ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നളിനി എന്ന നടിയെ ഓർമിക്കാന്‍ ഒരേയൊരു സിനിമ മതി. അകാലത്തില്‍ അവസാനിച്ച ശോഭയുടെ ജീവിതം അവലംബമാക്കി കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്’ എന്ന പടത്തില്‍ നളിനിയായിരുന്നു നായിക. അസാമാന്യമായ മിഴിവോടെ നളിനി ആ കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നിട്ടും നളിനി എന്നൊരു നടിയെക്കുറിച്ച് ഇന്നും പലര്‍ക്കും അറിയില്ല. ഒന്നാമത് മലയാള സിനിമയില്‍ അത്ര സജീവമായിരുന്നില്ല നളിനി. തമിഴിലാണ് കൂടുതലും അഭിനയിച്ചത്. താമസവും ചെന്നൈയില്‍. അസാധാരണമായ വഴിത്തിരിവുകളിലൂടെ കടന്നു പോയ നളിനിയുടെ ജീവിതം അറിയണമെങ്കില്‍ അവരുടെ പൂര്‍വകാലത്തിലേക്ക് ഒന്ന് സഞ്ചരിക്കണം.

ഇടവേളകളില്ലാത്ത നായിക

തമിഴ് സിനിമകളില്‍ കൊറിയോഗ്രാഫറായിരുന്ന വൈക്കം മൂര്‍ത്തിയുടെയും നര്‍ത്തകിയായ പ്രേമയുടെയും എട്ടു മക്കളില്‍ രണ്ടാമത്തെ ആളായിരുന്നു നളിനി. ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച നളിനി പിന്നീട് കലാരംഗത്ത് സജീവമാകുകയായിരുന്നു. 16-ാം വയസ്സിൽ അവര്‍ ‘ഇതിലെ വന്നവര്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് വന്നു. ‘അഗ്നിശരം’ എന്ന ചിത്രത്തില്‍ ജയന്റെ അനുജത്തിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചു. റാണി എന്നായിരുന്നു അവരുടെ യഥാര്‍ഥ പേര്.

nalini-old

പത്മരാജന്റെ തിരക്കഥയില്‍ മോഹന്‍ സംവിധാനം ചെയ്ത ‘ഇടവേള’ എന്ന പടത്തിലാണ് നളിനി ആദ്യമായി നായികയാവുന്നത്. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് റാണിയുടെ പേര് മാറ്റി നളിനിയാവുന്നത്. പ്രേംനസീറിനൊപ്പം ‘ഒരു മാടപ്രാവിന്റെ കഥയില്‍’ ഉപനായികയായും ‘ലേഖയുടെ മരണം’ പോലെ ഒരു കള്‍ട്ട് ക്ലാസിക്കില്‍ നായികയായും അഭിനയിച്ച നളിനിയുടെ ഭാഗ്യജാതകം തെളിഞ്ഞില്ല. കാരണം മറ്റൊന്നല്ല. ‘ഇടവേള’ അടക്കം നളിനി ഹീറോയിനായി വന്ന പടങ്ങളെല്ലാം ബോക്സോഫിസില്‍ തലകുത്തി വീണു. രാശിയില്ലാത്ത നായികമാരെ വച്ചുപൊറുപ്പിക്കാന്‍ മടിക്കുന്ന അന്ധവിശ്വാസങ്ങളുടെ കൂടാണ് സിനിമാരംഗം. മലയാളത്തില്‍ പിന്നീട് നളിനിക്ക് അവസരങ്ങള്‍ കുറഞ്ഞു.

എന്നാല്‍ വിഗ്രഹഭഞ്ജകനായ സാക്ഷാല്‍ ടി.രാജേന്ദ്രന്‍ (ചിമ്പുവിന്റെ പിതാവ്) തന്റെ ‘ഉയിരുളളവരെ ഉഷ’ എന്ന പടത്തില്‍ നളിനിയെ നായികയാക്കി. ചിത്രം വന്‍ഹിറ്റായതോടെ നളിനി തമിഴിലും തെലുങ്കിലും തിരക്കുളള നായികയായി മാറി. ഒരിക്കല്‍ കൈവിട്ട മലയാളം വീണ്ടും നളിനിയെ തേടിയെത്തി. അക്കാലത്ത് വന്‍ഹിറ്റായിരുന്ന ‘സ്‌നേഹമുളള സിംഹം’ എന്ന പടത്തില്‍ നളിനി മമ്മൂട്ടിയുടെ നായികയായി. ഐ.വി.ശശിയുടെ ‘ആവനാഴി’ പോലുളള ബ്ലോക്ക് ബസ്റ്റര്‍ പടങ്ങളിലും നളിനി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മോഹന്‍ലാലിന്റെ ‘ഭൂമിയിലെ രാജാക്കന്‍മാര്‍’, ‘വാര്‍ത്ത’, ‘അടിമകള്‍ ഉടമകള്‍’ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകള്‍.

