‘രേഖാചിത്ര’ത്തിലെ പുഷ്പം; അന്നത്തെ താരമൂല്യമുള്ള നായിക; നടി സലീമയ്ക്ക് ഇത് എന്തുപറ്റി?

Mail This Article
ദേശീയ പുരസ്‌കാരങ്ങള്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട നടിയാണ് സലീമ. ‘നഖക്ഷതങ്ങളി’ലും ‘ആരണ്യക’ത്തിലും അന്യാദൃശമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചത്. എന്നാല്‍ ജൂറിയുടെ കണ്ണില്‍ ചലച്ചിത്ര ബാഹ്യമായ ചില കാരണങ്ങളാല്‍ സലീമ ഉള്‍പ്പെടാതെ പോയി. എന്നാല്‍ ഇതൊന്നും ഒരു നടിയുടെ മികവിന്റെ മാനദണ്ഡങ്ങളാകുന്നില്ല എന്ന സത്യം ചരിത്രയാഥാർഥ്യമായി നമുക്ക് മുന്നിലുണ്ട്. 700ല്‍ പരം സിനിമകളിലായി ഒരു അഭിനേത്രിക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ഓരോന്നിനും തനത് ശൈലിയുടെ ഭംഗിയും ആഴവും ഉള്‍ക്കരുത്തും നല്‍കുക വഴി ഭാരതം കണ്ട ഏറ്റവും മികച്ച നടികളില്‍ പ്രഥമ സ്ഥാനത്തെന്ന് കമല്‍ഹാസന്‍ അടക്കമുളളവര്‍ വാഴ്ത്തിയ നടിയാണ് ഉര്‍വശി.
സമകാലികയായ ശോഭനയ്ക്കു ദേശീയ പുരസ്‌കാരം കൂടാതെ പത്മശ്രീയും ഇപ്പോള്‍ പത്മഭൂഷനും ലഭിച്ചിട്ടും ഉര്‍വശിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ല. താരതമ്യേന ജൂനിയറായതും ഔട്ട് സ്റ്റാന്‍ഡിങ് എന്ന് വിശേഷിപ്പിക്കാനാവാത്തതുമായ പല നടികളും ഈ പുരസ്‌കാരം നേടിയപ്പോഴും ഉര്‍വശിയെ കണ്ടില്ലെന്ന് നടിച്ചു. ഇതൊക്കെ സംഭവിക്കുമ്പോളും ഉര്‍വശിയുടെ വേര്‍സറ്റാലിറ്റിയെക്കുറിച്ച് ചലച്ചിത്രാവബോധമുളളവര്‍ മുതല്‍ അതിസാധാരണക്കാരായ കാണികള്‍ക്ക് വരെ അറിയാം. സലീമയുടെ സ്ഥിതിയും അതുതന്നെയാണ്. ഉര്‍വശിയുമായി യാതൊരു വിധ താരതമ്യവും അര്‍ഹിക്കുന്ന നടിയല്ല സലീമ. വളരെ കുറച്ച് പടങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് പിന്നീട് വിസ്മൃതിയില്‍ മറഞ്ഞ അഭിനേത്രി. എന്നിരിക്കിലും അവരുടെ പ്രതിഭ പ്രോജ്ജ്വലിച്ചു നിന്ന ഒരു കാലത്ത് അവര്‍ തമസ്‌കരിക്കപ്പെട്ടു എന്നത് മാത്രമാണ് അവരും ഉര്‍വശിയും തമ്മിലുളള ഏകസാമ്യം.
