ADVERTISEMENT

സംസ്ഥാനത്ത് ഇതരഭാഷാ ബിഗ് ബജറ്റ് സിനിമകള്‍ തിയറ്ററുകൾ കയ്യടക്കി കാശു വാരുമ്പോള്‍ മലയാള സിനിമ കാണാന്‍ ആളെത്തുന്നില്ല എന്ന പരാതി കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. കോവിഡ് കാലം തീര്‍ത്ത വലിയ പ്രതിസന്ധിയില്‍നിന്ന് കരകയറാനായി തിയറ്ററുടമകളും അന്യഭാഷാ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ് ആറാട്ടും ഭീഷ്മപർവവും എത്തിയത്. പിന്നാലെ ജനഗണമന, ഹൃദയം, കടുവ, പാപ്പൻ തുടങ്ങിയ ചിത്രങ്ങളും ആവേശത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്.  

 

ബോക്സ്ഓഫിസിൽ വൻ കലക്‌ഷൻ നേടിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിൽ പൃഥ്വിരാജിന്റെ കടുവയും ജനഗണമനയുമാണ്. താരമൂല്യമാണ് മലയാളിപ്രേക്ഷകരെ തിയറ്ററിൽ എത്തിക്കുന്നതെന്ന ധാരണ തിരുത്തുന്ന തരത്തിലാണ് പുതിയ ചിത്രങ്ങൾ കാണാനുള്ള  ജനത്തിരക്ക്. കഴിഞ്ഞ ആഴ്ച ഇറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’ ടൊവിനോ തോമസിന്റെ ‘തല്ലുമാല’ തുടങ്ങിയവ ഹൗസ് ഫുൾ ആയി ഓടുകയാണ്. കാമ്പുള്ള കഥയോടൊപ്പം എന്റർടെയ്ൻമെന്റ് കൂടി മിക്സ് ചെയ്ത് മികച്ച ഒരു വിരുന്നു തന്നെയാണ് ‘ന്നാ താൻ  കേസുകൊട്’ എന്ന ചിത്രത്തിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാളും സംഘവും നൽകിയിരിക്കുന്നത്. 25 കോടി രൂപ കലക്‌ഷനുമായി ചാക്കോച്ചന്റെ കരിയർ ഹിറ്റുകളിലൊന്നായി മാറുകയാണ് 'ന്നാ താൻ കേസ് കൊട് '. പുതിയ കാലത്തിന്റെ അഭിരുചി അറിഞ്ഞു ചെയ്ത ചിത്രമാണ് തല്ലുമാല. ഓൾഡ് ജനറേഷനെ തള്ളിക്കളയാൻ വരട്ടെ എന്നതാണ് ജോഷി-സുരേഷ്‌ഗോപി ചിത്രമായ പാപ്പൻ തെളിയിക്കുന്നത്. ഒടിടിയുടെ അതിപ്രസരമുള്ള ഇക്കാലത്തും കണ്ടന്റ് നന്നായാൽ തിയറ്ററിൽ ആളുകയറും എന്നു തന്നെയാണ് പുതിയ സിനിമാ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന മൂന്ന് സിനിമകളുടെ നിർമാതാക്കള്‍ കലക്‌ഷൻ വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ....

 

സന്തോഷ് ടി. കുരുവിള: (നിർമാതാവ് –ന്നാ താൻ കേസ് കൊട്): ഞങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രതികരണമാണ് തിയറ്ററിൽനിന്നു ലഭിക്കുന്നത്. തിയറ്റർ സന്ദർശനത്തിന് പോകുമ്പോൾ പ്രായഭേദമന്യേ കുടുംബത്തോടൊപ്പം പ്രേക്ഷകർ വരുന്ന കാഴ്ചയാണ് കാണുന്നത്. രാത്രി 12 മണിക്ക് ശേഷമുള്ള ഷോയ്ക്ക് പോലും സ്ത്രീകൾ അടക്കം സിനിമ കാണാൻ തിയറ്ററിൽ വരുന്നുണ്ട്.  ഇതൊക്കെ വളരെ പോസിറ്റീവ് ആയ കാര്യമാണ്. ഞങ്ങളുടെ സിനിമ മാത്രമല്ല പാപ്പൻ, കടുവ, ഇപ്പോൾ റിലീസ് ചെയ്ത തല്ലുമാല തുടങ്ങിയ ചിത്രങ്ങളും തിയറ്ററിൽ പ്രേക്ഷകരെ എത്തിച്ചു.  ഇതിനു മുന്നേ വന്ന ‘ജാനേ മൻ’ പോലും ആദ്യത്തെ മൂന്നുനാലു ദിവസം മോശമായെങ്കിലും പിന്നീട് തിയറ്ററിൽ ആളെത്തി.

