ADVERTISEMENT

എറണാകുളത്തിന്റെ ഭരണ സിരാകേന്ദ്രമായ കാക്കനാടിൽ നിന്നും വെറും പതിനേഴ് കിലോമീറ്റർ ദൂരത്തിലുള്ള ഒരു ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടുകൂടി വീട്ടുകാരനെ കാണാനില്ലെന്ന പരാതി നൽകാനെത്തിയ ഏകദേശം നാൽപ്പത്തിയഞ്ചോളം വയസ്സള്ള വീട്ടമ്മയും, രണ്ടുദിവസങ്ങൾക്കുള്ളിൽ വിവാഹം നടക്കേണ്ട ഇരുപത്തിരണ്ട് വയസുള്ള മകളും, പതിനെട്ട് വയസുള്ള മകനും. അവിടത്തെ സബ് ഇൻസ്പക്ടർ ഫോട്ടോയുൾപ്പടെ വിവരങ്ങൾ ശേഖരിച്ചു. അവരെ സമാധാനിപ്പിച്ച് വീട്ടിലേക്കയച്ചു.

 

വൈകുന്നേരത്തിനുള്ളിൽ എല്ലാ വിവരങ്ങളും ശേഖരിച്ചപ്പോൾ കാണാതായ നല്ലവനായ മദ്യപാനിയല്ലാത്ത കൂലിപ്പണിക്കാരനായ മകളുടെ കല്യാണദിവസത്തിന് രണ്ടുദിവസം അപ്രത്യക്ഷനായി സെൽ ഫോൺ ഓഫ് ചെയ്ത് വച്ചിരിക്കുന്ന മനുഷ്യനെകുറിച്ച് എല്ലാവർക്കും നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. എല്ലാം വിറ്റു പെറുക്കി കടവും കടത്തിന്റെ കൂടുവുമായി കല്യാണപ്പെണ്ണിന് സ്വർണം വാങ്ങി വച്ചിട്ടുമുണ്ട്.

 

രാത്രിയുടെ ഏതോ യാമത്തിൽ സൈബർ പൊലീസ് ലൊക്കേഷൻ പറഞ്ഞു കൊടുത്തു -ആലപ്പുഴ മെഡിക്കൽ കോളജ്. പിറ്റേദിവസം അധ്യാപികയായ ഭാര്യയുടെ ഓഫിസിൽ അത്യാവശ്യമായി എത്തേണ്ട കാര്യവും, ഒരു കേസ് സംബന്ധമായി തന്റെ മേലധികാരിക്ക് വളരെ അത്യാവശ്യം കൊടുക്കേണ്ട കാര്യകാരണങ്ങളും, തന്റെ പ്രൊമോഷനെ സംബന്ധിക്കുന്ന വിവരങ്ങൾ നേരിട്ട് കാണാമെന്നേറ്റ വക്കീലിനെയും വിട്ട് വെളുപ്പിനെ തന്നെ ഒരു കാർ റെഡിയാക്കി രണ്ട് പൊലീസ് ഓഫിസർമാരെ കൂട്ടി സബ് ഇൻസ്‌പെക്ടർ മഫ്തിയിൽ ആലപ്പുഴ എത്തി. അവിടം അരിച്ചു പെറുക്കുമ്പോൾ സൈബർ ടീം അറിയിച്ചു , ആള് അമ്പലപ്പുഴ കൊല്ലം വഴി മുന്നോട്ടാണെന്ന്. 

 

പിന്നാലെ പാഞ്ഞപ്പോൾ അടുത്ത വിവരം കിട്ടി, തിരുവനന്തപുരം മെഡിക്കൽ കോളജ്. അവിടെയെത്തി വഴിവക്കിലെ ചായക്കടയിൽ നിന്നും വിശപ്പുമാറ്റി ഏകദേശം അൻപതോളം ലോഡ്ജുകളിൽ കയറിയിറങ്ങി തീരാറായപ്പോൾ സൈബർ ടീമിന്റെ വിളി, കാണാതായ ആള് എംസി റോഡ് വഴി കോട്ടയം ലക്ഷ്യമാക്കി നീങ്ങുന്നു, ഉടനെ വിട്ടു വണ്ടി .. 

കോട്ടയം എത്താറായപ്പോൾ ആളുടെ സെൽഫോൺ വർക്ക് ചെയ്യുന്നുണ്ടെന്ന് സൈബർ പറഞ്ഞു. കൂടെയുള്ള പൊലീസ് ഓഫിസർ വിളിക്കുമ്പോൾ എൻഗേജ്ഡ് ടോൺ, പിന്നെ ഫോൺ ഓഫ്.

