ADVERTISEMENT

വർഷങ്ങൾക്കു മുമ്പാണ്. ബിരുദത്തിനു പഠിക്കുന്ന കാലം. സിബി മലയലിന്റെ ഒൻപതാമത്തെയോ പത്താമത്തെയോ സിനിമയായിരുന്നു ‘കിരീടം’. മോഹൻലാലിന്റെയും തിലകന്റെയും മത്സരിച്ചുള്ള അഭിനയത്തിന്റെ, മോഹൻരാജ് എന്നൊരു പുതിയ വില്ലന്റെ അർമാദിക്കലിന്റെ പേരിൽ തീയറ്ററുകളിൽ പതിയെ പ്രേക്ഷകരെ ആകർഷിച്ചു മുന്നേറുന്ന ഒരു കൊച്ചു സിനിമ. പതിവു നായകസങ്കൽപങ്ങളെ കുലുക്കിയെറിയുന്ന ലോഹിതദാസിന്റെ രചന. തിയറ്ററിൽ ചിത്രം കണ്ടിരിക്കെ ഒരുപാട് സന്തോഷമുണ്ടായത് കണ്ണീർപ്പൂവിന്റെ കവിളിൽത്തലോടി ഗാനരംഗത്തിലാണ്.

 

തിയറ്റർ മുഴുവൻ വികാരത്തള്ളിച്ചയിൽ ഗദ്ഗദമടക്കുമ്പോൾ ഞങ്ങൾ മോഡൽസകൂളുകാർ ചങ്ങാതിമാർക്ക് സന്തോഷമടക്കാനായില്ല, കാരണം കാമുകിയായ പാർവതിയെ അവസാനമായി കണ്ട് നായകനായ മോഹൻലാൽ നടന്നുമറയുന്ന, നിറയെ വണ്ണവേരുകളുള്ള വൃക്ഷത്തണലുള്ള പകുതി പച്ചയും മുകളിലേക്ക് വെള്ളയും തേച്ച തൂണും ചുവരമുള്ള ഓടിട്ട കെട്ടിടം നിൽക്കുന്ന പശ്ചാത്തലം തിരുവനന്തപുരം മോഡൽസ്കൂളിലെ യൂപിഎസ് ബ്ളോക്കാണ്.ഞങ്ങളുടെ അഞ്ചാംക്ളാസ് കെട്ടിടം! പിന്നീട് എത്രയോ സിനിമകളിൽ, പൃഥ്വിരാജിന്റെ മോഹൻലാൽ സിനിമയായ ലൂസിഫറിലടക്കം കോടതിക്കെട്ടിടമായി മോഡൽസ്കൂളിന്റെ പൈതൃകബ്ളോക്ക് മലയാള സിനിമയ്ക്ക് ലൊക്കേഷനായിരിക്കുന്നു. 

 

അതുപോലെതന്നെയാണ് കിരീടത്തിലെ നായകന്റെയും നായികയുടെയും പ്രണയത്തിന് പശ്ചാത്തലമായ പാടവരമ്പത്തുള്ള ചെറിയ പാലം. വെള്ളായണിയിലെ കിരീടം പാലം, ഊട്ടിയിലെ ഗുണ ഗുഹ പോലെ പ്രശസ്തമാണിപ്പോൾ. സിനിമയിഷ്ടപ്പെടുന്ന യുവാക്കൾ കിരീടത്തിലെ സേതുമാധവനും ദേവിയും നടന്നുപോയ വഴികളിലൂടെ ഒരിക്കലെങ്കിലും നടക്കാനാശിച്ച് എത്തുന്നയിടം. കിരീടമെന്ന ഒറ്റ സിനിമകൊണ്ടാണ് തലസ്ഥാനത്തെ കുഗ്രാമത്തിലെ ഈ സാധാരണ മൺപാതയും കലുങ്ക് പാലവും ഇതിഹാസമാനമുള്ള സഞ്ചാരകേന്ദ്രമായിത്തീർന്നത്. 