വിസ്മയം സൃഷ്ടിച്ച നഖക്ഷതങ്ങളും ആരണ്യകവും
അഭിനയകലയെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന വിദ്യാർഥികളെ സംബന്ധിച്ച് ഒരു റഫറന്‍സ് തന്നെയാണ് ‘ആരണ്യക’ത്തിലെ സലീമയുടെ വേഷം. അതിലേക്ക് വരും മുന്‍പ് ‘നഖക്ഷതങ്ങ’ളും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഊമക്കഥാപാത്രങ്ങള്‍ സിനിമയ്ക്കു പുത്തരിയല്ല. പല പ്രശസ്ത അഭിനേത്രികളും അത്തരം വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ സംഭവിച്ച ഒരു ന്യൂനത സംഭാഷങ്ങളെ ആശ്രയിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഭാവപ്പകര്‍ച്ചകളിലുടെ ആശയവിനിമയവും വൈകാരിക സംവേദനവും സാധ്യമാക്കേണ്ടതുണ്ട്. അവിടെ പല അഭിനേത്രികളും അടിപതറുന്നതായി കാണാം. അമിതാഭിനയവും അതിഭാവുകത്വും കൊണ്ട് അവര്‍ ഊമയെ ഒരു ഹാസ്യകഥാപാത്രമാക്കി മാറ്റുന്നു. സംസാരശേഷി നഷ്ടപ്പെട്ട ഒരാളുടെ ദൈന്യവും നിസഹായതയും പ്രകടിപ്പിക്കുന്നതിന്റെ ക്ലാസിക്ക് ഉദാഹരണങ്ങളായി പരിഗണിക്കപ്പെടേണ്ട കഥാസന്ദര്‍ഭം ഭരതന്‍ സംവിധാനം ചെയ്ത ഓര്‍മയ്ക്കായി എന്ന സിനിമയുടെ ക്ലൈമാക്‌സാണ്.

ഊമയായ ഭരത് ഗോപിയുടെ കഥാപാത്രം തന്റെ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷമാണ്. അയാളുടെ മനസില്‍ പേരുണ്ട്. അത് കുഞ്ഞിന്റെ ചെവിയില്‍ ചെറിയ തോതിലാണെങ്കിലും പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അതിന് സാധിക്കുന്നതുമില്ല. പലകുറി ശ്രമിച്ച് പരാജയപ്പെടുന്ന സന്ദര്‍ഭത്തിലെ അയാളുടെ ഉളളുരുക്കം ഗോപി അവതരിപ്പിക്കുമ്പോള്‍ ഭാവപ്പകര്‍ച്ചയുടെ മഹനീയ നിമിഷം നമുക്ക് അനുഭവവേദ്യമാകുന്നു. സമാനമെന്ന് പറയാനാവില്ലെങ്കിലും താരതമ്യേന പുതുമുഖമായ സലീമ വളരെ കുറഞ്ഞ പ്രായത്തില്‍ (വയസ്സ് 14) നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ ഊമയായി അഭിനയിക്കുമ്പോള്‍ പുലര്‍ത്തിയ മിതത്വവും ഒതുക്കവും ശ്ലാഘനീയമാണ്. നിസഹായയായ ഊമയില്‍ നിന്ന് ആരണ്യകത്തിലെ അമ്മിണി എന്ന കരുത്തുറ്റ പെണ്‍കുട്ടിയിലേക്ക് എത്തുമ്പോള്‍ ക്യാരക്ടറൈസേഷനിലെ രണ്ട് എക്‌സ്ട്രീമുകളെ അവര്‍ അത് അര്‍ഹിക്കുന്ന വൈവിധ്യം പുലര്‍ത്തിക്കൊണ്ട് ഉജ്ജ്വലമാക്കുന്നത് കാണാം.

മുത്തശ്ശിയുടെയും അമ്മയുടെയും പാത പിന്‍തുടര്‍ന്ന്...
