത്തറിലെത്തിയെങ്കിലും സൈക്കിളിനോടുള്ള പ്രണയം ഉപേക്ഷിച്ചിട്ടില്ല. ദോഹയില്‍ ഓഫിസിലേക്കുള്ള വരവും പോക്കുമെല്ലാം സൈക്കിളില്‍ തന്നെ. സൈക്കിളിനോടുള്ള ഇഷ്ടം പോലെ തന്നെയാണ് വര്‍ക്ക് ഔട്ടും. ജോലി കഴിഞ്ഞെത്തിയാല്‍ ദിവസവും 2 മണിക്കൂറോളം ജിമ്മില്‍ തന്നെ. സംഗീതത്തോടും പ്രിയം തന്നെ. ഏതെങ്കിലുമൊരു സംഗീത ഉപകരണം വീട്ടില്‍ എപ്പോഴും ഉണ്ടാകണമെന്ന് നിര്‍ബന്ധം പിടിക്കുന്ന തൃപ്പൂണിത്തുറക്കാരന്‍. ഐടിക്കാരന്‍ സിനിമയിലേക്ക് എത്തിയതില്‍ കുടുംബത്തിന് പരിഭവമൊന്നുമില്ല. പക്ഷേ പതിവായി വില്ലന്‍ വേഷത്തില്‍ മാത്രം അച്ഛനെ സ്‌ക്രീനില്‍ കാണുമ്പോള്‍ എപ്പോഴാണ് പൊലീസ് വേഷത്തിലെത്തുകയെന്ന ഇളയ മകള്‍ മുസ്‌കാന്റെ തുടര്‍ച്ചയായ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഹോളിവുഡ് സിനിമയിലെ ജയിലറുടെ വേഷം വേണ്ടി വന്നുവെന്ന് ഹരി.
