തണ്ണീർമത്തനേക്കാൾ നന്നായി വന്നിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം: ഗിരീഷ് എ.ഡി. അഭിമുഖം
Mail This Article
‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ആദ്യ ചിത്രത്തിലൂടെ യുവാക്കളെ കയ്യിലെടുത്ത സംവിധായകനാണ് ഗിരീഷ് എ.ഡി. തണ്ണീർമത്തനു ശേഷം യുവാക്കളുടെ കഥപറയുന്ന ‘സൂപ്പർ ശരണ്യ’യുമായി എത്തുകയാണ് ഗിരീഷും കൂട്ടരും. തണ്ണീർമത്തനിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അനശ്വര രാജനാണ് ‘സൂപ്പർ ശരണ്യ’യാകുന്നത്. കലാലയ ജീവിതവും പ്രണയവും നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിചേർത്ത ഒരു മുഴുനീള എന്‍റര്‍ടെയ്നറായിരിക്കും ചിത്രമെന്ന് ഗിരീഷ് പറയുന്നു. കോവിഡ് പ്രതിസന്ധിക്കിടയിൽ പൂർത്തിയാക്കിയ ചിത്രം യുവാക്കളെ മാത്രമല്ല എല്ലാ പ്രായക്കാരെയും കൂടുതൽ തിയറ്ററിലേക്ക് അടുപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗിരീഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
ശരണ്യ സൂപ്പറാണ്
ശരണ്യ എന്ന പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള കഥയാണ് സൂപ്പർ ശരണ്യ പറയുന്നത്. വളരെ ഒതുങ്ങി ഉൾവലിഞ്ഞു ജീവിച്ചിരുന്ന ഒരു പെൺകുട്ടിയാണ് ശരണ്യ. അധികം ആരാലും ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കാത്ത ഒരു പെൺകുട്ടി. ഒരു പ്രത്യേക സാഹചര്യത്തിൽ അവൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുന്നു. പിന്നീട് അവൾ പോലുമറിയാതെ പല വഴികളിലൂടെയും അവൾക്ക് സഞ്ചരിക്കേണ്ടി വരുന്നു. ഇതാണ് സൂപ്പർ ശരണ്യയുടെ കഥാസന്ദർഭം. തികച്ചും സാധാരണ ജീവിതം നയിക്കുന്ന ബോൾഡ് ഒന്നുമല്ലാത്ത പെൺകുട്ടികളുടെ കഥപറയണം എന്ന കൗതുകത്തിന്റെ പുറത്ത് ഉണ്ടായ കഥയാണിത്. നാളെ സൂപ്പർ ശരണ്യ തീയറ്ററുകളിൽ എത്തുകയാണ് ഞങ്ങൾ എല്ലാവരും നല്ല പ്രതീക്ഷയിലാണ്. കോവിഡ് കേസുകൾ കൂടി വരുന്നത് ചെറിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട് എന്നാലും തീയറ്ററുകളിൽ പ്രേക്ഷകർ വരുന്നുണ്ട് അതൊരു പ്രതീക്ഷയാണ്.
മൂക്കുത്തിയുടെ തിളക്കവുമായി
ചെറുപ്പം മുതൽ സിനിമ ഇഷ്ടമായിരുന്നു. എങ്കിലും ഞാൻ ഒരു സിനിമാ സംവിധായകനാകും എന്നൊന്നും കരുതിയിരുന്നില്ല. സിനിമയെപ്പറ്റി ഗൗരവമായി ചിന്തിച്ചു തുടങ്ങിയത് 2015 നു ശേഷമാണ്. കുറച്ച് ഹ്രസ്വചിത്രങ്ങൾ ചെയ്തിട്ടുണ്ട്. അതിലൊന്നായ മൂക്കുത്തി ഒരു ഹിറ്റ് ചിത്രമായിരുന്നു. മൂക്കുത്തി നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു. ഇതിനിടയിൽ 'അള്ളു രാമചന്ദ്രൻ' എന്ന ചിത്രത്തിന്റെ തിരക്കഥയിൽ വർക്ക് ചെയ്തു. 'മൂക്കുത്തി' കണ്ടിട്ടാണ് ഒരു ചിത്രം ചെയ്യാനായി തണ്ണീർമത്തൻ ദിനങ്ങളുടെ നിർമാതാക്കൾ എന്നെ സമീപിക്കുന്നത്. ഞാൻ സ്വതന്ത്രമായി ചെയ്ത ആദ്യ സിനിമ തണ്ണീർമത്തൻ ദിനങ്ങൾ ആയിരുന്നു.