ആന്ധ്രപ്രദേശ് സ്വദേശിയായ സലീമയുടെ യഥാർഥ പേര് കാളേശ്വരീദേവി എന്നാണ്. സിനിമയ്ക്കു വേണ്ടി അവര്‍ സലീമയായി. 300 ലധികം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച ഗിരിജയുടെ മകളാണ് സലീമ. മുത്തശ്ശി തിലകവും അറിയപ്പെടുന്ന നടിയായിരുന്നു. അഭിനയം സലീമയുടെ രക്തത്തിലുമുണ്ടായിരുന്നു. എന്നാല്‍ കുട്ടിക്കാലത്ത് അങ്ങനെയൊരാഗ്രഹം സലീമയ്‌ക്കോ വീട്ടുകാര്‍ക്കോ ഉണ്ടായിരുന്നില്ല. അവധി ദിനങ്ങളില്‍ അമ്മയ്‌ക്കൊപ്പം ലൊക്കേഷനില്‍ എത്തുന്ന കുഞ്ഞു സലീമയുടെ കൗതുകവും കുസൃതിയും കലര്‍ന്ന മുഖവും ഭാവഹാവാദികളും പല സിനിമാപ്രവര്‍ത്തകരെയും ആകര്‍ഷിച്ചിരുന്നു. ബാലതാരമായി അഭിനയിച്ചുകൂടേയെന്ന് പലരും ആരാഞ്ഞു. എന്നാല്‍ പഠനം കഴിയാതെ അഭിനയം വേണ്ടന്ന കര്‍ശന നിലപാടിലായിരുന്നു കുടുംബം.
മേഘസന്ദേശം, പ്രതികാരം എന്നിങ്ങനെ രണ്ട് തെലുങ്ക് സിനിമകളില്‍ മുഖം കാണിച്ചെങ്കിലും അതൊന്നും കരിയറില്‍ ഗുണം ചെയ്തില്ല. ആയിടക്ക് ചില പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട സലീമയെ കണ്ട് ഇഷ്ടപ്പെട്ട് ഞാന്‍ പിറന്ന നാട്ടില്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലേക്ക് ഓഫര്‍ വന്നു. ആ സിനിമയില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ സലീമയുടെ കഴിവുകളെക്കുറിച്ച് മികച്ച ധാരണയുളള നടി കാഞ്ചന എംടി-ഹരിഹരന്‍ ടീം നഖക്ഷതങ്ങളിലേക്ക് ഒരു പുതുനായികയെ അന്വേഷിക്കുന്ന വിവരം പറഞ്ഞു. സലീമ അവരെ പോയി കണ്ടു. ഓഡിഷനില്‍ സലീമ തന്നെയാണ് ലക്ഷ്മി എന്ന സംസാരശേഷിയില്ലാത്ത കഥാപാത്രത്തിന് അനുയോജ്യയെന്ന് ബോധ്യമായി.
‘നഖക്ഷതങ്ങള്‍’ വിപണനവിജയം കൈവരിച്ചതോടെ സലീമ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാവുമെന്ന് തന്നെ ചലച്ചിത്രവ്യവസായവും പ്രേക്ഷകരും വിലയിരുത്തി. എന്നാല്‍ താന്‍ എത്തിനില്‍ക്കുന്ന ഉയരങ്ങളെക്കുറിച്ചും സിനിമയില്‍ സിലക്ടീവാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊന്നും അവര്‍ക്ക് അറിയാമായിരുന്നില്ല. തക്ക സമയത്ത് അവരെ ഉപദേശിക്കാനും ആരുമുണ്ടായിരുന്നില്ല. സിനിമ പ്രഫഷനായി സ്വീകരിച്ച സ്ഥിതിക്ക് വരുന്ന ഓഫറുകളെല്ലാം ഏറ്റെടുക്കുന്നതാണ് ഉചിതമെന്ന് അവര്‍ക്ക് തോന്നിയിരിക്കാം. ‘നഖക്ഷതങ്ങള്‍ക്ക്’ ശേഷം പിന്നീട് അവരെ കാണുന്നത് ഷാനവാസിന്റെ നായികയായി ‘ഭഗവാന്‍’ എന്ന പടത്തിലാണ്. അതും കഴിഞ്ഞ് ‘നിറമുളള രാവുകള്‍’ എന്ന മസാലപ്പടത്തിലും സലീമ പ്രത്യക്ഷപ്പെട്ടു. കാതലുളള തിരക്കഥയില്‍ നിന്നും ഒരു നടിയുടെ പിന്നോട്ട് നടത്തമായിരുന്നു ഇത് രണ്ടും. ‘കുറുക്കന്‍ രാജാവായി’ എന്ന കോമഡി ചിത്രത്തില്‍ രാജി എന്ന അടിപൊളി പെണ്ണായി വന്നപ്പോഴും സലീമയുടെ പ്രകടനം മോശമായില്ല. പക്ഷേ അവരെ പോലൊരു നടി ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നില്ല അത്. മേല്‍പ്പറഞ്ഞ മൂന്ന് സിനിമകളും കലാപരമായും സാമ്പത്തികമായും പരാജയമായി.

