ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അബു സലിം എന്ന പേരു കേൾക്കുമ്പോഴേ പ്രേക്ഷകരുടെ മനസിൽ തെളിയുക, മസിൽ പെരുപ്പിച്ച് ഇടിക്കാനൊരുങ്ങി നിൽക്കുന്ന ഒരു ഗുണ്ടയുടെ മുഖമാകും. കാരണം, അത്രയേറെ ഗുണ്ടാ വേഷങ്ങൾ അബു സലിം അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു വട്ടം മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട അബു സലിമിന് ഫിറ്റ്നസും വർക്കൗട്ടും ജീവിതത്തിന്റെയും ജോലിയുടെയും ഭാഗമായിരുന്നു. പൊലീസിൽ സബ് ഇൻസ്പെക്ടറായി വിരമിച്ചപ്പോഴും സിനിമയിൽ നിന്നൊരു വിരമിക്കലിനെപ്പറ്റി അദ്ദേഹം ആലോചിച്ചു പോലുമില്ല. കാരണം, എന്നെങ്കിലുമൊരു നാൾ ആഗ്രഹിച്ച പോലെയുള്ള വേഷങ്ങൾ തന്നെ തേടി വരുമെന്ന് അബു സലിം ഉറച്ചു വിശ്വസിച്ചു. ആ കാത്തിരിപ്പിന് മധുരതരമായ പരിസമാപ്തി ഉണ്ടായതിന്റെ ത്രില്ലിലാണ് അബു സലിം. ഭീഷ്മപർവത്തിലെ ശിവൻകുട്ടിക്കു ശേഷം പൂക്കാലത്തിലെ വേണുച്ചനിലൂടെ താരം അഭിനയത്തിന്റെ ഗ്രാഫുയർത്തുകയാണ്. പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളുമായി അബു സലിം മനോരമ ഓൺലൈനിൽ. 

 

സിനിമയിൽ 45 വർഷങ്ങൾ

 

45 വർഷമായി ഞാൻ സിനിമയിലുണ്ട്. 1977 ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. മണിസ്വാമി സംവിധാനം ചെയ്ത രാജൻ പറഞ്ഞ കഥയായിരുന്നു ആദ്യ സിനിമ. സുകുമാരനായിരുന്നു അതിലെ നായകൻ. രാജനെ ഉരുട്ടിക്കൊല്ലുന്ന പൊലീസുകാരന്റെ വേഷമായിരുന്നു ഞാൻ ചെയ്തത്. അന്നു മുതൽ സിനിമയിൽ കൂടുതൽ ലഭിച്ചതും നെഗറ്റീവ് വേഷങ്ങളായിരുന്നു. പ്രധാനമായും ഗുണ്ട വേഷങ്ങൾ. അതിലൊരു മാറ്റമുണ്ടായത് ഭീഷ്മപർവത്തിലൂടെയാണ്. ആ സിനിമയാണ് എന്റെ തലവര മാറ്റിയതെന്നു പറയാം. മൈക്കിളപ്പന്റെ വലം കയ്യായ ശിവൻകുട്ടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഞാൻ അതുവരെ ചെയ്തു വന്നിരുന്ന കഥാപാത്രങ്ങളിൽ നിന്ന് ശിവൻകുട്ടി വേറിട്ടു നിന്നു. സത്യത്തിൽ ആ സിനിമയിൽ നിന്നാണ് എനിക്ക് പൂക്കാലത്തിലേക്കും അവസരം ലഭിച്ചത്. ആനന്ദ് സി. ചന്ദ്രനായിരുന്നു ഭീഷ്മപർവത്തിന്റെ ക്യാമറ. അദ്ദേഹമാണ് പൂക്കാലത്തിലേക്ക് എന്നെ നിർദേശിച്ചതും. പൂക്കാലത്തിനു വേണ്ടി ക്യാമറ ചെയ്തതും ആനന്ദാണ്. 