 

വീട്ടുകാരെ വിളിച്ചപ്പോൾ മകനുമായി സംസാരിച്ച വിവരം കിട്ടി. ‘‘നിങ്ങൾ എങ്ങിനെയെങ്കിലും കല്യാണം നന്നായി നടത്തണം, ഞാൻ നാട്ടിലുണ്ടായാൽ കടക്കാർ പ്രശനമുണ്ടാക്കും.’’

 

കൃത്യമായി കണക്കുകൂട്ടിയ മിടുക്കനായ സബ് ഇൻസ്‌പെക്ടർ കോട്ടയം മെഡിക്കൽ കോളജ് പരിസരത്തേക്ക് പാഞ്ഞപ്പോൾ സൈബർ ടീം കൂടെനിന്നു. വൈകിട്ടായപ്പോഴേക്കും സ്ഥലത്തെത്തി മെഡിക്കൽ കോളജ് പരിസരത്തുള്ള ലോഡ്‌ജുകളുടെ ലിസ്റ്റെടുത്ത് വാട്സാപ്പ് വഴി ഫോട്ടോ അയച്ചു. പക്ഷേ ആർക്കുമറിയില്ല, വിശന്നുവലഞ്ഞ പൊലീസ് ഓഫിസർമാർ മെഡിക്കൽ കോളജിനടുത്തുള്ള വഴിവക്കിലെ ചായക്കടയിൽ വിശപ്പകറ്റുമ്പോൾ വീണ്ടും സൈബർ ടീം, ‘‘ആള് നിങ്ങളുടെ അടുത്ത് തന്നെയുണ്ട്, ഫോൺ ഓൺ ആണ്’’

 

ദാനശീലനായ ഒരു വലിയ മുതലാളിയുടെ മാനേജർ എന്ന വ്യാജേനെ മകളുടെ കല്യാണത്തിന് സഹായ വാഗ്ദാനം ഓഫർ ചെയ്തു പൊലീസ് ഓഫിസർ കാണാതായ ആളോട് സംസാരിച്ചു കൊണ്ടിരിക്കുന്നു. കുറച്ചു സമയത്തിനുള്ളിൽ മുണ്ടും ഷർട്ടും ധരിച്ച് എല്ലും കോലുമായ ഒരാൾ തന്റെ പഴയ ഫോണിൽ സംസാരിച്ചു കൊണ്ട് മെഡിക്കൽ കോളജിന്റെ പുറത്തേക്ക് വന്നു. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം കാറിനുള്ളിലായി.

 

കരഞ്ഞു കൊണ്ട് വിതുമ്പിയിരുന്ന ആരെയും ബുദ്ധിമുട്ടിക്കാതെ മെഡിക്കൽ കോളജ് പരിസരത്ത് ആത്മഹത്യയ്ക്ക്‌ തയാറെടുത്തുകൊണ്ടിരുന്ന ആ പാവത്തെയും കൊണ്ട് കാർ കൊച്ചിയിലേക്ക് തിരിച്ചു. തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ വന്നവരിൽ സകുടുംബം എത്തിയ വരനും വധുവും പൊലീസുകാരുടെ അനുഗ്രഹവും ആശീർവാദവും വാങ്ങുമ്പോൾ സബ് ഇൻസ്‌പെക്ടറുടെ അഭ്യർഥന മാനിച്ച് എല്ലാ ചിലവുകളും ഏറ്റെടുത്ത് കല്യാണം മംഗളമായി നടത്തി സഹായിച്ച നാട്ടിലെ ഒരു പൗര മുഖ്യനും അവിടെ ഉണ്ടായിരുന്നു.

 

ഇതൊരു കഥയല്ല, കഴിഞ്ഞ ആഴ്ച നടന്ന സംഭവമാണ്. കേരള പൊലീസിനെ കളിയാക്കുമ്പോൾ നന്മനസുള്ള ഒരു പൊലീസ് സബ് ഇൻസ്‌പെക്ടർ മുഖേനെ രക്ഷപെട്ടത് രണ്ട് കുടുംബങ്ങളാണ് എന്ന് കൂടി ഓർക്കുക. അഭിലാഷ് എന്ന അദ്ദേഹം എന്റെ സുഹൃത്താണ് എന്നതിൽ പെരുത്തഭിമാനം. വൃത്തികെട്ട സ്ത്രീധന സമ്പ്രദായത്തിൽ നിന്നും ജാതിമതകുലവർഗ വേർതിരിവുകളിൽ നിന്നും എന്നാണ് നമ്മൾ രക്ഷപ്പെടുന്നത്?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com