 

ഒരു സിനിമ കാണണം എന്നു തോന്നിയാൽ തീർച്ചയായും തിയറ്ററിൽ ആളെത്തും. അതിനുവേണ്ടിയുള്ള കാര്യങ്ങൾ നമ്മൾ പ്രേക്ഷകർക്ക് കൊടുക്കണം. ഞങ്ങളുടെ സിനിമ ആളുകൾ ചിരിച്ച്  ആസ്വദിച്ച് കാണുന്ന പടമാണ്. എല്ലാവർക്കും ചിരിക്കാൻ ഇഷ്ടമാണ്. 85 വയസ്സുള്ള ഒരു അപ്പച്ചനുമായി ഒരു കുടുംബം സിനിമ കാണാൻ പോയ കഥ കഴിഞ്ഞ ദിവസം  ഫെയ്സ്ബുക്കിൽ കണ്ടു. തിയറ്ററിൽ ആൾക്കൂട്ടത്തിനിടയിലിരുന്നു സിനിമ കാണുന്നത് സുഖമുള്ള കാര്യമാണ്. നല്ല കഥയുള്ള, തിയറ്റർ എക്സ്പീരിയൻസ് ആവശ്യമായ സിനിമകൾ ചെയ്താൽ പ്രേക്ഷകർ തിയറ്ററിൽ എത്തും. കേരളത്തിന് പുറത്ത് കാനഡയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും മാത്രമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ബാക്കിയുള്ള സ്ഥലങ്ങളിൽ ഈ ആഴ്ച റിലീസ് ചെയ്യും. 

 

ഒരാഴ്ച കൊണ്ടു തന്നെ 25 കോടിയുടെ ബിസിനസ് നടന്നു.  നമ്മുടെ ചിത്രത്തോടൊപ്പം റിലീസ് ചെയ്ത തല്ലുമാലയും മുൻപേ റിലീസ് ചെയ്ത പാപ്പാനും കണ്ടിരുന്നു. രണ്ടും ബോക്സ്ഓഫിസ് ഹിറ്റുകളാണ്. ദുൽഖറിന്റെ പടം, സുരേഷേട്ടന്റെ പടം, ടൊവിനോയുടെ പടം, നമ്മുടെ പടം എല്ലാം ഹൗസ്ഫുൾ ആയി ഒരുമിച്ച് ഓടുന്നത് സന്തോഷമുള്ള കാര്യമാണ്. ഇതെല്ലാം പല തരത്തിലുള്ള ജോണറുകളിൽ ഉള്ള സിനിമകളാണ്. എല്ലാ ചിത്രങ്ങളൂം വിജയിക്കുന്നത് നല്ല സൂചനയാണ്.  ഇൻഡസ്ട്രി എന്ന് പറയുന്നത് ഒരാളുടെ മാത്രമല്ല.  ഇൻഡസ്ട്രി വളർന്നാലെ എല്ലാവരും വളരൂ. ഒരാൾ മാത്രം വിജയിച്ചിട്ടു കാര്യമില്ല എല്ലാ സിനിമകളും വിജയിക്കുകയും ജനങ്ങൾ തിയറ്ററിൽ വന്നു സിനിമകൾ കാണുകയും വേണം.

 

ആഷിഖ് ഉസ്മാൻ: (നിർമാതാവ്–ചിത്രം: തല്ലുമാല) കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മലയാളി പ്രേക്ഷകരെ മറ്റൊരു കാഴ്ചാനുഭവത്തിലേക്കാണ് എത്തിച്ചത്.  വീട്ടിലെ സൗകര്യത്തിൽ ഒടിടിയിൽ സിനിമ കണ്ടു ശീലിച്ച പ്രേക്ഷകർ പലതരത്തിലുള്ള ജോണറിലുള്ള സിനിമകൾ ആണ് ആസ്വദിച്ചത്. അവരെ തിയറ്ററുകളിലേക്ക് മടക്കികൊണ്ടുവരുന്നത് വലിയൊരു ഉത്തരവാദിത്തം തന്നെയാണ്.  ഒരു സിനിമയുടെ ട്രെയിലർ കാണുമ്പോൾ തന്നെ ‘‘ഇത് ഒടിടിയിൽ കാണാം’’എന്ന് നമ്മൾ തീരുമാനിക്കും. നമ്മളെ തിയറ്ററുകളിൽ എത്തിക്കാൻ വേണ്ട എലമെന്റ് ആ സിനിമയിൽ ഇല്ലെങ്കിൽ പിന്നെ പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. തിയറ്ററുകളിൽ ആസ്വദിക്കാൻ വേണ്ടിയുള്ള ചിത്രങ്ങൾ ചെയ്യുക എന്നുള്ളതാണ് ഇനി ചെയ്യേണ്ടത്.  

