‘മാർക്കോ’ കാണാൻ ഗർഭിണിയായ ഭാര്യയേയും കൊണ്ടുപോയ നടൻ തിയറ്ററിൽ നിന്നും ഇറങ്ങിപ്പോയി

Mail This Article
ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ കാണാൻ പോയ തെലുങ്ക് നടൻ കിരൺ അബ്ബവാരവും ഗർഭിണിയായ ഭാര്യയും സിനിമ പകുതിയെത്തും മുൻപേ തിയറ്ററിൽ നിന്നും മടങ്ങി. തീവ്രമായ വയലൻസിന് പേരുകേട്ട ചിത്രം കണ്ട് കിരണിന്റെ ഗർഭിണിയായ ഭാര്യയ്ക്ക് അസ്വസ്ഥത വന്നതോടെ, ദമ്പതികൾ തിയറ്ററിൽ നിന്നും പുറത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. അമിതമായ ക്രൂരതയും അക്രമവും കാരണം തന്റെ ഭാര്യയ്ക്ക് മാർക്കോ കണ്ടിരിക്കാൻ കഴിഞ്ഞില്ലെന്ന് അബ്ബവാരം വെളിപ്പെടുത്തി.
‘‘ഞാൻ മാർക്കോ കണ്ടു, പക്ഷേ പൂർത്തിയാക്കിയില്ല. രണ്ടാം പകുതി കണ്ടിരിക്കാൻ കഴിയാത്തതിനാൽ ഞാൻ പുറത്തേക്ക് പോയി. അക്രമം അൽപ്പം കൂടുതലായി തോന്നി. ഞാൻ എന്റെ ഭാര്യയോടൊപ്പമാണ് പോയത്. അവൾ ഗർഭിണിയാണ്. അതിനാൽ ഞങ്ങൾക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഞങ്ങൾ പുറത്തേക്കു പോയി. അവൾക്കും സിനിമ സുഖകരമായി തോന്നിയില്ല.”–ഗലാട്ട തെലുങ്കിനു നൽകിയ അഭിമുഖത്തിൽ കിരൺ വെളിപ്പെടുത്തി.
“സിനിമകൾ സ്വാധീനം ചെലുത്താറുണ്ട്. നമ്മൾ കാണുന്നതെന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നമ്മിൽ നിലനിൽക്കും. എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്. പക്ഷേ അതിൽ നിന്ന് എന്തെങ്കിലും ഉൾക്കൊള്ളുന്നവരുമുണ്ട്. ഇപ്പോൾ ഞാൻ അതിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകില്ല. പക്ഷേ എന്റെ കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ, ഞാനും സ്വാധീനിക്കപ്പെട്ടിരുന്നു.’’–കിരൺ പറയുന്നു.
‘മാർക്കോ’ സിനിമയുടെ വയലൻസുമായി ബന്ധപ്പെട്ട് കേരളത്തിലും വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഇങ്ങനെയൊരു അഭിപ്രായവുമായി കിരൺ എത്തുന്നത്. സമൂഹത്തിലെ യുവാക്കളുടെ അക്രമവാസനയ്ക്ക് മാർക്കോ പോലുള്ള സിനിമകള്‍ സ്വാധീനം െചലുത്തുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാൽ സിനിമയെ സിനിമയായി കാണണമെന്നും ഇതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രാണെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.