‘കാണെക്കാണെ’ വളരുന്ന ത്രില്ലർ; റിവ്യു

Mail This Article
ഒരു സിനിമ പ്രഖ്യാപിക്കുമ്പോൾ പ്രേക്ഷകർ ആദ്യം ചോദിക്കുക, ആരാണ് നായകൻ എന്നാകും. സിനിമ ആയാൽ അതിലൊരു നായകനും വില്ലനുമുണ്ടാകണമെന്നതു തന്നെയാണ് പതിവ്. എന്നാൽ നായകനും വില്ലനുമൊക്കെ 'നിങ്ങൾ കാണുന്നതു പോലെ' ഇരിക്കുമെന്ന് പറയുകയാണ് മനു അശോകൻ സംവിധാനം ചെയ്ത കാണെക്കാണെ എന്ന ചിത്രം. ഉദ്വേഗജനകമായ ഫാമിലി ഡ്രാമ എന്ന ഒറ്റ വിശേഷണത്തിലുണ്ട് സിനിമ പങ്കുവയ്ക്കുന്ന ഫീലും ത്രില്ലും. ഒരേസമയം റിയലിസ്റ്റിക്കും സിനിമാറ്റിക്കുമാണ് കാണെക്കാണെ. ഇതുവരെ സ്ക്രീനിൽ കണ്ടതൊന്നുമല്ല, ഇതാണ് ഏറ്റവും ബെസ്റ്റെന്ന് അനുഭവിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട് ഒരു വശത്ത്; ഏറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് ഉള്ള കഥാപാത്രമാകണം നായകൻ എന്ന വാശിയില്ലാതെ സ്വന്തം പ്രകടനത്തിൽ ആത്മവിശ്വാസമർപ്പിച്ച ടൊവീനോ തോമസ് മറുവശത്ത്– ഈ രണ്ടുപേരുടേതുമാണ് കാണെക്കാണെ എന്ന സിനിമ.
ഡെപ്യൂട്ടി തഹസിൽദാറാണ് സുരാജ് അവതരിപ്പിക്കുന്ന പോൾ മത്തായി എന്ന കഥാപാത്രം. മകളെ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഒരച്ഛനാണ് പോൾ. രണ്ടു പെൺമക്കളെയും പഠിപ്പിച്ച് അവരെ അവരുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ അനുവദിക്കുന്ന ഒരാൾ. സാധാരണമായ ആഗ്രഹങ്ങളേ അദ്ദേഹത്തിനുള്ളൂ. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനു ശേഷം സമാധാനപൂർണമായ ഒരു റിട്ടയർമെന്റ് ജീവിതം... ഇടയ്ക്ക് വല്ലപ്പോഴും മകളും മരുമകനും പേരക്കുട്ടിയും കാണാനെത്തണം... അവർക്കൊപ്പം സന്തോഷത്തോടെ ഇരിക്കണം! ഇത്രയൊക്കെയേ പോൾ മത്തായി ആഗ്രഹിക്കുന്നുള്ളൂ. സ്നേഹമുള്ള ഒരു ഭർത്താവിനെയാണ് പോൾ മത്തായി മകൾ ഷെറിനായി കണ്ടെത്തുന്നതും. വിദ്യാസമ്പന്നനും സുമുഖനും നല്ല ജോലിയുമുള്ള അലൻ. ഭാര്യയുടെ അച്ഛൻ എന്നതിനേക്കാൾ സ്വന്തം പപ്പയെപ്പോലെയാണ് പോളിനെ അലൻ കരുതുന്നതും. എന്നാൽ ഒരു വാഹനാപകടത്തിൽ ഷെറിൻ കൊല്ലപ്പെടുന്നതോടെ പോളിന്റെയും അലന്റെയും ജീവിതത്തിന്റെ താളം തെറ്റുന്നു.

മകളെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസ് നടത്തുകയാണ് പോൾ മത്തായി. അതിനായി നടത്തുന്ന യാത്രയ്ക്കിടയിൽ മകളുടെ മരണത്തിൽ ചില ദുരൂഹതകളുണ്ടെന്ന് പോൾ തിരിച്ചറിയുന്നു. അവിടെ പ്രതിസ്ഥാനത്ത് വരുന്നതാകട്ടെ അലനും. ഷെറിന്റെ മരണത്തിനു ശേഷം അലൻ മറ്റൊരു വിവാഹം ചെയ്യുന്നുണ്ടെങ്കിലും, സുഖകരമായല്ല ആ ദാമ്പത്യവും മുമ്പോട്ടു പോകുന്നത്. ജോലിയിലും ജീവിതത്തിലും തകർന്നുകൊണ്ടിരിക്കുന്ന അലന്റെ മുമ്പിലേക്ക് ഷെറിന്റെ മരണത്തിന്റെ ദുരൂഹത നീക്കാൻ പോൾ മത്തായി കടന്നു വരുന്നു. ഇവർ തമ്മിലുള്ള സംഘർഷമാണ് ചിത്രത്തെ മുമ്പോട്ടു കൊണ്ടു പോകുന്നത്.