prabhas-athirappilly

 

സംസ്ഥാന ടൂറിസം മന്ത്രി  പി.എ. മുഹമ്മദ് റിയാസ് സിനിമാലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ടൂറിസം എന്ന ആശയത്തെപ്പറ്റി പറയുന്നതുകേട്ടപ്പോൾ പഴയ ചില സിനിമാലൊക്കേഷൻ ഓർമ്മകൾ ഫ്രെയിമുകളായി മനസ്സിലെത്തുന്നു. ഇനിയൊരവസരം കിട്ടിയാലും കഥാപാത്രങ്ങളെ മനസിൽ പ്രതിഷ്ഠിച്ചുകൊണ്ട് നടന്നുകാണാൻ ഇഷ്ടപ്പെടുന്ന എത്രയെത്ര സ്ഥലങ്ങളാണ് നമ്മൾ സിനിമാപ്രേമികൾക്കുള്ളത്!

bolgatty

 

varikassery

വിജയ് –ജ്യോതിക സിനിമയായ ഖുഷിയിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘മേഘം കറുക്കിത് ’കാണുമ്പോഴൊക്കെ പാട്ടിനൊപ്പം ശ്രദ്ധിക്കുന്ന മറ്റൊന്നാണ് ജ്യോതികയും കൂട്ടുകാരികളും വെള്ളം തെറിപ്പിച്ചു കളിക്കുന്ന വെള്ളച്ചാട്ടത്തെ. കേരളത്തിന്റെ സ്വന്തം അതരിപ്പള്ളിയിലെ ഈ പ്രണയപ്രവാഹം പിന്നീട് ‘ദിൽ സേയിൽ ’ ജിയ ചലേ എന്ന ഗാനചിത്രീകരണത്തിൽ ഷാറൂഖിനും പ്രീതി സിന്റയ്ക്കും പശ്ചാത്തലമായി. തീർന്നില്ല. 

varathan-house

 

ഇന്ത്യ കണ്ട ഏറ്റവും വലിയ പണം വാരി പടവും ബ്രഹ്മാണ്ഡ സിനിമയുമായ ബാഹുബലിയിൽ നായകനായ പ്രഭാസ് ശിവലിംഗവുമായി ഉയർന്നുപൊങ്ങുന്നതും നായികയായ തമന്നയുടെ പ്രണയം നുകരുന്നതും ഇതേ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലല്ലേ? പച്ചസ്ക്രീനിൽ ചിത്രീകരിച്ച് മറ്റ് ഡിജിറ്റൽ വച്ചുകെട്ടുകളോടെ ദൃശ്യവിതാനം അപ്പാടെ മാറ്റിമറിച്ചാലും നമ്മുടെ അതിരപ്പിള്ളി അതല്ലാതായി തീരുമോ? മഹാമാരിക്കാലത്തും മഹാപ്രളയക്കാലത്തും വിലക്കുകൾ ലംഘിച്ചും അതിരപ്പിള്ളി കാണാനെത്തുന്നതിൽ നല്ലൊരുശതമാനം ഈ സിനിമകളിലൂടെ കണ്ട് അതിനെ ഇഷ്ടപ്പെട്ടിട്ടു  വരുന്നവർ തന്നെയാവില്ലേ?

 

