എമ്പുരാനിൽ ഐബി ഓഫിസറായി ഈ താരം

Mail This Article
എമ്പുരാനിലെ പത്താമത്തെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കന്നഡ താരമായ കിഷോർ കുമാർ അവതരിപ്പിക്കുന്ന കാർത്തിക്ക് എന്ന ഐ ബി ഓഫീസറിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടത്. വലിയ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കിഷോർ പറഞ്ഞു. ഒരു കന്നഡിഗനായ തനിക്ക് ലൂസിഫറിലെ നീണ്ട മലയാളം ഡയലോഗുകൾ പറയാൻ ഏറെ ബുദ്ധിമുട്ട് നേരിട്ടുവെന്നും ഒരുപാട് റിഹേഴ്സലുകൾക്ക് ശേഷമാണ് നന്നായി ഡയലോഗ് പറയാൻ കഴിഞ്ഞതെന്നും കിഷോർ കുമാർ പറയുന്നു. ഒരു നടൻ സംവിധായകനായി മാറുമ്പോൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ വളരെയധികം എളുപ്പമാണ് കാരണം അഭിനയേതാക്കൾ ക്യാമറയ്ക്ക് മുന്നിൽ എങ്ങനെയാണ് പെരുമാറുന്നതെന്നും അഭിനയേതാക്കളുടെ മാനസിക വ്യാപാരങ്ങളും സംവിധായകന് നന്നായി മനസ്സിലാകും. പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലവരും തന്റെ പുതിയ അവതാരം കാണാൻ തീയറ്ററിലെത്തണമെന്നും ആശിർവാദ് മൂവീസ് പുറത്തുവിട്ട വിഡിയോയിൽ കിഷോർ കുമാർ പറഞ്ഞു.
"എന്റെ പേര് കിഷോർ. എമ്പുരാൻ എന്ന ചിത്രത്തിൽ കാർത്തിക് എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലേക്കുള്ള ഓഫർ വന്നപ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത് കാരണം ഈ സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫർ വലിയ ഹിറ്റായിരുന്നു. മാത്രമല്ല പൃഥ്വിരാജ് ആണ് ആ ചിത്രം സംവിധാനം ചെയ്തത്, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. എമ്പുരാൻ എന്ന സിനിമയിലേക്ക് വിളിച്ചപ്പോഴും ഞാൻ വലിയ ആവേശത്തിലായിരുന്നു. അതിനാൽ ഞാൻ ഉടൻ തന്നെ എസ് പറഞ്ഞു. ഏത് വേഷമായാലും ഞാൻ ചെയ്യും എന്നുതന്നെ പറഞ്ഞു.
ഈ സിനിമയിൽ ഞാൻ അവതരിപ്പിക്കുന്ന കാർത്തിക് എന്ന കഥാപാത്രം ഒരു ഐ ബി ഓഫീസറാണ്. രണ്ട് ലോകങ്ങളിലൂടെ സഞ്ചരിക്കുകയും ഡെകോറം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ഓഫീസറാണ് അദ്ദേഹം. ഈ സിനിമയിൽ വളരെ നിർണായകമായ ഒരു വേഷമാണ് അദ്ദേഹം ചെയ്യുന്നത്. സിനിമയിൽ എനിക്ക് ഇംഗ്ലീഷിലും മലയാളത്തിലും സംസാരിക്കേണ്ടി വന്നിട്ടുണ്ട്. രണ്ട് ഭാഷകളിലും വലിയ വലിയ ഡയലോഗുകൾ ആണ് പറയാനുണ്ടായിരുന്നത് അത് എനിക്ക് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു കന്നഡിഗ ആയ എനിക്ക് മലയാളി സംസാരിക്കുന്നതുപോലെ സ്പീഡിൽ മലയാളത്തിൽ സംസാരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. കുറച്ചുകൂടി സ്പീഡിൽ പറയൂ എന്ന് പൃഥ്വിരാജ് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു. ഡയലോഗ് പറയുന്നതിനിടെ ഞാൻ തപ്പിയും തടഞ്ഞും പലവട്ടം തെറ്റിച്ചു. അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് റിഹേഴ്സൽ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. നടനും സംവിധായകനുമായ ഒരാളോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും രസകരമായ അനുഭവമാണ്. ഒരു നടൻ സംവിധാനം ചെയ്യുമ്പോൾ അദ്ദേഹത്തിന് അഭിനേതാക്കളെ നന്നായി മനസ്സിലാകും. കാരണം അദ്ദേഹത്തിന് അഭിനേതാക്കളുടെ കാഴ്ചപ്പാട് അറിയാം. അഭിനേതാക്കൾ എങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്നും ക്യാമറയ്ക്ക് മുന്നിൽ എങ്ങനെയായിരിക്കും അവർ പെരുമാറുക എന്നും ഒരു നടന് നന്നായി മനസ്സിലാകും. അത് നമ്മെ നന്നായി സഹായിക്കും. ഒരു വരിയോ വാക്കുകളോ പറയാൻ നമുക്ക് ബുദ്ധിമുട്ടു വന്നാലോ വികാരങ്ങളിലോ ഭാവപ്രകടനങ്ങളിലോ ചലനങ്ങളിലോ നമ്മൾ തെറ്റുവരുത്തിയാലോ, ഒരു നടനെ മനസ്സിലാക്കുന്ന സംവിധായകൻ കൂടെ ഉണ്ടെങ്കിൽ അദ്ദേഹത്തിന് അത് മനസ്സിലാവുകയും സംവിധാനം ചെയ്യുമ്പോൾ അത് അദ്ദേഹത്തിന് വളരെ എളുപ്പമാവുകയും ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്. എമ്പുരാനിൽ ഞങ്ങൾക്ക് ഉണ്ടായിരുന്ന ഒരു മെച്ചം അതായിരുന്നു. എന്റെ പുതിയ അവതാരം കാണാൻ എല്ലാവരും ദയവായി മാർച്ച് 27-ന് തീയറ്ററിൽ വന്നു എമ്പുരാൻ കാണണമെന്ന് അഭ്യർത്ഥിക്കുന്നു." കിഷോർ കുമാർ പറഞ്ഞു.