‘കാൽതൊട്ടു വന്ദിക്കുന്നതില് എന്തു രാഷ്ട്രീയം’

Mail This Article
ആരുമറിയാതെ എനിക്ക് പുസ്തകങ്ങളും പേനയും പെൻസിലും ഭക്ഷണവും തന്നിരുന്ന താബോർ സ്കൂളിലെ അധ്യാപികയായിരുന്ന, ഏലിക്കുട്ടി ടീച്ചറുടെ കാൽതൊട്ട് വണങ്ങി കരഞ്ഞുകൊണ്ട് അനുഗ്രഹം തേടിയത് ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു. നാലു പ്രാവശ്യം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ സാറിന്റെ കാലഘട്ടങ്ങളിൽ തന്നെയായിരുന്നു തൊഴിലാളി നേതാവായിരുന്ന എന്റെ അപ്പച്ചൻ സഖാവ് ജയിലിലടക്കപ്പെട്ടത്. സാറിന്റെ അനുമതിയോടെ ഞാനെഴുതിയ കെ കരുണാകരൻ , ദ് ചാണക്യ ഓഫ് കേരള എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതുമുൻപ് ,ഞാൻ നിർമിച്ച കഴിഞ്ഞകാലം എന്ന സിനിമയിൽ, അദ്ദേഹമായിട്ടുതന്നെ വേഷമിട്ടിരുന്നു.
തിരുവനന്തപുരത്ത് നടന്ന ഷൂട്ടിങ് കഴിഞ്ഞപ്പോൾ വന്ദ്യ വയോധികനായിരുന്ന സാറിന്റെ അടുക്കൽ ചെന്ന് നന്ദി പറഞ്ഞപ്പോൾ അദ്ദേഹം മെല്ലെ മന്ത്രിച്ചു ഗുരുവായൂരപ്പാ, എല്ലാം നന്നാകും, എല്ലാം ശരിയാകും . ആ നിമിഷത്തിൽ ഞാൻ പോലുമറിയാതെ കുമ്പിട്ട് അദ്ദേഹത്തിന്റെ കാൽതൊട്ട് വണങ്ങി അനുഗ്രഹം തേടിയത് എനിക്കെ അത്ഭുതമായിരുന്നു
ഞാൻ നിർമിച്ച ചന്ദ്രനിലേക്കൊരു വഴി എന്ന സിനിമയുടെ കേന്ദ്ര കഥാപാത്രമായ നെടുമുടിവേണു ചേട്ടന്റെ കാൽ തൊട്ടു വന്ദിച്ചിട്ടാണ് അഡ്വാൻസ് കൊടുത്തത്. അതുപോലെ തന്നെ പടത്തിന്റെ മേക്കപ്പ്മാൻ ആയി വന്ന ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ്‌ക്ക. ചന്ദ്രേട്ടന്റെ കൂടെ ( സംവിധായകൻ പി. ചന്ദ്രകുമാർ ) തിരുവനന്തപുരത്ത് പോയി മലയാള സിനിമയുടെ എല്ലാമായ മധു സാറിനെ കണ്ട് മടങ്ങുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു എന്റെ സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചിരുന്നു.
ഗുരുതുല്യനായ ചാരുഹാസൻ സർ, എന്റെ ഒരു സിനിമയിൽ അഭിനയിച്ചതിനുശേഷം ചെന്നൈയിലേക്ക് പോകാൻ വേണ്ടി കൊച്ചി എയർപോർട്ടിൽ കൊണ്ടുചെന്നാക്കിയപ്പോൾ കാൽതൊട്ട് വന്ദിച്ച് പ്രതിഫലം നൽകി . കൊടുത്ത പ്രതിഫലം അപ്പോൾ തന്നെ തിരികെ തന്ന് നിരീശ്വരവിശ്വസിയായ ചാരുസർ എന്നെ വിളിച്ച തെറികൾ ഇന്നും കാതിലുണ്ട് . പിന്നീട് അദ്ദേഹം പ്രതിഫലം വാങ്ങാത്ത എന്റെ ' കമ്പനി ആർട്ടിസ്റ്റായി ' എത്രയോ സിനിമകൾ.
ഓഗസ്ത് 15ന് അന്തരിച്ച മഹാനായിരുന്ന, രാജ്യത്ത് വെളിയിട വിസർജനം ഇല്ലാതാക്കുന്നതിനും തോട്ടിപ്പണി നിർമാർജനം ചെയ്യാനും ജീവിതം മാറ്റിവച്ച പത്മഭൂഷൺ ഡോക്ടർ ബിന്ദേശ്വർ പഥക് സാറിന്റെ കാൽതൊട്ട് വണങ്ങി അനുഗ്രഹം തേടിയപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു എനിക്ക്.ഗുരുജനങ്ങളുടെയും അഭിവന്ദ്യ പുരോഹിതന്മാരുടെയും അടുത്ത കാലത്ത് ശബരിമലക്ക് കെട്ടിമുറുക്കി കൂടെ കൊണ്ടുപോയ മുൻ മേൽശാന്തിയുടെ വരെ കാൽപാദങ്ങൾ തൊട്ട് ഞാൻ വന്ദിച്ചിട്ടുണ്ട്. അവരുടെ രാഷ്ട്രീയമോ വ്യക്തിപരമായ കാര്യങ്ങൾ എനിക്കറിയാൻ താല്പര്യമില്ല. പ്രശസ്തമായ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയും ,സന്യാസാചാര പ്രകാരം ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യാചാര്യൻ നാഥ സമ്പ്രദായത്തിന്റെ അധിപനും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെ പാദം തൊട്ട് വന്ദിച്ചതിൽ, പരസ്യമായി രാഷ്ട്രീയം പറയാത്ത സൂപ്പർ സ്റ്റാർ രജനികാന്ത് അഭിമാനിക്കുമെന്ന് തീർച്ച.
മനുഷ്യശരീരത്തിലെ തുല്യ പ്രാധാന്യമുള്ള അവയവങ്ങളാണ് കയ്യും കാലും. കൈകൂപ്പിയും കൈകൊടുത്തും, കാൽ തൊട്ടും സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാം വന്ദിക്കാം. അവനവന്റെ വിശ്വാസങ്ങളും സംസ്കാരങ്ങളും രീതികളും അനുസരിച്ച് നിന്ദിക്കാതെ ഇഷ്ടപ്രകാരം മറ്റുള്ളവരെ വന്ദിക്കട്ടെ.