‘ഡ്രാഗൺ’ സൂപ്പറെന്ന് രജനി; നായകനെയും സംവിധായകനെയും വീട്ടിലേക്കു ക്ഷണിച്ച് താരം

Mail This Article
‘ഡ്രാഗൺ’ സിനിമയെ പ്രശംസിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. സംവിധായകനായ അശ്വത് മാരിമുത്തുവിനെയും നായകനായ പ്രദീപ് രംഗനാഥനെയും നിർമാതാവ് അർച്ചനയെയും വീട്ടിലേക്കു ക്ഷണിച്ചാണ് രജനി സിനിമയുടെ ഇഷ്ടം വെളിപ്പെടുത്തിയത്. നല്ലൊരു സിനിമ ചെയ്യാനും സിനിമ കണ്ടിട്ട് രജനി സാർ വീട്ടിലേക്ക് വിളിച്ച് സിനിമയെ അഭിനന്ദിക്കുന്നതുമൊക്കെ സിനിമ ചെയ്യാനാഗ്രഹിക്കുന്ന ഓരോരുത്തരുടെയും സ്വപ്നമാണ്. തന്റെ സ്വപ്ന സാക്ഷാൽക്കാരത്തിന്റെ ദിവസമാണിതെന്നും അശ്വത് മാരിമുത്തു എക്‌സിൽ കുറിച്ചു.
‘‘രജനി സർ പറഞ്ഞു, എന്തൊരു എഴുത്താണിത് അശ്വത്, ഫന്റാസ്റ്റിക് ഫന്റാസ്റ്റിക്. നല്ല സിനിമ ചെയ്യാനും ആ സിനിമ കണ്ടിട്ട് രജനി സാർ വീട്ടിലേക്ക് വിളിച്ച് നമ്മുടെ പടത്തെപ്പറ്റി വാതോരാതെ സംസാരിക്കുക. ഒരു സിനിമ ചെയ്യാനായി അഹോരാത്രം പ്രയത്നിക്കുന്ന ഓരോ സംവിധായകന്റെയും സ്വപ്നമാണ്. ഇത് സ്വപ്നം നിറവേറിയ നാൾ.’’–അശ്വത് മാരിമുത്തു കുറിച്ചു.
പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച ‘ഡ്രാഗൺ’ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു മാസ് മാസാല എന്റർടെയിനറാണ്. പ്രണയവും സൗഹൃദവും ബ്രേക്കപ്പും നാടകീയതയും ട്വിസ്റ്റുകളും നായകന്റെ തിരിച്ചുവരവും എല്ലാം ചേർന്നൊരു ടോട്ടൽ പാക്കേജാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഡ്രാഗൺ. ചിത്രം നൂറു കോടി കലക്‌ഷൻ നേടി തമിഴകത്ത് ഒന്നാം നിര താരങ്ങളുടെ ചിത്രങ്ങളെയും മറികടക്കുകയാണ്. ചിത്രത്തോടൊപ്പം നായകൻ പ്രദീപ് രംഗനാഥനും പുത്തൻ താരോദയമായി തമിഴിലെ ജനപ്രിയ നായകനായി മാറുകയാണ്.