‘എമ്പുരാന്റെ മേക്കിങ് വിവരിക്കുന്ന ഡോക്യുമെന്ററി വരും’; വിവാദങ്ങൾക്കിടെ വമ്പൻ പ്രഖ്യാപനവുമായി പൃഥ്വി

Mail This Article
എമ്പുരാൻ സിനിമ വൻ വിവാദങ്ങൾ നേരിടുന്നതിനിടെ വൈറലായി ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിന്റെ വമ്പൻ പ്രഖ്യാപനം. എമ്പുരാന്റെ മേക്കിങ്ങിനെക്കുറിച്ച് പറയുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിക്കാൻ ആലോചനയുണ്ടെന്ന് പൃഥ്വിരാജ് പറയുന്ന വിഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റടുക്കുന്നത്. ബുക്ക് മൈ ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എമ്പുരാന്റെ മേക്കിങ് ഡോക്യൂമെന്ററിയാക്കണമെന്നുള്ള തന്റെ ആഗ്രഹം പൃഥ്വിരാജ് വെളിപ്പെടുത്തിയത്.
‘എമ്പുരാന്റെ മേക്കിങ് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. നാലിലധികം രാജ്യങ്ങളിലാണ് എമ്പുരാൻ ഷൂട്ട് ചെയ്തത്. ഒമ്പതോളം വ്യത്യസ്‍ത സ്ഥലങ്ങളിലും ചിത്രീകരിച്ചു. അവസരമുണ്ടായാല്‍ എമ്പുരാന്റെ മേക്കിങ്ങിനെക്കുറിച്ച് പറയുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിക്കണം. ഒരുപാട് ഫിലിം മേക്കേഴ്സിന് ഈ ഡോക്യുമെന്ററി സഹായകമാകും. അവര്‍ക്ക് ആ ഡോക്യുമെന്ററി കണ്ട് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനാകും. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാമെന്നൊക്കെ അവര്‍ക്ക് അതിലൂടെ മനസിലാക്കാൻ സാധിക്കും’. ബുക്ക് മൈ ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
എമ്പുരാൻ സിനിമയിലെ പരോക്ഷ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രത്തിലെ ചില രംഗങ്ങൾ വിവാദമായതോടെ സിനിമ റീഎഡിറ്റ് ചെയ്തു പുതിയ പതിപ്പ് സെൻസറിങ്ങിനെത്തിക്കാൻ നിർമാതാക്കൾ നിർബന്ധിതരാവുകയാണ്. സിനിമയിലെ പതിനേഴിലധികം രംഗങ്ങൾ ഒഴിവാക്കുകയും ചില വാക്കുകൾ മ്യൂട്ട് ചെയ്യുകയും ചെയ്യും എന്നാണ് സൂചന. സിനിമയിലെ പ്രധാന വില്ലന്റെ പേരും മാറ്റേണ്ടി വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും.
ഇതിനിടെ കേരളത്തിലും എമ്പുരാന്റെ പേരിലുള്ള രാഷ്ട്രീയ പോര് മുറുകുകയാണ്. എമ്പുരാൻ കാണുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ ഇന്ന് സിനിമ കാണില്ലെന്ന് പറഞ്ഞ് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ എമ്പുരാൻ കാണുകയും കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണെന്ന് കുറിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എമ്പുരാൻ എന്ന സിനിമയ്ക്കും അണിയറപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എമ്പുരാൻ രാഷ്ട്രീയ വിവാദങ്ങൾക്കു വഴിവച്ചതോടെ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്തെത്തുകയും ചെയ്തു.