 

സ്വപ്നമായിരുന്നു ഇങ്ങനെയൊരു വേഷം

 

സിനിമയിൽ എപ്പോഴും ഗുണ്ടാവേഷങ്ങൾ ചെയ്തുകൊണ്ടിരുന്നപ്പോഴും നല്ലൊരു കഥാപാത്രം ലഭിക്കുമെന്ന് എപ്പോഴും ഒരു പ്രതീക്ഷയുണ്ടായിരുന്നു. അതായിരുന്നു എന്റെ വലിയ സ്വപ്നം. അങ്ങനെ എനിക്ക് ലഭിച്ച കഥാപാത്രമാണ് പൂക്കാലത്തിലെ വേണുച്ചൻ. കുടുംബസ്നേഹിയായ ഒരു വീട്ടുകാരനാണ് വേണുച്ചൻ. കുട്ടേട്ടൻ (വിജയരാഘവൻ) അവതരിപ്പിച്ച ഇച്ചാപ്പന്റെ നാലാമത്തെ മകളുടെ ഭർത്താവാണ് ഇദ്ദേഹം. മകളോടുള്ള ഇഷ്ടം കൊണ്ട് മറ്റൊരു മതത്തിൽപ്പെട്ട ഒരാളെ വിവാഹം ചെയ്യാൻ‌ ഇച്ചാപ്പൻ സമ്മതിക്കുന്നുണ്ടെങ്കിലും വേണുച്ചനെ പൂർണമായും അംഗീകരിക്കാൻ ഇച്ചാപ്പന് കഴിയുന്നില്ല. ഇച്ചാപ്പനെ സന്തോഷിപ്പിക്കാൻ കൊഴുക്കട്ട മെഷീൻ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് എൻജിനീയറായ വേണുച്ചൻ. ഈച്ചാപ്പനു വേണുച്ചനോടുള്ള അനിഷ്ടം സിനിമയിൽ ഡയലോഗുകൾ വഴി നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും സിനിമയുടെ പ്രധാന പ്ലോട്ട് വികസിക്കുന്നതിന് ഒപ്പം എന്റെ കഥാപാത്രത്തിനും വളർ‍ച്ച ഉണ്ടാകുന്നുണ്ട്.  ക്ലൈമാക്സിൽ ഒരു ഡയലോഗ് പോലുമില്ലെങ്കിലും എന്റെ കഥാപാത്രത്തിനോടുള്ള ആ കുടുംബത്തിന്റെ മാറ്റങ്ങളും പ്രേക്ഷകർ ശ്രദ്ധിക്കുന്നു. ഒരു നോട്ടം കൊണ്ട് ആ കഥാപാത്രത്തിന്റെ ഫീൽ‌ നൽകാൻ കഴിഞ്ഞെന്നു പറഞ്ഞു കേൾക്കുമ്പോൾ വലിയ സന്തോഷമാണ്.  

 

ചിരിപ്പിച്ചും മനസ്സുനിറച്ചും ‘പൂക്കാലം’: റിവ്യൂ വായിക്കാം

 

മനസ്സു നിറച്ച പ്രതികരണങ്ങൾ

 

ഒരു ഫാമിലി സബ്ജകടിൽ ഇത്രയും നല്ല കഥാപാത്രം എനിക്ക് ലഭിക്കുന്നത് ആദ്യമായിട്ടാണ്. അതു വൃത്തിയായി ചെയ്യാനും കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. സംവിധായകൻ ഗണേശ് രാജിനാണ് അതിന്റെ മുഴുവൻ ക്രെഡിറ്റ്. അദ്ദേഹം നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ഡബിങ് നടന്നു കൊണ്ടിരിക്കുമ്പോൾ പല തവണ കുട്ടേട്ടൻ എന്നെ വിളിച്ചു പറഞ്ഞു, വേണുച്ചന്റെ റോൾ‌ നന്നായി ചെയ്തിട്ടുണ്ടെന്ന്! സിനിമ കണ്ടിട്ട്, വിനോദ് കോവൂർ എന്നെ വിളിച്ചു. അദ്ദേഹം പറഞ്ഞു, "അബൂക്ക, ഇങ്ങള് ഇനി സിനിമയിൽ അഭിനയിക്കണ്ട"! ഞാൻ ചോദിച്ചു, അതെന്താ അങ്ങനെ? അദ്ദേഹം വീണ്ടും പറഞ്ഞു, "അഭിനയത്തിന്റെ എന്തൊക്കെ സാധ്യതകളുണ്ടോ അതെല്ലാം പൂക്കാലത്തിൽ ചെയ്തു കഴിഞ്ഞു" എന്ന്! കേട്ടപ്പോൾ മനസു നിറഞ്ഞു.  

