ടൊവിനോ നിർമാതാക്കൾക്കൊപ്പം നിൽക്കുന്ന നടൻ, ഇല്ലാക്കഥകൾ പറഞ്ഞ് ബുദ്ധിമുട്ടിക്കരുത്: സന്ദീപ് സേനൻ

Mail This Article
നിർമാതാക്കൾക്കൊപ്പം നിൽക്കുന്ന നടനാണ് ടൊവിനോ തോമസെന്ന് സന്ദീപ് സേനന്‍. ‘ഹെലികോപ്റ്റർ കഥകൾ’ പോലുള്ള ഇല്ലാക്കഥകൾ പറഞ്ഞ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുതെന്നും സന്ദീപ് സേനന്‍ പറയുകയുണ്ടായി. ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമയുടെ പൂജാവേളയിൽ സംസാരിക്കുകയായിരുന്നു സന്ദീപ്.
“സിനിമ മോശം അവസ്ഥയിൽ കൂടിയാണ് പോകുന്നത് എന്നും ഇവിടെ നടന്മാരും നിർമാതാക്കളും തമ്മിലൊക്കെ വലിയ അടിയാണ് എന്നുമാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ ദിവസം ഒരു ഹെലികോപ്റ്റർ കഥ കേട്ടു. ടൊവിനോ ഒരിക്കലും കോസ്റ്റ് കൂട്ടാൻ ശ്രമിക്കുന്ന നടനല്ല എന്ന് എനിക്ക് നന്നായി അറിയാവുന്നതാണ്. 2022ൽ ഞങ്ങളുടെ ഒരു സിനിമയിൽ ടൊവിനോ അഭിനയിച്ചതാണ്. ഹെലികോപ്റ്ററിന്റെ കഥ കേട്ടപ്പോൾ ഞാൻ അന്വേഷിച്ചു എന്താണ് ഈ ഹെലികോപ്റ്ററിന്റെ സത്യാവസ്ഥ. അപ്പോൾ അറിഞ്ഞത് അതിന്റെ നിർമാതാക്കളിൽ ഒരാളായിട്ടുള്ള കോൺഫിഡന്റ് റോയിയുടെ തന്നെ ആവശ്യമായിരുന്നു അന്നത്തെ ദിവസം അങ്ങനെ പോകണം എന്നുള്ളത് എന്നാണ്.
അത് വെറുതെ ടൊവിനോ എന്ന് പറയുന്ന ഒരു നടന്റെ പുറത്ത് ചാർത്തി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് എന്നുള്ള ഒരു അപേക്ഷയുണ്ട്. ഞങ്ങൾ ആരും അതിനെതിരല്ല. അങ്ങനെ ഒരു കാര്യം സംഭവിച്ചു എന്ന് പറയുന്നത് കൊണ്ട് ഒരാളുടെ സമ്മതപ്രകാരം സംഭവിക്കുമ്പോൾ വെറുതെ ടൊവിനോയെ അതിനെക്കുറിച്ച് ബുദ്ധിമുട്ടിക്കുന്നതിൽ ഞങ്ങൾക്ക് വിഷമമുണ്ട്. ഞങ്ങൾ എന്നും നിങ്ങളെപ്പോലുള്ളവരുടെ കൂടെ തന്നെയാണ്. ടൊവിനോ എന്നും നിർമാതാക്കളുടെ കൂടെ നിന്നിട്ടുള്ളതാണ്. ഇപ്പോഴും ‘ഐഡന്റിറ്റി’യുടെ നിർമാതാവിന്റെ കൂടെ തന്നെയാണ് അദ്ദേഹം നിൽക്കുന്നത്. അദ്ദേഹത്തെ ചേർത്ത് പിടിച്ചാണ് നിൽക്കുന്നത്.
പ്രശ്നങ്ങൾ പരിഹരിക്കും, ഈ പറയുന്ന പോലെ ചേട്ടനും അനിയനും തമ്മിൽ പ്രശ്നങ്ങളൊക്കെ ഉണ്ടാകും. അതൊക്കെ തീർന്നു വരും. കാരണം സിനിമ അതിനതീതമാണ്. സിനിമ എന്ന് പറയുന്ന ഈ കലയോടുള്ള അമിതമായിട്ടുള്ള ഇഷ്ടവും പാഷനും കൊണ്ടാണ് ഞങ്ങളെല്ലാം സിനിമയ്ക്കകത്ത് നിൽക്കുന്നത്. സിനിമ മുന്നോട്ടു പോകണം. പിക്ചർ അഭി ബാക്കി ഹെ.”–സന്ദീപ് സേനന്റെ വാക്കുകൾ.