‘ഒരു മാടപ്രാവിന്റെ കഥയില്‍’ നളിനി അഭിനയിച്ച ഒരു  ഗാനരംഗത്തിന് കൊറിയോഗ്രാഫി നിര്‍വഹിച്ചത് അവരുടെ പിതാവായ വൈക്കം മൂര്‍ത്തിയായിരുന്നു. ഒരു വര്‍ഷം നളിനിയുടെ 24 സിനിമകള്‍ വരെ റിലീസ് ചെയ്ത ചരിത്രവുമുണ്ട്. തെലുങ്കിലും കന്നടയിലും അവര്‍ നിരവധി സിനിമകള്‍ ചെയ്തു. എന്നാല്‍ ഈ മുന്നേറ്റത്തിന് വിരാമമിട്ടുകൊണ്ട് 1987ല്‍ തമിഴ്‌നടന്‍ രാമരാജന്‍ നളിനിയെ പ്രണയിച്ച് വിവാഹം കഴിച്ചു. അവരുടെ ജീവിതം മാറി മറിയുന്നത് അവിടെ നിന്നാണ്.

nalini-family

എതിര്‍പ്പുകള്‍ മറികടന്ന് ഒരു ഒളിച്ചോട്ടം

നളിനിയുടെ അമ്മയ്ക്കും സഹോദരന്‍മാര്‍ക്കും ഈ ബന്ധത്തോട് തീരെ താത്പര്യമുണ്ടായിരുന്നില്ല. രാമരാജന്‍ നളിനിയുടെ പിന്നാലെ നടന്ന് നിരന്തരം പ്രണയാഭ്യർഥന നടത്തി അവരെ പാട്ടിലാക്കിയതാണെന്ന് വീട്ടുകാര്‍ ആരോപണം ഉന്നയിച്ചെങ്കിലും വാസ്തവം എന്താണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. രാമരാജന്‍ അക്കാലത്ത് നിരവധി സിനിമകളില്‍ നായകനായി അഭിനയിച്ച് തിളങ്ങി നില്‍ക്കുന്ന സമയമാണ്. നളിനിയെ കഷ്ടപ്പെട്ട് സ്വന്തമാക്കേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. നിര്‍വ്യാജമായ സ്‌നേഹമായിരുന്നു അവരുടേതെന്നും പറയപ്പെടുന്നു. രാമരാജനുമായുളള പ്രണയം മൂലം നളിനിയുടെ അഭിനയജീവിതം അവസാനിക്കുമെന്നും അങ്ങനെ കുടുംബത്തിന്റെ വരുമാനം നിലയ്ക്കുമെന്നും വീട്ടുകാര്‍ ഭയന്നു.‌ എല്ലാ വഴികളിലൂടെയും ഈ ബന്ധത്തെ പ്രതിരോധിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും ഒരു ദിവസം നളിനി രാമരാജനൊപ്പം ഒളിച്ചോടിപ്പോയി.

രാമരാജന്‍ നളിനിയുമായി അഭയം തേടി എത്തിയത് അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന്റെ അടുത്തേക്കായിരുന്നു. അദ്ദേഹം മുന്‍കൈ എടുത്ത് അവരുടെ വിവാഹം നടത്തിക്കൊടുത്തു. എംജിആറിനൊപ്പം ജയലളിതയ്ക്കും രാമരാജനോട് വലിയ വാത്സല്യമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ജയലളിത മുന്‍കൈ എടുത്ത് അദ്ദേഹത്തെ പാര്‍ലമെന്റ് അംഗമാക്കുക വരെ ചെയ്തു. 12 വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ അവര്‍ക്ക് രണ്ട് കുട്ടികളും ജനിച്ചു. ഏറെ ആഹ്‌ളാദകരമായിരുന്നു അവരുടെ ദാമ്പത്യം. അവര്‍ തമ്മില്‍ തെറ്റിപ്പിരിയേണ്ട ഒരു സാഹചര്യങ്ങളും ഉണ്ടായിരുന്നില്ല. പരസ്പരം അഭിപ്രായഭിന്നതകളോ ഇതര ബന്ധങ്ങളോ മദ്യപാനമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ അകന്നു പോയതിന്റെ കാരണം വളരെ വിചിത്രവും കേട്ടുകേള്‍വിയില്ലാത്തതുമാണ്.

lekhayude-maranam-3

തമ്മില്‍ അകന്നത് എന്തിന്?