 

അടി, ഇടി കഴിഞ്ഞു, ഇനി റൊമാൻസ്

 

കഥാപാത്രത്തെക്കുറിച്ച് കേട്ടുകഴിഞ്ഞപ്പോൾ വീട്ടിലെല്ലാവർക്കും വലിയ ആവേശമായിരുന്നു. അതു നന്നായി വരാൻ എല്ലാവരും പ്രാർത്ഥനയിലുമായിരുന്നു. ലുക്ക് ടെസ്റ്റ് ഒക്കെ കഴിഞ്ഞാണ് ഈ റോൾ‌ ഉറപ്പിച്ചത്. സിനിമയിൽ എന്റെ ഭാര്യയായി വേഷമിട്ടത് ഗംഗ മീരയായിരുന്നു. ലുക്ക് ടെസ്റ്റിന് ചെന്നപ്പോൾ ഗംഗക്കൊപ്പം ചില സീനുകൾ ചെയ്തു നോക്കിയിരുന്നു. അടി, ഇടി മാത്രമല്ല, കുറച്ചു സ്നേഹവും റൊമാൻസുമെല്ലാം എനിക്ക് ചെയ്യാൻ പറ്റുമെന്ന് ബോധ്യപ്പെടുത്തി തന്ന സിനിമയാണ് പൂക്കാലം. അതിൽ ക്യാമറ ചെയ്ത ആനന്ദിന്റെ പിന്തുണ എടുത്തു പറയണം. ഒരു ഫ്രെയിം വച്ച് അതിനുള്ളിൽ അഭിനയിക്കാനാണല്ലോ പൊതുവെ ആവശ്യപ്പെടാറുള്ളത്. എന്നാൽ ആനന്ദ് ഞങ്ങളെ ഫ്രീ ആയി അഭിനയിക്കാൻ വിട്ടു. ലൈറ്റ്, പൊസിഷൻ തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ വിട്ട്, ആ കഥാപാത്രമായി പെർഫോം ചെയ്യാനുള്ള അവസരം ഒരുക്കി. നമ്മൾ പെർഫോം ചെയ്യുന്നതിന് അനുസരിച്ച് ക്യാമറ പകർത്തിക്കൊള്ളും. അതു വലിയ സഹായമായിരുന്നു. 

 

നല്ല വേഷങ്ങൾ 'വെയ്റ്റിങ്'

 

ഞാൻ സാധാരണ ഒരു സിനിമയിൽ ഉപയോഗിക്കാത്ത തരത്തിലുള്ള കോസ്റ്റ്യൂമാണ് പൂക്കാലത്തിൽ ഉപയോഗിച്ചത്. സ്ക്രീനിൽ നല്ല രസമുണ്ട് കാണാൻ എന്നാണ് കണ്ടവർ പറഞ്ഞതും. ഭാര്യയേയും മകളെയും കുടുംബത്തേയും ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരു പാവത്താൻ ഭർത്താവും അപ്പനുമൊക്കെയായി എനിക്ക് അഭിനയിക്കാൻ പറ്റുമെന്ന് ഈ സിനിമ എന്നെ ബോധ്യപ്പെടുത്തി. അണുകുടുംബമാണല്ലോ ഇപ്പോൾ എല്ലായിടത്തും. അവിടെ നിന്ന് കൂട്ടുകുടുംബത്തിന്റെ പ്രാധാന്യവും സ്നേഹവും പറയുന്ന സിനിമയാണ് പൂക്കാലം. കുറെ ആളുകൾ റംസാൻ ആയതുകൊണ്ട് തീയറ്ററിലേക്ക് എത്തിയിട്ടില്ല. റംസാൻ കഴിഞ്ഞാലും ഈ സിനിമ വന്നു കാണണം. പ്രോത്സാഹിപ്പിക്കണം. ഇനിയും നല്ല വേഷങ്ങൾ വരുന്നുണ്ട്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com