കോവിഡ് പ്രതിസന്ധിക്കിടെ ഷൂട്ട് ചെയ്ത സിനിമ
2020 ഏപ്രിലിൽ ആണ് സൂപ്പർ ശരണ്യ ഷൂട്ട് തുടങ്ങാൻ പദ്ധതിയിട്ടിരുന്നത്. പക്ഷേ അപ്പോഴേക്കും ആദ്യത്തെ ലോക്ഡൗൺ ആയി. പിന്നീട് ഒൻപതു മാസം കഴിഞ്ഞു 2021 ഫെബ്രുവരിയിൽ ആണ് ഷൂട്ടിങ് തുടങ്ങുന്നത്. ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോഴേക്കും രണ്ടാമത്തെ ലോക്ഡൗൺ വന്നു. വീണ്ടും അഞ്ചു മാസത്തെ കാത്തിരിപ്പിന് ശേഷം ഓഗസ്റ്റിൽ ആണ് ഷൂട്ടിങ് പുനരാരംഭിക്കാൻ കഴിഞ്ഞത്. കോവിഡിനിടെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് ഷൂട്ട് ചെയ്ത ഒരു പടമാണിത്. ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞു ബ്രേക്ക് വന്നപ്പോൾ ഉണ്ടായ മാനസികമായ സമ്മർദ്ദം വളരെ വലുതായിരുന്നു. കണ്ടിന്യൂവിറ്റി പോകുമോ എന്നുള്ള പേടിയും ഉണ്ടായിരുന്നു. തിയറ്ററിന് വേണ്ടി ചെയ്ത ചിത്രം തന്നെയാണ് സൂപ്പർ ശരണ്യ. തിയറ്ററുകൾ തുറക്കാൻ കാത്തിരിക്കുകയായിരുന്നു.
വീണ്ടും അനശ്വര
ശരണ്യ എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയായ താരം അനശ്വര തന്നെയായിരുന്നു. തണ്ണീർമത്തൻ ചെയ്ത അനുഭവമുള്ളതുകൊണ്ട് അനശ്വരയുമായി വർക്ക് ചെയുന്നത് കംഫർട്ടബിൾ ആയിരുന്നു. അനശ്വര, അർജുൻ, മമിത, നസ്‌ലെൻ തുടങ്ങി എല്ലാവരും കഥാപാത്രത്തിന് അനുയോജ്യരായിരുന്നു. നടീനടന്മാർ കഥാപാത്രത്തിന് ചേരാത്തവരാണെങ്കിൽ നമുക്ക് തന്നെയാണല്ലോ പണി. അഭിനേതാക്കൾ എല്ലാം നല്ല സഹകരണമായിരുന്നു.
പ്രതീക്ഷകൾ
സൂപ്പർ ശരണ്യ യുവാക്കളെ ആകർഷിക്കുന്ന സിനിമയായിരിക്കും, പ്രത്യേകിച്ചും പെൺകുട്ടികളെ. തണ്ണീർമത്തൻ ദിനങ്ങളും യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള സിനിമയായിരുന്നു പക്ഷേ അത് എല്ലാ പ്രായക്കാരും ഒരുപോലെ സ്വീകരിച്ചു. തണ്ണീർമത്തൻ കണ്ട പ്രേക്ഷകർ അതേ പ്രതീക്ഷയോടെ തന്നെയായിരിക്കും ഈ ചിത്രവും കാണാൻ എത്തുക. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ വളരെ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പെൺകുട്ടികൾക്കായിരിക്കും ഈ ചിത്രം കൂടുതൽ റിലേറ്റ് ചെയ്യാൻ കഴിയുക. തണ്ണീർമത്തനേക്കാൾ നന്നായി വന്നിട്ടുണ്ടെന്നാണ് ഞങ്ങൾ അണിയറപ്രവർത്തകരുടെ വിശ്വാസം. ഇനിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. സൂപ്പർ ശരണ്യ സൂപ്പറായ ഒരു സിനിമ തന്നെ ആയിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
നന്ദി പറഞ്ഞാൽ കുറഞ്ഞുപോകും
സൂപ്പർ ശരണ്യ ഒരു യാഥാർഥ്യമാക്കാൻ ഒപ്പം നിന്ന എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. പ്രത്യേകിച്ച് ഡയറക്ഷൻ ടീമിൽ ഉണ്ടായിരുന്നവരുടെ സഹകരണം വിസ്മരിക്കാൻ കഴിയില്ല. അസോസിയേറ്റുമാരായ സുഹൈൽ, ഫിലിപ്പ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഷിബിൻ ചേട്ടൻ, വിഷ്ണു, കിരൺ, അനുരാധ, അജ്മൽ തുടങ്ങിയവരൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കളെല്ലാവരും കട്ടയ്ക്ക് കൂടെ നിന്നിട്ടുണ്ട്.
പ്രൊഡ്യൂസർ ഷെബിനിക്ക (ഷെബിൻ ബെക്കർ) ക്രിയേറ്റിവ് ആയ എല്ലാ സ്വാതന്ത്ര്യവും തന്നിരുന്നു. ക്യാമറാമാൻ സജിത്തേട്ടൻ (സജിത്ത് പുരുഷൻ), എഡിറ്റർ ആകാശ് ജോസഫ്, സംഗീതം ചെയ്ത ജസ്റ്റിൻ വർഗീസ്, സൗണ്ട് ചെയ്ത വിഷ്ണു ഇവരോടൊന്നും നന്ദി പറഞ്ഞു തീർക്കാൻ കഴിയാത്ത ബന്ധമാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് സൂപ്പർ ശരണ്യ. എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഇഷ്ടമാകുന്ന ഒരു സിനിമ തന്നെയിരിക്കും സൂപ്പർ ശരണ്യ. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീയറ്ററിൽ തന്നെ പോയി ചിത്രം കണ്ടു പിന്തുണ നൽകണം എന്നാണ് ഞങ്ങൾക്ക് പ്രേക്ഷകരോട് അഭ്യർത്ഥിക്കാനുള്ളത്.