ജ്യോതിഷത്തില്‍ അമിതമായി വിശ്വസിച്ചിരുന്നു രാമരാജനും നളിനിയും. ഏതോ ജോത്സ്യന്‍ നടത്തിയ ഒരു പ്രവചനമാണ് അവരുടെ ജീവിതത്തിന്റെ ഗതി മാറ്റിയത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ഒന്നുകില്‍ രാമരാജനോ അല്ലെങ്കില്‍ കുട്ടികള്‍ക്കോ ജീവഹാനി സംഭവിക്കും പോലും. പരിഹാരമായി ഒന്നേ ചെയ്യാനുളളു. ദമ്പതികള്‍ തമ്മില്‍ അകന്ന് ജീവിക്കണം. കാല്‍നൂറ്റാണ്ടു കാലമായി ഇവര്‍ പരസ്പരം വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. മക്കള്‍ രണ്ടും നളിനിക്കൊപ്പവും രാമരാജന്‍ തനിച്ചും കഴിയുന്നു. നളിനി കുട്ടികളെ വളര്‍ത്താനായി വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നു. ‘രാവണപ്രഭു’ അടക്കമുളള പല പടങ്ങളിലും അവര്‍ നല്ല വേഷങ്ങള്‍ ചെയ്തു. നിരവധി ടെലിവിഷന്‍ സീരിയലുകളിലും നളിനിയുടെ സാന്നിധ്യമുണ്ടായിരുന്നു.

കുട്ടികളെ പഠിപ്പിച്ച് നല്ല നിലയിലാക്കി. രണ്ടുപേരും ഇന്നും അവിവാഹിതരായി തുടരുന്നു. ഉളളില്‍ പഴയ സ്‌നേഹം സൂക്ഷിക്കുന്ന അവര്‍ ഒരു പുനര്‍വിവാഹത്തിന് തയാറായതുമില്ല.സമീപകാലത്ത് ഒരു ചാനല്‍ അഭിമുഖത്തിലാണ് നളിനി ഈ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം നളിനി ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു. 'അകന്നു കഴിയുന്നെങ്കിലും ഞാനിപ്പോഴും അദ്ദേഹത്തെ പ്രണയിക്കുന്നു'.

ഈ പ്രസ്താവനയെക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് രാമരാജന്‍ ഇത്ര മാത്രം പറഞ്ഞു. '25 വര്‍ഷം കഴിഞ്ഞില്ലേ...എനിക്കിനിയൊന്നും പറയാനില്ല' എന്ന്.

സമീപകാലത്ത് ഈ വിഷയം പുറത്ത് വന്നതോടെ ഇരുവരും ഒന്നിച്ച് ജീവിക്കണമെന്ന അഭ്യര്‍ഥനയുമായി നൂറുകണക്കിന് സിനിമാ പ്രേമികള്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നു. പരസ്പരം താങ്ങും തണലുമാകേണ്ട വാർധക്യത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇനിയും പിരിഞ്ഞു താമസിക്കുന്നതില്‍ അര്‍ത്ഥമുണ്ടോയെന്നും അവരെ തമ്മില്‍ അകറ്റിയ ജോത്സ്യപ്രവചനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുമാണ് പോസ്റ്റുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഇരുവരും ഇനിയും മനസ്സു തുറന്നിട്ടില്ല.

ഒരിക്കല്‍ വിവാഹമോചിതരായ ശേഷം തെറ്റുകള്‍ തിരിച്ചറിഞ്ഞ് വീണ്ടും ഒന്നിച്ച നടന്‍ രഞ്ജിത്തിന്റെയും നടി പ്രിയാ രാമന്റെയും അനുഭവം ഇവര്‍ക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ നളിനിയുടെയും രാമരാജന്റെയും പുനഃസമാഗമവും സംഭവിച്ചേക്കാമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. കാലത്തിന് മാത്രം ഉത്തരം നല്‍കാന്‍ കഴിയുന്ന ഒന്നാണിത്.

English Summary:

Discover the unbelievable reason why acclaimed actors Nalini and Ramarajan separated after 12 years of marriage. Their story, driven by an astrological prediction, is captivating and sparking debate. Learn about their lives, careers, and the mystery surrounding their continued separation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com