മകന്റെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങി റിയാസ് ഖാൻ; വിശേഷം പറഞ്ഞ് ഷാരിഖ്

Mail This Article
മകന്റെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങി നടൻ റിയാസ് ഖാൻ . മകൻ ഷാരിഖും ഭാര്യ മരിയയുമാണ് കുഞ്ഞ് അതിഥിയെ വരവേൽക്കുന്നതിനു മുന്നോടിയായുള്ള വിഡിയോ പങ്കുവച്ചത്. ‘ഞങ്ങളുടെ പ്രണയകഥയ്ക്ക് പുതിയൊരു അധ്യായം കൂടി ലഭിച്ചു’ എന്ന കുറിപ്പോടുകൂടിയാണ് ഷാരിഖ് സന്തോഷവാർത്ത എല്ലാവരെയും അറിയിക്കുന്ന വിഡിയോ പങ്കു വച്ചത്.
ഏറെ കാലം പ്രണയത്തിലായിരുന്ന ഷാരിഖും മരിയയും തമ്മിൽ കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം വലിയ ആഘോഷത്തോടെയാണ് വിവാഹം നടന്നത്. എന്നാൽ മരിയ നേരത്തെ വിവാഹിതയും ഒൻപത് വയസ്സുള്ള പെൺകുട്ടിയുടെ അമ്മയുമാണെന്ന് ചൂണ്ടി കാണിച്ച് പരിഹാസങ്ങളുമായി ചിലർ എത്തി. ഇതോടെ ഷാരിഖും മരിയയും മാധ്യമങ്ങൾക്ക് മുന്നിൽ വരികയും വിശദീകരണം നൽകുകയും ചെയ്തു. ‘കണ്ട ഉടനെ തനിക്ക് മരിയയോട് ഇഷ്ടം വന്നു. മാത്രമല്ല നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന് പറയുന്നതിന് പകരം കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്നും ജീവിതം മുഴുവൻ നിന്റെ കൂടെ ആയിരിക്കാനാണ് ഇഷ്ടപ്പെടുന്നത്'’എന്നായിരുന്നു താരപുത്രന്റെ പ്രതികരണം.
ഷാരിഖിനെ ആരായാലും സ്നേഹിച്ച് പോകുമെന്നാണ് മരിയ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത്. ‘ഷാരിഖിനെ പോലെ ഒരാളെ ഞാനല്ല വേറെ ആരാണെങ്കിലും സ്നേഹിച്ചു പോകും. കാരണം അയാൾ അത്രയധികം സ്നേഹിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിനൊപ്പം വളരെ സേഫ് ആയിരിക്കും. എല്ലാ പെൺകുട്ടികൾക്കും സുരക്ഷിതരായിരിക്കുക എന്നത് മാത്രമായിരിക്കും ലക്ഷ്യം. അതെല്ലാം ഒരു മനുഷ്യന്റെ അടുത്തുനിന്ന് കിട്ടുമ്പോൾ നമുക്ക് പിന്നെ സംശയിക്കാൻ ഒന്നുമില്ല. ഷാരിഖിന്റെ ലോകത്ത് ഞാൻ മാത്രമേയുള്ളു’ മരിയ പറഞ്ഞു.