കുടുംബ ബന്ധങ്ങളിലെ സങ്കീർണത ഉദ്വേഗപൂർണമായ ഒരു കഥ പറച്ചിലിലേക്ക് പകർത്തി വച്ചിരിക്കുകയാണ് ബോബി–സഞ്ജയ്‍യുടെ തിരക്കഥ. ഒരു ക്രൈം ത്രില്ലറായി മാറിയേക്കാമായിരുന്ന കഥയെ കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിലേക്ക് ചേർത്തു വയ്ക്കുമ്പോൾ പ്രേക്ഷകർ സഞ്ചരിക്കുന്നത് ആ കുറ്റകൃത്യത്തിനൊപ്പമല്ല. മറിച്ച്, അതു ബാധിച്ച മനുഷ്യരുടെ ജീവിതങ്ങളിലേക്കാണ്. അതിൽ ചിലതെല്ലാം പ്രേക്ഷകരുടെ കണ്ണുനിറയ്ക്കുന്നുണ്ട്... ചങ്കുലയ്ക്കുന്നുണ്ട്... പോളിനും അലനുമൊപ്പം നീറിയൊടുങ്ങുന്നുണ്ട്. അതിനൊരു കയ്യടി തീർച്ചയായും ബോബി–സഞ്ജയ് അർഹിക്കുന്നു. മലയാളത്തിൽ പല പരീക്ഷണചിത്രങ്ങൾക്കും തൂലിക ചലിപ്പിച്ച ബോബി–സഞ്ജയ്‍യുടെ മറ്റൊരു ഗംഭീര പരീക്ഷണമാണ് ത്രില്ലർ മൂഡിലുള്ള ഈ ഫാമിലി ഡ്രാമയെന്ന് നിസംശയം പറയാം.

ഏതു റേഞ്ചിലേക്കും വളരുന്ന വിസ്മയിപ്പിക്കുന്ന ഒരു നടനെയാണ് ഈ ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിൽ പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയുക. മലയാളത്തിലെ ഹൃദയസ്പർശിയായ അച്ഛൻ കഥാപാത്രങ്ങളിലേക്ക് സ്വന്തം കയ്യൊപ്പിട്ട് സുരാജ് മറ്റൊരു അച്ഛനെക്കൂടി നൽകിയിരിക്കുന്നു– ഡെപ്യൂട്ടി തഹസിൽദാർ പോൾ മത്തായി. ചില നേരങ്ങളിൽ സുരാജ് നായകനാകും, മറ്റു ചില നേരങ്ങളിൽ വില്ലനും. എന്നാൽ, സിനിമയ്ക്കൊടുവിൽ പ്രേക്ഷകരുടെ കണ്ണും മനസും നിറയ്ക്കുന്നത് സുരാജിന്റെ പ്രകടനമാണ്. കഥാപാത്രത്തിന്റെ പ്രായമൊന്നും അഭിനയത്തിൽ ഒരു പരിമിതിയല്ലെന്ന് ഈ ചിത്രത്തിലൂടെ സുരാജ് വീണ്ടും തെളിയിച്ചിരിക്കുന്നു. ഈയടുത്ത കാലത്ത് കഥാപാത്രങ്ങളിൽ ഇത്രയും മികച്ച തിരഞ്ഞെടുപ്പുകൾ നടത്തിയ മറ്റൊരു നടനില്ല. ഈ സിനിമ കണ്ടില്ലെങ്കിൽ, സുരാജിന്റെ മികച്ചൊരു കഥാപാത്രത്തെയാകും പ്രേക്ഷകർ നഷ്ടപ്പെടുത്തുക.