 

ന്നാ താൻ കേസ് കൊട് എന്ന ചിത്രം ഞാൻ കണ്ടിരുന്നു. വളരെയേറെ ആസ്വദിച്ച ഒരു ഹ്യൂമർ സിനിമയാണ് അത്. അങ്ങനെ നല്ല കഥയുള്ള ഹ്യൂമർ സിനിമകളും മാസ്സ് സിനിമകളുമൊക്കെ ആയിരിക്കും ആളുകൾ കൂടുതൽ ഏറ്റെടുക്കാൻ പോകുന്നത് എന്നാണു എനിക്ക് തോന്നുന്നത്. ഞങ്ങളുടെ തല്ലുമാല എന്ന ചിത്രം മികച്ച രീതിയിൽ തിയറ്ററുകളിൽ സ്വീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. തല്ലുമാല വേൾഡ് വൈഡ് റിലീസ് ആയിരുന്നു.  ഏകദേശം 31 കോടിയോളം വേൾഡ് വൈഡ് കലക്‌ഷൻ ലഭിച്ചു കഴിഞ്ഞു. നാല് ദിവസത്തിനുള്ളില്‍ ഇത്രയുമൊരു കലക്‌ഷൻ കിട്ടിയത് നല്ലൊരു സൂചന തന്നയാണ്. മലയാളി പ്രേക്ഷകർ തിയറ്ററിൽനിന്ന് അകന്നിട്ടില്ല. തിയറ്ററിൽ ഇരുന്നു സിനിമകാണുന്ന സുഖം വേറെ തന്നെയാണ്. സിനിമ ചെയ്യുന്നവർ തിയറ്ററിൽ ആസ്വദിക്കേണ്ട ചിത്രങ്ങൾ തന്നെ നിർമിക്കണം എന്നാണു എനിക്ക് പറയാനുള്ളത്. പ്രേക്ഷകർക്ക് അവർക്ക് വേണ്ടത് കൃത്യമായി കൊടുത്താൽ അവർ തിയറ്ററിൽ എത്തും എന്നാണ് അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

 

സുജിത് ജെ. നായർ (ഡ്രീം ബിഗ് ഫിലിംസ്– പാപ്പൻ സഹനിർമാതാവ്, വിതരണം):  സിനിമ റീലിസ് ചെയ്യാൻ ഒട്ടും അനുകൂലമല്ല എന്ന് കരുതുന്ന സമയത്താണ് പാപ്പൻ റിലീസ് ചെയ്തത്. കർക്കിടകമാസം, മഴയുള്ള സമയം തുടങ്ങി ജൂലൈ മാസത്തിൽ കലക്‌ഷനെ ബാധിക്കുന്ന ഒരുപാടു പ്രതികൂല സാഹചര്യങ്ങളുണ്ടായി.  അദ്ഭുതകരമെന്നു പറയട്ടെ ആദ്യത്തെ മൂന്നു ദിവസം ഭയങ്കരമായ കലക്‌ഷൻ ഉണ്ടായിരുന്നു.  നാലാമത്തെ ദിവസം കേരളമൊട്ടാകെ  വലിയ മഴ പെയ്ത് കാലാവസ്ഥ പ്രതികൂലമായിട്ടു കൂടി കലക്‌ഷൻ അതുപോലെ തന്നെ തുടർന്നു.  ജൂലൈ 29 മുതൽ പുതിയ ചിത്രങ്ങൾ വരുന്നതുവരെ പാപ്പാൻ അക്ഷരാർഥത്തിൽ ബോക്സ്ഓഫിസ് ഭരിക്കുകയായിരുന്നു. കേരളത്തിൽ 255 തിയറ്ററുകളിലാണ് പാപ്പൻ റിലീസ് ചെയ്തത്. രണ്ടാമത്തെ ആഴ്ചയിലും 250 ഓളം തിയറ്ററിൽ പടം കളിച്ചു. നല്ല രീതിയിലുള്ള ബോക്സ്ഓഫിസ് കലക്‌ഷൻ കേരളത്തിൽനിന്നു തന്നെ കിട്ടി.  

