‘സായി പല്ലവിയുടെ നമ്പർ’ പൊല്ലാപ്പായി; വിദ്യാർഥിയോടു മാപ്പ് പറഞ്ഞ് ‘അമരന്‍’ നിര്‍മാതാക്കള്‍
Mail This Article
അനുവാദമില്ലാതെ തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘അമരൻ’ സിനിമയ്ക്കെതിരെ വക്കീൽ നോട്ടിസ് അയച്ച വിദ്യാർഥിയോട് മാപ്പു പറഞ്ഞ് സിനിമയുടെ നിർമാതാക്കൾ. സായി പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തിന്റെ ഫോൺ നമ്പറായി സിനിമയിൽ കാണിച്ചത് തന്റെ നമ്പറാണെന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥി രംഗത്തെത്തിയത്. അതുമൂലം ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ലെന്നും 1.1 കോടി നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥി വക്കീൽ നോട്ടിസ് അയച്ചത്.
അമരന്റെ നിര്‍മ്മാതാക്കളായ രാജ്കമല്‍ ഫിലിംസ് വിദ്യാർഥിയോടു മാപ്പ് പറഞ്ഞ് രംഗത്തെത്തി. വാഗീശനുണ്ടായ അസൗകര്യത്തില്‍ മാപ്പ് പറയുന്നെന്നും ചിത്രത്തില്‍ നിന്ന് വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ നീക്കിയെന്നും രാജ്കമല്‍ ഫിലിംസ് അറിയിച്ചു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സിനിമയുടെ ഒടിടി പതിപ്പിലും ഈ നമ്പർ ഉണ്ടാകില്ല. എന്നാല്‍, നിര്‍മാതാക്കളുടെ പ്രതികരണം വൈകിയെന്നാണ് വാഗീശന്റെ വാദം. നവംബര്‍ ആറിനാണ് വാഗീശന്‍ അമരന്‍ നിർമാതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടിസ് അയച്ചത്. ആധാറും ബാങ്ക് അക്കൗണ്ടുകളുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കിയിരുന്നു.
ഒക്ടോബർ 31നാണ് ശിവകാർത്തികേയനും സായിപല്ലവിയും അഭിനയിച്ച അമരൻ ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തിയത്. ദീപാവലി ആഘോഷത്തിനിടെയാണ് അപരിചിതമായ നമ്പരുകളിൽ നിന്ന് കോളുകൾ വരുന്നത് വാഗീശന്റെ ശ്രദ്ധയിൽപ്പെട്ടത്. ആദ്യം കോൾ എടുത്ത് ഇത് സായി പല്ലവിയുടെ നമ്പർ അല്ലെന്ന് മറുപടി നൽകിയെങ്കിലും പിന്നാലെ നിർത്താതെയുള്ള കോളുകൾ കാരണം ഫോൺ സൈലന്റ് മോഡിൽ ആക്കി. എന്നാൽ വാട്സ്ആപ്പിലും ഇതേരീതിയിലുള്ള സന്ദേശങ്ങൾ എത്തിയതോടെയാണ് തന്റെ മൊബൈൽ നമ്പറാണ് സിനിമയിൽ ഉപയോഗിച്ചതെന്ന് തനിക്കു മനസ്സിലായതെന്ന് വാഗീശൻ പറയുന്നു.
‘‘സിനിമ ഇറങ്ങിയത് മുതൽ എനിക്ക് ഉറങ്ങാനോ പഠിക്കാനോ കഴിഞ്ഞിട്ടില്ല. ഫോൺ ഓൺ ചെയ്യുമ്പോൾ അപരിചിതർ വിളിക്കുന്നു. തുടർച്ചയായ ഇൻകമിങ് കോളുകൾ കാരണം ഒരു ക്യാബ് ബുക്ക് ചെയ്യാൻ പോലും കഴിയുന്നില്ല. വല്ലാത്ത അവസ്ഥയാണിത്–” വാഗീശന്റെ വാക്കുകൾ. ആദ്യം പ്രശ്നപരിഹാരത്തിനായി സംവിധായകനെയും ശിവകാർത്തികേയനെയും ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് വാഗീശൻ പങ്കുവച്ചിരുന്നു. പിന്നീടാണ് നിയമപരമായി മുന്നോട്ടു പോകാൻ വാഗീശൻ തീരുമാനിച്ചത്.