കരിയര്‍ പുതുക്കിപ്പണിത ‘ആരണ്യകം’
അഭിനയ ജീവിതത്തിൽ തീര്‍ത്തും അപ്രസക്തയായി എന്ന് തോന്നിപ്പിച്ച സന്ദര്‍ഭത്തില്‍ വീണ്ടും എംടി-ഹരിഹരന്‍ ടീം രക്ഷയ്‌ക്കെത്തി. ‘ആരണ്യകം’ എന്ന ഗംഭീര സിനിമയിലെ സമാനതകളില്ലാത്ത അമ്മിണി എന്ന കഥാപാത്രം സലീമയെ തേടിയെത്തി. സിനിമ എന്തുകൊണ്ടോ അക്കാലത്ത് തിയറ്ററില്‍ വിജയമായില്ല. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാളം ഓർമിക്കുന്ന പ്രധാനചിത്രങ്ങളില്‍ ഒന്നായി ആരണ്യകം. അതിലുപരി സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നായികാ കഥാപാത്രങ്ങളില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ച വേഷമായിരുന്നു ആരണ്യകത്തിലെ അമ്മിണി. അഭിനയിച്ച് ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുളള വേഷമായിരുന്നു അത്.
കവയത്രിയും അല്‍പ്പസ്വല്‍പ്പം എക്‌സന്‍ട്രിസിറ്റിയുമുളള അമ്മിണി എന്ന പെണ്‍കുട്ടിയുടെ ബാഹ്യമായ പെരുമാറ്റത്തിലെ തന്റേടവും ധൈര്യവും അതിനപ്പുറം തന്റെ കാമുകന്റെ മരണത്തിന് കാരണക്കാരനായ ഒരുവനോട് ക്ഷമിക്കാന്‍ തക്ക ആര്‍ദ്രതയും സഹാനുഭൂതിയുമുളള മനസിലെ മാനുഷിക ഭാവങ്ങളും അസാധ്യ കയ്യൊതുക്കത്തോടെയാണ് സലീമ അവതരിപ്പിച്ചത്.

ഏകാകിയായ മനുഷ്യന്റെ ആത്മവ്യഥകളുടെ കാവ്യഭംഗിയാര്‍ന്ന ആവിഷ്‌കാരം കൂടിയായിരുന്നു ആ ചിത്രം. തൊട്ടടുത്തു നിന്നാലും എന്നെയാരും കാണുന്നില്ല എന്ന പ്രഖ്യാതമായ ഒരു സംഭാഷണ ശകലമുണ്ട് സിനിമയില്‍. സിനിമയുടെ കോര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ അവസ്ഥയെ കഥാപാത്ര വ്യാഖ്യാനം വഴി മറ്റൊരു വിതാനത്തിലെത്തിച്ചു സലീമ. അവര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിച്ചിറങ്ങിയതോ വേള്‍ഡ് ക്ലാസിക്കുകള്‍ കണ്ട് ശീലിച്ചതോ ആയ അഭിനേത്രിയായിരുന്നില്ല. പക്ഷേ അഭിനയം അവരുടെ ജീനുകളിലുണ്ടായിരുന്നു. അസാധ്യ ആഴം പ്രതിഫലിപ്പിക്കുന്ന അത്യപൂര്‍വം എന്ന് വിശേഷിപ്പിക്കാവുന്ന ചില നോട്ടങ്ങള്‍ കൊണ്ട് പോലും അവര്‍ ഭാവപ്രസരണം നിര്‍വഹിച്ചപ്പോള്‍ കഥാപാത്ര സൃഷ്ടിയില്‍ തിരക്കഥാകാരനെയും ചലച്ചിത്രകാരനെയും മറികടന്ന് അഭിനേതാവും വഹിക്കുന്ന വലിയ പങ്ക് അതു നമ്മെ ഓര്‍മപ്പെടുത്തി.