മണിരത്നത്തിന്റെ ബോംബേയിലെ മനീഷ കൊയ്‌രാളയും അരവിന്ദ് സ്വാമിയും ചേർന്ന തീവ്ര പ്രണയഗാനരംഗം കാണുമ്പോഴെല്ലാം മനസിലുറപ്പിച്ചിരുന്നതാണ് ജീവിതത്തിലൊരിക്കലെങ്കിലും കാസർകോട്ടെ ബേക്കൽകോട്ട കാണണമെന്ന്. മൺതരിയിലും കടൽത്തിരയിലും ചരിത്രം തുളുമ്പിനിൽക്കുന്ന ഈ പൈതൃകസ്ഥാനത്തെ എത്രമേൽ മനോഹരമായിട്ടാണ് ഛായാഗ്രാഹകനായ രാജീവ് മേനോൻ (അതേ ഹരികൃഷ്ണൻസിലെ ഗുപ്തൻ തന്നെ) ക്യാമറയിലേക്കാവഹിച്ചിട്ടുള്ളത്? വർഷങ്ങൾക്കിപ്പുറം സകുടുംബം കോട്ടയിലെത്തിയപ്പോഴും കണ്ടു, പലയിടത്തുമായി ഒന്നിലധികം ശേഖർ നാരായണപിള്ളമാരെയും ഷൈലബാനുമാരെയും!അതുപോലെ പ്രലോഭിപ്പിച്ച മറ്റൊരു ലൊക്കേഷനാണ് തിരുവനന്തപുരത്തിന് കിഴക്ക് തമിഴ്നാടിനോട് ചേർന്നുള്ള ചരിത്രപ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം. 

 

മനു അങ്കിളിലും അക്കരെയക്കരെയക്കരെയിലും കൊള്ളക്കാർ രാജാവിന്റെ വാളും കിരീടവുമൊക്കെ കടത്തിക്കൊണ്ടുപോകുന്നത് ഈ കൊട്ടാരത്തിൽ നിന്നാണ്. ലെനിൻ രാജേന്ദ്രന്റെ സ്വാതിതിരുനാളിലും കുലത്തിലുമൊക്കെ നിറഞ്ഞുനിന്ന കൊട്ടാരക്കെട്ട്. ചിത്രീകരണം കൊണ്ട് കേടുപാടുവരെയുണ്ടാകാൻ ദുര്യോഗമുണ്ടായ ചരിത്രഭൂമിക. സിനിമകൾക്ക് കൊടുക്കണ്ട എന്ന തീരുമാനമുണ്ടായശേഷവും ഈ എടുപ്പുകളിൽ പിന്നീട് മലയാള സിനിമയുടെ ചരിത്രത്തിൽ ഇതിഹാസമാനം കൈവരിച്ച ഒരു മെഗാഹിറ്റ് സിനിമ ചിത്രീകരിക്കപ്പെട്ടു. രാമനാഥനെ പ്രണയിച്ച നാഗവല്ലി ഗംഗയുടെ ഉളളിലിരുന്ന് വരുവാനില്ലാരുമിന്നൊരുന്നാളുമീവഴി പാടി നടന്ന മണിച്ചിത്രത്താഴിലെ മാളിക. ചിത്രീകരണത്തിനുള്ള കർശനവിലക്കുകൾ കൊണ്ടുമാത്രം ഫാസിലിന് പല രംഗങ്ങളും പത്മനാഭപുരവും തൃപ്പൂണിത്തുറ ഹിൽപ്പാലസുമായി മാറി മാറി ചിത്രീകരിക്കേണ്ടിവന്നു. അല്ലെങ്കിലും ചീറ്റിങ്ങല്ലേ സിനിമയുടെ രസം! പത്മനാഭപുരത്തെ നടവഴികളിലും ദീർഘമായ ഇടനാഴികളിലും ചുവർ ചിത്രങ്ങളും രാജകീയ വസ്തുക്കളും നടന്നു കാണുന്ന ഒരു പ്രേക്ഷകനും  ഗംഗയെ, നാഗവല്ലിയെ, അവരുടെ പാട്ടിനെ ഓർക്കാതിരിക്കില്ല!

