ബാലൻ വക്കീലിന് ‘ക്ലീൻ യു സർട്ടിഫിക്കറ്റ്’; റിലീസ് ഫെബ്രുവരി 21ന്
Mail This Article
ദിലീപ്–ബി.ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന കോടതിസമക്ഷം ബാലൻ വക്കീലിന് സെൻസർ ബോർഡിന്റെ യു സർട്ടിഫിക്കറ്റ്. ഫെബ്രുവരി 21നാണ് ചിത്രം റിലീസിനെത്തുന്നത്. ഈ വർഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോടതിസമക്ഷം ബാലൻ വക്കീൽ.
ഒരിടവേളയ്ക്കു ശേഷം ദിലീപ് കോമഡി ട്രാക്കിലേയ്ക്ക് എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സിനിമയുടെ ട്രെയിലറിനും ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നു ലഭിച്ചത്.
സ്വാഭാവികമായ അഭിനയശൈലിയിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് കൈയടി നേടുന്ന താരമാണ് ദിലീപ്. എന്നാൽ കഴിഞ്ഞ വർഷം റിലീസ് ചെയ്ത രണ്ട് സിനിമകളിൽ കോമഡിയിൽ നിന്നും മാറി സീരിയസ് വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടത്. രാമലീലയിലെ രാമനുണ്ണിയും കമ്മാരസംഭവത്തിലെ കമ്മാരനും ദിലീപ് ഗംഭീരമാക്കി. രണ്ട് സിനിമകളുടെ പ്രമേയവും ഗൗരവമേറിയതായിരുന്നു.
ബാലൻ വക്കീലിൽ ദിലീപിന്റെ കോമഡി നമ്പറുകളാകും ആകർഷണമാകുക. വിക്കന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കോമഡി മാത്രമല്ല ആക്ഷനും ത്രില്ലും കോർത്തിണക്കിയ മുഴുനീള എന്റർടെയ്നറാകും കോടതിസമക്ഷം ബാലൻ വക്കീൽ.
2 കൺട്രീസിനു ശേഷം അജുവും മംമ്തയും ദിലീപിനൊപ്പം വീണ്ടും ഒന്നിക്കുന്നു. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, പ്രഭാകർ, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സാണ് ഈ ചിത്രം നിർമിക്കുന്നത്. മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്‌ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്.