ADVERTISEMENT

ആടുജീവിതം’ താന്‍ ചെയ്യാനിരുന്ന സിനിമ ആയിരുന്നുവെന്നും ബ്ലെസിക്ക് ചിത്രം വിട്ടുകൊടുത്തതാണെന്നും വെളിപ്പെടുത്തി സംവിധായകന്‍ ലാല്‍ജോസ്. എന്നാല്‍ അതേ സമയത്തുതന്നെ ബ്ലെസിയുടെ കയ്യില്‍ ഒരു വര്‍ഷമെടുത്തെഴുതിയ സ്ക്രിപ്റ്റ് ഉണ്ടായിരുന്നുവെന്നും ആ കഥയ്ക്ക് ആടുജീവിതവുമായി സാമ്യമുണ്ടായിരുന്നുവെന്നും ലാല്‍ജോസ് പറയുന്നു. ‘അറബിക്കഥ’ ചെയ്​തതുകൊണ്ടാണ് ‘ആടുജീവിതം’ ചെയ്യാതിരുന്നതെന്ന് ബെന്യാമിൻ പറയുന്നത് അദ്ദേഹത്തിന്റെ ഓർമപ്പിശക് കൊണ്ടാണെന്നും മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് പറഞ്ഞു. 

‘‘ആടുജീവിതം പുസ്തകം വായിച്ചതിനു ശേഷം ഞാൻ ബഹ്റൈനിൽ പോയി ബെന്യാമിനെ കണ്ടു. ചിത്രം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ബെന്യാമിനു സന്തോഷമായിരുന്നു. എൽജെ ഫിലിംസ് കമ്പനി ആദ്യം റജിസ്റ്റർ ചെയ്യുന്നത് ആ സിനിമ ചെയ്യാനാണ്. ഒറ്റയ്ക്ക് ആ സിനിമ ചെയ്യാൻ കഴിയില്ല. ഞാൻ കാസ്റ്റ് ചെയ്യാൻ ഉദേശിച്ചത് ഒരു പുതുമുഖത്തെയാണ്. ഇത്രയും കാലം ഒരു വലിയ നടനെ സിനിമയ്ക്ക് വേണ്ടി പരിഗണിച്ചാൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എല്ലാം ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് വേറൊരു നടനെ കണ്ടത്. ഡ‍ല്‍ഹി സ്​കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഒരാളെ കണ്ടുവച്ചിരുന്നു.

ബെന്യാമിൻ പറഞ്ഞ് അറിഞ്ഞതാണെന്നു തോന്നുന്നു, ഒരു മാഗസിനിൽ ഞാൻ ഈ നോവൽ സിനിമയാക്കുന്നു എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നു. അപ്പോഴാണ് ബ്ലെസി വിളിക്കുന്നത്. ‘‘എന്തായി, ഒരുപാട് മുന്നോട്ട് പോയോ? ഇല്ലെങ്കില്‍ എനിക്ക് തരാമോ?’’ എന്ന് എന്നോടു ചോദിച്ചു. അദ്ദേഹം ഒരു വർഷം എടുത്ത് എഴുതിയ സ്ക്രിപ്റ്റിന് ആടുജീവിതമായി സാമ്യം ഉണ്ടെന്നു പറഞ്ഞു. ബെന്യാമിനോടുകൂടി ഒന്നു സംസാരിക്കാൻ ഞാൻ ബ്ലെസിയോടു പറഞ്ഞു. പിന്നീട് എനിക്ക് തോന്നി ബെന്യാമിന് ബ്ലെസി സിനിമ ചെയ്യുന്നതാണ് ഇഷ്ടമെന്ന്. അതുകൊണ്ടുതന്നെയാണ് ഞാൻ അത് വിട്ടു കൊടുത്തത്. 

14 വർഷം മുൻപു നടന്ന കാര്യങ്ങളാണിത്. ഇപ്പോൾ റിലീസ് ചെയ്ത ചിത്രം പോലെയല്ല ഞാൻ ഈ സിനിമ പ്ലാൻ ചെയ്തിരുന്നത്. ബ്ലെസിക്ക് ഇത് നന്നായി ചെയ്യാൻ പറ്റുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ചിത്രം ചെയ്യുകയാണെങ്കിൽ സ്ക്രിപ്റ്റ് ചെയ്യാൻ ബെന്യാമിന്റെ സഹായം തേടേണ്ടിവന്നേനേ. ബ്ലെസിക്ക് എഴുതാനും അറിയാം. ബ്ലെസിയെ പോലെ 14 വർഷമൊന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഞാൻ കുറച്ചു പ്രാരാബ്‌ധം ഉള്ള മനുഷ്യനാണ്. ബ്ലെസി എത്രയോ കഷ്​ടതകളിലൂടെ കടന്നുപോയതാണെന്ന് ഞാന്‍ കണ്ടതാണ്. ഇത്രയും ക്ഷമയോടെ ആ ചിത്രം പൂർത്തിയാക്കാൻ അദ്ദേഹത്തിനേ സാധിക്കുകയുള്ളൂ. അറബിക്കഥ ചെയ്​തതുകൊണ്ടാണ് ആടുജീവിതം ചെയ്യാതിരുന്നത് എന്ന് ബെന്യാമിൻ പറയുന്നത് അദ്ദേഹത്തിന്റെ ഓർമപ്പിശക് കൊണ്ടാണ്. 2008ലാണ് ആടുജീവിതം നോവൽ പോലും ഇറങ്ങുന്നത്. അറബിക്കഥ 2006 ൽ പൂർത്തിയായ ചിത്രമാണ്.’’ ലാൽ ജോസ് പറഞ്ഞു.

English Summary:

Lal Jo about Aadujeevitham movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com