ആ രംഗത്തിനു റീ ടേക്ക് ഉണ്ടാകണേ എന്നായിരുന്നു പ്രാർഥന: ബിജുക്കുട്ടൻ

Mail This Article
തിരുവനന്തപുരം∙ ‘‘എന്നെ കണ്ടാൽ സിനിമയിലെടുക്കൂന്നു തോന്നുന്നുണ്ടോ? എന്നിട്ടും ഞാൻ സിനിയിലെത്തിയില്ലേ?’’ നടൻ ബിജുക്കുട്ടന്റെ ചോദ്യം. തിരുവന്തപുരത്ത് നടന്ന കുട്ടികളുടെ ചലച്ചിത്രമേളയിൽ അതിഥിയായെത്തിയതായിരുന്നു താരം.
‘കുട്ടിക്കാലത്തേ സിനിമ ഇഷ്ടമായിരുന്നെങ്കിലും അന്നൊന്നും പടം കാണാനുള്ള സാഹചര്യമില്ലായിരുന്നു. അതിനാൽ സിനിമയിൽ എത്തുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല. പക്ഷേ, ഞാനെത്തി. ഇത്ര ചെറുപ്പത്തിലേ നല്ല സിനിമകൾ കാണാനുള്ള ഭാഗ്യം ലഭിച്ച നിങ്ങൾക്കൊക്കെ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. നിങ്ങൾക്കും സിനിമയിലെത്താനാകട്ടെ.^ –ബിജുക്കുട്ടൻ പറഞ്ഞു. മേളയിൽ പങ്കെടുക്കാൻ എത്തിയ കുട്ടികൾ താരത്തിനോട് ചോദിച്ച ചോദ്യവും മറുപടികളും താഴെ...
∙ ചേട്ടാ ചേട്ടനെ കൂട്ടുകാര് കളിയാക്കി വിളിക്കുന്ന പേരെന്താ?
'' കീരിക്കാടൻ ജോസ് !!!. ആ പേര് സിനിമാക്കാര് മോഷ്ടിച്ചതാ'
∙ ഗോദ സിനിമയിൽ നായിക വാമിക ഗബ്ബി മലർത്തിയടിച്ചപ്പോൾ എന്തു തോന്നി?
നല്ല വേദന തോന്നി. ആ സീൻ എടുത്തപ്പോൾ റീ ടേക്ക് ഉണ്ടാകണേ എന്നായിരുന്നു പ്രാർഥന. നായികയാണല്ലോ മലർത്തിയടിക്കുന്നത്. പക്ഷേ, ആദ്യ ടേക്കിൽ തന്നെ ആ സീൻ ഒകെയായി.
∙ സിനിമയിലെ അഭിനയവും ജീവിതത്തിലെ അഭിനയവും തമ്മിലുള്ള വ്യത്യാസം?
സിനിമയിൽ തന്നെ വളരെ പാടു പെട്ടാണ് അഭിനയിക്കുന്നത്. അപ്പോ ജീവിതത്തിൽ എങ്ങനെ അഭിനയിക്കും. അച്ഛനും അമ്മയും ഭാര്യയും മക്കളും കൂട്ടുകാരും എന്നും നമ്മളോടൊപ്പമില്ലേ, അവരുടെ മുന്നിൽ അഭിനയിക്കുന്നത് വഞ്ചനയാകും. അതു ചെയ്യില്ല.
കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയിൽ മീറ്റ് ദി ആർട്ടിസ്റ്റ് പരിപാടിയിലെത്തിയ സിനിമാതാരം ബിജുക്കുട്ടൻ കുട്ടികൾക്കൊപ്പം.