 

അതുപോലെ വ്യക്തിപരമായി രോമാഞ്ചമണിയിച്ചൊരനുഭവമാണ് ഒറ്റപ്പാലത്ത് വരിക്കാശേരി മനയിലെത്തിയ നിമിഷം. സുഹൃത്തുകൂടിയായ എൻ.എം. നവാസിന്റെ ക്ഷണപ്രകാരം അദ്ദേഹം തിരക്കഥയെഴുതി സുന്ദർദാസ് സംവിധാനം ചെയ്ത കുടമാറ്റത്തിന്റെ ചിത്രീകരണവേളയിലാണത്. പത്രക്കാരൻ എന്ന നിലയ്ക്ക് ചില താരാഭിമുഖങ്ങളായിരുന്നു ലക്ഷ്യം. ദിലീപിനെയും മഞ്‍ജു വാരിയരെയുമൊക്കെ അന്ന് അഭിമുഖം ചെയ്തത് മനയുടെ കോലായിലും മുറ്റത്തുമായിട്ടാണ്. പല വീക്ഷണകോണിൽ പലമട്ടിൽ ചിത്രീകരിക്കാനാവുന്നൊരു അസുലഭ ലൊക്കേഷൻ എന്നു വേണം വരിക്കാശേരിയെ വിശേഷിപ്പിക്കാൻ. തകർന്ന മനയാകണോ? ആറാം തമ്പുരാനും നരസിംഹത്തിനും താണ്ഡവമാടാനുള്ള തിരുവരങ്ങാകണോ? കല്യാണസൗഗന്ധികത്തിലെയോ ആകാശഗംഗയിലേയൊ കൊട്ടാരമോ പ്രേതാലയമോ അതുമല്ലെങ്കിൽ പ്രേതം 2ന് പറ്റിയ വരിക്കാശേരി തന്നെയാകണോ? എന്തിനും ക്യാമറ അങ്ങോട്ടുമിങ്ങോട്ടും മാറ്റിവച്ചാൽ മാത്രം മതി. അതാണ് വരിക്കാശ്ശേരിയുടെ രാശി.

 

പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ജീവിതത്തിലാദ്യമായി എറണാകുളം ബോൾഗാട്ടി പാലസിൽ പോയപ്പോഴുണ്ടായതും സമാനമായൊരനുഭവമാണ്. നിറക്കൂട്ടിലെ മമ്മൂട്ടിയുടെ രവിവർമ്മ സുമലതയുടെ മേഴ്സിയെ പൂമാനമേ ഒരു രാഗമേഘം താ പാടി പ്രണയിക്കുന്ന ഉദ്യാനം. എന്നും മലയാള സിനിമയിലെ നിത്യവസന്തമാണ്  ഈ ലൊക്കേഷൻ.കോവിഡ് കാല വീട്ടിലിരിപ്പിന്റെ ഒന്നാം വാർഷികം പൂർത്തിയാക്കി നാട് വീണ്ടും പൂട്ടുതുറന്നു വിടുതൽ തേടിയപ്പോൾ സകുടുംബം ആദ്യം പോയ വാഗമണ്ണിലും സിനിമാപ്രമേികളായ എന്നെയും മകളെയും കാത്തിരുന്നത് അവിസ്മരണീയമായ ഒരദ്ഭുതം. ഫഹദ് ഫാസിലും ഐശ്വര്യലക്ഷ്മിയും താമസിച്ച, അവരെ ഷറഫുദ്ദീനും സംഘവും ചേർന്ന് ഒളിഞ്ഞുനോക്കിയും മദ്യപിച്ചും ശല്യപ്പെടുത്തിയ വരത്തൻ ബംഗ്ളാവും പിന്നാമ്പുറത്തെ പമ്പ്ഹൗസും ഇതാ കണ്മുന്നിൽ. 