കാണെക്കാണെ പങ്കുവയ്ക്കുന്ന മറ്റൊരു കാഴ്ചാനുഭവമാണ് ടൊവീനോയുടെ അലൻ. ശരീരഭാഷയിലും സംഭാഷണത്തിലും കഥാപാത്രത്തോടെ നീതി പുലർത്തുന്ന പ്രകടനം. ഐശ്വര്യ ലക്ഷ്മിയുമായുള്ള കോമ്പിനേഷൻ രംഗങ്ങളിൽ പോലും പുതിയൊരു ഫീലാണ് ടൊവീനോയുടെ അലൻ നൽകുന്നത്. 'എന്നു നിന്റെ മൊയ്തീൻ', 'മായാനദി' എന്നീ ചിത്രങ്ങൾക്കു ശേഷം വല്ലാതെ ഫീൽ ചെയ്യിപ്പിക്കുന്ന ചില നിമിഷങ്ങൾ ഈ ചിത്രത്തിൽ ടൊവീനോ സമ്മാനിക്കുന്നുണ്ട്. സുരാജും ടൊവീനോയും തമ്മിലുള്ള ചിത്രത്തിലെ കോമ്പിനേഷൻ രംഗങ്ങൾ ഗംഭീരമാണ്. ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കുന്ന അഭിനയമുഹൂർത്തങ്ങൾ തീർച്ചയായും പ്രേക്ഷകർക്ക് ആഘോഷകാഴ്ച തന്നെയാണ്.
ഉയരെ എന്ന ആദ്യചിത്രത്തിൽ നിന്ന് സംവിധായകൻ എന്ന നിലയിൽ മുൻപോട്ടു തന്നെയാണ് തന്റെ ഗ്രാഫെന്ന് മനു അശോകൻ ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. ഏറ്റവും മികച്ച അഭിനേതാക്കളെ തന്നെയാണ് സംവിധായകൻ ഈ ചിത്രത്തിനായി കണ്ടെത്തിയതും. വൈകാരിക സംഘർഷങ്ങൾ ഏറെയുള്ള സിനിമയിൽ അഭിനേതാക്കൾക്ക് പെർഫോം ചെയ്യാൻ നെടുനീളൻ ഡയലോഗുകളുടെ പിന്തുണയില്ല. വളരെ സൂക്ഷ്മമായി ആ കഥാപാത്രങ്ങളുടെ മനോനില ഒപ്പിയെടുക്കുന്നതിൽ സംവിധായകൻ പ്രകടിപ്പിച്ച കയ്യടക്കം വിസ്മയിപ്പിക്കുന്നതാണ്.
സുരാജ്, ടൊവീനോ, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ് എന്നീ അഭിനേതാക്കളെ ബ്രില്ല്യന്റ് ആയി മനു അശോകൻ ഉപയോഗപ്പെടുത്തിയിരിക്കുന്നു. തിരക്കഥയിലെ ചില നിശബ്ദതകൾ അഭിനേതാക്കളുടെ പ്രകടനത്തിലൂടെ അവിസ്മരണീയമായ മുഹൂർത്തങ്ങളായി മനു അശോകൻ പരിവർത്തനം ചെയ്തിരിക്കുന്നു. അതിൽ സംവിധായകന് കരുത്തായത് ഛായാഗ്രഹകൻ ആൽബിയും സംഗീതസംവിധായകൻ രഞ്ജിൻ രാജും എഡിറ്റർ അഭിലാഷുമാണ്. അത്രയും പെർഫെക്ടാണ് ഇവരുടെ കൂട്ടുകെട്ട്.
ഡ്രീംകാച്ചര്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ടി.ആര്‍ ഷംസുദ്ധീന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ അലോഖ് കൃഷ്ണ, ശ്രുതി ജയന്‍, ധന്യ മേരി വര്‍ഗീസ് എന്നിവരും ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം നൽകിയ ഗാനം സിത്താര കൃഷ്ണകുമാറിന്റെയും ജി വേണുഗോപാലിന്റെയും ശബ്ദങ്ങളിൽ സിനിമയുടെ രണ്ടു നിർണായക മുഹൂർത്തങ്ങളിൽ പശ്ചാത്തലമാകുന്നു. ഉയരെയിൽ മനു അശോകിനൊപ്പമുണ്ടായിരുന്ന വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ എന്നിവർ തന്നെയാണ് പുതിയ ചിത്രത്തിലും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.
സിനിമയുടെ മിസ്റ്ററി മൂഡ് സെറ്റ് ചെയ്യുന്നതിൽ ശബ്ദത്തിന് പ്രത്യേക റോളുണ്ട്. ചുരുക്കത്തിൽ, ട്രെയിലർ കാണുമ്പോൾ തോന്നുന്ന ത്രില്ലർ സ്വഭാവം സിനിമയിലേക്കുള്ള ഒരു ക്ഷണമാണ്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാണാനുള്ള ക്ഷണം!