വീണ്ടും ഒരു പടിയിറക്കം
നമ്മള്‍ അന്നും ഇന്നും കൊണ്ടാടുന്ന പല നായികമാരും ശരാശരിക്കാര്‍ മാത്രമാണ്. ചിലര്‍ നൃത്തത്തിന്റെ എക്‌സ്റ്റന്‍ഷനെ മഹത്തരമായ അഭിനയമെന്ന് പിആര്‍ ഏജന്‍സികളുടെ പിന്‍ബലത്തോടെ വാഴ്ത്തിപ്പാടുന്നു. അഭിനയിക്കുന്നു എന്ന് തോന്നാത്ത വിധം ഒരു കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ജൈവികവും നൈസര്‍ഗികവുമായി അനായാസം നടന്നു കയറുന്നതാണ് മികച്ച അഭിനയയെന്ന് ആ കലാവിദ്യയെക്കുറിച്ച് സാമാന്യധാരണയുളള ഓരോരുത്തര്‍ക്കും അറിയാം. പ്രകടനപരത തീര്‍ത്തും ഒഴിവാക്കി കഥാപാത്രം കൊണ്ട് കണ്‍വേ ചെയ്യാനുദ്ദേശിക്കുന്ന ഭാവപ്രസരണം സാധ്യമാക്കാന്‍ കഴിയുന്ന വലിയ അഭിനേത്രികളുടെ ഗുണം കാണിച്ച നടിയാണ് സലീമ. അവര്‍ മലയാളത്തിലെ മഹാനടികളുടെ ഗണത്തിലേക്ക് ഉയരുമെന്ന് തന്നെ രണ്ടേ രണ്ട് സിനിമകളിലുടെ വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടു.
പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. മഹായാനം, വന്ദനം, എന്നിങ്ങനെ ഒരുപിടി സിനിമകളില്‍ സാന്നിധ്യം അറിയിച്ചെങ്കിലും ആരണ്യകത്തിന്റെ തുടര്‍ച്ചകള്‍ സംഭവിച്ചില്ല. ആ തലത്തിലുളള കഥാപാത്രങ്ങളിലേക്ക് അവര്‍ കാസ്റ്റ് ചെയ്യപ്പെട്ടില്ല എന്നത് വ്യക്തിപരമായ നിര്‍ഭാഗ്യം. വിസ്മൃതിയിലേക്ക് ഏറെക്കുറെ പൂര്‍ണമായി തന്നെ മറയുന്ന സലീമയെയാണ് പിന്നീട് നാം കണ്ടത്. വ്യക്തിജീവിതത്തില്‍ തിരിച്ചടികളുടെ പരമ്പര തന്നെ അവര്‍ക്ക് നേരിടേണ്ടതായി വന്നു. മുത്തശ്ശിയുടെയും അമ്മയുടെയും മരണം, ബിസിനസിലെ തകര്‍ച്ച..ജീവിതം അവരുടെ കൈകളില്‍ നിന്ന് മെല്ലെ ഒഴുകിപ്പൊയ്‌ക്കൊണ്ടിരുന്നു. സിനിമയില്ലാതെ കടന്നു പോയത് 25 ഓളം വര്‍ഷങ്ങള്‍. ജീവിക്കാനായി അവര്‍ പല വേഷങ്ങളും കെട്ടി.