 

കേരളത്തിന് വെളിയിൽ ഒരാഴ്ച കഴിഞ്ഞാണ് റിലീസ് ചെയ്തത്.  കേരളത്തിലെ പ്രതികരണം ഗൾഫിലെയും ബോക്സ്ഓഫിസിൽ പ്രതിഫലിച്ചു. ലോകം മുഴുവൻ 600 സ്‌ക്രീനുകളിലിൽ ആണ് പാപ്പൻ കളിച്ചത്. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ കലക്‌ഷൻ നേടിയ ചിത്രമാണ് പാപ്പൻ. ഗോകുലം മൂവീസിനും ഡേവിഡ് കാച്ചപ്പള്ളിക്കും ഇഫാർ മീഡിയയ്ക്കും ലാഭകരമായൊരു പടമായിരുന്നു പാപ്പൻ. ആദ്യ പതിനഞ്ചു ദിവസം കൊണ്ടുതന്നെ പടം ലാഭകരമായി. അന്യഭാഷാ ചിത്രങ്ങൾ മാത്രമേ കേരളത്തിൽ വിജയിക്കൂ എന്ന ധാരണയാണ് ഇവിടെ തെറ്റുന്നത്.  ‌‌

 

രണ്ടു രീതിയിലുള്ള സിനിമാ ആസ്വാദനമാണ് ഇപ്പോൾ കണ്ടുവരുന്നത്. ഒന്ന്, തിയറ്ററിൽ പോയി കാണുക. മറ്റൊന്ന്, ഒടിടിയിൽ ആസ്വദിക്കുക. ഒരു പടം തിയറ്ററിൽ പോയി കാണേണ്ട ആവശ്യമുണ്ടോ എന്ന് ഇപ്പോൾ പ്രേക്ഷകർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അങ്ങനെയുള്ള ചിത്രങ്ങളാണ് തിയറ്ററിൽ വിജയിക്കുന്നത്. അല്ലാത്ത ചിത്രങ്ങൾ പിന്നെ എപ്പോഴെങ്കിലും കാണാം എന്ന് കരുതും. പ്രേക്ഷകരുടെ ആസ്വാദന നിലവാരം വളരെ മാറിയിട്ടുണ്ട്. സൗണ്ട്  മിക്സിങ്, ശബ്ദ വിന്യാസം, സൗണ്ട് ഡിസൈൻ, വിഷ്വൽ എഫക്റ്റ്, എഡിറ്റിങ് ഇതിനെക്കുറിച്ചൊക്കെ എല്ലാ പ്രേക്ഷകരും ചർച്ച ചെയ്യുന്ന കാലഘട്ടമാണ്. സിനിമ തുടങ്ങി ഒരു മിനിറ്റ് പോലും പ്രേക്ഷകരുടെ ശ്രദ്ധ തെറ്റാത്ത വിധത്തിൽ സിനിമ കൊണ്ടുപോകണം.  ഈ രണ്ടു മണിക്കൂർ ആളുകളെ പിടിച്ചിരുത്തുക എന്നത് ശ്രമകരമായ ജോലി തന്നെയാണ്.  

 

പതിനാറു വർഷമായി സിനിമാ വിതരണം ചെയ്യുന്ന ഞാൻ ആദ്യ ദിവസം തന്നെ ചിത്രങ്ങൾ കാണാറുണ്ട്. പടം ഓടുമോ എന്നുള്ളത് ആദ്യ ദിവസം തന്നെ നമുക്ക് മനസ്സിലാകും.  തല്ലുമാല, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളും ഞാൻ കണ്ടു. വളരെ നല്ല ഒരു ബൂസ്റ്റാണ് ഈ ചിത്രങ്ങൾ തിയറ്ററിൽ നൽകുന്നത്. ഇവയോടൊപ്പം തന്നെ പാപ്പനും മൂന്നാംവാരം തിയറ്ററിൽ ഓടുന്നുണ്ടെന്നുള്ളത് സന്തോഷകരമാണ്.  സ്വാതന്ത്ര്യ ദിനത്തിൽ 38 തിയറ്ററുകളിലാണ്ചിത്രം ഹൗസ് ഫുൾ ആയി ഓടിയത്.  എല്ലാ ചിത്രങ്ങളൂം വിജയിക്കുമ്പോൾ ഒന്നിന് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ഫാസ്റ്റ് ഫില്ലിങ് ആയ മറ്റൊരു പടം കാണാൻ ആളുകൾ ശ്രമിക്കുന്നുണ്ട്.  ഒരു പടം അല്ലെങ്കിൽ മറ്റൊരു പടം കാണാം എന്ന് പ്രേക്ഷകർ തീരുമാനിക്കുന്ന രീതിയിൽ എല്ലാ ചിത്രങ്ങളും വിജയിക്കുന്നത് ഇൻഡസ്ട്രിക്ക് ഗുണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com