 

തേയില ഫാക്ടറിയുടെ വളം ഡിപ്പോയും ഇൻസ്പെക്‌ഷൻ ബംഗ്ളാവുമാണ് യഥാർഥത്തിൽ ഇത്. എന്നാൽ, അമൽ നീരദിന്റെ വരത്തനും ടൊവിനോ തോമസിന്റെ തമിഴ് മലയാളം സിനിമയായ അഭിയുടെ കഥ അനുവിന്റെയും കഴിഞ്ഞതോടെ വാഗമണ്ണിലെത്തുന്ന യുവ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകർഷണങ്ങളിലൊന്നായി മാറിയിട്ടുണ്ട് തേയിലത്തോട്ടത്തിനു നടുവിൽ ബ്രിട്ടീഷ് പാരമ്പര്യത്തിലുള്ള ഈ ഷീറ്റിട്ട കെട്ടിടം. വരത്തനു വേണ്ടി അതിന്റെ ഗെയ്റ്റ് മാത്രമാണ് മാറ്റിയത്. അഭിയുടെ കഥയിൽ അതുപോലുമില്ല. ഇവിടെയൊക്കെ പോകാനും നേരിട്ടു കാണാനും സിനിമയുടെ വെളിവിൽ ആസ്വദിക്കാനും ആഗ്രഹിക്കാത്ത ചലച്ചിത്രപ്രമേികളുണ്ടോ?

 

വിദേശത്തൊക്കെ സിനിമാ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ഒറ്റദിവസത്തെ വിനോദയാത്രകളും നഗരപ്രദക്ഷിണങ്ങളും സാധാരണമാണ്. ഹോളിവുഡിന്റെ ഈറ്റില്ലമായ യൂണിവേഴ്സൽ സ്റ്റുഡിയോയും ഡിസ്നി ലാൻഡും സ്ഥിതിചെയ്യുന്ന ലൊസാ​ഞ്ചലസിന്റെ പ്രധാന വരുമാനമാർഗം പോലും വിനോദസഞ്ചാരമാണ്. സഞ്ചാരികൾക്ക് സൗകര്യപ്രദമായും ഈ രണ്ടു സ്ഥാപനങ്ങൾക്കും സഹായകരമായുമാണ് അവിടത്തെ ഭരണകൂടം അടിസ്ഥാന സൗകര്യങ്ങൾ പോലും ക്രമീകരിക്കുന്നത്. പ്രവർത്തനക്ഷമമായ മൂന്ന് സിനിമാസ്റ്റുഡിയോകൾ നിലവിലുള്ള സംസ്ഥാനമാണ് കേരളം. 

 

തിരുവനന്തപുരത്തെ ഇതിഹാസസ്ഥാപനമായ മെറിലാൻഡ്, സർക്കാർ ഉടമസ്ഥതയിൽ തന്നെയുള്ള തിരുവല്ലത്തെ ചിത്രാഞ്ജലി, എറണാകുളം കാക്കനാട്ടെ നവോദയ. എത്രയോ സൂപ്പർ ബംബർ ഹിറ്റുകൾക്ക് ജന്മമേകിയ കേന്ദ്രങ്ങളാണിവ! ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ മുതൽ മോഹൻലാലിന്റെ സംവിധാന സംരംഭമായ ബറോസ് വരെ ചിത്രീകരിച്ച ഇടമാണ് നവോദയ. പി സുബ്രഹ്മണ്യത്തിന്റെ നൂറുകണക്കിനു സിനിമകൾ മുതൽ കെ.മധുവിന്റെ സിബിഐ ഡയറിക്കുറിപ്പും അധിപനും പോലുള്ള സിനിമകളും മണിരത്നത്തിന്റെ ഇരുവറും വരെ ചിത്രീകരിച്ച ഇടമാണ് മെറിലാൻഡ്. അടൂരിന്റെ മതിലുകൾ അടക്കം എത്രയോ സിനിമകൾക്ക് വേദിയായിട്ടുണ്ട് ചിത്രാഞ്ജലി. ഇവ മൂന്നും ചേർത്ത് ഒരു ദിവസത്തെ ട്രിപ്പായാൽപ്പോലും കണ്ടുതീരില്ല സഞ്ചാരിക്ക് കാഴ്ചകൾ. 

 

(ചലച്ചിത്ര നിരൂപകനാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com