വിവാഹം വഴിമാറിയ ജീവിതം
രൂപഭംഗിയും പ്രശസ്തിയും ഒത്തിണങ്ങിയ നല്ലകാലം മുതല്‍ ഇന്നോളം വിവാഹം എന്നത് അവരുടെ ജീവിതത്തില്‍ സംഭവിച്ചില്ല. അതിനെക്കുറിച്ച് സലീമ പറഞ്ഞത് ഇങ്ങനെ. ’ഞാന്‍ ഒരു പുരുഷവിദ്വേഷിയോ വിവാഹത്തിന് എതിരോ അല്ല. എന്തുകൊണ്ടോ അങ്ങനെയൊന്ന് സംഭവിച്ചില്ലെന്ന് മാത്രം. അല്ലെങ്കില്‍ കാര്യങ്ങള്‍ ഒത്തിണങ്ങി വന്നില്ല’
ബിസിനസുകള്‍ ഒന്നൊന്നായി തകരുകയും ജീവിതം വഴിമുട്ടുകയും ആ ഘട്ടത്തിലും എവിടെ ചെന്നാലും നടിയെന്ന നിലയില്‍ തിരിച്ചറിയപ്പെടുകയും ചെയ്തപ്പോള്‍ വീണ്ടും സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചാലോ എന്ന തോന്നല്‍ ഗ്രസിച്ചു. 2019ല്‍ മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിലുടെ തിരിച്ചുവരവ് നടത്തിയെങ്കിലും ഫലവത്തായില്ല. കഴിഞ്ഞവര്‍ഷം ഡിഎന്‍എ എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ വര്‍ഷം പുറത്തു വന്ന ‘രേഖാചിത്ര’ത്തിലാണ് കുറച്ചെങ്കിലും പ്രാധാന്യമുളള വേഷം ലഭിക്കുന്നത്. ഇതിനിടയില്‍ ചില തമിഴ്, തെലുങ്ക് ടിവി പരമ്പരകളിലും അഭിനയിച്ചു.
വിധിവൈപരീത്യം അവരെ പല തലങ്ങളിലാണ് കീഴടക്കിയത്. ഒന്ന് സലീമയിലെ അസാധ്യനടിയുടെ കഴിവുകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനുതകുന്ന വേഷങ്ങള്‍ പിന്നീട് ലഭിച്ചില്ല. രണ്ട് രൂപം കൊണ്ടും ആകെ മാറിപ്പോയി. ഉളളതിലും കുടുതല്‍ പ്രായം തോന്നിക്കുന്നതോടൊപ്പം അവരിലെ ഓമനത്തവും നിഷ്‌കളങ്കഭംഗിയുമെല്ലാം എവിടെയോ ചോര്‍ന്നു പോയിരിക്കുന്നു. ഒരുപക്ഷേ കാലം സമ്മാനിച്ച തിക്താനുഭവങ്ങള്‍ അവരെ മാറ്റി മറിച്ചതാവാം. എന്തു തന്നെയായാലും സലീമയെ സംബന്ധിച്ച് ജീവിതം ഒരു നഷ്ടമല്ല. നൂറുകണക്കിന് പടങ്ങളില്‍ അഭിനയിച്ച പല നടികള്‍ക്കും ഓര്‍ത്തുവയ്ക്കാന്‍ പറ്റിയ ഒരു കഥാപാത്രം പോലുമില്ല. എന്നാല്‍ നഖക്ഷതങ്ങള്‍, ആരണ്യകം എന്നിങ്ങനെ കാലാതിവര്‍ത്തിയായ രണ്ടേ രണ്ട് സിനിമകളിലുടെ കഥാപാത്രങ്ങളിലുടെ സലീമ പ്രേക്ഷക മനസുകളില്‍ ഇന്നും നിലനില്‍ക്കുന്നു.
ഒഎന്‍വിയുടെ ആ മനോഹരഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ പോലും ഓര്‍മയില്‍ വരുന്നത് സലീമയുടെ മുഖമാണ്.
''ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്‌നേഹാതുരമായ് തൊട്ടുരിയാടിയ പോലെ...''
''ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ...''
ജീവിതം ഇങ്ങനെയൊക്കെയാണെന്ന് സലീമയുടെ അനുഭവം നമ്മെ ഓര്‍മിപ്പിക്കുന്നു. വേരോടെ കടപുഴക്കി എറിയുമ്പോഴും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ചേതോഹരമായ ചിലതൊക്കെ ബാക്കി വയ്ക്കുന്നു.